തങ്കം ഇ. ഫിലിപ്പ്

രാജ്യത്തിന്റെ തനത് രുചി വൈഭവങ്ങളെ അന്താരാഷ്ട്ര പ്രശസ്തമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് പദ്മശ്രീ തങ്കം ഇ. ഫിലിപ്പ്. ആധുനിക പാചകകലയുടെ റാണിയെന്നറിയപെടുന്ന തങ്കം ഇ. ഫിലിപ്പാണ് രാജ്യത്തെ ഹോട്ടൽ മാനേജ്‌മെന്റ് പരിശീലനത്തിന്റെ തുടക്കക്കാരി. 1921 മെയ് 12നു കോഴിക്കോട് ജനിച്ച അവർ ചെന്നൈയിലെ വനിത ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ഇർവിൻ കോളേജിൽ നിന്ന് ബിരുദാനന്തര ഡിപ്ലോമയും യു.എസിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 

ഹോം സയൻസ് അധ്യാപികയായി തന്റെ കരിയർ ആരംഭിച്ച തങ്കം 1949 ൽ ശ്രീലങ്കയിലേക്ക് പോവുകയും അവിടെ സൗത്ത് ലാൻഡ് മെതോഡിസ്റ്റ് കോളേജിൽ ഹോം എക്കണോമിക് ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിയ്ക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് കൃഷി മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ച സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്ന അന്നപൂർണ കഫ്റ്റീരിയയുടെ പ്രധാന ചുമതലക്കാരിയായി. 


രാജ്യത്തിനകത്തും പുറത്തും വിവിധ ടെലിവിഷൻ റേഡിയോ ഉൾപ്പടെയുള്ള മാധ്യമങ്ങളിൽ പാചക കലയുമായി ബന്ധപ്പെട്ട ധാരാളം ഷോകൾ നടത്തിയിട്ടുണ്ട്. പാചകവുമായി ബന്ധപ്പെട്ട ധാരാളം പുസ്തകങ്ങളുടെ രചിയിതാവായ തങ്കത്തിനെ 1976-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.  2009- ൽ തങ്കം അന്തരിച്ചു.