സ്ത്രീകൾ വാമൊഴി സാഹിത്യത്തിൽ

വാമൊഴി സാഹിത്യത്തിലെ സ്ത്രീ

  ഏത് രാജ്യത്തിന്റെയും സംസ്കാരത്തിൽ രണ്ടു ഘടകങ്ങൾ ഉണ്ട് .  അവയിലൊന്ന് ലിഖിതസാഹിത്യത്തിന്റെ മഹാപാരമ്പര്യമാണ് .മറ്റൊന്ന് എഴുതപ്പെടാത്ത വാങ്മൂലസംസ്കാരത്തിന്റേതായ ലഘുപാരമ്പര്യവും. ഏത് സമൂഹത്തിലുമുള്ള ഈ രണ്ടു സംസ്കാരധാരകൾ തമ്മിൽ ആദാന പ്രദാനങ്ങൾ നടക്കുന്നുണ്ട്. ലിഖിതസാഹിത്യാധിഷ്ഠിതമായ സംസ്കാരത്തിന് എത്രമാത്രം പ്രാധാന്യം ഉണ്ടോ അത്ര തന്നെ അലിഖിതസാഹിത്യാധിഷ്ഠിത സംസ്കാരത്തിനുമുണ്ട്. അലിഖിത സംസ്കാരത്തിന്റെ ഏറ്റവും സമ്പന്നമായ നിക്ഷേപമാണ് നാടോടിസാഹിത്യം. നാടോടിവാങ്ങ്മയപരമ്പര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗമാണ് നാടൻപാട്ട് .അതിൽ തന്നെ ഉൾകൊള്ളുന്ന കഥാഗാനങ്ങൾ എന്ന നാടോടിഗാനസഞ്ചയത്തെ അവയുടെ പ്രാദേശിക സവിശേഷതകൾ കണക്കിലെടുത്തു രണ്ടായി തിരിക്കാം. വടക്കൻപാട്ടുകളെന്നും, തെക്കൻപാട്ടുകളെന്നും .

 വടക്കേമലബാറിലെ വീരകഥാഗാനങ്ങളാണ് വടക്കന്പാട്ടുകൾ. ദക്ഷിണ കേരളത്തിലെ ഈ വിഭാഗത്തിലെ ഗാനങ്ങൾ തെക്കൻപാട്ടുകൾ എന്നറിയപ്പെടുന്നു. വാമൊഴിവഴക്കത്തോടെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട വടക്കൻപാട്ടുകൾ വടക്കൻ മലബാറിലെ വീരശൂരപരാക്രമികളുടെ ധീരാപദാനങ്ങളാണ്. മലയാളവരമൊഴി സാഹിത്യം പൊതുവെ പുരുഷാധിപത്യ നിലപാടുകൾക്ക് വിധേയമായി വർത്തിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണു തമസ്ക്കരിക്കപ്പെടുന്ന പെൺ നേട്ടങ്ങൾ. കാലങ്ങളായി സാഹിത്യത്തിലെ പുരുഷകേന്ദ്രിത താല്പര്യങ്ങൾ
സാഹിത്യത്തിലെ സ്ത്രീസ്വത്വ പ്രതിനിധാനത്തെയും സ്ത്രീനേട്ടങ്ങളുടെ
രേഖപ്പെടുത്തലിലും വലിയ പോരായ്മകൾ നില നിൽക്കുന്നു. വരമൊഴി സാഹിത്യത്തിൽ നിന്നും ഭിന്നമായി ശക്തമായ സ്ത്രീ വ്യക്തിത്വങ്ങളെ അടയാളപ്പെടുത്തുന്നതിലും അംഗീകരിക്കുന്നതിലും വാമൊഴി സാഹിത്യം വരമൊഴി
സാഹിത്യത്തേക്കാൾ സുതാര്യവും നിഷ്പക്ഷവുമായ ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്‌. വീരശൂര പരാക്രമികളായ പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ വരച്ചുകാട്ടിയ വടക്കന്പാട്ടുകൾ അക്കൂട്ടത്തിൽ മുൻ നിരയിൽ നിലകൊള്ളുന്നു.

