നിര്‍ഭയ: കേന്ദ്രസർക്കാർ സ്ത്രീസുരക്ഷാപദ്ധതി

  സ്ത്രീകള്‍ക്കെതിരെ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ചെറുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് 'നിര്‍ഭയ'. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായുള്ള സമിതിയാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായും ജില്ലാ കലക്ടര്‍ വൈസ് ചെയര്‍മാനായുമുള്ള ജില്ലാതല നിര്‍ഭയ കമ്മറ്റികളും സംസ്ഥാന തലത്തില്‍ പദ്ധതി സജീവമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന ഏതുതരം പീഡനങ്ങള്‍ക്കും വനിതാകമ്മീഷന്റെ നിലവിലുള്ള ജാഗ്രതാ സമിതികളെ സമീപിച്ച് പരിഹാരം തേടാം. വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, സ്വയം സഹായ സംഘടനകള്‍, ജനമൈത്രീ പോലീസ്, റസിഡന്റസ് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹായത്തോടെ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍, ലൈംഗിക പീഡനങ്ങള്‍ക്കിരയാവുന്നവരെ രക്ഷപ്പെടുത്തല്‍, അവരുടെ സംരക്ഷണം, പുനരധിവാസം തുടങ്ങിയവയാണ് നിര്‍ഭയയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ലൈംഗിക പീഡനത്തിന് വിധേയരാകുന്നവര്‍ക്ക് മനശാസ്ത്രപരമായ കൗണ്‍സലിംഗും വൈദ്യ സഹായവും നിയമ സഹായവും പദ്ധതിയുടെ ഭാഗമായി നല്‍കും. പീഡനത്തിനിരയായവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് 'ക്രൈസിസ് സെല്ലുകള്‍', കുറ്റകൃത്യങ്ങള്‍ നടക്കുന്നതോ നടക്കാനിടയുള്ളതോ ആയ ഇടങ്ങള്‍ കണ്ടെത്തി അവിടെ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക ഇതൊക്കെ നിര്‍ഭയ പദ്ധതിയുടെ കീഴില്‍ വരുന്ന കാര്യങ്ങളാണ്. പീഡനം അനുഭവിച്ച സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സാമ്പത്തിക സഹായവും നല്‍കും. സൗജന്യ വൈദ്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കാന്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ അനുവദിക്കും.

 ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യംചെയ്യല്‍ തുടങ്ങിയവ ഈ നിയമനിര്‍മാണത്തിലൂടെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതുതായി ചേര്‍ത്തവയാണ്. ലൈംഗിക അതിക്രമവും ചൂഷണവും നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അതില്‍ നിന്ന് പീഡനത്തിന് വിധേയരാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ആവശ്യമായ നിയമ പരിഷ്‌കാരത്തിന് 'നിര്‍ഭയ' നടപടികള്‍ സ്വീകരിച്ചിരിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും തടയുന്നതിന് നിരവധി നിയിമങ്ങള്‍ നിലവിലുണ്ട്. ഇത്തരം സ്ത്രീ സംരക്ഷണ നിയമങ്ങളുടെ ഫലപ്രദമായ നിര്‍വഹണം ഉറപ്പുവരുത്തുക എന്നതും നിര്‍ഭയയുടെ ലക്ഷ്യമാണ്. എന്നാല്‍, നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാകണമെങ്കില്‍ സ്ത്രീകള്‍ ഇത്തരം നിയമങ്ങളെക്കുറിച്ച് ബോധവതികളാകേണ്ടതുണ്ട്.

