ഗ്രാമീണ സ്ത്രീകളുടെ ഉപജീവന മാർഗ്ഗങ്ങളും അവകാശങ്ങളും

ഡോ. പി.എസ്. ഗീതക്കുട്ടി

പ്രൊഫസർ & ഹെഡ്,
കാർഷിക സ്ത്രീ പഠന കേന്ദ്രം.
കാർഷിക സർവ്വകലാശാല, വെള്ളാനിക്കര, തൃശ്ശൂർ

ഉപജീവന മാർഗ്ഗങ്ങളും സാമൂഹ്യ ചുമതലയും

ഉപജീവനമാർഗ്ഗം (livelihood) എന്നതു കൊണ്ട് ഒരു തൊഴിൽ (work) മാത്രമല്ല ഉദ്ദേശിക്കപ്പെടുന്നത്, ഒരു വ്യക്തി വരുമാനത്തിന് തിരഞ്ഞെടുക്കുന്ന തൊഴിൽ, ആ തൊഴിലെടുക്കാൻ ആ വ്യക്തിക്കുണ്ടാകേണ്ട കെൽപുകൾ (capacities), ആസ്ഥികൾ (assets), പ്രസ്തുത തൊഴിലുമായി ബന്ധപ്പെട്ട് ആ വ്യക്തിക്ക് സമൂഹത്തിൽ നിന്ന് ലഭിക്കേണ്ടതായ സേവനങ്ങളും സംരക്ഷണങ്ങളും (protection), വിഭവങ്ങളും (resources ), അവസരങ്ങൾ (opportunities) എന്നിവയുടെ സജീവരൂപമാണ് ഒരു ഉപജീവനമാർഗ്ഗം (livelihood). അനുകൂലവും, പ്രതികൂലവുമായ ചുറ്റുപാടുകളെ തരണം ചെയ്യാ നും, ഇല്ലായിമയിലേക്ക് (poverty) വീഴാതിരിക്കാനുമുള്ള സുസ്ഥിരത ഇത്തരം ഒരു ഘടനയിലൂടെ ഒരു വ്യക്തിയുടെ ഉപജീവനമാർഗ്ഗത്തിനുണ്ടാക്കാൻ ആ വ്യക്തിക്കുള്ള ചുമതലയോടൊപ്പം അയാൾ ജീവിക്കുന്ന സമൂഹത്തിനുമുണ്ട്. ഇവിടെയാണ് ഉപജീവനമാർഗ്ഗ അവകാശങ്ങൾ (livelihood rights) തിരിച്ചറിയേണ്ടതിന്റെയും, നടപ്പിൽ വരുത്തേണ്ടതിന്റെയും ആവശ്യകത. ഇന്ത്യൻ ഭരണഘടന തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവകാശം ഓരോ പൗരന്റെയും പൗരയുടെയും തുല്യമായ മൗലികാവകാശമായി അംഗീകരിച്ചിട്ടുണ്ട്. ഒരു ഉപജീവനമാർഗ്ഗം തിരഞ്ഞെടുക്കാനും സുസ്ഥിരമായി നയിക്കാനും ലിംഗവിവേചനവും, സാമ്പത്തികാന്തരങ്ങളും, മതങ്ങളുടെ കർശനചട്ടക്കൂടുകളും, പ്രാദേശികവും സാമുദായികവുമായുണ്ടാകുന്ന പിന്നോക്കാവസ്ഥയും ഇന്ത്യയിലെ മിക്ക സ്ത്രീകൾക്കും പരിമിതികൾ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് പുരുഷമേൽക്കോയ്മ മൂലമുള്ള ലിംഗ നീതി നിഷേധം വളരെ വ്യാപകമായി നിലനിൽക്കുന്ന ഗ്രാമീണ പ്രദേശങ്ങളിലെ സ്ത്രീകൾ നേരിടുന്ന ഉപജീവന പ്രശ്നങ്ങൾ പരിശോധിക്കുന്നത് സ്ത്രീകളുടെ ഉപജീവന അവകാശങ്ങൾ അവർക്ക് എങ്ങിനെ നിഷേധിക്കപ്പെടുന്നു എന്നും അവഗണിക്കപ്പെടുന്നു എന്നതും മനസിലാക്കാൻ സഹായിക്കും. ഗ്രാമീണ മേഖലയിൽ സ്ത്രീകളുടെ ഉപജീവനമാർഗ്ഗവുമായി ബന്ധപ്പെട്ട അവകാശങ്ങളേതൊക്കെയെന്നും ഈ അവകാശങ്ങൾ തിരിച്ചറിയാനും നേടിയെടുക്കാനും വേണ്ട ഇടപെടലുകൾ ഉണ്ടാകണം എന്നതാണ്, ഈ ലേഖനത്തിലെ ഊന്നൽ.

