പോരാട്ട വഴിയിലെ പെൺകരുത്ത്; കൂത്താട്ടുകുളം മേരി

കൂത്താട്ടുകുളം മേരി; ധീരതയുടെ പര്യായം

എം സി ജോസഫൈൻ, പോരാട്ടങ്ങളിലെ പെൺപെരുമകൾ, 2007, ചിന്ത പബ്ലിക്കേഷൻസ് എന്ന പുസ്തകത്തിൽ നിന്നും എടുത്ത അഭിമുഖം

കേരളം വിപ്ലവ പ്രവർത്തനങ്ങളുടെ ചരിത്രാധ്യായങ്ങൾ രചിച്ചു തുടങ്ങിയ കാലത്ത് എറണാകുളം ജില്ലയുടെ കിഴക്കൻ ഗ്രാമങ്ങളിലും പോരാട്ടങ്ങളുടെ ആവേശം അലതല്ലാൻ തുടങ്ങി. കൂത്താട്ടുകുളം, തിരുമാറാടി, പാമ്പാക്കുട എന്നീ കാർഷികഗ്രാമങ്ങൾ സ്വന്തം ശത്രുവിനെ തിരിച്ചറിയാൻ തുടങ്ങി. ജീവിത പ്രതീക്ഷയുടെ പുതുനാമ്പുകൾ ഉയർത്തിയ ഒരുകൂട്ടം ചെറുപ്പക്കാർ അവരിൽ കുറച്ചുപേർ, ചൊള്ളമോൻ പിള്ള, (ആദ്യത്തെ രക്തസാക്ഷി) മണ്ണത്തൂർ വർഗീസ്, തിരുമാറാടി കൃഷ്ണൻ, പാമ്പാക്കുട അയ്യപ്പൻ എന്നിവർ രക്തസാക്ഷികളായി. അഞ്ചുരൂപ പൊലീസിന്റെ ഉപജാപക പ്രവർത്തനങ്ങളുടെ ഫലമായി ഗുണ്ടാമർദനവും പൊലീസ് മർദനവും ഏറ്റ് ചതഞ്ഞ ശരീരവുമായി ജീവിച്ചിരിക്കുന്നവരുമുണ്ട്. കർഷക പ്രസ്ഥാനത്തിലൂടെ ഗ്രാമമേഖലയിൽ പടർന്നുകയറിയ വിപ്ലവബോധത്തെ ഇല്ലാതാക്കാൻ ഭ്രാന്തന്മാരെപ്പോലെ ഇടപെട്ട പൊലീസിന്റെ കണ്ണുവെട്ടിച്ചു മേൽപറഞ്ഞ ധീരരായ ചെറുപ്പക്കാരോടൊപ്പം ഒട്ടും ചെറുതല്ലാത്ത സമരവീര്യവുമായി ഇറങ്ങിത്തിരിച്ച ഒരു ധീരവനിതയുമുണ്ട്. പിറവം മേവള്ളൂർ ഗ്രാമത്തിലെ മൂവാറ്റുപുഴ ആറിന്റെ തീരത്ത് ഭൂതകാലവും തനതുബാല്യവും അയവിറക്കി അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ധീരതയുടെ പര്യായമായ പി. ടി. മേരിയെന്ന കൂത്താട്ടുകുളം മേരി.

1948-49 കാലഘട്ടം. ജന്മി-മുതലാളി കൂട്ടുകെട്ടിനെതിരെ ശക്തമായ സമരം തന്നെ മാർഗം എന്ന് ആഹ്വാനം ചെയ്ത 1948-ലെ കൽക്കത്താ കോൺഗ്രസിനെ തുടർന്ന് എറണാകുളം ജില്ലയിലെ കിഴക്കൻ ഗ്രാമങ്ങളിലും സമരം ശക്തമായി. പാർട്ടിക്കെതിരായ പടനീക്കവും ശക്തിപ്പെട്ടിരുന്നു. ചീറിപ്പായുന്ന ഇടിവണ്ടികളുടെ ഇരമ്പൽ കേട്ട് ഭയന്നുണരുന്ന നാട്ടുകാർ. കമ്യൂണിസ്റ്റുകാരെ വേട്ടയാടാൻ ഗുണ്ടകൾ വീടുകളിലേക്ക് ഇരച്ചുകയറുന്ന കാലം. ഭീകരതയുടെ ഈ നാളുകളിലാണ് ഒളിവിലിരുന്ന് പ്രവർത്തനങ്ങൾക്ക് നേത്യത്വം കൊടുക്കാൻ കൂത്താട്ടുകുളം മേരി തയ്യാറാകുന്നത്. പ്രസിദ്ധമായ ഉമ്മൻ കൊലക്കേസിനു ശേഷം നടന്ന ഇടമലയാർ തീവെപ്പു കേസിന്റെ സന്ദർഭത്തിൽ നിരോധിക്കപ്പെട്ട പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയായി 27-28 വയസു മാത്രമുള്ള ഒരു സ്ത്രീ (പവർത്തിച്ചു എന്നു പറഞ്ഞാൽ അവിശ്വസനീയമായി തോന്നാം. 