  നിയമത്തിന്റെ പരിധിയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം ബലാത്സംഗം മാത്രമല്ല. 'ലൈംഗികാതിക്രമം' എന്ന വാക്കാണ് നിയമത്തില്‍ ഉപയോഗിക്കുന്നത്. ബലാത്സംഗം അടക്കമുള്ള ലൈംഗികാക്രമണങ്ങളെല്ലാം ഇതിനു കീഴില്‍പ്പെടുത്തി നിര്‍വചനം വിപുലമാക്കിയിട്ടുണ്ട്. അതിക്രമത്തിനെതിരെ ശാരീരികമായ ചെറുത്തുനില്‍പ്പ് ഉണ്ടായോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും ഭേദഗതി പറയുന്നു. പലപ്പോഴും ഇരയുടെ സമ്മതത്തോടെയാണ് അക്രമം നടന്നതെന്നു വരുത്താന്‍ പ്രതിഭാഗം ശ്രമിക്കുകയും ഈ പഴുതിലൂടെ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. സമ്മതത്തോടെ ലൈംഗികവേഴ്ചയ്ക്കുള്ള പ്രായപരിധി 16 എന്നതില്‍നിന്ന് 18 ആയി ഉയര്‍ത്തിയതാണ് മറ്റൊരു സാരമായ മാറ്റം. 18ല്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുമായി സമ്മതത്തോടെയുള്ള ലൈംഗികവേഴ്ച നടത്തിയാലും അത് ബലാത്സംഗമാകും. പുതുതായി ചേര്‍ത്ത കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയും നിയമത്തിലുണ്ട്. ആസിഡ് ആക്രമണത്തിന് 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തംവരെ നീളാവുന്നതുമായ തടവുശിക്ഷ ലഭിക്കാം. 10 ലക്ഷം രൂപവരെ പിഴയും വിധിക്കാനാകും. ആസിഡ് ആക്രമണത്തിനുള്ള ശ്രമമാണെങ്കില്‍ അഞ്ചുമുതല്‍ ഏഴുവര്‍ഷംവരെ ജയില്‍വാസവും പിഴയും ശിക്ഷ ലഭിക്കാം. ഒളിഞ്ഞുനോട്ടത്തിന് ആദ്യതവണ ഒരുവര്‍ഷത്തില്‍ കുറയാത്ത തടവാണ് കുറഞ്ഞ ശിക്ഷ. ഇത് മൂന്നു വര്‍ഷംവരെ നീളാം, പിഴയും ഈടാക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്തതും ഏഴുവര്‍ഷംവരെ നീട്ടാവുന്നതുമായ തടവും പിഴയും ശിക്ഷകിട്ടാം. സ്വകാര്യമായി സ്ത്രീകളെ നിരീക്ഷിക്കുന്നത് ഒളിഞ്ഞുനോട്ടത്തിന്റെ പരിധിയില്‍വരും. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകളുടെ ചിത്രമെടുക്കുന്നതും ശിക്ഷാര്‍ഹമാണ്. പിന്തുടര്‍ന്ന് ശല്യംചെയ്യലിന് വിപുലമായ നിര്‍വചനമാണ് നിയമം നല്‍കുന്നത്. ഒരു വ്യക്തിയുടെ അനിഷ്ടം അവഗണിച്ച് വ്യക്തിബന്ധം സ്ഥാപിച്ചെടുക്കണമെന്ന ഉദ്ദേശ്യത്തോടെ തുടര്‍ച്ചയായി പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്താല്‍ അത് നിയമപരിധിയില്‍ വരും. ഇത്തരം നീക്കം ഇരയാകുന്ന വ്യക്തിയില്‍ അതിക്രമത്തെക്കുറിച്ചുള്ള ഭയാശങ്കയും അസ്വസ്ഥതയും സൃഷ്ടിച്ചാല്‍ കുറ്റംചെയ്തതായി കണക്കാക്കും. നടന്നും വാഹനത്തിലും മറ്റുമുള്ള പിന്തുടരല്‍ മാത്രമല്ല നിയമത്തിന്റെ പരിധിയില്‍വരിക. ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയുള്ള പിന്തുടരലും നിയമത്തിലെ നിര്‍വചനത്തില്‍ വരും. ഇന്റര്‍നെറ്റോ, ഇമെയിലോ, മറ്റ് സാമൂഹിക മാധ്യമങ്ങളോ ഉപയോഗിച്ച് ഈ കുറ്റം ചെയ്താലും ശിക്ഷ ലഭിക്കും.

