മലയാള സിനിമയിൽ സ്ത്രീ ചരിത്രത്തിന്റെ തുടക്കം

സിനിമ

 

   കാലാതീതമായ കലാമൂല്യം നിലനിൽക്കുന്ന  ഒരു കലയാണ് സിനിമ. ബോധപൂർവ്വം സ്ക്രീനിൽ കാണിക്കപ്പെടുന്ന കാഴ്ച്ചകൾ പ്രേക്ഷകനിലേക്ക് സംവഹിച്ചാണ് സിനിമ അതിന്റെ ധർമ്മം നിർവഹിക്കുന്നത്. ആദ്യകാല സ്ത്രീ പ്രേക്ഷകരെയും അവരുടെ സിനിമാ സമീപനത്തെയുംകുറിച്ചുള്ള വിവരങ്ങൾ വേണ്ടത്ര ലഭ്യമല്ല.  1926ൽ കൊല്ലം പട്ടണത്തിലെ സിനിമാശാലകളുടെ പ്രവർത്തനം തങ്ങളുടെകൂടെ സൗകര്യത്തിനാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫാക്ടറിത്തൊഴിലാളികളായ സ്ത്രീകൾ സമരംചെയ്തതായി മലയാള മനോരമ റിപ്പോർട്ടുചെയ്തിട്ടുണ്ട്. 1940കളോടെ സ്ത്രീകളെഴുതിയ സിനിമാനിരൂപണങ്ങൾ വിരളമായെങ്കിലും ആനുകാലികങ്ങളിൽ കണ്ടുതുടങ്ങി.

     കാലങ്ങൾ കഴിഞ്ഞിട്ടും സിനിമയുടെ അണിയറയിൽ സ്ത്രീപ്രാതിനിധ്യം വളരെ കുറവാണ്. വനിതകള്‍ ധൈര്യമായി കടന്നു ചെല്ലാവുന്ന തൊഴിൽമേഖലയായി സിനിമ മാറണം. പല മേഖലകളിലും പേരിനു പോലുമൊരു സ്ത്രീ ഇല്ല. സാഹിത്യത്തിലെന്നതുപോലെ സിനിമയിലും സ്ത്രീകൾ തങ്ങളുടെ ഇടം കൃത്യമായി നേടിയെടുക്കാനായി  പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. ചലിച്ചുകൊണ്ടു തുടങ്ങിയ ചിത്രങ്ങളുടെ തുടക്കം മുതൽക്കുതന്നെ സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തിയിരുന്നു. എന്നാൽ മലയാള സിനിമയിൽ സ്ത്രീ ചരിത്രത്തിന്റെ തുടക്കം ആദ്യ നായികയുടെ  നേരെ നടന്ന പ്രേക്ഷകസമൂഹത്തിന്റെ ആക്രമണങ്ങളിൽ നിന്നാണ്. 

