ആനി മസ്ക്രീൻ

ആനി മസ്ക്രീൻ
anie

 കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായിരുന്നു ആനി മസ്ക്രീൻ. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരത്തുനിന്നുള്ള ലോക്‌സഭാംഗവുമായിരുന്നു.  നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യവനിത, മന്ത്രിസഭയിൽനിന്നു രാജിവച്ച ആദ്യ വനിത, ഭരണഘടനയുടെ കരടുരേഖയിൽ ഒപ്പുവച്ച വനിത കൂടിയാണ് ആനി മസ്ക്രീൻ. 1951-ൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽനിന്നും സ്വതന്ത്ര സ്ഥാനാൻത്ഥിയായി ആദ്യ ലോകസഭയിലേക്ക് ആനി മസ്ക്രീൻ തെരഞ്ഞെടുക്കപ്പെട്ടു.  കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ ലോക്‌സഭാംഗവും ആദ്യ ലോക്‌സഭയിലെ പത്ത് വനിതാ ലോക്‌സഭാംഗങ്ങളിലൊരാളുമായിരുന്നു ആനി മസ്‌ക്രീൻ. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ, 1948-1952 കാലഘട്ടത്തിൽ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആരോഗ്യവൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്നു.1939-1947 കാലഘട്ടത്തിൽ നിരവധി തവണ ജയിൽ വാസവുമനുഷ്ഠിച്ചിട്ടുണ്ട്. 

   ജൂൺ 6, 1902 ൽ തിരുവനന്തപുരത്ത് ലത്തീൻ കത്തോലിക്ക കുടുംബത്തിലാണ് ആനി മസ്ക്രീൻ ജനിച്ചത് . ഗബ്രിയേലും മറിയവുമായിരുന്നു മാതാപിതാക്കൾ.  തിരുവിതാംകൂർ ദിവാന്റെ ദഫേദാർ ആയിരുന്നു ഗബ്രിയേൽ. ഹോളി എയ്ഞ്ചല്സ് ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഗവണ്മെയന്റ് വിമൻസ് കോളേജ്, മഹാരാജാസ് കോളേജ് (യൂണിവേഴ്സിറ്റി കോളേജ്) ഗവണ്മെന്റ് ആർട്ട്സ് കോളേജ് എന്നീ കലാലയങ്ങളിൽ നിന്നും എം.എ ഡിഗ്രിനേടി. ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയിരുന്നു.  തുടർന്ന്  ശ്രീലങ്കയിലെ കൊളംബോ സംഘമിത്ര കോളേജിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു. തിരികെ നാട്ടിലെത്തിയ ആനി മസ്ക്രീൻ , ഗവണ്മെന്റ് ലോകോളേജിൽ നിയമപഠനം പൂർത്തിയാക്കി, ബി.എൽ.ബിരുദം കരസ്ഥമാക്കി. തിരുവനന്തപുരത്ത് വഞ്ചിയൂർ കോടതിയിൽ സ്വതന്ത്രയായി പ്രാക്ടീസ് തുടങ്ങി. കുറച്ചു നാളുകൾ കൊണ്ടുതന്നെ പ്രഗത്ഭ അഭിഭാഷകയെന്ന് പേരെടുത്തു. ഒപ്പം പൊതു പ്രവർത്തന  രംഗത്ത് സജീവമാവുകയും  ചെയ്തു. 

