അഖില

കൊല്ലം ജില്ലയിലെ കാവനാട്  എന്ന  സ്ഥലത്ത് 1948 ലാണ് അഖില ജനിച്ചത് . കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥയാണ്. ആഗോളതലത്തിലും ദേശീയതലത്തിലും സംസ്ഥാനതലത്തിലും ചെറുകഥാ അവാര്‍ഡുകള്‍ നേടി. 1985 ല്‍ വനദേവത എന്ന നോവലിന് സഖി അവാര്‍ഡ് ലഭിച്ചു. "മൂക്കുത്തി" (1983) എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രമാസികകളിലും ആനുകാലികങ്ങളിലും പ്രത്യക്ഷപ്പെടുന്ന പുതിയ തലമുറയില്‍പ്പെട്ട കഥയെഴുത്തുകാരുടെയിടയില്‍ ശ്രദ്ധേയയായ എഴുത്തുകാരിയാണ് അഖില.

സ്‌ത്രൈണജീവിതദുഃഖങ്ങളുടെ ഹൃദ്യമായ  ആവിഷ്കാരം  അഖിലയുടെ കഥകളുടെ  പ്രത്യേകതയാണ്. 'മൂക്കുത്തി' എന്ന കഥയിലെ സൗദാമിനിച്ചെറിയമ്മ വായനക്കാരന്റെ മനസ്സില്‍ കണ്ണുനീര്‍ത്തുള്ളി പാകി വൈരപ്പാടുപോലെ തിളങ്ങി നില്‍ക്കുന്നു. ബധിരയും മൂകയുമായ സൗദാമിനിച്ചെറിയമ്മ ജീവിതം സ്വയം അവസാനിപ്പിക്കുന്നു. ദുരന്തത്തില്‍ അവസാനിക്കുന്ന ഈ കഥയിലെ ചെറിയമ്മ വായനക്കാരുടെ മനസ്സില്‍ മറക്കാനാവാത്ത ഒരു കഥാപാത്രമായി എന്നും നിലനില്‍ക്കും എന്നതില്‍ സംശയമില്ല. സ്ത്രീജീവിതദൈന്യത്തിന്റെ നേർചിത്രങ്ങൾ തന്റെ രചനകളിൽ പകർത്തുന്നതിൽ അസാമാന്യ വൈഭവമാണ് അവർക്കുണ്ടായിരുന്നത് .