പെണ്ണമ്മ ജേക്കബ്

പെണ്ണമ്മ ജേക്കബ്

പെണ്ണമ്മ ജേക്കബ് (1927-1998)

മുവാറ്റുപുഴയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച പെണ്ണമ്മ ജേക്കബ് ആദ്യകാലത്ത് കോൺഗ്രസ്സ് പ്രവർത്തകയായിരുന്നു. 64-ൽ കോൺഗ്രസ്സ് വിട്ട അവർ കേരള കോൺഗ്രസ്സ് രൂപീകരിച്ചപ്പോൾ കേരള കോൺഗ്രസ്സിൽ ചേർന്നു. 1970-ല്‍ സ്വതന്ത്ര അംഗമായാണ് മൂവാറ്റുപുഴയില്‍നിന്ന് പെണ്ണമ്മ ജേക്കബ് നിയമസഭയിലെത്തിയത്. അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ശക്തമായ രീതിയിൽ സഭയ്ക്കകത്തും പുറത്തും പെണ്ണമ്മ ജേക്കബ് നിലകൊണ്ടു. സഭയ്ക്കുള്ളിൽ പെണ്ണമ്മ നടത്തിയ പ്രസംഗം ഏറെ പ്രസിദ്ധമാണ്.

'ശ്രീമതി ഇന്ദിരാഗാന്ധി പിതാവിന്റെ കാലടികളെ പിന്തുടര്‍ന്നില്ലെന്നു മാത്രമല്ല, ലോകത്ത് ഒരാളുടേയും കാലടികളെ പിന്തുടര്‍ന്നില്ല. അവരുടെതന്നെ കാലടികളെ പിന്തുടരാന്‍ കഴിവില്ലാതെ ഇന്ന് ഒറ്റക്കാലില്‍ നില്‍ക്കുന്ന വഞ്ചകിയായ ഒരു സ്ത്രീയാണെന്ന് പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. ഇന്ത്യയിലെന്നല്ല ലോകത്തെമ്പാടുമുള്ള സ്ത്രീവര്‍ഗത്തിന് കളങ്കം ചാര്‍ത്തിക്കൊണ്ട് കോടതിയെപ്പോലും ബഹിഷ്‌കരിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയി.' 1975 ഓഗസ്റ്റ് 9-ന് നിയമസഭയില്‍ വക്കം പുരുഷോത്തമന്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതിയെ എതിര്‍ത്തായിരുന്നു പെണ്ണമ്മ ജേക്കബ് ഇങ്ങനെ പറഞ്ഞത്. പ്രതിപക്ഷം പോലും ഇന്ദിരയുടെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതിഷേധിയ്ക്കാൻ മടി കാണിച്ചപ്പോഴാണ് പെണ്ണമ്മ ജേക്കബ് അവരിൽ നില്ലെല്ലാം വ്യത്യസ്തയായി ഏകാധിപത്യത്തിനെതിരെ ജനാധിപത്യപരമായി നിലകൊണ്ടത്. 

ബാലജന സഖ്യം സംസ്ഥാന ഓർഗനൈസർ, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം, മലങ്കര ഓർത്തഡോക്സ് വുമൺസ് അസോസിയേഷൻ സെക്രട്ടറി, മഹിളാ സമാജം, വനിതാ പരിഷത് എന്നിവയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പെണ്ണമ്മ പ്രവർത്തിച്ചിട്ടുണ്ട്.