   അഖില തിരുവിതാംകൂർ ലത്തീൻ ക്രിസ്ത്യൻ മഹാജനസഭ എന്ന സമുദായ സംഘടനയിൽ സജീവ പ്രവർത്തകയുമായ ആനി മസ്ക്രീൻ 1936 ൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1938 ഫെബ്രുവരി 23 ന് തിരുവനന്തപുരത്ത് സി.വി.കുഞ്ഞുരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന  യോഗം തിരുവിതാംകൂർ സ്റ്റേറ്റ് കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിക്ക് രൂപം നല്കി. പട്ടം താണുപിള്ള പ്രസിഡന്റും കെ.റ്റി.തോമസ്, പി.എസ്.നടരാജ പിള്ള എന്നിവർ സെക്രട്ടറിമാരായും ആനിമസ്ക്രീൻ ഏക വനിതാ മെമ്പറുമായ ഒരു സമിതി നിലവിൽ വന്നു. നിസ്സഹകരണ പ്രസ്‌ഥാനത്തിന്റെ നേതാവായ ആനി മസ്‌ക്രീനിനെ 1938 ഏപ്രിൽ 26ന് അറസ്‌റ്റ് ചെയ്‌തു. ചിറയിൻകീഴിലും കാട്ടാക്കടയിലും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചു ചെങ്ങന്നൂരിൽ 1938 നവംബർ 13നു വീണ്ടും അറസ്‌റ്റ് ചെയ്‌തു ജയിലിലടച്ചു. 18 മാസത്തെ ജയിൽശിക്ഷയും ആയിരം രൂപ പിഴയും ചുമത്തപ്പെട്ടു. 1941ൽ വാർധയിൽ മഹാത്മാഗാന്ധിയോടൊപ്പം ഏഴു മാസം താമസിച്ചു സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ പങ്കുചേർന്നു.ദേശീയ നേതാക്കളുമായി അടുത്ത് പരിചയപ്പെടാൻ ഇക്കാലയളവിൽ കഴിഞ്ഞു. തിരികെ തിരുവിതാംകൂറിലെത്തി രാജഭരണത്തിനെതിരെ ആവേശത്തോടെ പ്രർത്തിച്ചു. തിരുവിതാംകൂറിലെ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിൽ നേതൃത്വപരമായ പങ്കുവഹിച്ചു.  1942 ഓഗസ്‌റ്റ് 30ന് വീണ്ടും അറസ്‌റ്റ് ചെയ്‌തു. രണ്ടു വർഷത്തെ കഠിനതടവ് കഴിഞ്ഞിറങ്ങിയ ആനി 1944 സെപ്‌റ്റംബർ 9നു സ്‌റ്റേറ്റ് കോൺഗ്രസിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1946 നവംബർ 9നു പുന്നപ്ര വയലാർ സമരത്തെ സർക്കാർ ചോരയിൽ മുക്കുന്നതിനെതിരെ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തെത്തുടർന്നു സർക്കാരിനെ അട്ടിമറിക്കുന്നുവെന്നാരോപിച്ച് വീണ്ടും ജയിലിലടച്ചു.  ഇന്ത്യയുടെ പ്രധാന നഗരങ്ങളിൽ സി.പി.യുടെ ദുർഭരണത്തെ തുറന്നു കാട്ടുന്ന പ്രചരണയോഗങ്ങളിൽ അവർ പങ്കെടുത്തു. ഉദയപൂരിൽ അഖിലേന്ത്യാ സ്റ്റേറ്റ് കോണ്ഗ്രസ് സമ്മേളത്തിലും പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 1948-49ൽ തിരുവനന്തപുരത്തുനിന്നു നിയമസഭാ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി ആനി മസ്ക്രീൻ. ഇന്ത്യൻ ഭരണഘടന നിർമാണ സമിതിയിലേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ടി.കെ. നാരായണപിള്ളയുടെ മന്ത്രിസഭയിൽ ആരോഗ്യ, ഊർജ വകുപ്പു മന്ത്രിയായി സ്ഥാനമേറ്റു. തെറ്റുകളെ തുറന്നെതിർത്ത് 1950 ജനുവരി മൂന്നിനു മന്ത്രിസ്ഥാനം രാജിവച്ചു. 
     
   1950-ൽ കോൺ​ഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. 1952 ൽ തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ സ്വതന്ത്രയായി മത്സരിച്ചപ്പോൾ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. 1957 വരെ ലോകസഭാംഗമായി പ്രവർത്തിച്ചു. തുടർന്ന്  നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും പരാജയപ്പെട്ടു. അവിവാഹിതയായി കഴിഞ്ഞ ആനി മസ്ക്രീൻ 1957ൽ രാഷ്‌ട്രീയം ഉപേക്ഷിച്ചു. 62-ാം വയസ്സിൽ 1963 ജൂലൈ 19ന് അന്തരിച്ചു. തിരുവനന്തപുരം ജനറലാശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.  മതാചാരപ്രകാരം മൃതശരീരം പാറ്റൂർ സെമിത്തേരിയിൽ സംസ്ക്കരിക്കപ്പെട്ടു. തിരുവനന്തപുരം ലത്തീൻ അതിരൂപത മുൻകൈയെടുത്ത് രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിൽ ആനിമസ്ക്രീന്റെ  പ്രതിമ വഴുതക്കാട് കുടുംബവീട്ടിന് അടുത്ത് ഗവണ്മെസന്റ് വിമന്സ് കോളേജിന് മുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമ മുൻ ഉപരാഷ്ട്രപതി ഡോ.മുഹമ്മദ് ഹമീദ് അൻസാരി 2014 സെപ്റ്റംബർ 11 ന് അനാഛാദനം ചെയ്തു.