       ആദ്യ കഥാസിനിമ മലയാളത്തിലേക്കെത്തുന്നത് 1928ലാണ്. വി​ഗതകുമാരനിലൂടെ ജെ സി ഡാനിയലാണ് മലയാളികൾക്ക് ചലച്ചിത്രലോകം തുറന്നുകാട്ടുന്നത്. ആദ്യചിത്രമായ വി​ഗതകുമാരനിൽ നായികയായെത്തിയത് പി കെ റോസിയായിരുന്നു. ഈ ചിത്രത്തിലൂടെ പി കെ റോസി മലയാള  സിനിമയിലെ ആദ്യ നായികയായി. സരോജം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്  പി.കെ. റോസി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. പുതിയകാലത്തിന്റെ കലാരൂപമായി സിനിമയെ മനസിലാക്കിയ സംവിധായകനായിരുന്നു ജെ സി ഡാനിയൽ എന്നാൽ സാമൂഹികയാഥാസ്ഥിതിയും ചലച്ചിത്രയാഥാർത്ഥ്യവും രണ്ടായി കാണാത്താവരുടെ മുന്നിലേക്കാണ്  അദ്ദേഹത്തിന് തന്റെ സിനിമ പ്രദർശിപ്പിക്കേണ്ടിവന്നത്.  സിനിമയുടെ പരാജയത്തെക്കാളും വിഷമകരമായത് നായികയ്ക്ക്  പ്രേക്ഷകരിൽനിന്ന് ലഭിച്ച ക്രൂരമായ പ്രതികരണമായിരുന്നു.  അഭിനയത്തിലെ പോരായ്മകോണ്ടല്ല അവൾ ആക്രമണത്തിനിരയായത്,  സവർണ്ണ കഥാപാത്രമായി ഒരു കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന ഒറ്റ കാരണത്താലായിരുന്നു. ഇവിടെനിന്നാണ് സിനിമയിലെ സ്ത്രീചരിത്രം തുടങ്ങുന്നത്. പിന്നീടങ്ങോട്ട് മാർത്താണ്ഡവർമ്മയിലൂടെ ദേവകിഭായിയും പട്ടമ്മാളും (1933), ആദ്യ ശബ്ദസിനിമയിലെ ബാലനിലെ എം കെ കമലവും പള്ളുരുത്തി ലക്ഷ്മിയും (1938), ജ്ഞാനാംബികയിലെ സി കെ രാജവും സീതാലക്ഷ്മിയും (1940), പ്രഹളാദനിലെ കുമാരി ലക്ഷ്മിയും തങ്കമ്മാലും (1941) പ്രത്യക്ഷപ്പെട്ടു. 1948ലിറങ്ങിയ നിർമ്മലയിലൂടെ യാണ് മലയാള സിനിമയിലെ ആദ്യത്തെ പിന്നണി​ഗായികയുണ്ടാകുന്നത്. പി ലീലയും സരോജിനിയുമായിരുന്നു ആദ്യ​ഗായികമാരയത്.

    വെള്ളിനക്ഷത്രം എന്ന ആദ്യ ഉദയാ സ്റ്റുഡിയോ ചിത്രത്തിലൂടെ കടന്നുവന്ന മലയാലത്തിന്റെ ആദ്യ പോപ്പുലർ ഹീറോയിൻ മിസ് കുമാരിയായിരുന്നു. നീലക്കുയിലിലെ (1954) ദളിത് സ്ത്രീയെ അവതരിപ്പിച്ച് , മലയാളസിനിമയെ ദേശീയ ശ്രദ്ധയിലേക്ക് എത്തിയ മിസ് കുമാരി മലയാളിസമൂഹം മുന്നോട്ടുവെച്ച സാമൂഹികമുന്നേറ്റങ്ങൾക്ക് സ്ത്രീയുടെ ദൃശ്യഭാഷ നൽകുകയായിരുന്നു. 1954ൽ  പുറത്തിറങ്ങിയ നീലക്കുയിൽ  മലയാളത്തിലെ ആദ്യറിയലിസ്റ്റിക് ചിത്രംകൂടിയാണ്.

    ലളിതയും പത്മിനിയും രാ​ഗിണിയും 1950കളിൽ മലയാളസിനിമയിലേക്ക് നൃത്തത്തിന്റെയും അഭിനയത്തിന്റെയും മാസ്മരികത കൊണ്ടുവന്ന സഹോദരിമാരാണ്. മലയാള സിിനിമയിലെ ആദ്യ സഹോദരിമാർ. നയ്യാറ്റിൻകര കോമളവും അടൂർപങ്കജവും 1955കളിൽ മലയാളിയുടെ ദാരിദ്രപൂർണമായ വീട്ടകങ്ങളിലെ സ്ത്രീകളെ നമ്മുടെ മുന്നിലെത്തിച്ചു. ഇവയ്ക്കൊപ്പം തന്നെ പുരാണകഥാപാത്രങ്ങളും ദേവികളും മലയാള സിനിമയുടെ ഭാ​ഗമായത് . പ്രഹളാദ (1941), ഹരിചന്ദ്ര (1955) ഭക്തകുചേല (1960) തുടങ്ങി ഒട്ടേറെ സിനിമകളിൽ കെ ആർ വിജയ, റാണി ചന്ദ്ര, അടൂർ പങ്കജം, കുശലകുമാരി, ആറന്മുളപൊന്നമ്മ, ബേബി വിനോദിനി, ബേബിവിലാസിനി തുടങ്ങി ഒട്ടേറെ നടികൾ രം​ഗത്തു വന്നു.