വടക്കന്പാട്ടുകളിലെ അധീശത്വം പൂർണമായും പുരുഷന്മാർക്ക്
മാത്രമായിരുന്നില്ല എന്നതിന്റെ തെളിവാണ് ഉണ്ണിയാർച്ച, മതിലെരിക്കന്നീ മുതലായ പോരാട്ടവീര്യത്തിന്റെ സ്ത്രീമുഖങ്ങൾ. വാമൊഴി പാരമ്പര്യത്തിന്റെ പ്രാക്തനമായ കാലത്തുപോലും പുരുഷൻമാർക്കൊപ്പം സ്ത്രീകളും ശക്തമായി തന്നെ അവരുടെ സാന്നിധ്യവും നിലപാടുകളും അറിയിച്ചിരുന്നുവെന്നത് തികച്ചും അഭിമാനകരമായ നേട്ടമാണ്.

വടക്കൻപാട്ടിലെ വീരനായികമാർ

(1) പുത്തൂരംവീട്ടിൽ ഉണ്ണിയാർച്ച

 പുത്തൂരം കണ്ണപ്പ ചേകവരുടെ മകളും, ആരോമൽ ചേകവരുടെ
സഹോദരിയുമായ പുത്തൂരം വീട്ടിൽ ഉണ്ണിയാർച്ച ധീരതയുടെ പെൺമുഖമാണ്. നാദാപുരത്തങ്ങാടിയിലെ തെമ്മാടികളായ ജോനകരെ കീഴടക്കി സ്ത്രീകൾക്ക് അങ്ങാടിയിലൂടെ സഞ്ചാര സ്വാതന്ത്ര്യം നേടിക്കൊടുത്ത വനിതയാണ് ഉണ്ണിയാർച്ച .ദൃഢനിശ്ചയം അഭിപ്രായസ്ഥിരത ,ഇച്ഛാശക്തി ,ധീരത,സ്വാതന്ത്ര്യവാജ്ഞ തുടങ്ങിയ ഗുണങ്ങൾ സമൂഹത്തിനു മുന്നിലും ബന്ധുജനങ്ങൾക്കു മുന്നിലും അവർ സധൈര്യം പ്രകടിപ്പിച്ചു. അവാച്യമായ സൗന്ദര്യത്തിന്റെ ആൾരൂപമായ അവൾ കളരിയപ്പയറ്റിലും അഭ്യാസമുറകളിലും അഗ്രഗണ്യ ആയിരുന്നു. തന്റെ അമ്മാവനെ ചതിച്ചു കൊലപ്പെടുത്തിയ ചന്തുവിനെ കൊല്ലാൻ ഇറങ്ങിപ്പുറപ്പെട്ട മകൻ ആരോമുണ്ണിയോട് ഉണ്ണിയാർച്ച പറയുന്ന വാക്കുകൾ പ്രസിദ്ധമാണ് :
 നേരിട്ട് വെട്ടി മരിച്ചതെങ്കിൽ
നാട്ടേക്കു തന്നൊരു സ്ഥാനമാണേ
പട്ടിൽ പൊതിഞ്ഞു ഞാൻ കൊണ്ടുപോരും
ഒളിവാൾ കൊണ്ട് മരിച്ചതെങ്കിൽ
പച്ചോലയിൽ കെട്ടി വലിപ്പിക്കേണ്ടു
പുല കുളി കൂടി കുളിക്കയില്ല.

 അത്രമേൽ ധൈര്യവും ആത്മാഭിമാനവും നിശ്ചയദാർഢ്യവും ആ വാക്കുകളിൽ നിറയുമ്പോൾ പെൺകരുത്തിന്റെ വേറിട്ട
സ്വത്വം ഉണ്ണിയാർച്ചയിൽ പ്രത്യക്ഷമാകുന്നു.