                 ഉപജീവന മാർഗ്ഗങ്ങളും അവകാശങ്ങളും സ്ത്രീയെന്ന നിലയിൽ വിവേചനങ്ങളില്ലാതെ ലഭിക്കാൻ അവസരങ്ങ മൊരുക്കണമെന്ന് നിഷ്ക്കർഷിക്കുന്ന ആഗോള നിബന്ധനയാണ് CEDAW (Convention on Elimination of all Discrimination Against Women); Beijing Declaration 1995 ഇതേ ആവശ്യം തന്നെയാണ് ഒന്നുകൂടി ഉറക്കെ പ്രഖ്യാപിച്ചത്, ഇന്ത്യക്ക് ഈ രണ്ടു പ്രസ്ഥാനങ്ങളിലെയും പങ്കാളിയാണ്. 

ഉപജീവന മാർഗ്ഗത്തിന്റെ (livelihood activities) ഉടമ എന്ന റെക്കഗ്നിഷൻ
 

ഉപജീവന മാർഗ്ഗത്തിന്റെ ഉടമയായി കൂട്ടപ്പെടുക എന്നത് സ്ത്രീകളുടെ ഉപജീവന പ്രവർത്തനത്തിന്റെ പ്രധാന കടമ്പയാണ്. ഉദാഹരണത്തിന് സ്ത്രീകൾ കൃഷിയിലേർപ്പെടുമ്പോൾ അവർ കൃഷിക്കാരായി പരിഗണിക്കപ്പെടണം. കുടുംബത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടു മാത്രമാണ് സ്ത്രീകളുടെ പ്രവർത്തനങ്ങൾ ഇതുവരെയും തിരിച്ചറിഞ്ഞത്. സ്ത്രീകൾ വീടുകൾക്ക് പുറത്തിറങ്ങി സ്ത്രീകളുടെ മാത്രം സംഘങ്ങളിലൂടെ ഉത്പാദന പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ സ്ത്രീകൾ പ്രായോഗിക തലത്തിൽ കൃഷിക്കാരാണെങ്കിലും ഇവരിൽ ഭൂരിപക്ഷം പേരയും കർഷകർ എന്ന് കണക്കിൽ ഉൾപ്പെടുത്തുകയോ സേവന സൗകര്യങ്ങൾക്കായി പരിഗണിക്കയോ ചെയ്യുന്നില്ല. പക്ഷേ ഇവിടെയും livelihood owner എന്ന നിലയിലുള്ള തിരിച്ചറിയൽ (identify/ inclusion ) നടക്കുന്നില്ലായെന്നതും ആ രീതിയിൽ ഉത്പാദകർക്കുണ്ടാകേണ്ട/കിട്ടേണ്ട അവസരങ്ങളും, സേവനങ്ങളും, സ്ഥാപനങ്ങളും, ഉപകരണങ്ങളും, വിപണിയും, ലാഭവും സ്ത്രീകൾക്ക് ലഭ്യമാകാതെ പോകുന്നുമുണ്ട്.

                         സ്ത്രീകളുടെ ഉപജീവന മാർഗ്ഗങ്ങൾ പ്രയോജനകരമായി നടത്തിക്കൊണ്ടു പോകാൻ സ്ത്രീകളെയും കൂടി അംഗങ്ങളാക്കുന്ന സ്ത്രീസൗഹ്യദം പാലിക്കുന്ന സ്ഥാപനങ്ങൾ (Women Inclusive and Women Friendly Institutions) വികസന സ്ഥാപനങ്ങളും വ്യവ്യസ്ഥയും ഉണ്ടാകണം. സ്ത്രീകൾ ഒറ്റയ്ക്കും കൂട്ടായും ഉപജീവന മാർഗ്ഗ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് പ്രവർത്തിക്കേണ്ടിയും ബന്ധപ്പെടേണ്ടിയും വരുന്നത് ഇപ്പോഴും പുരുഷകേന്ദ്രീകൃതവുമായ മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാമൂഹ്യസ്ഥാപനങ്ങളോടും വികസന സ്ഥാപനങ്ങളോടുമാണ്. കൃഷി ഉദാഹരണമായെടുത്താൻ സ്വയംസഹായസംഘം വഴിയും, അയൽക്കൂട്ടം വഴിയും സ്ത്രീകൾ കൃഷി ചെയ്യാൻ  സംഘ ശക്തിയും സാമ്പത്തികശക്തിയും ഉണ്ടാക്കുന്നു. കൂടുതൽ സ്തീകൾക്കും ഭൂമി സ്വന്തമായില്ല. കൃഷിചെയ്യാത്ത ഭൂവുടമയുടെ പക്കൽ നിന്നും വാടകയ്ക്ക്, അല്ലെങ്കിൽ കടമായെടുക്കുന്ന ഭൂമിയിൽ കൃഷി ചെയ്യാൻ ഈ വനിതാസംഘങ്ങൾക്ക് പാടശേഖരത്തിലെ അയൽ കർഷകരുടെ സഹകരണം വേണം.

women farmers

പുരുഷന്മാർ നയിക്കുന്ന പാടശേഖര സമിതികളിൽ ഇന്ന് കടമെടുത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന സ്ത്രീകളുടെ സാന്നിദ്ധ്യം ഇല്ല; അംഗത്വം ഇല്ല. ഇത് കാരണം കൊണ്ട് തന്നെ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വനിതാസംഘങ്ങൾ നേരിടുന്ന കൃഷി നഷ്ടങ്ങൾ അനവധിയാണ്. നന കിട്ടാതെ ഉണങ്ങി പോകുന്നതും സമയം തെറ്റി കൃഷി ചെയ്യേണ്ടി വരുന്നതും മൂലം മഴയ്ക്ക് മുന്നേ കൊയ്യാനാകാതെ ഉപേക്ഷിക്കേണ്ടി വരുന്നതുമായ ഏക്കറു കണക്കിന് നിലങ്ങളാണ് ഇപ്പോൾ പലവനി താസംഘങ്ങളും ചൂണ്ടികാണിക്കുന്നത്. നഷ്ടം സഹിക്കുന്ന ഈ സംഘങ്ങൾക്ക് എങ്ങിനെ വായ്പ തിരിച്ചടയ്ക്കാനും, അടുത്ത തവണ കൃഷിയിറക്കാനും കഴിയും? ഇവിടെയാണ് നാം ഉപജീവന പ്രവർത്തിയുമായി ബന്ധപ്പെട്ട വികസന സ്ഥാപനങ്ങൾ എത്രമാത്രം സ്ത്രീകൾക്ക് പ്രയോജനപ്പെടുന്നുണ്ട് എന്ന് പരിശോധിക്കേണ്ടത്. ഓരേ വികസന സ്ഥാപനങ്ങളിലെയും പദ്ധതികൾ, സ്ത്രീകളെയും കൂടി ലക്ഷ്യം വയ്ക്കുന്ന സ്ത്രീകൾക്കും കൂടി ഇണക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ? കടമെടുത്ത ഭൂമിയിൽ കൃഷിചെയ്യുന്ന സ്ത്രീകൾക്ക് വിത്തിന്റെയും വളത്തിന്റെയും മറ്റും സബ്സിഡി കിട്ടണമെങ്കിലോ, വിള ഇൻഷുറൻസിന് അപേക്ഷിക്കണമെങ്കിലോ, ഉത്പന്നം വിറ്റഴിക്കാൻ രജിസ്റ്റർ ചെയ്യണമെങ്കിലോ ഭൂവുടമ വനിതാ സംഘങ്ങൾക്ക് ഭൂമി കൃഷിക്കു നൽകുന്നതായുള്ള രേഖകൾ വേണം. ഇത് ഒട്ടു മുക്കാൽ സംഘങ്ങൾക്കും കിട്ടുന്നില്ല. അതേ കാരണത്തിൽ തന്നെ സർക്കാർ സംവിധാനത്തിൽ കൂടി നെല്ല് വിൽക്കാൻ കഴിയില്ല. ഇൻഷുറൻസ്, പ്രകൃതി നാശത്തിനും അപേക്ഷിക്കാനും, അപേക്ഷിച്ചാൽ തന്നെ ലഭിക്കാനും യോജിച്ച മാനദണ്ഡങ്ങളില്ലാതെ വനിതാകർഷകർ വലയുന്നുണ്ട്.

