സ്ത്രീ വിദ്യാഭാസത്തിന്റെ പ്രസക്തി

സമൂഹ്യ പുരോഗതിയുടെ ഏറ്റവും വലിയ ഇന്ധനം വിദ്യാഭ്യാസ മുന്നേറ്റമാണ്. അതിനാൽ തന്നെ സ്ത്രീ വിദ്യാഭ്യാസം എന്നത് ലിംഗ നീതി, സ്ത്രീ ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട് മാത്രം വായിക്കപ്പെടേണ്ട ഒന്നല്ല. അത് ഒരു സമൂഹത്തിന്‍റെ മൊത്തം സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വ്യവഹരങ്ങളുടെ കേന്ദ്രസ്ഥാനത്ത് തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്.  ഇന്ത്യയിലുണ്ടായ സമൂഹ്യ മാറ്റങ്ങളുടെ മുന്നണിയില്‍ സാവിത്രി ഭായി ഫൂലെ മുതൽ  ആധുനിക വിദ്യാഭ്യാസം നേടിയ ഒട്ടേറെ സ്ത്രീകളുടെ ഇടപെടലുകള്‍ കാണാന്‍ സാധിക്കും.  ഇന്ന് കേരളം നേടിയെടുത്തു എന്നവകാശപ്പെടുന്ന ഒട്ടനവധി നേട്ടങ്ങളുടെയും പിന്നണിയിൽ സ്ത്രീ വിദ്യാഭ്യാസ പുരോഗതിയുടെ കൃത്യമായ അടയാളപ്പെടുത്തലുകൾ കാണാം. സ്ത്രീ വിദ്യാഭ്യാസത്തിലുണ്ടായ മുന്നേറ്റം നിലനിൽക്കെ തന്നെ, ഭാരത സ്ത്രീകൾ ഇന്നും സമൂഹത്തിലെ ഏറ്റവും ചൂഷിതരായ വിഭാഗങ്ങളായി നിലനിൽകുന്നതായി കാണാം. സ്ത്രീ ഭർത്താവിനും കുടുംബത്തിനും വേണ്ടി തന്‍റെ ജീവിതവും സ്വപ്നവും ത്വജിക്കേണ്ടവളാണെന്ന വിശ്വാസം സമൂഹം വെച്ചുപുലർത്തുന്നു. സ്ത്രീകളിൽ വലിയൊരു വിഭാഗം തന്നെ തങ്ങളുടെ വ്യക്തിത്വം തിരിച്ചറിയാതെ പോകുന്നവരും, തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഇല്ലാത്തവരുമാണ്. പുരുഷന്മാര്‍ - പ്രതേകിച്ചും യാഥാസ്ഥിതിക കുടുബാംഗങ്ങളിലും ഗ്രാമങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും- ഈ അജ്ഞത പരമാവധി മുതലാക്കുന്നു. സ്ത്രീകൾ ഇപ്പോഴും  തൊഴിലില്ലാത്ത, അധികാരമില്ലാത്ത, സ്വയം നിര്‍ണ്ണയാവകാശമില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, സ്വത്തവകാശമില്ലാത്ത വിഭാഗമായി തുടരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ അര്‍ത്ഥരഹിതമാക്കി മാറ്റുന്ന വിവേചനങ്ങളാണ് ഇന്ത്യന്‍ സ്ത്രീ അനുഭവിക്കുന്നത്. വര്‍ഗ്ഗപരവും സാമൂഹ്യവുമായ രൂക്ഷമായ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന സ്ത്രീകളുടെ ജീവിതം നവഉദാരവല്‍ക്കരണത്തിലൂടെ കൂടുതല്‍ യാതനാപൂര്‍ണ്ണമായിരിക്കുന്നു. ദാരിദ്ര്യത്തിന്‍റെയും തൊഴിലിന്‍റെയും സ്ത്രൈണവല്‍ക്കരണം ഗുരുതരമായ സാമൂഹ്യ വികസന പ്രതിസന്ധിക്ക് ഇടയാക്കുന്നു. ഈ അവസ്ഥയില്‍ നിന്ന് സത്രീ സമൂഹത്തെ മോചിപ്പിക്കാനുള്ള ഒരേ ഒരു വഴി അവർക്ക് വിവരവും വിദ്യാഭ്യാസവും  നൽകുക എന്നത് മാത്രമാണ്. വിദ്യാഭ്യാസം സ്ത്രീക്ക് മാന്യമായ സാമൂഹ്യ സ്ഥാനം നൽകുന്നതോടൊപ്പം, സ്ത്രീയുടെ അന്തസ് ഉയർത്തുന്നതിലും സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്നതിലും മുഖ്യ പങ്കുവഹിക്കുന്നു. 