(2)മതിലേരിക്കന്നി

  ചിറക്കൽ വാഴുന്നവരുടെ മകളായ മതിലേരിക്കന്നി വടക്കൻ പാട്ടിലെ മഹാകാവ്യം എന്ന് അറിയപ്പെടുന്ന പാട്ടുകഥയിലെ പ്രധാന കഥാനായികയാണ്. ആയോധനപടുവായ അവൾ സർവ്വഗുണസമ്പന്നയും ധീരശൂര പരാക്രമത്തിൽ ഉണ്ണിയാർച്ചയെയും കടത്തിവെട്ടുന്നു. അച്ഛനിൽ നിന്നും എല്ലാ യുദ്ധമുറകളും അഭ്യസിച്ച അവൾ അഴകിലും,ആയോധന വിദ്യയിലും ഉയർന്നു നിന്നു. തന്റെ
യൗവനകാലത് വളർമുണ്ടാക്കാവിലെത്തിയ അവൾക്കു പ്രഥമ ദർശനത്തിൽ തന്നെ വേണാട് തമ്പുരാനോട് അനുരാഗം തോന്നുകയും തമ്പുരാൻ അവളിൽ ആകൃഷ്ടനാകുകയും അവർ പ്രണയബദ്ധരാകുകയും ചെയ്തു. വാഴുന്നവരുടെ സമ്മതത്തോടെ ഗാന്ധർവ വിധി പ്രകാരം അവർ ഒത്തുചേർന്നു. മൂന്ന് ദിവസം തികയും മുൻപ് തന്നെ തമ്പുരാന് പാണ്ടിപ്പടയുടെ ആക്രമണത്തെ നേരിടാൻ വേണാടിലേക്ക് മടങ്ങേണ്ടി വന്നു. പ്രിയതമനെ പിരിഞ്ഞു മൂന്ന് കൊല്ലത്തോളം വിരഹിണിയായി കഴിഞ്ഞ അവൾ അച്ഛനിൽ നിന്നും യുദ്ധവിവരം അറിയുകയും തന്റെ ഭർത്താവിന്റെ പടയിൽ പടനായരായി എത്തി. പതിനായരിങ്ങളെ ഒറ്റക്ക് കൊന്നൊടുക്കി വേണാട്ടു പടയ്ക്കു യുദ്ധത്തിൽ വിജയം നേടിക്കൊടുക്കുകയും
ചെയ്തു. പുരുഷ വേഷ പ്രച്ഛന്നനായി തന്റെ പതിയുടെ ഇഷ്ട തോഴനായി കുറച്ചുനാൾ കഴിഞ്ഞ അവൾ പടനായകന്റെ അധികാരമുപയോഗിച്ചു വേണാട്ടിൽ കുറെ പരിഷ്‌കാരങ്ങൾ വരുത്തി .

 പടയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുകയും, മരണാനന്തര ചടങ്ങുകളുടെ തുക ഏറ്റെടുക്കുകയും
