ഫൗസിയ മാമ്പറ്റ അന്തരിച്ചു

ഫൗസിയ മാമ്പറ്റ

ഫൗസിയ മാമ്പറ്റ

കേരളത്തിലെ ആദ്യകാല വനിതാ ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. നാല് വർഷത്തോളമായി കാൻസർ ബാധിതയായിരുന്നു. 

നടക്കാവ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഫൗസിയ കായികരംഗത്തെത്തുന്നത്. തുടക്കം ഹാന്‍ഡ്‌ബോളിലായിരുന്നു. പിന്നീട് പല കായിക ഇനങ്ങളിലും മാറ്റുരച്ചു. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്‌ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിങ്ങനെയായിരുന്നു ഫൗസിയയുടെ കായിക രംഗത്തെ പ്രകടനങ്ങള്‍.

ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോള്‍വല കാത്തത് ഫൗസിയയായിരുന്നു. അന്ന് ഫൈനല്‍ മത്സരത്തില്‍ കേരളം 1-0 എന്നനിലയില്‍ തോറ്റെങ്കിലും ഗോള്‍പോസ്റ്റിനുകീഴില്‍ ഫൗസിയ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

2002 മുതൽ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ കരാറടിസ്ഥാനത്തിൽ കോച്ചായി പ്രവർത്തനം തുടങ്ങി. 2003-ല്‍ കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായി ചുമതലയേറ്റ വര്‍ഷം തന്നെ കേരളാടീമിലേക്ക് ജില്ലയില്‍ നിന്ന് നാലുപേരെയാണ് ഫൗസിയ നല്‍കിയത്. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചതും അവര്‍ തന്നെ.

2005-ല്‍ മണിപ്പുരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാംസ്ഥാനം നേടിയപ്പോള്‍ ടീമിന്റെ പരിശീലകയായിരുന്നു. 2006-ല്‍ ഒഡിഷയില്‍നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചും ഫൗസിയയായിരുന്നു. 

നാലു വര്‍ഷം കേരളാ ടീമിന്റെ ഗോള്‍കീപ്പര്‍, രണ്ടു വര്‍ഷം കോച്ച്, ഇപ്പോള്‍ പതിനഞ്ചു വര്‍ഷത്തോളം കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഫുട്‌ബോള്‍ കോച്ച് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാന ചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാം സ്ഥാനം, ഹാന്‍ഡ്‌ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിവയായിരുന്നു ഫൗസിയയുടെ കായിക രംഗത്തെ പ്രകടനങ്ങള്‍.

2013ൽ സംസ്ഥാന സ്കൂൾ ഗെയിംസിൽ ആദ്യമായി പെൺകുട്ടികളുടെ ഫുട്ബോൾ മത്സരയിനമാക്കിയതിനു പിന്നിൽ ഫൗസിയയാണു പ്രവർത്തിച്ചത്.