കേരള സ്ത്രീകളുടെ അന്തർദേശീയ കുടിയേറ്റങ്ങൾ

നഴ്സുമാരുടെ കുടിയേറ്റങ്ങൾ

നഴ്സുമാരുടെ കുടിയേറ്റങ്ങൾ

Nurse 1

        വർധിച്ചു വരുന്ന ജനസംഖ്യയുടെ ഭാഗമായി ലോകത്ത് പ്രത്യേകിച്ച്  വികസിത രാജ്യങ്ങളിൽ നഴ്‌സുമാരുടെ ആവശ്യകത വർധിച്ചിട്ടുണ്ട്. പെരുകുന്ന രോഗങ്ങൾ യുദ്ധം പോലുള്ള അവസ്ഥാ വിശേഷങ്ങൾ തുടങ്ങിയവ ആതുരസേവന രംഗത്തെ പ്രാധാന്യം വർധിപ്പിക്കുന്നു. വികസിത രാജ്യങ്ങളിൽ നഴ്സുമാരുടെ അഭാവം വലിയ രീതിയിൽ പ്രകടമാണ്. ഈ അവസ്ഥയെ മറികടക്കുന്നതിനായി വിദേശരാജ്യങ്ങളിൽ നിന്ന് ഈ രംഗത്തേക്ക് ആളുകളെ  റിക്രൂട്ട് ചെയ്യുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യവും ഉയർന്ന പ്രതിഫലവും തന്നെയാണ് നഴ്സുമാരെ കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നത്. എത്തിച്ചേരുന്ന രാജ്യത്തെ ഭാഷയും ഒരു പ്രധാന ഘടകമാണ്. അത് കൊണ്ട് തന്നെയാണ് ഇന്ത്യയിലെ നഴ്സുമാർ പ്രധാനമായി അമേരിക്ക, യു.കെ, അയർലൻഡ്, ഓസ്ട്രേലിയ എന്നിവ പ്രധാനമായി കുടിയേറ്റത്തിന് തെരഞ്ഞെടുക്കുന്നത്. ഈ രാജ്യങ്ങളിലേക്കുള്ള നഴ്‌സ്‌ കുടിയേറ്റം വൻതോതിൽ ആരംഭിക്കുന്നത് 1990 ' കളിലാണ്. 1960 ' കളിൽ തന്നെ ഗൾഫ് രാജ്യങ്ങളിലേക്കു കുടിയേറി തുടങ്ങിയിരുന്നു. 1970 'കളിലെ എണ്ണ പര്യവേക്ഷണത്തെ തുടർന്നുണ്ടായ വളർച്ചയോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഗണ്യമായി വർധിച്ചു. എന്നാൽ 1960 'കളികൾ തന്നെ കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിൽ നിന്നുള്ള നഴ്സുമാർ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിരുന്നു. കേരളത്തിലെ നേഴ്സ് കുടിയേറ്റം ആരോഗ്യ രംഗത്തെ നേട്ടങ്ങളുടെയും വിദ്യാഭ്യാസ പുരോഗതിയുടെയും ഫലമായിട്ടാണെന്ന് വിലയിരുത്തപ്പെടുന്നു.   ഇന്ന് ഇന്ത്യയിൽ നിന്ന് നഴ്സുമാർ ഭൂരിഭാഗവും കുടിയേറുന്നത് പ്രധാനമായും ഗൾഫ് രാജ്യങ്ങളിലേക്കും OECD (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലെപ്മെന്റ്) രാജ്യങ്ങളിലേക്കുമാണ്. കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ 60000 'ഓളം വരുന്ന ഇന്ത്യൻ നഴ്‌സുമാരിൽ ഏറിയ പങ്കും കേരളത്തിൽ നിന്നാണ്. കേരളത്തിലെ നഴ്‌സുമാരിൽ ഭൂരിഭാഗവും ജോലി തേടി പോകാൻ താൽപര്യപ്പെടുന്നത് ഇംഗ്ലീഷ് സംസാരിക്കുന്ന നാടുകളിലേക്കാണ്.  വിദേശത്തുള്ള മലയാളി നഴ്‌സുമാരിൽ 38 % അമേരിക്കയിലും 30 % യുകെയിലും 15 % ഓസ്‌ട്രേലിയയിലും 12 % ഗൾഫ് നാടുകളിലും ജോലി ചെയ്യുന്നു.  

