ഹലീമാബീവി മുൻപേ നടന്ന പോരാളിയായ വനിത

കടപ്പാട് : https://www.facebook.com/jamal.kochangadi/posts/2419639544785216

     മുസ്ലീം സ്ത്രീകളുടെ ജീവിതം സമൂഹത്തിന്റെ മുഖ്യധാരയിലൊന്നും എത്തിപെടാതിരുന്ന കാലഘട്ടത്തിൽ പത്രപ്രവര്‍ത്തകയാകുകയും സാമൂഹിക പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഹലീമാ ബീവി. കേരളത്തിലെആദ്യത്തെ വനിതാ പത്രാധിപയും ആദ്യ മുസ്ലീം വനിതാ പത്രപ്രവര്‍ത്തകയും ഹലീമാ ബീവിയായിരുന്നു. ആദ്യ വനിതാ മുനിസിപ്പല്‍ കൗണ്‍സിലര്‍, എറണാകുളം ഡി.സി.സി അംഗം, തിരുവിതാംകൂര്‍ വനിതാ സമാജം പ്രസിഡന്റ്, തിരുവിതാംകൂര്‍ സ്റ്റേറ്റ് മുസ്ലിം ലീഗിന്റെ തിരുവല്ല താലൂക്ക് സെക്രട്ടറി എന്നീ പദവികളിലെത്തിയ ഹലീമാ ബീവി കേരളത്തിലെ മുസ്ലീം സമുദായത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ പ്രതീകമാണ്. കേരളീയ നവോത്ഥാനചരിത്രത്തിലെ വിശിഷ്യ, മുസ്​ലിം മതപരിഷ്കരണ ചരിത്രത്തിലെ അദ്വിതീയ വനിതാ സാന്നിധ്യമാണ് ഹലീമാബീവി.

  1918-ല്‍ അടൂരിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ പീര്‍ മുഹമ്മദ്- മൈതീന്‍ ബീവി ദമ്പതികളുടെ മകളായാണ് ഹലീമാ ബീവി ജനിച്ചത്. മുസ്ലീം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് പതിവില്ലായിരുന്ന ആ കാലത്തും ഏഴാം ക്ലാസുവരെ അടൂരിലെ സ്‌കൂളില്‍ ഹലീമാ ബീവി പഠിച്ചു.  17-ാം വയസിലായിരുന്നു ഹലീമാബീവിയുടെ വിവാഹം. മത പണ്ഡിതനും എഴുത്തുകാരനുമായിരുന്ന കെ.എം മുഹമ്മദ് മൗലവിയായിരുന്നു ഭര്‍ത്താവ്. ഈ വിവാഹം തന്നെയാണ് ഹലീമാ ബീവിയുടെ ജീവിതത്തിലും വഴിത്തിരിവായത്. ഭര്‍ത്താവ് മുഹമ്മദ് മൗലവി വക്കം മൗലവിയുടെ ശിഷ്യനായിരുന്നു. അന്‍സാരി എന്ന പേരില്‍ ഒരു മാസികയും അദ്ദേഹം നടത്തിയിരുന്നു. ഇതുതന്നെയാണ് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയാന്‍ ഹലീമാ ബീവിക്കും പ്രേരണയായത്. കെ.എം. മുഹമ്മദ്മൗലവിയുമായുള്ള വിവാഹമാണ് ഹലീമാബീവിയുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും വഴിത്തിരിവായത്.