ജന്മഭൂമി ദാനം ചെയ്യുകയും ചെയ്‌തു. കൊട്ടാരത്തിലേക്കുള്ള വരുമാനങ്ങൾ കൂട്ടുന്ന പരിഷ്കാരങ്ങളും നടത്തി. തന്റെ പുരുഷവേഷത്തിൽ അനുരക്തയായ വേണാട് പൂങ്കുയിലോം കന്നിയിൽ നിന്നും യുക്തിപൂർവം അവൾ ഒഴിഞ്ഞുമാറുകയും
ഒടുവിൽ സാഹചര്യങ്ങൾ ഒത്തുവരുമ്പോൾ തന്റെ പതിയായ തമ്പുരാനോട് ഒത്തു ചേരുകയും സന്തോഷത്തോടെ ജീവിക്കയും ചെയ്‌തു . തന്റെ പടനായരെ കാണാൻഇല്ലെന്ന പതിയുടെ ദുഃഖത്തിൽ അവൾ ആശ്വാസം ഏകി സ്നേഹത്തോടെ കൂടെ കഴിഞ്ഞു. വളരെ കാലങ്ങൾക്കു ശേഷം കണ്ടു മുട്ടിയ തന്റെ സുഹൃത്തായ
ചൂരിയം മണികോയിലോം കന്നിയോടൊത്തു തന്റെ കോവിലകത്തു പൂരം നോമ്പ് നോൽക്കാൻ തീരുമാനിച്ചു. വേണാട് തമ്പുരാനെ കണ്ട പാടെ അയാളിൽ അനുരക്തയായ ചൂരിയം മണി കന്നി തന്റെ കൂട്ടുകാരിയുടെ പതിയാണെന്നു കൂടി ഓർക്കാതെ അയാളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു.അതിനായി മതിലിരിക്കണ്ണിയെ പൂരത്തടയിൽ വിഷം ചേർത്ത് കൊല്ലുകയും ചെയ്യുന്നു .
തമ്പുരാന്റെ മടിയിൽ കിടന്നു അച്ഛന്റെ പേര് വിളിച്ചവൾ ഈ ലോകത്തോട് വിടപറഞ്ഞു. അവളുടെ മരണത്തിൽ മനം നൊന്തു അവൾക്കു പിന്നാലെ അച്ഛനും ഭർത്താവും മരിച്ചു വീണു. ഉത്തമ കഥാപാത്രമായിരുന്നു അവൾ. ധീരയും സ്നേഹസമ്പന്നയും യുക്തിബോധവും ഉള്ളവൾ വടക്കൻ പാട്ടിലെ ധീര രക്തസാക്ഷിയാണ്. സ്ത്രീസ്വത്വശക്തിയുടെ സവിശേഷ ഗുണങ്ങൾ അവളിൽ നിറയുന്നു. ആയോധനാപാടവവും ആത്മധൈര്യവും ആത്മാഭിമാവും ഉള്ള അവൾ മാതൃകാ സ്ത്രീത്വത്തിന്റെ മായാത്ത ചിത്രമായി എന്നും നിലകൊള്ളുന്നു .