  ബലാത്സംഗത്തിനുള്ള ശിക്ഷ ഏഴുവര്‍ഷത്തില്‍ കുറയാത്തതും പരമാവധി ജീവപര്യന്തം തടവും പിഴയും ആയി നിയമം മാറ്റി. ഗുരുതരമായ സാഹചര്യങ്ങളില്‍, 10 വര്‍ഷത്തില്‍ കുറയാത്തതുമുതല്‍ ജീവപര്യന്തംവരെ തടവും പിഴയുമായി ശിക്ഷ കൂട്ടാനും വ്യവസ്ഥചെയ്തു. ലൈംഗികാതിക്രമത്തിലൂടെ ഒരു സ്ത്രീയുടെ മരണത്തിന് ഇടയാക്കിയാല്‍ 20 വര്‍ഷത്തില്‍ കുറയാത്ത കഠിനതടവുമുതല്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ട വിധത്തിലുള്ള ജീവപര്യന്തം തടവിനോ വധശിക്ഷയ്‌ക്കോ വരെ ശിക്ഷിക്കാമെന്നും നിയമം പറയുന്നു. പിഴ ശിക്ഷയും ഉണ്ടാകും. അക്രമത്തിലൂടെ ഒരു സ്ത്രീയെ ജീവച്ഛവമാക്കിയാലും ഇതേ ശിക്ഷ ലഭിക്കാം. കൂട്ടബലാത്സംഗത്തിന് 20 വര്‍ഷത്തില്‍ കുറയാത്തതുമുതല്‍ ജീവപര്യന്തംവരെയുള്ള കഠിനതടവും നഷ്ടപരിഹാരവും വിധിക്കാമെന്നും ഭേദഗതിയിലൂടെ വ്യവസ്ഥയായി. ചികിത്സാചെലവും നഷ്ടപരിഹാരത്തില്‍ പെടുത്താം. സാധാരണ ബലാത്സംഗ കേസുകളില്‍ കുറഞ്ഞ ശിക്ഷ ഏഴുവര്‍ഷമാണെങ്കില്‍ ചില കേസുകളില്‍ കുറഞ്ഞ ശിക്ഷ 10 വര്‍ഷമാണ്. ആ ശിക്ഷ ശേഷിച്ച ജീവിതകാലംമുഴുവന്‍ നീളുന്ന തടവുവരെയാകാമെന്നും വ്യവസ്ഥചെയ്യുന്നു. ശാരീരിക സ്പര്‍ശം, അശ്ലീല സംഭാഷണം ഇതെല്ലാം സ്ത്രീക്കെതിരെ അവളുടെ ജീവിക്കുവാനുള്ള സ്വാതന്ത്രത്തെ ഹനിക്കുക തന്നെയാണ്. ഇങ്ങനെയുള്ള കേസുകളിലും മൂന്നുവര്‍ഷത്തില്‍ കുറയാത്തതും ഏഴുവര്‍ഷം വരെ നീളാവുന്നതുമായ തടവും പിഴയും ഈ കുറ്റത്തിനു ലഭിക്കാം.