  അൻസാരി മാസികയുടെ പത്രാധിപരായിരുന്ന ഭർത്താവിൽനിന്ന് പ്രചോദനമുൾക്കൊണ്ട് അവർ തന്റെ ഇരുപതാം വയസിൽ, 1938 - ൽ മുസ്ലീം വനിത എന്ന മാസിക പുറത്തിറക്കി. തിരുവല്ലയില്‍നിന്നാണ് 'മുസ്ലീംവനിത' തുടങ്ങൂന്നത്. ഇതിന്റെ പത്രാധിപയായിട്ടാണ് ഹലീമ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് അത് കൊടുങ്ങല്ലൂരിലേക്ക് മാറ്റി. അതിന്റെ പ്രിന്ററും പബ്ലിഷറും എഡിറ്ററും എല്ലാം ഹലീമ ബീവിയായിരുന്നു. അങ്ങനെ  മലയാളത്തിലെ ആദ്യ മുസ്ലീം വനിതാ പത്രാധിപയായി ഹലീമാബീവി ചരിത്രം കുറിച്ചു. മുസ്ലീം വനിതയെ പിൻപറ്റിക്കൊണ്ടാണ് 1946ല്‍ 'ഭാരത ചന്ദ്രിക' എന്നപേരിൽ ഒരു മാസിക ആരംഭിക്കുന്നത്.  ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പിന്​ വൻ സ്വീകാര്യത കിട്ടിയതേടെ പരിഷ്കരണപരമായ കാര്യങ്ങൾക്കു കൂടുതൽ കരുത്തുപകരാനും കൂടി  ഭാരതചന്ദ്രികയെ 1947 ൽ അവർ ഒരു ദിനപത്രമാക്കി മാറ്റി. വൈക്കം മുഹമ്മദ് ബഷീര്‍, വൈക്കം അബ്ദുൾഖാദർ, വെട്ടൂർ രാമൻ നായർ തുടങ്ങിയ പത്രാധിപസമിതിയായിരുന്നു ഭാരതചന്ദ്രികയുടേത്. ബഷീറിന്റെ നിലവെളിച്ചം, പാത്തുമ്മയുടെ ആട്, വിശുദ്ധരോമം തുടങ്ങിയ കൃതികൾ ആദ്യം പ്രസിദ്ധീകരിക്കുന്നത് ഭാരതചന്ദ്രികയിലാണ്. പൊൻകുന്നം വർക്കി, ബാലാമണിയമ്മ, ചങ്ങമ്പുഴ, എസ് ​ഗുപ്തൻനായർ തുടങ്ങിയവർ ഭാരതചന്ദ്രികയുടെ മുഖ്യഎഴുത്തുകാരായിരുന്നു. 

   മലയാള മനോരമ ദിനപത്രം കണ്ടുകെട്ടിയസമയം മനോരമയ്ക്കായി ചില പ്രിന്റിങ് ജോലികൾ ചെയ്തുകൊടുത്തു എന്ന പേരിൽ ദിവാൻ സർ സി.പിയുടെ ക്രോധത്തിനും അവർ പാത്രമായി. ഇക്കാലത്ത് കെ.എം. മാത്യുവിനും മറ്റും ലഘുലേഖകളും നോട്ടീസുകളും അതി രഹസ്യമായി ഭാരതചന്ദ്രികയിൽ നിന്ന്​ കാംമ്പോസിങ്ങും പ്രിൻറിങ്ങും ചെയ്​തു കൊടുത്തിരുന്നുവ​ത്രെ. ഭാരതചന്ദ്രികയിൽ സർ സി.പിയുടെ ഭീകര ഭരണത്തിനെതിരെ തുറന്നെഴുതിയതുകാരണം ഹലീമാബീവിക്കു കടുത്ത എതിർപ്പുകൾ നേരിടേണ്ടിവന്നു. ഒരുഘട്ടത്തിൽ തനിക്കനുകൂലമായി എഴുതിയാൽ  പ്രിൻറിങ്​ മെഷീൻ ജപ്പാനിൽനിന്ന് വരുത്തിത്തരാമെന്ന വാഗ്ദാനവുമായി സർ സി.പിയുടെ ദൂതർ ഹലീമാബീവിയെ സമീപിച്ചു. വാഗ്ദാനം നിരസിച്ചതോടെ ഭർത്താവ് മുഹമ്മദ് മൗലവിയുടെ ടീച്ചിങ്​ ലൈസൻസ്​ റദ്ദാക്കി സർ സി.പി പ്രതികാരം ചെയ്തു. കടുത്ത ദാരിദ്ര്യത്തിലായ ഹലീമാബീവിക്ക്  1949ൽ  ഭാരത ചന്ദ്രികയുടെ പ്രസിദ്ധീകരണം അവസാനിപ്പിക്കേണ്ടിവന്നു. ഒടുവിൽ മുഹമ്മദ് മൗലവിയോടൊപ്പം തിരുവല്ലയിൽ നിന്ന് പെരുമ്പാവൂരിലേക്ക് താമസം മാറ്റേണ്ടി വന്നു.  

