പേ വിഷബാധയിൽ നിന്നും രക്ഷനേടാൻ ചെയ്യണ്ടതെന്തെല്ലാം?

Aramam Mothly, Aramam magazine, aramam masika, aramammasika, aramam, ആരാമം,  ആരാമം മാസിക, aramam vanitha masika, aramamonline, Vanitha Magazine

പട്ടികൾ മാത്രമല്ല, പൂച്ചയും പശുവും ആടും എരുമേം പോത്തും പേ വിഷബാധയിൽ വില്ലന്മാരാണ്. പിന്നെ ചില കുറുക്കന്മാരും വവ്വാലുകളും ഇക്കൂട്ടരിൽ പെടും. ഇവയുടെയൊക്കെ കടി മാത്രമല്ല, മാന്തൽ, മുറിവുള്ളയിടത്തെ നക്കൽ ഒക്കെ പേവിഷബാധയ്ക്ക് കാരണമാകും. 

മുൻ കരുതൽ എടുക്കേണ്ടത് എങ്ങനെയെല്ലാം?

മുറിവ് നന്നായി സോപ്പ് തേച്ച് പതപ്പിച്ച് കഴുകണം. റാബീസ് വൈറസ് സോപ്പുപയോഗിയ്ക്കുമ്പോൾ നശിച്ചു പോകുന്നു. മുറിവില്ലെങ്കിലും സോപ്പ് ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്. 

ഡോക്ടറുടെ  നിർദ്ദേശപ്രകാരം (TT വേണമെങ്കിൽ) ആദ്യ ഡോസ് ആന്റി റാബീസ് കുത്തിവയ്പ്പുമെടുക്കുക. അതാണ് ‘0’ ഡോസ്. സർക്കാർ ആശുപത്രിയിൽ ഈ കുത്തിവയ്പ്പ് സൗജന്യമാണ്.

ഇമ്യൂണോ ഗ്ലോബുലിൻ വേണ്ടി വന്നാൽ മാത്രം കാശാവും. മുറിവേത് കാറ്റഗറിയിൽപ്പെടുമെന്ന് നോക്കിയിട്ടാണ് ഡോക്ടറതൊക്കെ വേണോ വേണ്ടേന്ന് തീരുമാനിക്കുന്നത്.

പട്ടി കടിച്ച മുറിവ് സാധാരണഗതിയിൽ തുന്നാറില്ല. അത് താനേ ഉണങ്ങി വരണം. അതിന് ആന്റിബയോട്ടിക് കഴിക്കണം.
0, 3, 7, 28 ഇങ്ങനെയാണ് ഈ ഇഞ്ചക്ഷൻ എടുക്കേണ്ട ദിവസങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇനി വരേണ്ട ദിവസമൊക്കെ ഡോക്ടർ കൃത്യമായി എഴുതിത്തരും. അന്നുതന്നെ വന്നു വാക്സിനെടുക്കണം.

കടിച്ച പട്ടിയെ/ മാന്തിയ പൂച്ചയെ കെട്ടിയോ കൂട്ടിലോ ഇടണം. രോഗലക്ഷണമില്ലാത്ത മൃഗത്തെ കടി കിട്ടിയ കലിപ്പിൽ തല്ലിക്കൊല്ലരുത്. കെട്ടിയിടുന്നത്, എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടോന്ന് നോക്കാനാണ്. 

രോഗബാധയുള്ളതാണെങ്കിൽ 10 ദിവസത്തിനകം അത് ഇഹലോകവാസം വെടിഞ്ഞോളും. എന്നു കരുതി പട്ടിണിക്കിട്ട് കൊല്ലരുത്.

10 ദിവസം കഴിഞ്ഞും പ്രശ്നമില്ലെങ്കിൽ അവനെ / അവളെ വീണ്ടും സ്നേഹിക്കുന്നതിൽ തെറ്റില്ല. എന്നാലും നിങ്ങൾ കുത്തിവയ്പ്പ് കംപ്ലീറ്റ് ചെയ്തേക്കണം. അതിനെ കൊണ്ടുപോയി കുത്തി വയ്പ്പിക്കണം. അത് നിർബന്ധമാണ്‌.

ഇനി കുത്തിവയ്പ്പെടുത്തിട്ടുള്ള പട്ടിയാണെങ്കിലും കടി കിട്ടിയാൽ റിസ്കെടുക്കാതിരിക്കുന്നതാവും നല്ലത്. നിങ്ങൾ ഇഞ്ചക്ഷൻ എടുക്കണം.

തെരുവ് നായയൊക്കെ ആണെങ്കിൽ അവിടെ പിന്നെയീ സന്ദേഹത്തിന്റെ സാധ്യതയേയില്ല. എല്ലാ ഡോസ് ഇഞ്ചക്ഷനും ഓടിപ്പോയി എടുക്കണം.

എല്ലാ മൃഗങ്ങളുടെയും കടി/മാന്തൽ റാബീസ് പരത്തില്ല.. എലി, മുയൽ, അണ്ണാൻ, ഇന്ത്യൻ വവ്വാൽ എന്നിവയ്ക്ക് അതിന് കഴിയില്ല. സോ, എലിയെ പേടിക്കേണ്ടതില്ല, പക്ഷെ പൂച്ചയെ പേടിക്കണം.

നിങ്ങൾക്കറിയാമോ, പേവിഷബാധ, പട്ടികടിയേറ്റ് 20 വർഷങ്ങൾക്ക് ശേഷം വന്ന ചരിത്രമൊക്കെയുണ്ട്. ഹൊറിബിൾ!
അതുകൊണ്ട്, ഈ ചരിത്രമൊക്കെ അറിഞ്ഞിരിക്കുകയും കൃത്യ സമയത്ത് കുത്തിവെപ്പെടുക്കുകയും ഒക്കെ ചെയ്താൽ,  പേടിക്കാതെ ജീവിക്കാം.