 ഭ്രൂണ പരിശോധനയും ഗര്‍ഭഛിദ്രവും അരുതെന്നും നിയമത്തിലുണ്ട്. ജീവിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണ്. അത് ഗര്‍ഭസ്ഥ ശിശുവാണെങ്കില്‍ പോലും. അമ്മയുടെ ഉദരത്തില്‍ കുഞ്ഞ് സുരക്ഷിതമാണെന്ന്(ചില സാഹചര്യങ്ങളിലൊഴികെ) ഉറപ്പുവരുത്തുകയാണ് ഈ നിയമത്തിലൂടെ. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി വിവരം ഗര്‍ഭിണിയെയോ ബന്ധുക്കളെയോ അറിയിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമായിട്ടാണ് കണക്കാക്കുക. ഇത് ആവര്‍ത്തിച്ചാല്‍ ശിക്ഷ അഞ്ചുവര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ്. 1971ല്‍ പ്രാബല്യത്തില്‍ വന്ന ഗര്‍ഭഛിദ്ര നിയമത്തില്‍ (മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട്) പ്രകാരം സ്ത്രീയെ ഗര്‍ഭഛിദ്രത്തിന് ബലമായി നിര്‍ബന്ധിക്കുന്നത് കുറ്റകൃത്യമായി പറയുന്നു. ഗര്‍ഭിണിയുടെയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ ജീവനോ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനോ അപകടമാണെങ്കിലോ ബലാത്സംഗം മൂലമോ ആണ് ഗര്‍ഭധാരണമെങ്കില്‍ മാത്രമേ നിയമം ഗര്‍ഭഛിദ്രത്തിന് അനുവദിക്കുന്നുള്ളൂ. പന്ത്രണ്ട് ആഴ്ചവരെ എത്തിയ ഗര്‍ഭം അലസിപ്പിക്കുന്നതിന് ഒരു ഡോക്ടറുടേയും അതിനുമുകളില്‍ രണ്ട് ഡോക്ടര്‍മാരുടേയും ഉപദേശം ആവശ്യമാണ്. ഇരുപത് ആഴ്ച കഴിഞ്ഞാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ പാടില്ല എന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

 ശൈശവ വിവാഹവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി അവളെക്കാള്‍ ഇരട്ടി പ്രായമുള്ള പുരുഷന് വിവാഹം ചെയ്തുകൊടുക്കലൊക്കെ വാര്‍ത്തകളില്‍ മിക്കപ്പോഴും ഇടംപിടിക്കാറുള്ള സംഭവങ്ങളാണ്. എന്നാല്‍ ഇതിനെതിരെ ശക്തമായ നിയമസംവിധാനം തന്നെ നിലവിലുണ്ട് എന്നറിയാവുന്നവര്‍ പോലും ഇത്തരം പ്രവണതയ്‌ക്കെതിരെ രംഗത്തുവരാറുമില്ല. പെണ്‍കുട്ടിയുടെ കുറഞ്ഞ വിവാഹപ്രായം 18 വയസ്സും ആണ്‍കുട്ടിയുടേത് 21 ഉം ആണ്. ഈ പ്രായത്തിന് മുമ്പുള്ള വിവാഹം കുറ്റകൃത്യമാണ്. പതിനെട്ട് വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടിയെ മുതിര്‍ന്ന പുരുഷന്‍ കല്ല്യാണം കഴിച്ചാല്‍ രണ്ട് വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ശൈശവവിവാഹം നടത്തിക്കൊടുക്കുന്ന മാതാപിതാക്കള്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കും ഇതേ ശിക്ഷ തന്നെ കിട്ടും. ശൈശവ വിവാഹത്തെ പറ്റി പരാതി നല്‍കേണ്ടത് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പ്രൊജക്ടിലെ ശിശു വികസന പദ്ധതി ഓഫീസര്‍ക്കാണ്.

 മതിയായ സ്ത്രീധനം കിട്ടിയില്ല എന്നതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ പീഡനം അനുഭവിക്കേണ്ടിവന്ന സ്ത്രീകളുടെ എണ്ണം എത്രയോ കൂടുതലായിരുന്നു. ഈ പ്രവണതയ്ക്ക് അല്‍പം കുറവുവന്നിട്ടുണ്ടെങ്കിലും പൂര്‍ണമായും ഇല്ലാതായിട്ടില്ല. സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ, പതിനയ്യായിരം രൂപയോ സ്ത്രീധനത്തുകയോ ഏതാണോ കൂടുതല്‍ ആ തുക പിഴയോ ലഭിക്കുന്ന കുറ്റകൃത്യമാണ്. വിവാഹം നടന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍ അസ്വാഭാവിക സാഹചര്യത്തില്‍ സ്ത്രീ മരിക്കാനിടയാവുകയും, ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ സ്ത്രീധനത്തിന് വേണ്ടി നടത്തിയ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തുകയും ചെയ്താല്‍ അത് ഇന്ത്യന്‍ ശിക്ഷാ നിയമം 304 ബി പ്രകാരം സ്ത്രീധനപീഡനം മൂലമുള്ള മരണമാണ്. പ്രതികള്‍ക്ക് ജീവപര്യന്തം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണിത്.