(3)കുഞ്ഞിത്താല്

വയനാട്ടിലെ ആദിവാസികളിൽ ഒരു വിഭാഗമായ കുറുമ വിഭാഗത്തിൽപ്പെട്ട സ്ത്രീയാണ് കുഞ്ഞിത്താലു. വയനാട് ചക്രവർത്തി നടുവൻ വയനാടിന്റെ പ്രത്യേക അധിപൻ കാരുമ്പന്റെയും വെളികുമ്പതെലങ്കാളിയുടെയും ഏകമകളായി ജനിച്ചു. കൂടല്ലൂർ ഗുരുക്കളുടെ കളരിയിൽ അഭ്യസിച്ചു. അസ്ത്രാഭ്യാസത്തിലും അതി
വിദഗ്ധയാണ്. ചുരിക, കടുതില , വാൾ , കുന്തം, ഇവ ഉപയോഗിച്ചുള്ള യുദ്ധത്തിൽ അവളെ തോൽപിക്കാൻ ആർക്കും കഴിയില്ല . അതുപോലെതന്നെ കനയമ്പിലും കത്തിയമ്പിലും അവളോടാർക്കും എതിരിടാൻ ആർക്കും കഴിയില്ല. കവണയിൽ കല്ലെറിയുന്ന പ്രയോഗവും അവൾ നന്നായി അഭ്യസിച്ചു. അവൾ ഇരുപത്തിയൊന്നാം വയസ്സിൽ തന്റെ അമ്മാവന്റെ കോട്ടയിലേക്ക് പുതുതായി പണിത കല്ലറ കാണുവാൻ പുറപ്പെട്ടു .ചൂണ്ടൽ പുതുകാവ് അമ്പലത്തറയിൽ വിശ്രമിക്കുന്ന വേളയിൽ അവിടെ എത്തിയ തളിയിക്കര മാവൂരെ ഇളയതമ്പുരാനെ കണ്ടു അനുരാഗ വിവശയായി. എന്നാൽ അധികാരത്തിന്റെ അഹങ്കാരത്തിൽ തന്നെ
പരിഹസിച്ച തമ്പുരാനെ തന്റെ വാരിയത്തേക്കു വിളിച്ചു വരുത്തി. തന്നോട് എതിരിട്ട തമ്പുരാനെ സംഹാരരുദ്രയായി മാറിയ അവൾ അയാളുടെ കൈയും കാലും പിടിച്ചു കെട്ടി തന്റെ അമ്മാവന്റെ കോട്ടയിലെത്തിച്ചു തടവിൽ പാർപ്പിച്ചു .
അമ്മായിയും അമ്മാവനും കൂടി അവരുടെ മകൾക്കു തമ്പുരാനെ വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനിച്ചു. പരസ്പരം അനുരാഗബദ്ധരായ തമ്പുരാനും താലുവിനും അത് സമ്മതിയ്ക്കാൻ തയ്യാറായില്ല . ഇതറിഞ്ഞ അമ്മാവൻ തമ്പുരാനെ കൊല്ലാൻ
തുനിഞ്ഞു. തന്റെ കൊമ്പനാനയെ കൊണ്ട് അവൾ കല്ലറയുടെ പൂട്ട് തകർത്തു തമ്പുരാനെ രക്ഷിച്ചു. കാര്യമറിഞ്ഞ അമ്മാവൻ രക്ഷപ്പെട്ടോടിയ താലുവിനെ കൊല്ലാൻ ആളെ അയച്ചു. പിടിയിലായ താലുവിനെ പിറ്റേന്ന് വെട്ടിക്കൊല്ലുവാനായി തുനിഞ്ഞു. വധശിക്ഷയിൽ നിന്നും കുരുമലകുന്നത്തെ കുന്നിയോലാ രക്ഷിക്കുകയും സ്നേഹത്തോടെ അമ്മയായി പോറ്റി വളർത്തി. തന്റെ
മനസ്സിൽ തമ്പുരാനോടുള്ള അനുരാഗം അവൾ വളർത്തമ്മയോടു തുറന്നു പറഞ്ഞു. അവളുടെ ദുഃഖങ്ങൾ കേട്ടറിഞ്ഞ വളർത്തമ്മ അമ്മാവൻ തമ്പുരാനെ കീഴ്‌പ്പെടുത്തി തൂക്കിലേറ്റാനൊരുങ്ങി. ആ വേളയിൽ അവിടെയെത്തിയ താലൂ അമ്മാവനെ വധശിക്ഷയിൽ നിന്നും മോചിപ്പിച്ചു. താലുവിന്റെ വ്യക്തിത്വവും ധീരതയും
സഹജീവി സ്നേഹവും ഇവിടെ വെളിപ്പെടുന്നു.                           