   പെരുമ്പാവൂരിൽ താമസിക്കുമ്പോഴാണ് 1970ൽ വീണ്ടും ഹലീമാബീവി പത്രപ്രവർത്തനത്തിലേക്ക് തിരിച്ചുവരുന്നത്. തന്റെ വീടും പറമ്പും വിറ്റുകിട്ടിയ പണം കൊണ്ടാണ് ആസാദ് ട്രസ്റ്റ് എന്ന സ്ഥാപനവും ​ഗ്രന്ഥം മുദ്രണത്തിനായി പ്രസിദ്ധീകരണാലയവും ആധുനിക വനിത എന്ന പേരിൽ ഒരു മാസികയും ഹലീമാബീവി ആരംഭിക്കുന്നത്. ഫിലോമിന കുര്യൻ, ബി.സുധ, കെ.കെ. കമലാക്ഷി, എം. റബീഗം, ബേബി ജെ. മുരിക്കൻ എന്നിവരായിരുന്നു ആധുനികവനിതയുടെ പത്രാധിപസമിതി അംഗങ്ങൾ. ലേഖനം, നോവൽ എന്നിവയെല്ലാം പ്രസിദ്ധീകരിച്ചിരുന്ന സാഹിത്യ–സാംസ്​കാരിക മാസികയായിരുന്നു ‘ആധുനികവനിത’. സി.അച്യുതമേനോൻ, സി.എച്ച്. മുഹമ്മദ്കോയ, കെ.എം. ജോർജ്, കെ. അവുക്കാദർകുട്ടിനഹ, ബാലാമണിയമ്മ, ഡോ. പി.കെ. അബ്​ദുൽഗഫൂർ, അബുസബാഹ് മൗലവി, പി.എ. സെയ്ദ്മുഹമ്മദ്, കെ.എം. ചെറിയാൻ എന്നിവർ ആദ്യലക്കത്തിൽ ആശംസകൾ അർപ്പിച്ചവരിൽ ചിലരാണ്. മാനേജിങ്​ എഡിറ്റർ, സഹപത്രാധിപന്മാർ, പ്രിൻറർ, പബ്ലിഷർ എന്നിവരെല്ലാം വനിതകളായിരുന്നെന്നൊരു പ്രത്യേകതകൂടി ആധുനികവനിതക്കുണ്ട്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെയെല്ലാം രചനകൾ പ്രസിദ്ധീകരിച്ചിരുന്ന ആധുനിക വനിത കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം 1971 ൽ പ്രസിദ്ധീകരണം നിർത്തി. 

   അടൂർ എൻ.എസ്​.എസ്​ സ്​കൂളിൽ പഠിക്കുന്ന കാലത്ത് അവിടെ പ്രവർത്തിച്ചിരുന്ന എൻ.എസ്​.എസി​​​​​ന്റെ വനിതാസമാജം ഹലീമാബീവിയെ ഏറെ ആകർഷിക്കുകയുണ്ടായി. അതി​​​​​ന്റെ മാതൃകയിൽ മുസ്​ലിം പെൺകുട്ടികൾക്കിടയിൽ സംഘടനയുണ്ടാക്കണമെന്നും അതിലൂടെ വിദ്യാഭ്യാസത്തി​​​​​ന്റെ പ്രാധാന്യം സമൂഹത്തെ ബോധവത്കരിക്കണമെന്നും സമുദായത്തിൽ അള്ളിപ്പിടിച്ചുനിൽക്കുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാട്ടണമെന്നും അവർ ആഗ്രഹിച്ചു. പത്രപ്രവർത്തനത്തിനോടൊപ്പം മുസ്ലീം വനിതകളെ ശാക്തീകരിക്കുന്നതിനായി വനിതാ സമാജങ്ങളുണ്ടാക്കുവാനും അവർ മുൻകൈയെടുത്തു. അതിന്റെ അടിസ്​ഥാനത്തിൽ ത​​​​​ന്റെ ഇരുപതാമത്തെ വയസ്സിൽ അവർ തിരുവല്ലയിൽ ഒരു വനിതാസമ്മേളനം നടത്തി. ആ സമ്മേളനത്തിൽ 200ലേറെ സ്ത്രീകൾ പങ്കെടുക്കുകയുണ്ടായി. ഇത് മുസ്​ലിം നവോത്ഥാനചരിത്രത്തിലെ എന്നല്ല, കേരള ചരിത്രത്തിലെ തന്നെ ആദ്യ വനിതാ സമ്മേളനമാണ്. 