 വീട്ടിനുള്ളിലും സുരക്ഷിതയാകാന്‍ ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നു സ്ത്രീകളെ സംരക്ഷിക്കുന്നതാണ് 2005ലെ ഗാര്‍ഹിക പീഡനനിയമം. പീഡനത്തിനിരയാവുന്ന സ്ത്രീകള്‍ക്ക് താമസം, സംരക്ഷണം, ജീവനാംശം, നഷ്ടപരിഹാരം, കുട്ടികളുടെ സംരക്ഷണം എന്നിവയ്ക്കുള്ള കോടതി ഉത്തരവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവോ 20,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. സിവില്‍ സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് പരാതി നല്‍കേണ്ടത്.

 വീട്ടില്‍ മാത്രമല്ല തൊഴിലിടങ്ങളിലും പല സ്ത്രീകളും സുരക്ഷിതരല്ല. തൊഴില്‍ നഷ്ടപ്പെട്ടാലോ എന്ന് ഭയന്ന് ഇക്കാര്യം പുറത്തുപറയാത്തവരാകും അധികവും. 1997 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായം തൊഴില്‍ സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ഇത്തരം ലൈംഗിക പീഡനങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനുമുള്ള മാര്‍ഗ രേഖകള്‍ തൊഴില്‍ സ്ഥാപനങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കണം. സ്വകാര്യ തൊഴിലുടമകള്‍ക്കും ഈ വിധി ബാധകമാണ്. മേലുദ്യോഗസ്ഥരില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ ഉള്ള ലൈംഗിക പീഡനങ്ങള്‍, ലൈംഗിക ചുവയുള്ള വാക്ക്, നോട്ടം, സ്പര്‍ശം, തുടങ്ങിയവയില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഈ നിയമത്തിലൂടെ സാധിക്കും. ഒരു സ്ത്രീ നേതൃത്വം നല്‍കുന്നതും, പകുതിയിലധികം അംഗങ്ങളും സ്ത്രീകളായിരിക്കുന്നതുമായ സമിതിയെ അന്വേഷിക്കാന്‍ നിയോഗിക്കണമെന്നും സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ നിര്‍ദേശമുണ്ട്.

 സമൂഹമാധ്യമങ്ങളിലൂടെ അപമാനിതരാകുന്ന സ്ത്രീകളുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് ഇത് വരുന്നത്. 1986ലെ സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ നിരോധന നിയമപ്രകാരം പരസ്യം, പ്രസിദ്ധീകരണം, ലഘുലേഖ, ചിത്രങ്ങള്‍ തുടങ്ങിയവ വഴി സ്ത്രീയുടെ രൂപമോ ശരീരമോ ഏതെങ്കിലും അവയവ ഭാഗമോ, അശ്ലീലമായോ നിന്ദ്യമായോ അപകീര്‍ത്തികരമായോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്. സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും ഏഴുവര്‍ഷം വരെ തടവുശിക്ഷയും അമ്പതിനായിരം രൂപവരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. പൊതു സ്ഥലത്ത് അശ്ലീല വാക്കുകള്‍ പറയുകയോ അശ്ലീല കൃത്യങ്ങള്‍ കാണിക്കുകയോ ചെയ്ത് സ്ത്രീകളെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. സ്ത്രീയുടെ മാന്യതക്ക് കോട്ടം തട്ടുന്ന വിധം വാക്കുകള്‍ ഉച്ചരിക്കുകയോ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഒരുവര്‍ഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും. 

