സ്ത്രീകളും ഭരണഘടനയും
ലോകത്തിലെത്തന്നെ ഏറ്റവും വലിയ ലിഖിതഭരണഘടനയായ ഇന്ത്യൻ ഭരണഘടന എഴുതപ്പെട്ടത് സ്ത്രീകൾ ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന കാലഘട്ടത്തിലായിരുന്നു. അതിനാൽത്തന്നെ സ്ത്രീകളുടെ ഉന്നമനത്തിനും പുരോഗതിക്കുമാവശ്യമായ വകുപ്പുകൾ ഭരണഘടനയിലുൾപ്പെടുത്തേണ്ടത് അനിവാര്യമായിരുന്നു. സ്ത്രീകളുടെ സാമൂഹികപദവി മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ ഉറപ്പാക്കുന്നതിനുമായി നമ്മുടെ ഭരണഘടനയുടെ ശില്പിയായ ഡോ.ബി.ആർ. അംബേദ്ക്കർ ക്രിയാത്മകമായ നിയമങ്ങൾ എഴുതിച്ചേർത്തിട്ടുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമായ പരിഗണന ഉറപ്പു വരുത്തുന്നതിനായിരുന്നു ഈ നടപടി. ഇത്തരം നിയമം ഭരണഘടനയിൽ ഉൾപ്പെടുത്തിയതിന് പിന്നിൽ മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ (universal declaration of human rights) സ്വാധീനവും ഉണ്ടായിരുന്നു.
ശാരീരികമായും മാനസികമായും വീടിനകത്തും പുറത്തും സ്ത്രീകൾ ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ലിംഗനീതിക്ക് വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടം കാലങ്ങളായി ഇവിടെ തുടർന്നുകൊണ്ടിരിക്കുകയാണ്. ലിംഗാധിഷിഠിതമായ വിവേചനം ഉന്മൂലനം ചെയ്യുക എന്നത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനപരമായ ധർമമാണ്. നമ്മുടെ ഭരണഘടനയുടെ ആമുഖം സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പദവികളിൽ എല്ലാ പൗരന്മാർക്കും സമത്വവും സ്ത്രീകളെ ഒരു പ്രത്യേക വിഭാഗമായി കണക്കാക്കി വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി എല്ലാ മേഖലകളിലും അവർക്കു തുല്യപങ്കാളിത്തവും, അവരുടെ അന്തസ്സിനും അഭിമാനത്തിനും സുരക്ഷയും ഉറപ്പുനൽകുന്നു. ലിംഗസമത്വം എന്ന നയത്തിൽ ഉറച്ചുനിൽക്കുന്ന നമ്മുടെ ഭരണഘടന സ്ത്രീകൾക്ക് നൽകുന്ന അവകാശങ്ങൾ താഴെ പറയുന്നവയാണ്.
മൗലികാവകാശങ്ങൾ (ഭാഗം III)
ആർട്ടിക്കിൾ 14 സ്ത്രീകൾക്ക് സമത്വത്തിനുള്ള അവകാശം ഉറപ്പാക്കുന്നു.
ആർട്ടിക്കിൾ 15 (1) സ്ത്രീകൾക്ക് അനുകൂലമായ ക്രിയാത്മക നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥകൾ ഏർപ്പെടുത്താൻ സംസ്ഥാനത്തെ അധികാരപ്പെടുത്തുന്നു.
ആർട്ടിക്കിൾ 16 അവസരങ്ങളുടെ തുല്യത ഉറപ്പ് നൽകുന്നു. പൊതു തൊഴിൽ അല്ലെങ്കിൽ ഏതെങ്കിലും ഓഫീസിലേക്കുള്ള നിയമനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേകിച്ചും ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം തടയുന്നു.
നിർദേശകതത്വങ്ങൾ (ഭാഗം IV)
ആർട്ടിക്കിൾ 38: സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ട നടപടികൾ സ്വീകരിക്കാൻ ഗവണ്മെന്റിനു ബാധ്യതയുണ്ട്. സാമൂഹിക അസമത്വം ഇല്ലാതാക്കുകയും അവസരസമത്വം ഉറപ്പാക്കേണ്ടതും ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ്.
ആർട്ടിക്കിൾ 39: ജനങ്ങൾക്കു മതിയായ ഉപജീവനമാർഗം, തുല്യജോലിക്ക് തുല്യവേതനം, ആരോഗ്യസുരക്ഷ തുടങ്ങിയവ ഉറപ്പാക്കണമെന്ന് നിഷ്‌കർഷിക്കുന്നു.