   സമ്മേളനത്തി​​​​ന്റെ മുഖ്യലക്ഷ്യം മുസ്​ലിം വനിതകൾക്കായി ഒരു സംഘടനയുണ്ടാക്കുകയും അതിന്  എല്ലാ കലാലയങ്ങളിലും യൂണിറ്റുകൾ തുടങ്ങുകയും ചെയ്യുക എന്നതുമായിരുന്നു. സമ്മേളനത്തിൽ രൂപംകൊണ്ട അഖില തിരുവിതാകൂർ മുസ്​ലിം വനിത സമാജം എന്ന സംഘടനക്ക്​ തിരുവിതാംകൂറിൽ പലേടത്തും പിന്നീട്​ യൂണിറ്റ്​ കമ്മിറ്റികൾ രൂപവത്​കരിക്കപ്പെട്ടു. തിരുവിതാംകൂർ വനിതാ സമാജം പ്രസിഡന്റ് എന്ന നിലയിൽ അവർ അവിടെ നേതൃത്വം വഹിച്ചു. ധാരാളം സ്​ത്രീകൾ അന്ന്​ തിരുവിതാംകൂർ സ്​റ്റേറ്റ് മുസ്​ലിംലീഗിൽ സജീവമായി പ്രവർത്തിക്കുകയും കമ്മിറ്റികളിൽ അംഗങ്ങളാവുകയും ചെയ്തിരുന്നു. ഹലീമാബീവി രൂപവത്​കരിച്ച വനിതാസമാജത്തി​​ന്റെ പ്രതിഫലനം കൂടിയായിരുന്നു അത്. ആയിരത്തിലേറെ മുസ്​ലിം സ്​ത്രീകൾ ഈ സംഘടനയിൽ അംഗത്വമെടുത്തതായാണ് കണക്ക്. തുടർന്ന് സംഘടനയുടെ ചെറുതും വലുതുമായ ഒട്ടേറെ സമ്മേളനങ്ങൾ നടന്നു. തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലേയും മുസ്​ലിം സ്​ത്രീകളിൽ സാമൂഹിക, സാംസ്​കാരിക വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കുന്നതിലും ശാക്​തീകരണത്തിലും ഈ വനിതാകൂട്ടായ്മ വഹിച്ച പങ്ക് ചെറുതല്ല.

   മുസ്​ലിം പെൺകുട്ടികൾക്ക് സ്​കൂൾ ഫീസ്​​ റദ്ദാക്കുക, പെൺകുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കുക, അഭ്യസ്​തവിദ്യരായ വനിതകൾക്ക് ഉദ്യോഗം നൽകുക,രാഷ്ട്ര നിർമ്മാണത്തിൽ സ്ത്രീകൾക്കുള്ള പങ്ക് എന്നിവയായിരുന്നു സമ്മേളനത്തിലെ മറ്റുചില പ്രമേയങ്ങൾ. സമ്മേളനത്തി​​​​ന്റെ സ്വാഗതപ്രസംഗത്തിൽ ഹലീമാബീവി ഇങ്ങനെ പറഞ്ഞു: ‘‘അസ്വാതന്ത്ര്യ കാരാ​ഗ്രഹത്തിൽ വലയുന്ന സ്​ത്രീകളുള്ള സമുദായത്തിലെ പുരുഷന്മാർക്ക് ഒരിക്കലും അവരുടെ പ്രവൃത്തികളുടെ സുന്ദരമായ ഫലം അനുഭവിക്കുന്നതിനു സാധിക്കയില്ല, ഭാവി പൗരന്മാരുടെ ധിഷണാവിലാസത്താൽ ഉത്തരോത്തരം പ്രശോഭനമായി തീരേണ്ടുന്ന ലോകം കേവലം ഭൂഭാരത്തിനു മാത്രം അവശേഷിക്കുന്ന യുവാക്കളെയും ശിശുക്കളെയും ആരാധിച്ചുകഴിയണമെന്നു വന്നാൽ അത് പ്രകൃത്യാ നിഷ്പ്രഭമായിത്തീർന്നുപോകും. അവരെ ചുമതലാബോധമുള്ളവരും വിവേകികളും വിജ്ഞാനികളും ആക്കിത്തീർക്കേണ്ട ഭാരം ആർക്കാണുള്ളതെന്നും അൽപം ആലോചിച്ചുനോക്കുവിൻ...’’1. 

