ടി. കാര്‍ത്ത്യായിനി അമ്മ

1930 സെപ്തംബര്‍ 14 ന്  പുന്നയൂര്‍ക്കുളത്ത് ജനിച്ചു. ശ്രീനിവാസന്‍ എമ്പ്രാന്തിരിയുടെയും അമ്മിണി അമ്മയുടെയും മകള്‍. പുന്നയൂര്‍ക്കുളം രാമരാജ യു. പി. സ്കൂള്‍, ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ്‌ ഹൈ സ്കൂള്‍, ഗുരുവായൂര്‍ ഗവ. ഹൈസ്കൂള്‍ കുമരനെല്ലൂര്‍, ഒറ്റപ്പാലം എന്‍. എസ്. എസ്. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്നു വിദ്യാഭ്യാസം. മലമല്‍ക്കാവ് സ്കൂള്‍, നാലപ്പാടന്‍ വനിതാ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനം അനുഷ്ടിച്ചു.
“ഒരു മെഴുകുതിരിപോലെ” (2004), “കൈതപ്പൂവിന്റെ ഗന്ധം” (2006), എന്നീ കഥാസമാഹാരങ്ങളും, “അറിയാന്‍ ആലോചിക്കാന്‍” എന്ന ലേഖന സമാഹാരവും “വഴി അടയാളങ്ങള്‍” (2008) എന്ന നോവലുംരചിച്ചിട്ടുണ്ട്. പുന്നയൂര്‍ക്കുളം മഹിളാസമാജത്തിന്‍റെ പേരില്‍ നടത്തിയിരുന്ന ‘കൈത്തിരി’ എന്ന കയ്യെഴുത്തു മാസികയുടെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചു.

അന്യം നിന്ന കുടുംബബന്ധങ്ങളുടെ, ജീവിത രീതികളുടെ, മനുഷ്യബന്ധങ്ങളുടെ കഥപറഞ്ഞുകൊണ്ട് കഥാരംഗത്ത് കടന്നുവന്ന എഴുത്തുകാരിയാണ് ടി. കാര്‍ത്ത്യായിനി അമ്മ. കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ കഥകളില്‍ക്കൂടി എഴുത്തുകാരി ആവിഷ്ക്കരിക്കുന്നുണ്ട്. “അറിയാന്‍ ആലോചിക്കാന്‍” എന്നാ ലേഖനസമാഹരത്തില്‍ വീട്, കുടുംബം, ജോലി, ധനം, സുഖം, കടമ, അവകാശം, എന്നിങ്ങനെ ജീവിതത്തിലെ നാനാതുറകളിലും പുലര്‍ത്താവുന്ന ഏറ്റവും നല്ല സമീപനങ്ങളുടെ രൂപരേഖകള്‍ ഭംഗിയായി വരച്ചു തീര്‍ക്കാന്‍ കാര്‍ത്ത്യായനി അമ്മ ടീച്ചര്‍ക്കു കഴിയുന്നുണ്ട്.

“ഒരു മെഴുകുതിരിപോലെ” (ചെറുകഥാസമാഹാരം).  “കൈതപ്പൂവിന്‍റെ ഗന്ധം” (ചെറുകഥാസമാഹാരം). കോഴിക്കോട്: ഒലിവ് പബ്ലിക്കേഷന്‍സ്, 2006. “വഴിയടയാളങ്ങള്‍” (നോവല്‍). തൃശൂര്‍: കറന്‍റ് ബുക്സ്, 2008. “അറിയാന്‍ ആലോചിക്കാന്‍” (ലേഖനസമാഹാരം). തൃശൂര്‍: ആദി പബ്ലിക്കേഷന്‍സ്, 2011. “ഭാഗവത തേജസ്സ്”. തൃശൂര്‍: ലൂമിയേഴ്സ് പ്രിന്‍റിംഗ്. “കുന്തി മുതല്‍ കുചേലന്‍ വരെ”. തൃശൂര്‍: ലൂമിയേഴ്സ് പ്രിന്‍റിംഗ്. “മാര്‍ഗ്ഗ ദർശികള്‍”. തൃശൂര്‍: ലൂമിയേഴ്സ് പ്രിന്‍റിംഗ്. “നക്ഷത്ര ത്രയം”. തൃശൂര്‍: ലൂമിയേഴ്സ് പ്രിന്‍റിംഗ്. “കൃഷ്ണ വാത്സല്യം”. മാതൃത്വത്തിന്‍റെ നേതൃത്വം. തൃശൂര്‍: ലൂമിയേഴ്സ് പ്രിന്‍റിംഗ്. “ആത്മോപദേശം”. തൃശൂര്‍: ലൂമിയേഴ്സ് പ്രിന്‍റിംഗ്. “അപ്പുവിന്‍റെ യാത്രകള്‍”. കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു