പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് വെള്ളം കോരിയാൽ കിഡ്നിയും മൂത്ര സഞ്ചിയും തകരാറിലാകുമോ?
കിണറ്റിൽ നൈലോൺ/പ്ലാസ്റ്റിക് കയർ കൊണ്ട് വെള്ളം മുക്കിയാൽ ആ കയറിന്റെ പൊടി ആമാശയം വഴി കിഡ്നിയിലും മൂത്രസഞ്ചിയിലും ചെന്ന് പതിക്കും എന്ന വാട്സാപ്പിലൂടെ ഉള്ള പ്രചാരണത്തിന് നാളുകളുടെ പഴക്കം ഉണ്ട്. ഇപ്പോഴും അത്തരം അന്ധവിശ്വാസങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിയ്ക്കപ്പെടുന്നുണ്ട്. എന്താണ് ഇതിന്റെ ശാസ്ത്രീയ വശം?
വാട്സാപ്പ് മെസ്സേജ്
"കിണറ്റിൽ നൈലോൺ/പ്ലാസ്റ്റിക് കയർ കൊണ്ട് വെള്ളം മുക്കിയാൽ ആ കയറിന്റെ പൊടി ആമാശയം വഴി കിഡ്നിയിലും മൂത്രസഞ്ചിയിലും ചെന്ന് പതിക്കും. അതിനാൽ വെള്ളം കോരുന്നതിനു ചകിരി കയർ മാത്രമേ ഉപയോഗിയ്ക്കാവൂ" എല്ലാ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിയ്ക്കുന്നതിനും ഏതെങ്കിലും അലോപ്പതി വൈദ്യ റഫറൻസോ ഇന്റർനാഷണൽ റഫറൻസോ വെറുതെ ഇവർ മെസ്സേജിന്റെ കൂടെ ഉൾപ്പെടുത്താറുണ്ട്. ഇതിലും അത്തരത്തിൽ ഉള്ള റഫറൻസ് കാണാവുന്നതാണ്. എന്നാൽ ഇത്തരം റഫറന്സുകള് നമ്മൾ പരിശോധിച്ചത് ഇവ നുണക്കഥകൾ മാത്രമാണെന്ന് നമുക്ക് അറിയാൻ സാധിയ്ക്കും.
ഇനി എന്താണ് ഇതിന്റെ യാഥാർത്ഥ്യം?
ദഹനവ്യവസ്ഥയുടെ വഴി എന്ന് പറയുന്നത് വായ-അന്നനാളം-ആമാശയം-ചെറുകുടൽ-വൻകുടൽ- മലാശയം- മലദ്വാരം എന്നിങ്ങനെയാണ്. ഇതിനകത്ത് ദഹിക്കാത്ത ഒരു വസ്തുവും നില നിൽക്കില്ല, പുറന്തള്ളപ്പെടും. സംശയമുണ്ടെങ്കിൽ കുറച്ച് പുല്ല് പച്ചക്ക് തിന്ന് നോക്കാം… ദഹിക്കില്ല. അതേ പടിയിങ്ങ് പോരും. അത് തന്നെയാണ് പ്ലാസ്റ്റിക്കിന്റേയും നൈലോണിന്റേയും അവസ്ഥ. അവയെ ദഹിപ്പിക്കാൻ ശരീരത്തിന് കഴിയില്ല. നമ്മുടെ ദഹനവ്യൂഹത്തിന് ദഹിപ്പിക്കാൻ കഴിയാത്തത് മുഴുവൻ പുറന്തള്ളും.
ദഹിക്കാത്ത പ്ലാസ്റ്റിക് എങ്ങനെ കിഡ്നിയിലെത്തും? ഇത് സാദ്ധ്യമല്ല, ആമാശയത്തിലും കുടലിലും ഉള്ള വസ്തുവിനെ കിഡ്നിയിലും മൂത്രസഞ്ചിയിലും കാണാനാകില്ല. അങ്ങോട്ട് എത്താൻ സാധിക്കില്ല. രണ്ടും രണ്ട് വ്യത്യസ്ത സിസ്റ്റം ആണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിയ്ക്കുന്നവർക്ക് പ്ലാസ്റ്റിക് കയർ എന്നോ ചകിരി കയർ എന്നോ ഇല്ല. അതിനാൽ ഏത് കയറു കൊണ്ട് വെള്ളം കോരുന്നു എന്നതിൽ പ്രസക്തിയില്ല എന്ന് ആവർത്തിച്ചു പറയുന്നു.