ആർട്ടിക്കിൾ 42: തൊഴിൽരംഗത്തെ മാനുഷികമായ പരിഗണന, പ്രസവാനന്തര ശുശ്രൂഷ എന്നിവ അനുവദിക്കേണ്ടത് ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ്.
ആർട്ടിക്കിൾ 46: ദുർബലവിഭാഗങ്ങളുടെ വിദ്യാഭ്യാസവും സാമ്പത്തികസുരക്ഷയും ഉറപ്പാക്കേണ്ടത് ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ്.
ആർട്ടിക്കിൾ 51: സ്ത്രീകളുടെ അന്തസ്സ് ഉയർത്തുന്നതിന് വേണ്ടി ഈ ആർട്ടിക്കിൾ പ്രകാരം തുല്യ പ്രതിഫല നിയമം 1976, മാതൃത്വ ആനുകൂല്യനിയമം 1961, സ്ത്രീധന നിരോധന നിയമം1961, വ്യഭിചാരനിരോധന നിയമം 1956 എന്നിവ നിലവിൽ വന്നു.
ആർട്ടിക്കിൾ 243: ഗ്രാമപഞ്ചായത്തുകളിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കുന്നു. ഇതുവഴി സ്ത്രീകൾക്കു പഞ്ചായത്ത് പ്രാദേശിക തലത്തിലുള്ള വ്യവഹാര പ്രക്രിയയുടെ ഭാഗമാകാനുള്ള അവസരം ലഭിക്കുന്നു. ഇത് ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ സാമൂഹിക അവസ്ഥ മെച്ചപ്പെടുത്തി.
ഭരണഘടന ഭേദഗതി 73 & 74
1993ലെ ഇന്ത്യൻ ഭരണഘടനയിലെ 73,74 ഭേദഗതികൾ ജനാധിപത്യ പ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ്. ഇവ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട 33.33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്നതിനായി ഭേദഗതി വരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തസ്തികകളിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ലഭിക്കും.
സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട കേസുകൾ
1. എയർ ഇന്ത്യ v നർഗീസ് മിർസ
എയർഹോസ്റ്റസ് ആയിരുന്ന സ്ത്രീ വിവാഹം കഴിച്ചതിന്റെ പേരിൽ ജോലിയിൽ നിന്നും പുറത്താക്കപെട്ടതിനെ തുടർന്നുള്ള കേസാണിത്. സ്ത്രീയെന്ന കാരണത്താൽ സ്ത്രീക്ക് തൊഴിൽ നിഷേധിക്കപെടാൻ പാടില്ലെന്നും അത്തരത്തിൽ സംഭവിക്കുന്നത് ആർട്ടിക്കിൾ 14 ന്റെ ലംഘനത്തിന് തുല്യമാണന്നും കണ്ടെത്തിയ കോടതി കമ്പനിയുടെ നടപടി തെറ്റാണെന്നു കണ്ടെത്തി.
2.മിസ്.സി. ബി. മുത്തമ്മ v. യൂണിയൻ ഓഫ് ഇന്ത്യ
ഇന്ത്യൻ ഫോറിൻ സർവീസിലെ പ്രൊമോഷനും സീനിയോറിറ്റിയും സംബന്ധിച്ചു ലിംഗവിവേചനം കാണിക്കുന്നത് ഭരണഘടനാവിരുദ്ധവും ആണധികാരം സ്ഥാപിക്കുന്നതാണെന്നുമായിരുന്നു കേസ്. കോടതി ഇത് ആർട്ടിക്കിൾ 15ന്റെ ലംഘനമാണെന്ന് കണ്ടെത്തി. ഈ കേസ് മൂലമാണ് ഇന്ത്യൻ ഫോറിൻ സർവീസിലെ ചട്ടങ്ങളിൽ മാറ്റം വരുത്തിയത്.
3.മായാദേവി v. സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര
പൊതുജോലിക്കുള്ള അപേക്ഷകളിൽ വിവാഹിതരായ സ്ത്രീകൾക്ക് ഭർത്താവിന്റെ അനുമതി കാണിക്കണമെന്നുള്ള വ്യവസ്ഥ ചോദ്യം കൊണ്ടുള്ള കേസായിരുന്നിത്. കോടതി ഈ വ്യവസ്ഥ നിർത്തലാക്കി.
4. ഗീത ഹരിഹരൻ v. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ
കുട്ടികളുടെ രക്ഷാകർതൃത്വത്തിൽ പിതാവിനും മാതാവിനും തുല്യപങ്കാണെന്നു ഉത്തരവിട്ട പ്രധാനപ്പെട്ട കേസ്.