    കുഞ്ഞിത്താലുവിനെപ്പോലെ തന്നെ വളരെ ഉയർന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് കുന്നിയോലയും. അച്ഛന്റേം
അമ്മയുടെയും അമ്മാവന്റെയും വളർത്തമ്മ കുന്നിയോളയുടേം മുന്നിൽ വച്ച് താലൂ തമ്പുരാനെ മാലയിട്ടു. കാട്ടുകള്ളനായ വള്ളുവനെ വയനാട്ടിൽ നിന്നോടിച്ച, കടലൂരിലെ പാക്കുവാപുളുവനെയും പടയെയും പറപ്പിച്ച , തോഡറും തിരുവന്ദിക്കാരും വയനാട് പിടിക്കാൻ വന്നപ്പോൾ ആട്ടിയോടിച്ചവളാണ് ധീരയായ കുഞ്ഞിത്താല്.

(4) മണിയൂരിടം വാണ കുഞ്ഞിമങ്ക

     മണിയൂരിടം വാണ കുഞ്ഞിമങ്കയും കച്ചൂരം കിണ്ടിയിൽ
കുഞ്ഞിക്കണ്ണനും ചെറുപ്പത്തിൽ തച്ചോളി കളരിയിൽ ഒരുമിച്ച് വിദ്യ
അഭ്യസിച്ചവരാണ്. ആ കാലത്തു ഉറക്കത്തിൽ അവളെ സ്വപ്നം കണ്ടു
ഞെട്ടിയുണർന്ന കുഞ്ഞിക്കണ്ണൻ തന്റെ അമ്മയുടെ സമ്മതത്തോടെ അവളെ സ്വന്തമാക്കാനായി ഇറങ്ങിപ്പുറപ്പെട്ടൂ. കുഞ്ഞിമങ്കയുടെ ആങ്ങള കുഞ്ഞികുങ്കൻ പെങ്ങൾക്ക് പടയെ കാവൽ നിർത്തി ലോകനാര്കാവിൽ പോയിരിക്കുന്ന അവസരം കുഞ്ഞിക്കണ്ണൻ പ്രയോജനപ്പെടുത്തി. മങ്കയുടെ ഉറക്കറയിൽ കടന്ന അവൻ അവളുടെ സമ്മദത്തോടെ ഒന്ന് ചേർന്നു. ആങ്ങള വരും മുൻപേ അവൾ കുഞ്ഞിക്കണ്ണനെ മടക്കി അയച്ചു. അവൻ മടങ്ങിയതിൽ പിന്നെ അവന്റെ ഓർമയിൽ അവൾ വിരഹിണിയായി കഴിഞ്ഞു. വിവരമറിഞ്ഞ ആങ്ങള അവളെ കൊല്ലുവാൻ തുനിഞ്ഞു. കൊലക്കളത്തിൽ നിന്നും കുഞ്ഞിക്കണ്ണൻ അവളെ രക്ഷിച്ചു സ്വന്തം വീട്ടിലേക്കു കൊണ്ട് പോയി. ഒരാഴ്ചക്കാലം അവർ മധുവിധു ആഘോഷിച്ചു. എന്നാൽ വൈകാതെ തന്നെ തന്റെ ഭർത്താവിന് നാട്ടിലെ ഒരു അഭിസാരികയുമായി അവിഹിത ബന്ധമുണ്ടെന്നറിഞ്ഞവൾ ഞെട്ടി. തന്റെഭർത്താവിന്റെ അനുജനായ അനന്തനെയും കൂട്ടി അവൾ വീട് വിട്ടിറങ്ങി. പുരുഷ വേഷം കെട്ടിയ മങ്ക തമ്പുരാന്റെ മണിക്കിണറ്റിലെ ഏഴു തലയുള്ള നാഗത്തെ
പിടിച്ചു കൊന്നു. സന്തുഷ്ടനായ തമ്പുരാൻ തന്റെ മകളെ മങ്കയ്‌ക്കു കൈപിടിച്ച് നൽകി.വീട്ടിലെത്തിയ മങ്ക തന്റെ ഓപ്പം വന്ന തമ്പുരാൻറെ മകളെ ആനന്ദന് വധുവായി കല്പിച്ചു നൽകി. മങ്ക വീണ്ടും കുഞ്ഞിക്കണ്ണന്റെ അമ്മാവന്റെ വേഷം കെട്ടി . അവന്റെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്‌തു. അതിനുശേഷം അവനുമായി ബന്ധം പുലർത്തിയിരുന്ന അഭിസാരികയുടെ വീട്ടിൽ എത്തി. ഏഴു
മെത്തകൾക്കുള്ളിൽ ഒളിച്ച അവളെ മെത്തയോടൊപ്പം ഉറുമി കൊണ്ട് അവൾ വെട്ടിക്കൊന്നു. കോപത്തോടെ അവൾ അങ്ങാടിയിൽ വന്നു നിന്ന് തുള്ളി. അവൾക്കു മുന്നിൽ കുഞ്ഞിക്കണ്ണൻ എലിയെ പോലെ വിറച്ചു.കുഞ്ഞിക്കണ്ണനോട് അഭിസാരികയെ കൊലപ്പെടുത്തിയ വിവരം തുറന്നു പറഞ്ഞു. സത്യങ്ങളെല്ലാം തിരിച്ചറിഞ്ഞ കുഞ്ഞിക്കണ്ണൻ വീട്ടിൽ
ഒതുങ്ങികൂടി മര്യാദയോടെ ജീവിച്ചു .