സ: കൂത്താട്ടുകുളം മേരിക്ക് 84 വയസ്സു കഴിഞ്ഞു എന്ന് പത്രത്തിൽ വായിച്ചപ്പോൾ ഈ വനിതാ വിപ്ലവകാരിയുമായി അഭിമുഖം നടത്തണമെന്ന ആഗ്രഹവുമായിട്ടാണ് അവരുടെ വീട്ടിൽ പോയത്. മൂവാറ്റുപുഴ ആറിൻ തീരത്ത് സ്വച്ഛസുന്ദരവും ഹരിതഭംഗി നിറഞ്ഞതുമായ വീട്ടുവളപ്പിലെ കോൺക്രീറ്റു വീടിൻ്റെ ചുമരിൽ “ഹാപ്പി ബർത്ത്ഡേ പി. ടി. മേരി” എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നതു കണ്ടു. മകളുടെ വീടിന്റെ തൊട്ടരുകിൽ ഇഷ്ടികകൾ കൊണ്ട് ലളിതമായി കെട്ടിയുണ്ടാക്കിയ ഒരു ചെറിയ വീട്ടിലാണ് മേരി താമസിക്കുന്നത്. കുറച്ച് ക്ഷീണിതയാണ്. ചോദിച്ചപ്പോൾ നടക്കാൻ വിഷമമുണ്ട്, കാലിന്റെ അസഹ്യവേദനയ്ക്ക് ചികിത്സയും പഥ്യവുമായി കഴിയുകയാണ് എന്ന് പറഞ്ഞുവെങ്കിലും, അഭിമുഖത്തിനാണെന്നറിയിച്ചപ്പോൾ ഉടൻ കുളിച്ചു വേഷംമാറിവന്നു.

“84 ആയാൽ ആയിരം പൂർണചന്ദ്രന്മാരെ കണ്ടു എന്നാണ് വയ്പ്. ഞാൻ ആയിരം പൂർണചന്ദ്രന്മാരെ കണ്ടു. മക്കളും പേരക്കുട്ടികളും സഹോദരീ സഹോദരന്മാരും പിറന്നാളിനെത്തിയിരുന്നു. വലിയ ആഘോഷമൊന്നുമുണ്ടായിരുന്നില്ലെങ്കിലും അയൽക്കാർ ഉണ്ടായിരുന്നു. വൈക്കം എം എൽ എ വന്നു. നോവലിസ്റ്റും എഴുത്തുകാരനുമായ പെരുമ്പടവം ശ്രീധരനും വന്നു....”, മേരി സന്തോഷത്തോടെ പറഞ്ഞു.

എങ്ങനെയാണ് അക്കാലത്ത് ഇത്തരം പ്രവർത്തനങ്ങളിൽ ആകൃഷ്ടയായത് എന്ന ചോദ്യത്തിന് “പറഞ്ഞുപറഞ്ഞു മടുത്തു. എന്തായാലും ജോസഫൈൻ ചോദിച്ചതല്ലേ, ഞാൻ പറയാം.” എന്നായിരുന്നു മറുപടി. “ദേശീയ ബോധം നല്ലതുപോലെ ഉണ്ടായിരുന്ന കുടുംബത്തിലാണ് ജനിച്ചുവളർന്നത്. സർ സി പിക്കെതിരായ മെമ്മോറാണ്ടം വായിച്ചതിന്റെ പേരിൽ ഭീകരമായ മർദനമേറ്റ് പിന്നീടു മരിച്ചുപോയ ചൊള്ളമ്പേൽ പിള്ളയുടെ മരുമകൾക്ക് വിപ്ലവവീര്യം രക്തത്തിലേ പകർന്നുകിട്ടി. അമ്മയുടെ മറെറാരു സഹോദരൻ സുപ്രസിദ്ധനായ സി ജെ തോമസ്. പെണ്ണമ്മ ജേക്കബ്, മേരി ജോൺ കൂത്താട്ടുകുളം തുടങ്ങി പ്രശസ്തിപെറ്റവരുടെ കുടുംബപശ്ചാത്തലം.”

സ: മേരിയുടെ അപ്പൻ അധികം ഭൂമി വിലകുറഞ്ഞുകിട്ടാൻ ഉടമ്പത്തൂരിൽ കുടിയേറിയ കർഷകൻ. കോൺഗ്രസ് വിരോധി, ബ്രിട്ടീഷ് അനുകൂലി. അടുത്തെങ്ങും സ്കൂളില്ലാത്തതിനാൽ തൊടുപുഴയിലാണ് മേരി പഠിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ആ കാലത്ത് പെൺകുട്ടികൾക്കില്ലാത്ത ഒരു തൻ്റേടം മേരിക്കുണ്ടായിരുന്നു. 1935ൽ കൂത്താട്ടുകുളത്തിനടുത്ത് വടകരയിൽ പഠിക്കുമ്പോൾ ഒരു സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഹെഡ്മാസ്റ്റർ മാപ്പെഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു. സഹപാഠികൾ എല്ലാവരും മാപ്പെഴുതി. മേരിമാത്രം എഴുതിയില്ല. 

എന്റെ ചില ചോദ്യങ്ങളോട് സഖാവ് ഇങ്ങനെ പ്രതികരിച്ചു.

സ്കൂളിൽ നിന്നു പുറത്താക്കാൻ എന്തായിരുന്നു കാരണം ?

സർ സി പിയെപ്പോലുള്ളവരുടെ പിറന്നാളാഘോഷിക്കാൻ കുട്ടികളുടെ കൈയിൽ നിന്നും പണം പിരിക്കുന്നത് തെറ്റാണെന്ന് തോന്നി. അതുകൊണ്ട് ഞാൻ കൊടുത്തില്ല.

കോൺഗ്രസ് വിരോധിയും ബ്രിട്ടീഷ് അനുകൂലിയും ദിവാനോടു കൂറുള്ളവനുമായ ചെമ്മക്കുളം സ്കറിയകത്തനാർ എന്ന ഹെഡ് മാസ്റ്റർ ""Get out of the class'' എന്നുപറഞ്ഞതും യാതൊരു കൂസലുമില്ലാതെ പുസ്തകക്കെട്ടുമെടുത്ത് “മഹാത്മാഗാന്ധി കീ ജയ്” എന്നുപറഞ്ഞ് ഇറങ്ങിപ്പോന്ന മേരിയുടെ തനിക്കു താൻപോരിമ ഒരുനിമിഷം മനക്കണ്ണിൽ വരച്ചുകണ്ടു.

പുരുഷന്റെ വേഷത്തിലാണ് ഒളിവുപ്രവർത്തനം നടത്തിയതെന്ന് പറയുന്നുണ്ടല്ലോ - എങ്ങനെയായിരുന്നു അത് ?

“സംശയം തോന്നി പിടികൂടപ്പെടാതിരിക്കാൻ വേഷം കൈലിയും ഷർട്ടുമാക്കി സാധാരണ വേഷം. ഒരിക്കൽ പാർട്ടിയോഗം കഴിഞ്ഞ് സർക്കുലറുകൾ തയ്യാറാക്കിക്കൊണ്ടിരിക്കെ പൊലീസ് വന്നു. പാർട്ടി രേഖകൾ സംരക്ഷിച്ചില്ലെങ്കിൽ കുറെ സഖാക്കൾ തല്ലുകൊള്ളും. ഞാനും കൂടെയുണ്ടായിരുന്ന ജോസഫ് സാറും ഓടി. മുള്ളുവേലി ചാടിക്കടന്നപ്പോൾ മുണ്ടുടക്കി ഊർന്നുപോയി. പിന്നെ നിക്കറും ഷർട്ടുമായി ഓടി. ചെന്നുചാടിയത് പൊലീസിൻറ കൈയിൽ തന്നെ. രണ്ടുപേരെയും വാനിൽക്കയറ്റി ബന്ധിച്ചു. മർദ്ദനത്തിന്റെ പൊടിപൂരം! ഓരോ ഇടിക്കും ഇൻക്വിലാബ് വിളി."