  കേരളത്തിൽ സ്​ത്രീവിമോചന പ്രസ്​ഥാനങ്ങൾ ആരംഭിക്കുന്നതിനും പതിറ്റാണ്ടുകൾക്കു മുമ്പേ സ്​ത്രീകളെ സംഘടിപ്പിച്ച്, അവരെ ശാക്​തീകരിക്കുന്നതിനുംവേണ്ടി അക്ഷീണം പ്രവർത്തിച്ച ഹലീമാബീവി ഉത്തരവാദിത്ത പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്​റ്റ്​ വരിച്ചിട്ടുണ്ട്.  വിമോചന സമരം എന്നിവയിലും ഹലീമാബീവി പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. രാഷ്​ട്രീയത്തിലും ഹലീമാബീവി സജീവപങ്കാളിത്തം വഹിച്ചിരുന്നു. വനിതാലീഗ് രൂപംകൊള്ളുന്നതിനും പതിറ്റാണ്ടുകൾക്കുമുമ്പ് തിരുവല്ല താലൂക്ക് മുസ്​ലിം ലീഗ് സെക്രട്ടറിയായിട്ടുണ്ട് ഹലീമാബീവി.         

        സമുദായത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉന്മൂലനം ചെയ്ത് മതപരവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഹലീമ ബീവിയുടെ പൊതുപ്രവര്‍ത്തനം. അതിനായി നടത്തിയ ശ്രമങ്ങളും പ്രവര്‍ത്തനങ്ങളും ഒരു പരിധിവരെ ലക്ഷ്യത്തിലെത്തി. 'ഒരു ദേശീയ വിപത്ത്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പത്രാധിപകുറിപ്പ് ഹലീമ ബീവിയുടെ ദീര്‍ഘവീക്ഷണത്തിന് ഉദാഹരണമാണ്. സ്ത്രീകള്‍ ആഡംബര വസ്തുക്കള്‍ ഉപേക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇതിലൂടെ വിശദീകരിച്ചത്.ഭാരതത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്ന കള്ളക്കടത്തിനു പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം ആഢംബര വസ്തുക്കളോടും സ്വര്‍ണത്തോടുമുള്ള അമിതമായ പ്രിയമാണെന്ന് ഹലീമ ബീവി മുഖപ്രസംഗത്തില്‍ എഴുതിയിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടത് സ്ത്രീകള്‍ മാത്രമല്ല, മറിച്ച് പുരുഷന്മാരുടെ കൂടി ഉത്തരവാദിത്തമാണെന്ന് ഇവര്‍ ഉറച്ച് വിശ്വസിച്ചു. 

   വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള എല്ലാ ലേഖനങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസമായിരുന്നു. മലയാളം അക്ഷരം പഠിക്കുന്നത് ഇസ്ലാം മതത്തിനെതിരാണെന്ന വിശ്വാസം കേരളത്തിലെ ചില മുസ്ലീം വിഭാഗങ്ങള്‍ വെച്ചു പുലര്‍ത്തിയിരുന്നു. അക്ഷരം പഠിക്കുന്നതിനെതിരെ മതവിധികള്‍ (ഫത്‌വ) പോലും പുറപ്പെടുവിച്ചിരുന്നു. ഇതൊക്കെയാവും വിദ്യാഭ്യാസത്തെ കുറിച്ച് പല ലേഖനങ്ങളും എഴുതാന്‍ ഹലീമ ബീവിയെ പ്രേരിപ്പിച്ചത്.

  സ്വാതന്ത്ര്യ സമരത്തില്‍ ഹലീമ ബീവി സജീവമായി പങ്കെടുക്കുകയും അറസ്റ്റു വരിക്കുകയും ചെയ്തിരുന്നു. 1953ൽ കൊച്ചിയിൽ നടന്ന മുജാഹിദ് വനിത സമ്മേളനത്തിലും 1956ൽ കോഴിക്കോട് ഇടിയങ്ങരയിൽ നടന്ന മുജാഹിദ് പൊതുസമ്മേളനത്തിലും ഹലീമാബീവി നടത്തിയ പ്രഭാഷണങ്ങൾ ഏറെ പ്രസിദ്ധമാണ്. എറണാകുളത്ത് ഇന്ദിര ഗാന്ധി പങ്കെടുത്ത ഒരു സമ്മേളനത്തിൽ അവരോടൊപ്പം പ്രസം​ഗിക്കാൻ ഭാ​ഗ്യം ലഭിച്ചതിനെ ഹലീമാബീവി വലിയ അം​ഗീകാരമായിട്ടാണ് കരുതിയിരുന്നത്. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയും സേവാദള്‍ പ്രവര്‍ത്തകയും ഡിസിസി അംഗവുമായിരുന്നു. തിരുവിതാംകൂര്‍ മുസ്ലീം മജ്‌ലിസിന്റെ സജീവ പ്രവര്‍ത്തക, തിരുവല്ല മുസ്ലീം വനിതാ സമാജം പ്രസിഡന്റ്, മജ്‌ലിസ് ലീഗ് സംയോജന കമ്മിറ്റി അംഗം, തിരുവല്ല താലൂക്ക് മുസ്ലീം ലീഗ് യൂണിയന്‍ സെക്രട്ടറി, പെരുമ്പാവൂര്‍ മഹിളാ മണ്ഡലം ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അവസാനകാലത്ത് കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഹലീമാബീവി എറണാകുളം ഡി.സി.സി അംഗവും സേവാദൾ കോൺഗ്രസി​​​​​​ന്റെ എക്സിക്യൂട്ടിവ് അംഗവുമായിരുന്നു. അഞ്ചുവർഷക്കാലം തിരുവല്ല നഗരസഭ കൗൺസിലറായിട്ടുണ്ട്. 2000 ജനുവരി പതിനാലിന് എൺപത്തിരണ്ടാം വയസ്സിലാണ് ഹലീമാ ബീവി അന്തരിച്ചത്.

