രംഗശ്രീ

കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന സ്ത്രീകൾ മാത്രം അംഗങ്ങളായ തിയേറ്റർ ഗ്രൂപ്പുകൾ സ്ഥാപിക്കുകയും അതുവഴി സാംസ്കാരിക രംഗത്ത് സ്ത്രീകളുടെ ഇടം കൂടുതൽ ശക്തമാക്കുകയും ചെയ്യുക എന്നതാണ് രംഗശ്രീയിലൂടെ ലക്ഷ്യമിടുന്നത്. സാംസ്കാരിക മേഖലയിലെ സ്ത്രീ സാന്നിധ്യം ഉറപ്പാക്കുന്നതിനും, കൂടാതെ ജനോപകാരപ്രദമായ പരിപാടികളും ബോധവത്കരണവും നടത്തുന്നതിനും കുടുംബശ്രീ കമ്മ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ രംഗശ്രീ ടീമുകളെ ഉപയോഗപ്പെടുത്തി വരുന്നു. കുടുംബശ്രീ വനിതകളായ 37 പേരെ നാടകാവതരണം, തിരക്കഥാ രൂപീകരണം, കോസ്റ്റ്യൂം പ്രോപ്പർട്ടി നിർമ്മാണം തുടങ്ങിയവ പരിശീലിപ്പിച്ച് മാസ്റ്റർ പരിശീലകരാക്കി മാറ്റി. പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ എറണാകുളം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, മലപ്പുറം ജില്ലകളിലെ പ്രവർത്തകരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. മാസ്റ്റർ പരിശീലകരുടെ നേതൃത്വത്തിൽ ജില്ലയിലെ 2 വീതം സി.ഡി.എസ്സുകളിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് സി.ഡി.എസ് തലത്തിൽ പരിശീലനം നൽകി. ഇന്ന് പതിനാല് ജില്ലകളിൽ കമ്മ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പുകൾ കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്നു. ഗവൺമെന്റ്, ഗവൺമെന്റിതര സ്ഥാപനങ്ങളുമായി ചേർന്ന് രംഗശ്രീ കേരളത്തിലുടനീളം വിവിധ ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നവ കേരള ലോട്ടറി, നാഷണൽ ഹെൽത്ത് മിഷൻ, എനർജി മാനേജ്മെന്റ് സെൽ, ഇലക്ഷൻ കമ്മീഷൻ തുടങ്ങിയവരുമായി സംയോജിച്ചുള്ള പരിപാടികളും എം.കെ.എസ്.പി, പി.എം.എ.വൈ തുടങ്ങിയ കുടുംബശ്രീ പദ്ധതികളുമായി ബന്ധപ്പെട്ടും തെരുവ് നാടകങ്ങൾ രംഗശ്രീ ടീം അംഗങ്ങൾ സംഘടിപ്പിച്ചു.