               ഇതേ കൃഷി ചെയ്യുന്നു എന്ന രേഖയില്ലാത്തതിനാൽ വിത്തിന്റെയും, വളത്തിന്റെയും സബ്സിഡിയും മിക്ക സംഘങ്ങൾക്കും കിട്ടാറില്ല. ഈ നഷ്ടങ്ങൾ അത്യന്തികമായി ഇവിടെ നിലനിൽക്കുന്ന സ്ത്രീകൾ കർഷകരാകുമ്പോൾ ഉണ്ടാകേണ്ട വികസന മാനദണ്ഡങ്ങൾ ഇല്ലാത്തത് കാരണമാണ്. ഇവിടെ സ്ത്രീകളുടെ ഉപജീവന അധികാരം/അവകാശം സ്ഥാപനങ്ങളുടെ സഹായവും സേവനവും ആണ് നഷ്ടപ്പെടുന്നത്. കാർഷിക രംഗത്തെ ഈ ഉദാഹരണങ്ങളിൽ നിന്നും നമ്മുടെ വികസന സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന Gender blindness livelihood rights തിരിച്ചറിയാനും അവരുടെ livelihood rights ഉറപ്പാക്കാൻ പരിഹാരം എന്ത് എന്ന് ചിന്തിക്കാനും പ്രേരിപ്പിക്കാനും കഴിയണം.

  • ഉപജീവന മാർഗ്ഗത്തിന് കിട്ടേണ്ട ആസ്ഥികളും വിഭവങ്ങളും (assests & resources )  


ഉപജീവന പ്രവർത്തനങ്ങൾക്ക് ആസ്ഥികളും വിഭവങ്ങളും കൂടിയേ കഴിയൂ. കൃഷി ചെയ്യുന്ന സ്ത്രീകൾക്ക് ഭൂമി കൃഷി ചെയ്യാൻ വേണ്ട ആസ്ഥിയാണ്, വിഭവവുമാണ്. കുട്ട നെയ്യുന്ന സ്ത്രീകൾക്ക് വനത്തിലെ ഈറ്റ ഒരു വിഭവമാണ്. വിത്തും വളവും വിഭങ്ങളാണ്. യന്ത്രങ്ങളും, യന്തങ്ങളുപയോഗിക്കാൻ വേണ്ട വൈദ്യുതിയും വിഭവങ്ങളാണ്. ഉപജീവനപ്രവർത്തനത്തിന് ഇറക്കാൻ വേണ്ട തുക ആസ്ഥിയും വിഭവവുമാണ്.

rural women

ഉപജീവന പ്രവർത്തനത്തിന് ചിലവാക്കേണ്ടി വരുന്ന വായ്പയും വിഭവങ്ങളാണ്. ഉപജീവനപ്രവർത്തനങ്ങൾ ശേഷിയോടെയും (efficiency) ലാഭകരമായും (profitable) നടത്താൻ വേണ്ട അറിവും (knowledge), വൈദഗ്ധ്യവും (skill) വിഭവങ്ങളാണ്. ഈ പ്രവർത്തനങ്ങൾ ആയാസമില്ലാതെയും ശേഷിയോടെയും നടത്താൻ ഉപകരിക്കുന്ന ഉപകരണങ്ങളും യന്ത്രങ്ങളും (women friendly and drudgery free equipments) ഉണ്ടാകണം . ഇവയൊക്കെ എത്രമാത്രം ഇപ്പോഴത്തെ നിലയിൽ സ്ത്രീകൾക്ക് ഇണങ്ങുന്ന രീതിയിൽ പ്രാപ്യമാകുന്നുണ്ട്? കൃഷി ഉപജീവനമാക്കിയ സ്ത്രീകൾ ഏറ്റവും കൂടുതലായി പ്രശ്നങ്ങൾ നേരിടുന്നതും ഭൂമിയുടെ ലഭ്യതയെ കുറിച്ചാണ്. സംസ്ഥാനത്ത് അതിനാൽ പാട്ടവ്യവസ്ഥയില്ലാത്ത ചുറ്റുപാടിൽ ഭൂമി കടമായെടുത്ത് കൃഷി ചെയ്യാൻ വ്യക്തമായ മാനദണ്ഡങ്ങളില്ല. അതിനാൽ ഭൂമി കടമെടുക്കുന്ന സ്ത്രീകൾ വിവിധ രീതിയിലുള്ള ചൂഷണങ്ങൾക്കും നഷ്ടങ്ങൾക്കുമാണ് ഇരകളാകുന്നത്.