അന്നത്തെ ഭീകരമർദനം മേരി വിവരിച്ചപ്പോൾ തരിച്ചിരുന്നുപോയി. കാലുകൾ നീട്ടിവച്ച് റൂൾത്തടിവച്ച് അതിൽ കയറിനിന്ന് പൊലീസ് ഉൾത്തടി ചവിട്ടിയുരുട്ടി. "ട്രെയിൻ ഓടിക്കൽ' മർദ്ദനമുറ. അന്നത്തെ മർദ്ദനത്തിൻ്റെ ബാലൻസ് ഷീറ്റായി ഇന്നും അസഹ്യമായ വേദനയുണ്ട്.” - മേരി പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടിയിൽ എന്നുചേർന്നു ?

1954-ൽ വിമൻസ് വെൽഫെയർ ഡിപ്പാർട്ട്മെൻറിൽ 150 രൂപ ശമ്പളത്തിൽ ജോലിനോക്കുകയായിരുന്നു. തിരുനെൽവേലിക്കടുത്ത് തൂത്തുക്കുടിയിലായിരുന്നു. സേവനമനോഭാവം ഉണ്ടായിരുന്നതുകൊണ്ടാണ് ആ ജോലിക്കു പോയത്. ചേരികളിലെ ജനങ്ങളെ ശുചിത്വം പഠിപ്പിക്കൽ, എഴുത്തും വായനയും തൊഴിലും പഠിപ്പിക്കൽ. താൽപ്പര്യത്തോടെ ഈ ജോലിചെയ്യുമ്പോഴും മനസുപിടയുകയും അമർഷം മനസ്സിൽ നുരയിടുകയും ചെയ്തിരുന്നു. സഖാക്കൾ ഇ എം എസിൻ്റെയും പി കൃഷ്ണപിള്ളയുടെയും ക്ലാസ്സുകളിൽ നിന്ന് സ്വന്തം ചെവികളിലേക്ക് ചിതറിവീണ വാക്കുകൾ ആഹ്വാനമായി മനസ്സിലിരമ്പി. പണമില്ലാത്തവന് എന്ത് ശുചിത്വം ? സാമ്പത്തിക സമത്വമില്ലാതെ ശുചിത്വത്തെക്കുറിച്ചു പറയുന്നതിൽ എന്തർഥം ? ചിന്ത ശക്തമായി. മാറ്റം വരുത്താൻ കമ്യൂണിസ്റ്റ് പാർട്ടിക്കേ കഴിയൂ. പാർട്ടിയിൽ ചേർന്നേ മതിയാകൂ. മേരി തന്നോടുതന്നെ സംസാരിച്ചു. ബന്ധുവായ ഡേവിഡ് നൽകിയിരുന്ന കമ്യൂണിസ്റ്റ് സാഹിത്യം വായന. തിരിച്ചു കൂത്താട്ടുകുളത്തെത്തി പാർട്ടി പ്രവർത്തനം ആരംഭിച്ചു.

ഒരു സ്ത്രീ എന്നനിലയിൽ പുരുഷന്മാരോടൊപ്പം ഒളിവിലൊക്കെ പ്രവർത്തിക്കുമ്പോൾ എന്തു തോന്നിയിരുന്നു ?

ഒന്നും തോന്നിയിരുന്നില്ല. സഖാക്കൾ എന്ന ചിന്ത മാത്രം. മനസ്സിൽ വിപ്ലവചിന്തയും. പൊലീസിനോടും ഭരണാധികാരികളോടുമുള്ള അമർഷം മാത്രം. പുരുഷസഖാക്കളുമായി സംസാരിക്കുന്നതത്രയും രാഷ്ട്രീയ കാര്യങ്ങൾ. അച്ചടക്കം പരമപ്രധാനം. താമസം കർഷകത്തൊഴിലാളി കുടുംബങ്ങളിൽ.

വിവാഹം, കുടുംബം ?