ഒരു സ്ത്രീയെ പഠിപ്പിക്കുക എന്നതിനർത്ഥം കുടുംബത്തെയും രാജ്യത്തെയും അഭ്യസിപ്പിക്കുക എന്നതാണ്. ഒരു സ്ത്രീക്ക് വിദ്യാഭ്യാസം ലഭിക്കാത്തപ്പോൾ അത് അവളെ മാത്രമല്ല, മുഴുവൻ കുടുംബത്തെയും രാജ്യത്തെയും ബാധിക്കുന്നു. വിദ്യാസമ്പന്നയായ ഒരു സ്ത്രീക്ക് മികച്ച മനുഷ്യനും വിജയിയായ അമ്മയും ഉത്തരവാദിത്തമുള്ള പൗരനുമാകാം.   വിദ്യാസമ്പന്നയായ ഒരു സ്ത്രീക്ക് അവളുടെ അവകാശങ്ങളെക്കുറിച്ച് അറിയാം. ഗാർഹിക പീഡനം, സ്ത്രീധനം, കുറഞ്ഞ വേതനം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ അവർക്ക് പോരാടാനാകും. ജനാധിപത്യത്തിന്‍റെ വിജയംതന്നെ വിദ്യാഭ്യാസം നേടിയ സാമാന്യ ജനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഭാരതത്തില്‍ വിദ്യാരഹിതരായ സാമാന്യജനങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഇവർ വിദ്യാഭ്യാസം നേടിയില്ലെങ്കിൽ ഇവിടെ ജനാധിപത്യം പരാജയപ്പെടുക തന്നെ ചെയ്യും. മൊത്തം ജനസംഖ്യയുടെ ഏകദേശം 50% തന്നെ സ്ത്രീകളാണ്. അവർ വിദ്യാഭ്യാസമില്ലാത്തവരായി അവശേഷിക്കുകയാണെങ്കിൽ, രാജ്യത്തിന്റെ വലിയൊരു ഭാഗത്തിന് അതിന്റെ വളർച്ചയ്ക്ക് സംഭാവന നൽകാൻ കഴിയില്ല, അത് ഒരു പ്രധാന പ്രശ്നമാണ്. അതിനാൽ, സ്ത്രീകളെ പഠിപ്പിക്കുന്നത് ഒരു രാജ്യത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കും. ഈ പരാമർതഥം മനസ്സിലാക്കിയാണ് ഭരണഘടന ശിൽപികളും നയരൂപീകരണത്തിന് ഉത്തരവാദപ്പെട്ടവരും സ്ത്രീ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തിയത്. ഒരു മെച്ചപ്പെട്ട സമൂഹം രൂപപ്പെടുന്നത് ലിംഗ നീതി തുല്യമായി വിതരണം ചെയ്യപ്പെടുന്നിടത്ത് മാത്രമാണ്. പുരുഷാധിപത്യത്തിലൂടെ വളരുന്ന ഒരു സമൂഹം ചിലപ്പോള്‍ സാമ്പത്തിക അഭിവൃദ്ധി വരിച്ചേക്കാം. സാമ്പത്തിക വ്യവഹാരങ്ങളിൽ അതൊരു വികസിത രാഷ്ട്രമായി അടയാളപ്പെട്ടേക്കാം. എന്നിരുന്നാലും സമൂഹ്യ നീതി തുല്യമായി വിതരണം ചെയ്യപ്പെടുന്ന സമൂഹത്തെ മാത്രമേ നമുക്കൊരു പുരോഗമന സമൂഹമെന്ന് പറയാനാവൂ.അസമത്വവും വിവേചനവും ഇല്ലായ്മ ചെയ്യാൻ സ്ത്രീ വിദ്യാഭ്യാസം നേടേണ്ടതുണ്ട്. 

References

References

1.ഡോ.കെ.ശിവരാജൻ, വിദ്യാഭ്യാസം വികസ്വരഭാരതത്തിൽ, പേജ്:248-249, പബ്ലിഷേഴ്സ്:കാലിക്കറ്റ് സർവകലാശാല.

2.സ്ത്രീകളുടെ വികസനം - വികാസ്‌പീഡിയ