റോസമ്മ പുന്നൂസ്
റോസമ്മ പുന്നൂസ് (1913-2013)
ഐക്യ കേരളത്തിലെ ആദ്യ നിയമസഭയിൽ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയാണ് റോസമ്മ പുന്നൂസ്. സിപിഐ സ്ഥാനാർത്ഥിയായാണ് 1957-ൽ ദേവികുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് റോസമ്മ നിയമസഭയിലെത്തുന്നത്. കേരള നിയമസഭയിലെ ആദ്യ പ്രൊടൈം സ്പീക്കറും റോസമ്മയായിരുന്നു. എന്നാൽ പിന്നീട് റോസമ്മ അയോഗ്യയാക്കപ്പെട്ടെങ്കിലും തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ദേവികുളത്ത് നിന്ന് തന്നെ വീണ്ടും നിയമസഭയിലെത്തി. കോടതിവിധിയിലൂടെ ആദ്യം നിയമസഭാ അംഗത്വം നഷ്ടപ്പെട്ടയാള്‍, ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ വിജയി എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ റോസമ്മയ്ക്കു സ്വന്തമാണ്.
നിയമത്തിൽ ബിരുദമുള്ള അവർ 1982ൽ നടന്ന ഏഴാം നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽനിന്നും സി.പി.ഐ. പ്രതിനിധിയായി മത്സരിച്ചെങ്കിലും പരാജയപെട്ടു. പിന്നീട് എട്ടാം കേരള നിയമസഭയിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്നും രണ്ടാമതും നിയമസഭയിലെത്തി.
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായാണ് റോസമ്മ പുന്നൂസ് 1939-ൽ സജീവരാഷ്ട്രീയത്തിലേയ്ക്കു പ്രവേശിച്ചതു്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക വഴി അക്കാലത്ത് അവർ മൂന്ന് വർഷത്തോളം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.
സി.പി.ഐ. സംസ്ഥാന സമിതിയംഗം, കേരള വനിതാകമ്മീഷൻ അംഗം, കേരള മഹിളാസംഘാംഗം, തോട്ടം കോർപ്പറേഷന്റെ ചെയർപേഴ്സൺ, ഹൗസിംഗ് ബോർഡ് അംഗം, പത്തു വർഷത്തോളം റബ്ബർ ബോർഡംഗം തുടങ്ങിയ ചുമതലകൾ റോസമ്മ വഹിച്ചു.