സ്ത്രീകളും നിയമവും - ഒരു ആമുഖം

ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതം ഇന്ന് വളരെയേറെ പ്രതിസന്ധിയിലാണ്. മതവാദശക്തികളുടെ ഇടപെടലുകളും വർഗീയതയുടെയും ജാതീയതയുടെയും വളർച്ചയും സ്ത്രീജീവിതത്തിനുമേൽ കൂടുതൽ കൂടുതൽ നിയന്ത്രണങ്ങളും കയ്യേറ്റങ്ങളുമാണ് നടത്തുന്നുന്നത്. അതിൽത്തന്നെ ദളിത്സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങളിൽ ഭീതിജനകമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമങ്ങൾ പെരുകുമ്പോളും ഭൂരിഭാഗം കേസുകളിലും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല. ഇരകളാക്കപ്പെടുന്നവരുടെ പുനരധിവാസത്തിനും മറ്റുമായി പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുകയോ അതിനുവേണ്ടി മാറ്റിവെച്ചിരിക്കുന്ന ഫണ്ട് ഫലപ്രദമായി ഉപയോഗിക്കുകയോ ചെയ്യുന്നില്ല. ഇന്ത്യയിലെ പ്രധാന പതിനേഴ് സംസ്ഥാനങ്ങളിലെ ജനനലിംഗാനുപാതം കുറയുകയാണെന്നു നീതി ആയോഗ് റിപ്പോർട്ട് ചെയ്യുന്നു.മാറിമാറി ഭരിക്കുന്ന സർക്കാരുകൾ നിയമസഭകളിലേക്കുള്ള വനിതാസംവരണ ബിൽ രണ്ട്  ദശകത്തിലേറെയായി മാറ്റിമാറ്റി വെയ്ക്കുന്നു. UN പ്രസിദ്ധീകരിച്ച ആഗോള ലിംഗ അസമത്വ സൂചികയിൽ നൂറ്റിഅൻപത്തൊൻപതു രാജ്യങ്ങളിൽ ഇന്ത്യ നൂറ്റിയിരുപത്തഞ്ചാം സ്ഥാനത്താണ്. സ്ത്രീകൾക്ക് ഏറ്റവും അരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആദ്യസ്ഥാനങ്ങളിലുമാണ്. പൗരാവകാശസംരക്ഷണങ്ങളുടെ കാര്യത്തിലും രാജ്യത്തെ സ്ത്രീകളോട് കടുത്ത അനീതിയാണ് കാണിക്കുന്നത്. 
ഈ കാലഘട്ടത്തിലും കേരളം രാജ്യത്തിന് തന്നെ മാതൃകയായി സ്ത്രീമുന്നേറ്റസൂചികയിൽ ആരോഗ്യം, വിദ്യാഭ്യാസം , തദ്ദേശീയഭരണത്തിലെ സ്ത്രീപങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിൽ മുന്നേറുകയാണ്. സ്ത്രീകൾക്ക് സ്വാതന്ത്ര്യവും സമത്വവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് വേണ്ടി കേരളസർക്കാർ സ്ത്രീസുരക്ഷാ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഓരോ നിയമവും അതിന്റെ നിർമാണോദ്ദേശ്യം സാധൂകരിക്കുന്നതരത്തിൽ വ്യാഖ്യാനിച്ചു നടപ്പിലാക്കുന്നതിനോടൊപ്പം സാധാരണജനങ്ങൾക്കു ഏറ്റവും എളുപ്പത്തിലും വേഗത്തിലും ഫലപ്രദമായി നീതി നേടിക്കൊടുക്കാൻ നിയമാവബോധം ഉദ്യോഗസ്ഥരിലും ജനങ്ങളിലും ഉണ്ടാക്കിയെടുക്കേണ്ടതും അത്യാവശ്യമാണ്. 
സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്ന വിവിധ നിയമങ്ങൾ നമ്മുടെ രാജ്യം നടപ്പിലാക്കിയിട്ടുണ്ട്. സ്ത്രീകളുടെ പൊതു അവകാശങ്ങൾക്കും സ്ത്രീപുരുഷസമത്വം ഉറപ്പുവരുത്തുന്നതിനും ലിംഗവിവേചനത്തിനുമെതിരെ ഭരണഘടനയിൽ അനുച്ഛേദങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിയമങ്ങളെക്കുറിച്ചും നിയമസംവിധാനങ്ങളെക്കുറിച്ചുമുള്ള അവബോധം സ്ത്രീകൾക്കുണ്ടായാൽ മാത്രമേ അവർക്കെതിരെയുള്ള ചൂഷണങ്ങൾ തടയുവാനും ഇല്ലാതാക്കാനും സാധിക്കുകയുള്ളു. 
ഇന്ത്യയിലെ സാമൂഹിക-സാമുദായിക പരിഷ്കർത്താക്കളുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന പ്രവർത്തനങ്ങളുടെ ഫലമായി സ്ത്രീകളുടെ ദുരവസ്ഥ ഇല്ലാതാക്കുന്നതിനുള്ള നിയമപരിഷ്കാരങ്ങളും സാമൂഹികപരിഷ്കാരങ്ങളും നടന്നിട്ടുണ്ട്. സതി നിർത്തലാക്കുന്നതിനു പരിശ്രമിച്ച രാജാറാം മോഹൻറോയ് മുതൽ അയ്യൻകാളിയും വി.ടി. ഭട്ടതിരിപ്പാടും അടക്കമുള്ളവരുടെ പ്രവർത്തനഫലമായി സ്ത്രീകളുടെ സാമൂഹികപദവിയിലും സുരക്ഷിതത്വത്തിലും ചലനാത്മകമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സ്ത്രീകൾക്ക് മാന്യമായ ഒരു ജീവിതം ഉറപ്പാക്കാൻ കഴിയുന്ന ഒരു സമൂഹത്തിനു മാത്രമേ പരിഷ്‌കൃതസമൂഹം എന്ന് അവകാശപ്പെടാനാകുകയുള്ളു. ധാർമികമായി സ്ത്രീയുടെ സുരക്ഷിതത്വം സമൂഹത്തിന്റെ ബാധ്യത ആണെങ്കിലും നിയമപരിരക്ഷ ലഭിക്കാതെ ആധുനികസമൂഹത്തിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കുകയില്ല. ഇങ്ങനെ സ്ത്രീകളുടെ സാംസ്കാരികവും ഭൗതികവുമായ അസ്തിത്വം നിലനിർത്തുന്നതിനും സമൂഹത്തിൽ മാന്യമായ സ്ഥാനം ഉറപ്പാക്കുന്നതിനും അനേകം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്ത്രീസുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പല നിയമങ്ങളും നമ്മുടെ രാജ്യത്തുണ്ട്. സമൂഹത്തിൽ സ്ത്രീപുരുഷ തുല്യത ഉറപ്പുവരുത്തുന്നതിനും ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം ഇല്ലാതാക്കുന്നതിനും ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ വ്യവസ്ഥ ചെയ്തിരിക്കുന്നു. സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി പ്രത്യേകം നിയമനിർമാണം നടത്താൻ അനുച്ഛേദം 15(3) ഭരണകൂടത്തിന് അധികാരം നൽകുന്നു. തുല്യജോലിക്കു തുല്യവേതനം, മറ്റു സാമൂഹ്യസുരക്ഷാനിയമങ്ങൾ എന്നിവയൊക്കെ ഭരണഘടനയിലെ നിർദേശകതത്വങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ചതാണ്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്നും ഭരണഘടന അനുശാസിക്കുന്നു. 
സ്ത്രീകൾക്ക് എതിരായുള്ള ചൂഷണങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതിനും വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിനും സ്ത്രീകളെ അതിക്രമിക്കുന്നത് തടയുന്നതിനും അതിക്രമിക്കുന്നവരെ ശിക്ഷിക്കുന്നതിനും സ്ത്രീകളും, ജനങ്ങൾ പൊതുവായും നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. സ്ത്രീസംരക്ഷണനിയമങ്ങൾ മനസിലാക്കുന്നതിനായി വ്യക്തിനിയമങ്ങൾ, ക്രിമിനൽ നിയമങ്ങൾ, തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ ലേഖനങ്ങൾ താഴെ കാണാവുന്നതാണ്.