 

വിദ്യാഭ്യാസത്തെ കുറിച്ച് ഹലീമാ ബീവി എഴുതിയത്:

 

  ''വിദ്യാഭ്യാസം ഓരോ മുസ്ലീം പുരുഷനും സ്ത്രീക്കും നിര്‍ബന്ധമായിട്ടുള്ളതാകുന്നു. ഈ ഹദിസിന്റെ പ്രായോഗിക വശത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? ഇന്ന് കേരളത്തിലെ സാമാന്യ ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വാധീനം കരസ്ഥമാക്കാതിരിക്കുന്ന ഒരു കൂട്ടം പണ്ഡിതന്മാര്‍ മുകളില്‍ പറഞ്ഞ 'ഇല്‍മ്' എന്ന പദത്തിന് വേദാന്തപരമായ അര്‍ഥത്തില്‍ 'മതപരമായ അറിവ്' എന്ന് കുടുസ്സായ ഒരു അര്‍ഥം കൊടുത്തുകൊണ്ട്, അതിന്റെ ആശയ വ്യാപ്തിയെ ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. വാദത്തിനുവേണ്ടി നമ്മുക്കത് സമ്മതിച്ചു കൊടുക്കാം. വാദത്തിനുവേണ്ടി എന്നു പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറാന്‍ കാരണം ഇല്‍മ് എന്ന പദം ആ അര്‍ഥത്തില്‍ നബി (സ) ഉപയോഗിച്ചതായി അറിയപ്പെടാത്തതുകൊണ്ട് മാത്രമാണ്. നബിയോ ഖുര്‍ആനോ മതപരമെന്നും ലൗകികമെന്നും തരംതിരിക്കുന്ന നിലയിലുള്ള ആശയം ഒരിക്കലും പ്രകടമാക്കിയിട്ടില്ല. ഒരു യഥാര്‍ത്ഥ മുസ്ലീമിന് ജീവിതം മുഴുവനും മൊത്തത്തില്‍ മതപരമാകുന്നു. അതുപോലെതന്നെ അവന്റെ വിജ്ഞാനങ്ങളെല്ലാം മൊത്തത്തില്‍ മതപരമായിട്ടുള്ളതാണ്. ഇസ്ലാം മതത്തിന്റെ തത്വോപദേശ പ്രകാരം ഏറ്റവും വിപുലമായ അറിവും ലോക പരിചയവും സിദ്ധിച്ച ഒരാളാണ് മതപരമായ യാഥാര്‍ത്ഥ്യങ്ങളെ വിശദീകരിക്കാനും മതാനുഷ്ഠാനത്തെ സംബന്ധിച്ച് മുസ്ലീങ്ങളുടെ ഇടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും ഏറ്റവും അര്‍ഹതയുള്ളവന്‍. പതിമിതമായ അറിവും വീക്ഷണഗതിയും ഉള്ള ഒരാള്‍ക്ക് പൂര്‍ണമായ വിധത്തിലുള്ള വ്യാഖ്യാനം മത പ്രമാണങ്ങള്‍ക്ക് നല്‍കാനുള്ള കഴിവ് ഉണ്ടായിരിക്കുന്നതല്ല. ഈ യാഥാര്‍ഥ്യത്തിന്റെ നിഷേധരൂപമാണ് പൗരോഹിത്യം.  