കേരള മെഡിക്കൽ കൗൺസിലിന്റെ കണക്കുകൾ പ്രകാരം നഴ്‌സ്‌ ജോലിക്കായി എല്ലാ ദിവസവും ഏകദേശം 100  വിസ അറ്റസ്റ്റേഷൻ അപേക്ഷകൾ വന്നിരുന്നതായി പറയപ്പെടുന്നു. ഇന്ത്യൻ നഴ്സുമാർ OECD രാജ്യങ്ങളിൽ വർധിച്ചു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 

              നഴ്‌സ്‌ കേരളത്തിലെ വാർപ്പു മാതൃകകളെ പൊളിച്ചെഴുതുന്നതിൽ  വലിയ പങ്കു വഹിച്ചിട്ടുണ്ട്. അത് വരെ പുരുഷന്റെ മാത്രം കുത്തകയായിരുന്ന തൊഴിൽ കുടിയേറ്റവും ഭർത്താവിനെ അനുഗമിക്കേണ്ടി വരുന്ന ഭാര്യയും എന്നുള്ള പതിവ് രീതിയിൽ നിന്ന് മാറി നഴ്സുമാരായ സ്ത്രീകൾ കുടിയേറുമ്പോൾ ഭർത്താവും കുടുംബവും അനുഗമിക്കുന്ന സ്ഥിതി വിശേഷമാണ്  ഇതിലൂടെ ഉണ്ടായിട്ടുള്ളത്.  

               ആദ്യ കാലങ്ങളിൽ ബോംബെ ആയിരുന്നു നഴ്‌സ്‌ റിക്രൂട്മെന്റിന്റെ പ്രധാന കേന്ദ്രം. ആദ്യ കാലത്ത് ഗൾഫിലേക്കുള്ള നഴ്‌സ്‌ കുടിയേറ്റം വളരെ എളുപ്പമായിരുന്നു. സ്പോൺസർഷിപ്പുകളുടെയും പരീക്ഷയുടെയും ആവശ്യമില്ലായിരുന്നു. ഗൾഫ് രാജ്യങ്ങൾ ഒരിക്കലും സ്ഥിര താമസത്തിന് അനുവാദം നൽകിയിരുന്നില്ല എങ്കിലും ഉയർന്ന സാലറി പാക്കേജുകൾ തന്നെയാണ് നഴ്സുമാരെ അങ്ങോട്ടേക്ക്  ആകർഷിച്ചത്. 