സ: സി എസ് ജോർജായിരുന്നു ഭർത്താവ്. ഇപ്പോൾ ഇല്ല. ജോർജിനെ പരിചയപ്പെടുന്നത് വിപ്ലവപ്രവർത്തനത്തിനിടയിലാണ്. ആറ്റൂർ വനത്തിലെ ഷെൽട്ടറിൽ ബീഡിക്കെട്ടുമായിരുന്ന് എഴുതുകയും വായിക്കുകയും ചെയ്തിരുന്ന ജോർജിനെ പരിചയപ്പെടുന്നത് 1949 ലാണ്. ആറ്റൂർ വനത്തിലെ ഷെൽട്ടറിൽവെച്ചു തന്നെയാണ് വിവാഹം തീരുമാനിക്കുന്നത്. അവിടെ പണിക്കാരായിരുന്ന ചീരയും ചാരയും സഖാക്കളുടെ വിവാഹതീരുമാനം ആഘോഷിച്ചു.

ജോർജുമായുള്ള വിവാഹം വീട്ടുകാർ എതിർത്തിരുന്നോ ?

"ഒരേ പദവിയിലുള്ള കുടുംബത്തിലായതുകൊണ്ട് എതിർപ്പ് കാര്യമായി ഉണ്ടായിരുന്നില്ല. അമ്മയുടെ അപ്പന്റെ പുരോഗമന ചിന്ത സഹായിച്ചു. കൈപിടിച്ചായിരുന്നു വിവാഹം. താലികെട്ടുന്നതിനോട് അന്നും ഇന്നും വെറുപ്പുതന്നെ. പശുവിനെയും കാളയെയും കെട്ടിയിടുന്നതുപോലെ സ്ത്രീയെ കെട്ടിയിടുന്നതിന്റെ അടയാളമാണ് താലി.” മേരി ശക്തമായി പറഞ്ഞു.

വിവാഹം കഴിഞ്ഞെങ്കിലും ജോർജിനെ വല്ലപ്പോഴും മാത്രമേ കണ്ടിരുന്നുള്ളു. ഒരു സന്ദർഭത്തിൽ വയനാട്ടിലേക്ക് പോയി താമസിക്കേണ്ടിവന്നു. ജീവിക്കാൻ ഒരുപാടു പ്രയാസങ്ങൾ നേരിട്ട കാലഘട്ടം. അവിടെയും പൊലീസിന്റെ വേട്ടയാടൽ പീഡനം. 1952 ലാണ് ആദ്യത്തെ മകൾ ഗിരിജ ജനിക്കുന്നത്. ഇതിനിടയിൽ അറസ്റ്റു ചെയ്യപ്പെട്ടു. കേസ് തനിയെ വാദിച്ചു. എ കെ ജി ആയിരുന്നു മാതൃക. രണ്ടുവർഷം ശിക്ഷകിട്ടി. പിന്നെ കുട്ടികളും കുടുംബവുമായി പിറവത്തു താമസമായി. നാലുപെൺകുട്ടികളാണുണ്ടായത്. ഗിരിജ, ഷൈല, അയിഷ, സുലേഖ (ഇരട്ടകൾ) എല്ലാവരും വിവാഹിതരായി. ജോലിയും വരുമാനവും ഉണ്ട്. സുഖമായി കഴിയുന്നു. മൂത്തമകളെ മിശ്രവിവാഹം ചെയ്തുകൊടുക്കാനും മേരിയും ഭർത്താവും തയ്യാറായി. സ: സി എസ് ജോർജ് കുറച്ചുകൊല്ലങ്ങൾക്കു മുമ്പ് മരിച്ചു.

അതെ, ഒളിവിൽ കഴിയുന്ന സഖാക്കളെ കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ട് പീഡിപ്പിച്ച പൊലീസിന്റെ മുഖത്ത് കാർക്കിച്ചുതുപ്പി രഹസ്യം പുറത്തുവിടാതിരുന്ന പി. ടി. മേരി എന്ന കൂത്താട്ടുകുളം മേരിയെ "ധീരതയുടെ പര്യായം" എന്നല്ലാതെ മറ്റെന്താണു വിളിക്കുക!

References

References

എം സി ജോസഫൈൻ, പോരാട്ടങ്ങളിലെ പെൺപെരുമകൾ, 2007, ചിന്ത പബ്ലിക്കേഷൻസ്