’തിരുവിതാംകൂർ സ്വാതന്ത്ര്യ സമരചരിത്രം,’ എന്ന ഗ്രന്ഥത്തിന്റെ കർത്താവായ സി.നാരായണപിള്ള ആനി മസ്ക്രീന്റെ ജീവിതത്തെ ഇങ്ങനെ അനുസ്മരിക്കുന്നു. “സ്റ്റേറ്റ് കോണ്ഗ്രസിന്റെറ ആരംഭകാലം മുതൽ അതിനോട് ബന്ധപ്പെട്ട് അവസാനംവരെ ഉറച്ചുനിന്ന് പ്രവർത്തിച്ച തിരുവിതാംകൂറിലെ ഏക വനിത മിസ്സ്. ആനിമസ്ക്രീനായിരുന്നു. തിരുവിതാംകൂറിലെ അഭ്യസ്ഥ വിദ്യകളായ സ്ത്രീകൾ രാഷ്ട്രീയരംഗങ്ങളിൽ പ്രവർത്തിക്കുന്നത് കുലീനതക്കും മാന്യതയ്ക്കും ഹാനികരമാണെന്ന് വിശ്വസിക്കുകയും എല്ലാ രാഷ്ട്രീയ പ്രക്ഷോഭണങ്ങളിൽ നിന്നും അകന്ന് നിൽക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ നിർഭയം മുന്നോട്ട് വന്ന് ഭാവിയോ ഭവിഷ്യത്തുകളെയോ പറ്റി, യാതൊരു പരിഗണനകളും കൂടാതെ ഗവൺമെന്റിനെ എതിർക്കുന്ന ഒരു സംഘടനയിൽ അംഗമായി ചേരുകയും ജയിൽവാസം വരിയ്ക്കുകയും ചെയ്തതിനുള്ള പ്രശസ്തി അവർക്ക്  മാത്രമുള്ളതാണ്. തിരുവിതാംകൂറിലെ ജനങ്ങൾ സർ.സി.പി.രാമസ്വാമി അയ്യരുടെ മർദ്ദന ഭരണത്തിൽ കൂടി കടന്ന് പൊയ്ക്കൊണ്ടിരിക്കുമ്പോൾ സംഘടനയിൽ പാറപോലെ ഉറച്ച് നിന്ന് സർക്കാർ സർവ്വീസിലുള്ളവരും തന്റെ ജീവിതാവശ്യങ്ങൾക്ക് ആശ്രയമായിക്കൊണ്ടിരുന്നവരുമായ കുടുംബാംഗങ്ങളുടെ താല്പര്യങ്ങൾ പോലും അവഗണിച്ച് നിരവധി യാതനകളനുഭവിച്ച് രാജ്യസേവനം ചെയ്ത മിസ്സ്.ആനി മസ്ക്രീനെ തിരുവിതാംകൂറിന് വിസ്മരിക്കാൻ കഴിയുകയില്ല.” എന്നാണ്.