(5) കരിംപറമ്പിൽ ആർച്ച

    കരിംപറമ്പിൽ ആർച്ചയെ കണ്ടു മോഹിച്ച പുതുകോയിലോത്തു തമ്പുരാൻ അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചു. എന്നാൽ ചെത്ത് തൊഴലാളിയായ കണ്ണന്റെ ഭാര്യയാണ് കരിംപറമ്പിൽ ആർച്ച. അതീവ സുന്ദരിയാണവൾ . തന്റെ ആഗ്രഹത്തിന് എതിര് നിന്നാൽ ഭർത്താവിനെ കൊല്ലുമെന്ന് പുതുകോയിലോത്തു തമ്പുരാൻ ഭീഷണിപ്പെടുത്തി. തന്റെ ഭർത്താവിന്റെ ജീവനെയോർത്തു അവൾ തമ്പുരാനു വഴങ്ങി. പുലർച്ചക്കു മടങ്ങും മുൻപ് തമ്പുരാൻ തന്റെ കൈയിലെ കല്ല്വച്ച പോന്മോതിരം അവളുടെ കൈയിൽ അണിയിച്ചു. പ്രതികാര ദുർഗ്ഗയായി മാറിയ ആർച്ച തന്റെ ഭർത്താവിനെ ബ്രാഹ്മണനായി വേഷം കെട്ടിച്ചു. പുതുകോയിലോത്
തമ്പുരാട്ടിയുമൊത്തു രാത്രി കഴിയണമെന്ന് കണ്ണനെ നിർബന്ധിച്ചു .മടങ്ങും മുൻപ് തമ്പുരാൻ തന്റെ കൈയിലണിയിച്ച മോതിരം തമ്പുരാട്ടിയുടെ കൈയിൽ അണിയിക്കണമെന്നും പറഞ്ഞു. അവളുടെ വാക്കുകൾ കണ്ണൻ അതേപടി അനുസരിച്ചു. വിവരമറിഞ്ഞ തമ്പുരാൻ കോപാകുലനായി. കണ്ണനെ
പിടിച്ചുകെട്ടാൻ ആളയച്ചു. കണ്ണനെ പിടിച്ചു കെട്ടുന്നത് കണ്ട ആർച്ച താൻ അവിടെ എത്തിക്കോളാം എന്ന് ഭാവഭേദമില്ലതെ പറഞ്ഞു. കഴുമരത്തിൽ കണ്ണന്റെ കഴുത്തിൽ കയറിടും വേളയിൽ സംഹാര രുദ്രയെ പോൽ ആർച്ച അവിടെ എത്തി.ആദ്യം തെറ്റ് ചെയ്തത് തമ്പുരാനാണെന്നും, തന്നെ പിഴപ്പിച്ച തമ്പുരാൻ ചെയ്‌ത കുറ്റത്തിന് പകരം ചെയ്യുക മാത്രമാണ് കണ്ണൻ ചെയ്തതെന്നും അവൾ ശക്തമായി
വാദിച്ചു കണ്ണനെ കുറ്റവിമുക്തനാക്കി. ഭർത്താവിനോട് അതിരറ്റ സ്നേഹവും വിശ്വാസ്യതയും പുലർത്തുന്ന ഉത്തമ വ്യക്തിത്വത്തിന് ഉടമയാണവൾ .തന്റെ മാനം ഇല്ലാതാക്കിയവരോട് അതെ രീതിയിൽ തന്നെ പകരം വീട്ടിയ അവൾ തന്റേടിയും ബുദ്ധിമതിയുമാണ് എന്നത് നിസ്തർക്കമായ വസ്തുത തന്നെ.പോരാട്ട വീര്യത്തിന്റെ ഒറ്റയാൾ ശബ്ദം അവളിൽ നിറയുമ്പോൾ നാടുവാഴി പോലും തോറ്റു പിൻവാങ്ങുന്നു .