മതപരമായ അറിവ് മാത്രമാണെങ്കില്‍ കൂടിയും ആ അറിവില്‍ സാമാന്യജ്ഞാനം സിദ്ധിച്ച എത്ര മുസ്ലീം സ്ത്രീകള്‍ നമ്മുടെ കേരളത്തിലുണ്ട്. അതും പോകട്ടെ, നമ്മുടെ സ്ത്രീകള്‍ മതപരമായ പാണ്ഡിത്യം നേടണന്നെ് ഉപദേശിക്കുകയോ അനുവദിക്കുകയോ ചെയ്യുന്ന പണ്ഡിതന്മാര്‍ എത്ര പേരുണ്ട്? അവരെ പ്രേരിപ്പിക്കുന്നുണ്ടോ?, അവര്‍ക്കു പ്രോത്സാഹനം നല്‍കുന്നുണ്ടോ?, അതോ അവരെ നിരുത്സാഹപ്പെടുത്തുകയും പിറകോട്ട് പിടിച്ചു വലിക്കുകയുമാണോ നമ്മുടെ പണ്ഡിതന്മാര്‍ ചെയ്യുന്നത്. ഒറ്റ വാക്കില്‍ ഞാന്‍ ചോദിക്കാം; ഇല്‍മ് എന്നു പറഞ്ഞാല്‍ ദീനിയായ അനുഷ്ഠാനങ്ങളെപറ്റിയുള്ള അറിവ് മാത്രമാണെന്ന കുടുസ്സായ ആശയം വെച്ചു പുലര്‍ത്തുന്ന മുസ്ല്യക്കന്മാര്‍, അവരെപോലെ കിത്താബോതി മുസ്ല്യാക്കളാകാന്‍ എത്ര സ്ത്രീകളെ അനുവദിച്ചിട്ടുണ്ട്?. മതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ച് പാണ്ഡിത്യവും ബിരുദവും നേടിയ വനിതകള്‍ മലബാറിലുണ്ട്. ഇവിടെ സന്നിഹിതരായവരിലുണ്ട്. അവരെ വിസ്മരിച്ചുകൊണ്ടല്ല ഞാന്‍ ഇങ്ങനെ പറയുന്നത്. ഇല്‍മിന് ഒരു പ്രത്യേക അര്‍ഥം കൊടുത്ത് കുടുസ്സാക്കിയവരെ മാത്രം ഉദ്ദേശിച്ചാണ്. മതപരമായ അറിവിനെ മാത്രം ലക്ഷ്യമാക്കി നമുക്ക് ചിന്തിക്കാം. ഓരോ മുസ്ലീം സ്ത്രീയും വിദ്യാഭ്യാസം നിര്‍ബന്ധമായി ചെയ്യണമെന്നുള്ള നബിവചനമനുസരിച്ച് കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ നില എന്താണ്? കലിമത്തുശ്ശഹാദത്ത്, ഫാത്തിഹ മുതലായവ ഓതുന്നതിനോ ഓതിയാല്‍ തന്നെയും അര്‍ഥം ഗ്രഹി ക്കുന്നതിനോ കഴിവുള്ള എത്ര സ്ത്രീകള്‍ ഉണ്ട്?. സ്ത്രീകളെ സംബന്ധിച്ചുള്ളതായ ഖുര്‍ആന്‍ വാക്യങ്ങളും നബിവചനങ്ങളുമെങ്കിലും പഠിച്ചിട്ടുള്ള സ്ത്രീകള്‍ എത്രയുണ്ട്?. ഖുര്‍ആനും ഇസ്ലാമിക ചരിത്രങ്ങളും നബിചര്യകളും അറിയുന്ന എത്ര സ്ത്രീകളുണ്ട്?. അതുമാത്രമെങ്കിലും അവര്‍ പഠിച്ചിരുന്നുവെങ്കില്‍ മതിയായിരുന്നു.