1960 ' കളിൽ തന്നെ കേരളത്തിൽ നിന്നുള്ള നഴ്സുമാർ യൂറോപ്പിലേക്ക് കുടിയേറി തുടങ്ങിയിരുന്നു. 6000 ഓളം നഴ്സുമാർ കേരളത്തിൽ നിന്ന് ജർമനിയിലേക്ക് കുടിയേറിയിരുന്നതായി കാണാം. ക്രിസ്ത്യൻ സമൂഹത്തിൽ നിന്നാണ് ഇതിൽ ഏറിയ പങ്കും കുടിയേറിയിരുന്നത്. നഴ്‌സ്‌  കുടിയേറ്റം ഊർജിതമാക്കുന്നതിൽ കേരളത്തിലെ കത്തോലിക്ക സമൂഹം വഹിച്ച പങ്ക് വളരെ വലുതാണ്. ജർമ്മനി കൂടാതെ ഇറ്റലി, സ്വിറ്റ്സർലാന്റ് തുടങ്ങിയ രാജ്യത്തേക്കും നഴ്സുമാർ കുടിയേറിയിരുന്നു. കേരളം എല്ലാ കാലത്തും നഴ്‌സ്‌-പീപ്പിൾ അനുപാതം നിലനിർത്തിയിരുന്നു. പണ്ട് കാലം തൊട്ടേ ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ കേരളം വലിയ ശ്രദ്ധ ചെലുത്തിയിരുന്നു. കേരളത്തിന്റെ ഈ അവബോധം തന്നെയാകാം നഴ്സിംഗ്  വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിനും കാരണം. എന്നാലും സമൂഹത്തിന്റെ ചില കോണുകളിൽ നിന്ന് ഇതിനൊരു ആക്ഷേപം ഉയർന്നിരുന്നതായി കാണാം, നഴ്സിംഗ് മോശപ്പെട്ട ജോലിയാണെന്ന കാഴ്ചപ്പാട് ജനങ്ങൾക്കിടയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഈ വെല്ലുവിളികളെ ഇല്ലായ്മ ചെയ്‌ത്  ഈ ജോലി മഹത്തരമാക്കുകയും ജനകീയമാക്കുകയും ചെയ്യുന്നതിൽ ക്രിസ്ത്യൻ സമൂഹം വഹിച്ച പങ്ക് വളരെ വലുതാണ്. 
                കേരളത്തിൽ ഒരുപാട് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന മേഖലയാണ് നഴ്സിങ്ങും അനുബന്ധ കോഴ്‌സുകളും, ഇന്ന് കേരളത്തിലെ നഴ്സിംഗ് കോളേജുകളിൽ 89 ശതമാനവും സ്വകാര്യ മാനേജ്മെന്റുകൾക്ക് കീഴിലാണ്. വിദ്യാർത്ഥികൾ ഉയർന്ന ഫീസ് മുടക്കി പഠിക്കേണ്ട സ്ഥിതി വിശേഷമാണ് ഇന്ന് കേരളത്തിൽ. പഠിച്ചു കഴിഞ്ഞാലോ ജോലി ഇല്ലാത്ത അവസ്ഥയുമാണ്. സർക്കാർ മേഖലകളിലെ ജോലികൾ വളരെ തുച്ഛമാണ്. അത്കൊണ്ട് തന്നെ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ട ഗതികേടാണ് ഇവർക്കുള്ളത്. തുച്ഛമായ വരുമാനമാണ് സ്വകാര്യ മേഖലകളിലെ നഴ്സുമാർക്ക് കേരളത്തിൽ കിട്ടുന്നത്. ഇതാണ് നഴ്സുമാർ ശമ്പളവർദ്ധനവിന് വേണ്ടി യാചിക്കുന്നത്. ഇതൊക്കെ കൊണ്ടാണ് റിക്രൂട്ടിങ് ഏജൻസികൾക്ക് വലിയ തുക കൊടുത്ത് നാടുവിടേണ്ടി വരുന്നത്. പഠിച്ച ജോലിക്ക് മാന്യമായ വേതനം സ്വരാജ്യത്ത് കിട്ടുക എന്നത് വലിയ കാര്യം തന്നെയാണ്. 

 കേരളത്തിൽ നിന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നഴ്‌സ്‌ കുടിയേറ്റം നടക്കുന്നുണ്ട്. പ്രധാനമായി കർണാടക, ഡൽഹി, തമിഴ്നാട് എന്നിവിടങ്ങളിലേക്കാണ് കേരളത്തിലെ നേഴ്സ് കുടിയേറ്റം കാര്യമായി നടക്കുന്നത്. 

                   വിദേശത്തേക്കുള്ള കേരളത്തിൽ നിന്നുള്ള നഴ്‌സ്‌ കുടിയേറ്റം കുറഞ്ഞു വരുന്നതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. റിക്രൂട്ട്മെന്റ് ഏജൻസികളുടെ തട്ടിപ്പുകളിൽ നിന്ന് സുരക്ഷയൊരുക്കുന്നതിനും വ്യക്തത വരുത്തുന്നതിനുമായി കേരള സർക്കാർ ആവിഷ്കരിച്ചിട്ടുള്ള നഴ്‌സ്‌ കുടിയേറ്റം കുറ്റമറ്റതാക്കിയിട്ടുണ്ട്. എല്ലാവിധ വിദേശ റിക്രൂട്ട്മെന്റുകളും സർക്കാർ ODEPC, NORKA ROOTS , TNA എന്നിവ മുഖേന ആക്കിയിട്ടുണ്ട്. 

പശ്ചിമേഷ്യയിലെ ആഭ്യന്തര പ്രശ്നങ്ങളും പടിഞ്ഞാറൻ രാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങളും കുടിയേറ്റത്തിന് സാരമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.

Nurse

References

References

Praveena Kodoth, Tina Kuriakose Jacob, International Mobility of Nurses
from Kerala (India) to the EU:
Prospects and Challenges with Special
Reference to the Netherlands and
Denmark, CARIM-India Research Report 2013/19, 

Tomas Zapata, Migration of Nursing and Midwifery Workforce from Kerala,
Study Findings