  കോളേജിലും ബസ് സ്റ്റോപ്പിലുമെല്ലാം സര്‍വസാധാരണമായി കണ്ടുവരുന്ന പൂവാലന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നവരെ കുടുക്കാനും നമുക്ക് നിയമമുണ്ട്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കടുത്ത മാനസിക സംഘര്‍ഷങ്ങളാണ് പൂവാലന്മാര്‍ സൃഷ്ടിക്കുന്നത്. ചിലര്‍ ഇതിനെ കണ്ടില്ല എന്നു നടിക്കും. പൂവാലന്മാര്‍ പലപ്പോഴും നിരുപദ്രവകാരികളായിരിക്കുമെങ്കിലും പൊതുസ്ഥലങ്ങളില്‍ അശ്ലീലമോ അസഭ്യമോ പറഞ്ഞ് സ്ത്രീകളെ കമന്റടിക്കുന്ന വിരുതന്മാരുമുണ്ട്. ഇത്തരക്കാര്‍ക്ക് മൂന്ന് മാസം വരെ ജയില്‍ ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതുകൊണ്ട് മാത്രം പ്രയോജനമില്ലാത്തതിനാല്‍ പൂവാലശല്യം തടയാന്‍ ഒരു ഏകീകൃത നിയമം വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നു. നിയമ നിര്‍മാണം നടത്തുന്നതുവരെ പൂവാലശല്യം തടയുന്നതിന് സുപ്രീം കോടതി സുപ്രധാന നിര്‍ദേശങ്ങള്‍ ഒരു വിധിന്യായത്തിലൂടെ പുറപ്പെടുവിച്ചിട്ടുണ്ട്. അതുപ്രകാരം എല്ലാ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂവാലശല്യം തടയാന്‍ നടപടികള്‍ സ്വീകരിക്കണം. യൂണിഫോം ധരിക്കാതെ വനിതാ പോലീസിനെ ബസ് സ്റ്റാന്റ്, റെയില്‍വേസ്‌റ്റേഷന്‍, സിനിമാ തിയേറ്ററുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, കടല്‍ത്തീരങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിയോഗിക്കണം. വിദ്യാലയങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, തിയേറ്ററുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍,  ബസ്സ്റ്റോപ്പുകൾ  എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പൂവാലശല്യം തടയുന്നതിനുള്ള നടപടികള്‍ അടിയന്തരമായി കൈകൊള്ളണം. ബസ് യാത്രക്കിടയില്‍ പൂവാലശല്യം ഉണ്ടായതായി സ്ത്രീ പരാതിപ്പെട്ടാല്‍ ഡ്രൈവര്‍ ഉടനെ തന്നെ ബസ്സ് തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ എത്തിക്കണം. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പോലും പോലീസിന് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താം. വാഹനം പോലീസ്‌ സ്‌റ്റേഷനില്‍ കൊണ്ടുപോകാന്‍ ഡ്രൈവര്‍ വിസമ്മതിക്കുന്ന പക്ഷം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യേഗസ്ഥര്‍ക്ക് പ്രസ്തുത ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൂവാലശല്യം ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റു യാത്രക്കാര്‍ക്കും പോലീസില്‍ അറിയിക്കാം.

 നിയമങ്ങള്‍ ഇത്രയൊക്കെ ശക്തമായ സുരക്ഷിതത്വം സ്ത്രീക്ക് നല്‍കുന്നുണ്ടെങ്കിലും സ്ത്രീയുടെ അഭിമാനത്തേയും അന്തസിനേയും ചോദ്യം ചെയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ഇതിന് തടയിടണമെങ്കില്‍ സ്ത്രീകള്‍തന്നെ മുന്നോട്ടുവന്നേ മതിയാകൂ.

 

References

References