    സന്തോഷിപ്പിച്ചും, കരയിച്ചും ഭ്രമിപ്പിച്ചും സ്ത്രീ കഥാപാത്രങ്ങൾ തുടർന്നിങ്ങോട്ടുണ്ടായി.തൊണ്ണൂറികളിലെ തന്റെ കലാപരമായ കഴിവിനെ സ്നേഹത്തോടെ അഭിമാനത്തോടെ ഓർക്കുന്ന ആറന്മുളപൊന്നമ്മയിൽ നിന്നു തുടങ്ങുന്ന ഈ വിഭാ​ഗം. ശാന്താദേവി, സുകുമാരി, ഷീല, ശാരദ, ജയഭാരതി, കവിയൂർപൊന്നമ്മ, അടൂർപങ്കജം, ഭവാനി, കെ പി എസി ലളിത തുടങ്ങി ഒരു ശക്തമായ പെൺനിരതന്നെ പിന്നീടിങ്ങോട്ട് മലയാള സിനിയിലുണ്ടായി. 

    സത്രീകൾ ആദ്യകാലങ്ങളിൾ സിനിമയുടെ പിന്നണിയിൽ ഉണ്ടായിരുന്നോ എന്നതാണ് മറ്റൊരു ചോദ്യം. തിരക്കഥ രചിക്കാൻ ​ഗാനങ്ങളെഴുതാൻ അവ സംവിധാനം ചെയ്യാൻ ദൃശ്യങ്ങളെ ക്യാമറയിൽ പകർത്താൻ അവ സംയോജിപ്പിക്കുവാൻ,  ശബ്ദസന്നിവേശം നടത്തുവാൻ ഇവയെല്ലാം ചേർത്ത് സംവിധാന പ്രതിഭയാകുവാനൊക്കെ. എല്ലാർക്കും പരിചിതമായ സത്രീകളുടെ പിന്നണിപ്രവർത്തനം ഡബ്ബിം​ഗ് ആർട്ടിസ്റ്റുകളായ സ്ത്രീകളുടേതാണ്. ടി ആർ ഓമനയും കോട്ടയും ശാന്തയും ആനന്തവല്ലിയും ഭാ​ഗ്യലക്ഷ്മിയും സ്റ്റെല്ലയും ശ്രീജയും അടങ്ങുന്ന ഒരു വലിയ നിരതന്നെ ഈ രം​ഗത്തുണ്ട്. ഇവരില്ലായിരുന്നങ്കിൽ വെള്ളിത്തിരയിലെ അഭിനയമുഹൂർത്തങ്ങൾ നമ്മുടെ കാതിലേക്കും ഹൃദയത്തിലേക്കും എത്തില്ലായിരുന്നു.
   1973 ആയപ്പോഴേക്കും നടിമാരായി മലയാള സിനിമയിലേക്കെത്തിയ വിജയനിർമ്മലയും ഷീലയും സംവിധാനത്തിലേക്കുകൂടി തുടക്കം കുറിച്ചു. തുടർന്നിങ്ങോട്ട് രേവതിയും സുമാജോസനും അഞ്ജലി മേനോനും ​ഗീതു മോഹൻദാസും  വിധു വിൻസെന്റും ശ്രീബാലാ കെ മേനോൻ തുടങ്ങിയവർ മലയാള സ്ത്രീ സംവിധായികമാരായി എത്തിയെങ്കിലും താരതമ്യേനെ സ്ത്രീകളുടെ എണ്ണം ചുരുങ്ങിപോകുന്നു എന്നതാണ് യാഥാർത്ഥ്യം. മറ്റു സാഹിത്യരം​ഗത്തെന്നപോലെ തന്നെ തിരക്കഥയിലും തന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തിയ ലളിതാംബികാ അന്തർജനം എഴുതിയ ശകുന്തള എന്നതിരക്കഥയും ആദ്യമായി  തിരക്കഥയെഴുതി  വലിയൊരു ഇടപെടലിന് വേദിയൊരുക്കിയ കോന്നിയൂർ മീനാക്ഷിയും  ദീദി ദാമോദരനും അഷ്ന ആഷും ഈ രം​ഗത്തെ ശക്തമായ സാന്നിദ്ധ്യമാണ്.

നിർമ്മാണം, വിതരണം, ഛായാഗ്രഹണം തുടങ്ങിയ ക്യാമറയ്ക്കുപിന്നിലെ പ്രവർത്തനങ്ങളിൽ സ്ത്രീപങ്കാളിത്തം നന്നേ കുറവായിരുന്നു. ബാലൻമുതൽ പല ആദ്യകാലസിനിമകളിലും എഡിറ്ററായിരുന്ന പി.പി. വർഗ്ഗീസിന്റെ ഭാര്യ മറിയാമ്മ ആദ്യം അസിസ്റ്റന്റ് എഡിറ്ററായും പിന്നീട് വിശപ്പിന്റെ വിളിയിൽ എഡിറ്ററായും പ്രവർത്തിച്ചു. എഡിറ്റിം​​ഗിൽ ബീനോപോളും  ചരിത്രം കുറിച്ചു. എഡിറ്റിങ്ങിൽ ബീനാപോൾ ദേശീയതലത്തിൽ ശ്രദ്ധയാ കർഷിച്ച വനിതയാണ്.  ഛായാ​ഗ്രഹണത്തിൽ അഞ്ജലി ശുക്ലയും , കാനാത്തറയിലൽ മറിയാമ്മയുമാണ് തുടക്കകാർ.

  കോറിയോ ​ഗ്രാഫി, മേക്കപ്പ്, കോസ്റ്റ്യൂം എന്നീ മേഖലയിലും സ്ത്രീകൾ ഇന്നു സജീവമായിത്തന്നെയുണ്ട്.  വസ്ത്ര രംഗത്ത് കുക്കു പരമേശ്വരൻ, സബിത ജയരാജ് ഇവർ തങ്ങളുടേതായ സ്ഥാനം നേടി.  സുഗതകുമാരി, ഒ.വി. ഉഷ, മുടവൻമുകൾ വസന്തകുമാരി എന്നിവരാണ് മലയാള സിനിമാഗാന ശാഖയിലെ ആദ്യ കാല സ്ത്രീ രചയിതാക്കൾ. 

 

 

 

References

References

 

1.ജെ. ദേവിക: ​​​​​​'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? : ഡയറക്ടർ,               സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് , പ്രശാന്ത് നഗർ,                                                 തിരുവനന്തപുരം-695011, കേരളം, ഇന്ത്യ ഈ പുസ്തകം ക്രിയേറ്റീവി കോമൺസ്     2.5 ഇന്ത്യാ ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു; സെപ്റ്റംബർ 2010
2. ​ഗീതാഞ്ജലി കൃഷ്ണൻ ;സിനിമയും സ്ത്രീയും                                                                         ;https://www.prathidhwani.org/srishti/2018/filmAndWomen.
3.രശ്മി ബിനോയ് ; ചരിത്രത്തിലെ പെണ്ണിടങ്ങൾ ആധുനിക സ്ത്രീ പഠനത്തിന്           ഒരു ആമുഖം; ദ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് , കേരള; ജനുവരി 2018.
4. പി  എസ് രാധാകൃഷ്ണൻ; തിരക്കാഴ്ചയുടെ ഋതുഭേദങ്ങൾ ; നൂറുവർഷംപിന്നിട്ട        ഇന്ത്യൻ സിനിമയുടെ ഭാവുകത്വ പരിണാമ ചരിത്രത്തിന്റെ                                        നാൾവഴികൾ;സമകാലിക മലയാളം വാരിക ; 2013 മെയ് 31.
5. സജിത മഠത്തിൽ ;അവൾ വെള്ളിത്തിരയ്ക്ക്  പുറകിൽ ; സംഘടിത                      ഡിസംബർ 2015;വോള്യം 10; ലക്കം 6.