   സ്ത്രീകളുടെ അവകാശങ്ങള്‍ പരിപാവനമായിട്ടുള്ളതാണ്. സ്ത്രീകളെ അവര്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന അവകാശങ്ങള്‍ സുരക്ഷിതമാക്കികൊണ്ട് സംരക്ഷിക്കുക - ഇതെല്ലാം നബി വചനങ്ങളാണ്. സഹോദരികളെ! നിങ്ങളുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങളില്‍ എത്ര പേര്‍ക്കറിവുണ്ട്. ശരീഅത്തുപ്രകാരം സ്ത്രീക്ക് അവളുടെ സ്വത്തിനവകാശമുണ്ട്. ചില പരിസ്ഥിതികളില്‍ അവള്‍ക്ക് അവളുടെ ഭര്‍ത്താവിനോട് വിവാഹമോചനം ആവശ്യപ്പെടാന്‍ അനുവാദമുണ്ട്. ഈ പരമാര്‍ഥങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള സ്ത്രീകള്‍ നമ്മുടെ ഇടയില്‍ എത്ര പേരുണ്ട്. ഇല്ലെങ്കില്‍ അവരെ ഇങ്ങനെ തരംതാഴ്ത്തി അടുക്കള പാവകളായി, പ്രസവ യന്ത്രങ്ങളായി മാറ്റി പുരുഷന്മാര്‍ക്ക് റസൂല്‍ (സ) മാതൃകയാണോ?. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയാകുന്നു എന്ന ഖുര്‍ആന്‍ വാക്യത്തിന് അവര്‍ എന്തു സമാധാനം പറയും?. അല്ലയോ സഹോദരങ്ങളേ, നിങ്ങളുടെ സഹോദരികളോടുള്ള നിങ്ങളുടെ പ്രവര്‍ത്തിക്ക് റസൂല്‍ (സ) സാക്ഷ്യം വഹിക്കുമോ?.'' 'സ്ത്രീകളെ സമുദ്ധരിക്കാതെ സമുദായവും സമൂഹവും രാജ്യവും പുരോഗമിക്കുകയില്ല' എന്ന് അവര്‍ അടിയുറച്ചു വിശ്വസിച്ചു. സ്ത്രീകളുടെ പുരോഗതിക്കാണ് അവര്‍ തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്.

References

References

ഗ്രന്ധസൂചി

1. ഡോ. അസീസ്​ തരുവണ, ഹലീമാബീവി മുമ്പേ നടന്ന പോരാളി,മാധ്യമം              ഓൺലൈൻ വാർത്ത,09/02/2019
   Read more at: https://www.madhyamam.com/lifestyle/special-one/freedom-fighter-m-                 haleema-beevi-lifestyle-news/588501

2.ഡോ. കായംകുളം യൂനുസ്, ഹലീമാബീവി പത്രപ്രവർത്തനത്തിൽ മുൻപേ         നടന്ന വനിത, സമകാലിക ജനപഥം,പുസ്തകം6,ലക്കം 2, 2019 സെപ്റ്റംബർ 

3. ജമാൽ കൊച്ചങ്ങാടി, ഫേസ്ബുക്ക് പോസ്റ്റ് , ഈ സ്ത്രീയെ അറിയുമോ?
    മലയാളത്തിലെ ആദ്യത്തെ മുസ്ലിം പത്രാധിപ എം.ഹലീമ ബീവി                           ,https://www.facebook.com/jamal.kochangadi/posts/2419639544785216

4.ഷാജിത നിറമരുതൂര്‍ (റിസര്‍ച്ച് സ്‌കോളര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി) ,                     മാപ്പിളമാരും കേരള സമൂഹ നിര്‍മിതിയും,കേരള മുസ്ലീം                                           ഹെറിട്ടേജ് ഫൗൺഡേഷൻ, https://muslimheritage.in/innermore/30

5.മായിന്‍ ഹാജി, കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് ഇങ്ങനെയൊരു പാരമ്പര്യം ഉണ്ട്,   ഓര്‍ക്കുന്നുണ്ടോ ഹലീമ ബീവിയെ, oneindia,November 17 2016,               https://malayalam.oneindia.com/news/kerala/emmar-kinalur-facebook-post-…-    abuse-khamarunnisa-anwar-159431.html

6. ശതാബ്ദി ആഘോഷിച്ച ഹലീമാ ബീവി ആരാണ്? , ന്യൂസ് 18 കേരളം,                    ഫെബ്രുവരി - 3-2019,https://malayalam.news18.com/news/kerala/haleema- beevi-                 the-first-muslim-women-journalist-in-kerala-history-updated-new-81943.html

7. ഹലീമ ബീവി,  http://womenpoint.in/index.php/resources/resourcesDetails/272

8.ഈ സ്ത്രീയെ അറിയുമോ? സര്‍ സി.പിയുടെ ഭീഷണി പോലും                         വകവച്ചിട്ടില്ലാത്ത മലയാളത്തിലെ ആദ്യത്തെ മുസ്ലിം പത്രാധിപയാണ്,            അഴിമുഖം ഡെസ്ക്, 7 Sep 2019 7:20 PM, https://www.azhimukham.com/kerala-haleema-   beevi-first-muslim-woman-journalist-of-malayalam/

9.https://youtu.be/klcg6iuMO40