  • വികസന വിവരങ്ങൾ അല്ലെങ്കിൽ അറിയിപ്പുകൾ കൃത്യസമയത്തിന് ലഭിക്കുക

         എന്നത് സ്ത്രീകളുടെ ഉപജീവന പ്രവർത്തനത്തിനത്യാവശ്യമായ ഒരു ഘടകമാണ് (Information\ Accessibility/ Availability) ഉപജീവനമാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ തക്ക സമയത്ത് ഇന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ വിവിധ ശ്രേണിയിൽപ്പെട്ട സ്ത്രീകൾക്ക് ലഭിക്കുന്നുണ്ട്?

  • വിപണിയും സേവനങ്ങളും

      വനിതകൾ ഏർപ്പെടുന്ന തൊഴിലിന്റെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കണം. ഇടനിലക്കാരാൽ വഞ്ചിക്കപ്പെടാതെ, വിപണിയിലെ ശരിയായ വിലയ്ക്കും ശേഖരിച്ച് വിപണിയിലേക്കെത്തിച്ച് വിൽക്കാനും പ്രാദേശികമായി ശേഖരിക്കാനും വേണ്ട സംവിധാനങ്ങളും എത്രമാത്രം ഇന്ന് നിലവിലുണ്ട്?

  • വായ്പ (credit)

        വായ്പ കിട്ടുകയെന്നതാണ് ഉപജീവന പ്രവർത്തനത്തിനു കിട്ടേണ്ട അത്യാവശ്യ വിഭവം. സ്വയം സഹായസംഘം വനിതാ കൂട്ടായ്മകളിലൂടെയും കൂട്ടുത്തരവാദിത്വ വ്യവസ്ഥകളിലൂടെയും (joint Liability Group) വായ്പകൾ സ്ത്രീകൾക്ക് കുറഞ്ഞ പലിശയ്ക്കും, ഈട് നിർബന്ധമില്ലാതെയും കിട്ടി തുടങ്ങിയിട്ടുണ്ട്. പക്ഷേ പൊതു ധാരയിൽ സ്ത്രീകൾക്ക് എത്രമാത്രം ഇവ ലഭ്യമാണ് എന്നതും പരിശോധിക്കേണ്ടതുണ്ട്. സ്ത്രീകളുടെ സംരംഭ ങ്ങൾക്ക് വായ്പ നൽകുന്നത് വനിതാ ബാങ്കുകളുടെ മാത്രം മുൻഗണനയായിരിക്കരുത്.  

വൈദഗ്ധ്യ രൂപീകരണവും, സംരംഭകത്വ ശേഷി വികസനവും


        ഒരുപജീവനമാർഗ്ഗവുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള അറിവും വൈദഗ്ധ്യവും, ലഭിക്കുകയെന്നതും ഒരവകാശമാണ്. ഓരോ മേഖലയിലും ഇത്തരത്തിലെ അവസരങ്ങൾ ലഭിക്കാൻ സ്ത്രീകൾക്ക് പരിഗണന കൊടുക്കുകയെന്നതും, നിതീകൾക്കായി പ്രത്യേകിച്ച് കെൽപ് രൂപീകരണപരിശീലനങ്ങൾ നടത്തിക്കിട്ടുകയെന്നും ഉപജീവന മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട അവകാശമാണ്.