    ഹബീബുള്ള ദിവാൻ തിരുവിതാംകൂറിലെ ലത്തീൻ കത്തോലിക്കരെയും മുസ്ലീങ്ങളെയും അധഃകൃതവർ​​ഗ്​ഗ മായി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതിൽ പ്രതിഷേധിച്ച് സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭത്തിന്റെ മുന്നിൽ ആനിമസ്ക്രീനും ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ മുഴുകിയപ്പോൾ ദിവാൻ സി.പി.രാമസ്വാമി അയ്യർ അവരുടെ സ്വത്തുവകകളും പണവും കൈക്കലാക്കി. തിരുവിതാംകൂറിൽ ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നടക്കുന്ന സമയത്ത് വനിതാ നേതാവായിരുന്ന ആനി മസ്ക്രീന് നേരെ സി.പി.യുടെ കടന്നാക്രമണം ശക്തമാക്കിയത്.  നടുറോഡിൽ വച്ച് ആനിമസ്ക്രീന്റെ  ഉടതുണി ഉരിഞ്ഞ് മാറ്റി അധിക്ഷേപിച്ചു ഇതും ദിവാൻ സി പി രാമസ്വാമി അയ്യരുടെ നിർദ്ദേശ പ്രകാരമായിരുന്നു. സർക്കാർ ജീവനക്കാരായ സഹോദരനെയും സഹോദരിയെയും ആനിമസ്ക്രീനോടുള്ള പക തീർക്കാനെന്നോണം ദൂരെ നാടുകളിലേക്ക് സ്ഥലം മാറ്റി.1938 ഏപ്രിൽ 29 ന് രാത്രി വൃദ്ധയായ അമ്മയും ആനിമസ്ക്രീനും മാത്രം വീടുനുള്ളിൽ ഉണ്ടായിരുന്ന സമയത്ത് വീട്ടുസാധനങ്ങളും വസ്ത്രങ്ങളും ബിരുദ സർട്ടിഫിക്കറ്റുമുൾപ്പെടെ കവർച്ചക്കാർ കൊണ്ടുപോയി. ആനിമസ്ക്രീൻ രാത്രി തന്നെ പാളയം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ലത്തീഫിന്റെ ഗൃഹത്തിലേക്ക് കാൽനടയായി പോയി അദ്ദേഹത്തോട് പരാതിപ്പെട്ടു. പോലീസ് സ്റ്റേഷനിൽ പരാതി രേഖാമൂലം നല്കാനാവശ്യപ്പെട്ട് അവരെ മടക്കി അയയ്ക്കുകയാണുണ്ടായത്. പരാതി രേഖാമൂലം നല്കിയിട്ടും യാതൊരു നടപടിയുമെടുത്തില്ല. ആനിമസ്ക്രീനെതിരെ നടന്ന ക്രൂരമായ ആക്രമണത്തെ അപലപിച്ച് ഗാന്ധിജി 1939 ഫെബ്രുവരി 18 ലെ ‘ഹരിജനിൽ’ എഴുതുകയുമുണ്ടായി. കൂടാതെ ‘ദി ബോംബെ ക്രോണിക്കൾ’, ‘ദി എമ്പയർടൈംസ്’ എന്നീ പത്രങ്ങളിൽ ആനിമസ്ക്രീനോട് കാട്ടിയ ക്രൂരതകൾക്കെതിരെ വാർത്തകൾ വന്നു. സ്ത്രീകളെ സംഘടിപ്പിച്ച് അവരെ സ്വാതന്ത്ര്യ സമര രംഗത്തേക്ക് നയിച്ചും തിരുവിതാംകൂറിലുടനീളം സി.പി.യുടെ മർദ്ദക ഭരണത്തിനെതിരെ പ്രചരണം നടത്തിയും ധീരതയോടെ അവർ മുന്നോട്ടു പോയി. 
 

 

References

References


1. കേരളത്തിലെ ആദ്യ വനിതാ എം പിയെ അറിയുമോ ? https://malayalam.asiavillenews.com/article/do-you-know-keralas-first-w…
2. ആനി മസ്ക്രീൻ : 57-ാം ചരമ വാർഷികം , https://www.trivandrummedia.com/
3.ആനിമസ്ക്രീൻ തിരുവിതാംകൂർ സമരചരിത്രത്തിലെ വീരനായിക , ഇഗ്നേഷ്യസ് തോമസ് , https://www.trivandrummedia.com/%E0%B4%86%E0%B4%A8%E0%B4%BF%E0%B4%AE%E0…

4. ആനി മസ്‌ക്രീൻ- തിരുവിതാംകൂറിന്റെ വീരാംഗന......

Read more at: https://www.mathrubhumi.com/videos/women/annie-mascarene-brave-lady-of-…