ഉപജീവന മാർഗ്ഗത്തിനു കിട്ടേണ്ട ഉത്പാദന സാമഗ്രികൾ


         വിത്ത്, നടീൽ വസ്തുക്കൾ, വളം, വായ്പ, വെള്ളം, വൈദ്യുതി, യന്ത്രങ്ങൾ, സംരംഭത്തിനു വേണ്ട അസംസ്കൃത വിഭവങ്ങൾ തുടങ്ങിയ ന്യായമായ വിലയ്ക്കു കിട്ടാനും, വാങ്ങാനും വേണ്ട സൗകര്യങ്ങൾ ഒരുക്കുകയെന്നതും, അവിടെയൊക്കെ സ്തീകൾക്ക് പരിഗണന കിട്ടുന്നു എന്നുറപ്പാക്കേണ്ടതും മറ്റൊരവകാശമാണ്.

ഉപജീവനമാർഗ്ഗം നയിക്കാൻ വേണ്ട (infrastructure facilities) മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കണം
       
 ഉപജീവനമാർഗ്ഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കഠിനതകളും, ആയാസവും, ഒഴിവാക്കാൻ വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കിട്ടുകയെന്നത് സ്ത്രീകളുടെ ആവശ്യവും അവകാശവുമാണ്. വിപണിയും വിപണന സൗകര്യങ്ങളും ധാന്യസംഭരണികളും, ശീതികരണ സംഭരണികളും, സംരംഭകർക്ക് വേണ്ടി സ്റ്റാർട്ടപ്പ് ഇൻക്യുബേറ്ററുകളും, യന്ത്രസാമഗ്രികളും, ഗതാഗത സൗകര്യങ്ങളും, ഗതാഗതനിരക്കിലുള്ള സബ്സിഡികളും, കുടിവെള്ളവും, വൈദ്യുതിയും, ഇന്ധനവും, മെച്ചപ്പെട്ട രീതിയിൽ ഏറ്റവും അടുത്ത് കിട്ടുകയെന്നത് ഉപജീവനമാർഗ്ഗങ്ങൾ കൂടുതൽ സുസ്ഥിരതയോടെ നടത്തിക്കൊണ്ടു പോകാൻ സ്ത്രീകളെ സഹായിക്കും.

സാമൂഹ്യ സുരക്ഷയും, ലൈംഗിക ചൂഷണത്തിൽ നിന്നുള്ള സംരക്ഷണയും


       സ്ത്രീയെന്ന നിലയിൽ നേരിടേണ്ടി വരുന്ന അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കാനും അത്തരം പ്രശ്നങ്ങൾ ഉണ്ടാകാതെ തടയാനും, നിയമങ്ങളും, വ്യവസ്ഥയും നടപ്പിലാക്കുന്നത് സ്ത്രീകൾ മടി കൂടാതെ ഉപജീവനമാർഗ്ഗങ്ങളിൽ ഏർപ്പെടാൻ പ്രേരണയാകും. പ്രത്യേകമായ ദുർബലതകൾ (vulnernabilities) നേരിടുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ ഒരു തരത്തിലുള്ള സംരക്ഷണവും പുനരധിവാസവും ഉപജീവനമാർഗ്ഗങ്ങൾ തേടാനും നയിക്കാനും സ്ത്രീകളെ സഹായിക്കും. Trafficking, AIDS എന്നിവയുടെ ഇരകൾ, ഭിന്നശേഷിയുള്ളവർ, അഗതികൾ, വിധവകൾ, ദളിതർ, ആദിവാസികൾ, സ്ത്രീകൾ കുടുംബനാഥകൾ തുടങ്ങിയവർ പ്രത്യേക പരിഗണനയർഹിക്കുന്നുണ്ട്. കുടുംബത്തിലും, സമൂഹത്തിലും സുരക്ഷ സംവിധാനങ്ങളും, കുട്ടികൾക്കും, വയസ്സായവർക്കും, രോഗികൾക്കും പരിരക്ഷ നൽകുന്ന സംവിധാനങ്ങൾ ഒരുക്കുന്നതും, സ്ത്രീകൾക്ക് അവരുടെ ഉപജീവനമാർഗ്ഗങ്ങൾ മുടക്കമില്ലാതെയും മികച്ച രീതിയിലും നടത്താൻ വേണ്ട സംവിധാനങ്ങളാണെന്നും തിരിച്ചറിയണം.

References

References

പ്രബന്ധങ്ങൾ 
നാലാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്
വികസനമേഖലാ സെമിനാർ
സ്ത്രീ-ലിംഗനീതി,വികസനം
എ.കെ.ജി.പഠനഗവേഷണകേന്ദ്രൻ, തിരുവനന്തപുരം