(6)നീലിയം ചുരം വാണ കുഞ്ഞിമാതു

 രണ്ടു കളരിയ്ക്കു ആശാത്തിയാണ് ധീരയായ കുഞ്ഞിമാതു. തനിക്കു വരുന്ന വിവാഹാലോചനകൾ ഒന്നും മനസ്സിന് പിടിക്കാതെ വിവാഹമേ വേണ്ട എന്ന തീരുമാനത്തിൽ പടവെട്ടും കളരിയുമായി കഴിക്കുയായിയുന്നു. അക്കാലത്തു കാവ് പുനതുങ്കു കുഞ്ഞിചന്തു തന്റെ അമ്മയുടെ വാക്കുകൾ കേട്ട് അവരുടെ ചങ്ങായിച്ചിയുടെ മകളായ മാതുവിനെ സ്വന്തമാക്കാൻ ഇറങ്ങിപ്പുറപ്പെട്ടൂ . മാതുവിന്റെ ഭവനത്തിൽ എത്തിയ ചന്തു അവളുടെ അമ്മയുടെ ഉപദേശ പ്രകാരം
മുറിയിൽ ഒളിച്ചിരിക്കുകയും, ഊണ് കഴിഞ്ഞു ഉറങ്ങാൻ കിടന്ന അവളെ ബലമായി തോൽപ്പിച്ച് മയക്കി കൊണ്ട് പോകുകയും ചെയ്തു. വഴിമദ്ധ്യത്തിൽ വച്ച് ബോധം തെളിഞ്ഞ അവൾ ചന്തുവിനോട് അനുരക്തയാകുകയും തനിക് ആദ്യദർശനത്തിൽ തന്നെ ഇഷ്ടമായെന്നും മനപൂർവ്വമാണ് ബോധം പോയപോലെ അഭിനയിച്ചതാണെന്നും തുറന്നു സമ്മതിച്ചു. അവർ യാത്ര തുടർന്ന് താമൂരി കോവിലകത്തിന്റെ മുന്നിലെത്തി. അവിടെ താമരകുളക്കരയിൽ അല്പം വിശ്രമിക്കാം എന്നും അത് പെൺകോന്തനായ ഉണ്ണി നമ്പൂതിരി ഒന്ന് കാണട്ടെ എന്നും അവൾ
പറഞ്ഞു. കുഞ്ഞിമാതുവിൽ ആകൃഷ്ടനായ നമ്പൂതിരി ഇവളെ കൊണ്ട് പോകാൻ ആനയുമായി വരൂ എന്നുപദേശിച്ചു പറഞ്ഞയച്ചു. താൻ ഇവിടെ ഇരുന്നോളാം ധൈര്യമായി പോയി വരൂ എന്ന് പറഞ്ഞവൾ ചന്തുവിനെ അയച്ചു. തന്നെ വശത്തിലാക്കാൻ ശ്രമിച്ച തമ്പുരാനെ അവൾ ശക്തമായി എതിർത്ത്. ബാലമായി തന്റെ കൈയിൽ പിടിച്ചതിനു അയാളെ അവൾ നിലത്തേക്ക് തള്ളിയിട്ടു ആന ചങ്ങല കൊണ്ട് അവരെ കെട്ടിയിടാൻ തമ്പുരാൻ കൽപ്പിച്ചു. മാതുവാകട്ടെ ഒറ്റ മലക്കത്തിന് ആനപ്പുറത്തേറി ആനയുടെ മർമ്മത്തിൽ ചവിട്ടി ആനയെ മെരുക്കി. അവൾ ഉറുമ്മിയൂരി വീശി. തമ്പുരാൻ വിറച്ചു. ആനപ്പുറത്തു തന്നെ മാതുവിനെ തമ്പുരാൻ ഭർത്താവിന്റെ വീട്ടിലേക്ക് പരിവാരങ്ങളുമൊത്ത്‌ അയച്ചു. തമ്പുരാനെ വേണ്ട വിധം ഒരു പാഠം പഠിപ്പിച്ചു. ധീരതയുടെ ആൾരൂപമായ കുഞ്ഞിമാതു സ്ത്രീകൾക്ക്നേരെയുള്ള അതിക്രമത്തിന് ശക്തമായ മറുപടി നൽകി .

(7)കൊടുമല കുങ്കി

  വടകര അടക്കി വാണിരുന്ന ബപ്പനെ കാണാൻ എത്തിയ തച്ചോളി
ചന്തുവും ചാപ്പനും അവിടെ കണ്ട അതിസുന്ദരിയിൽ അനുരക്തരാകുകയും അവൾ ആരെന്നു ബാപ്പനോട് അന്വേഷിക്കുന്നു . ഏഴുമലകൾക്കുടമയായ കൊടുമല വാഴും
കുങ്കിയാണവൾ എന്നവർ തിരിച്ചറിഞ്ഞു .ശ്രീ ഭദ്രകാളിയെ പ്രസാദിപ്പിച്ചവൾ നേടിയെടുത്ത കൊടുവാൾ ഏതു തലയേയും അരിയും വിധം ശക്തമാണ്. ഭൂമിക്കു ചുവടെയും പടവെട്ടുന്ന അവളുടെ ആങ്ങള കുങ്കന് ആയിരത്തൊന്നു പട്ടാളവും അമ്പു ചുട്ടു എയ്യുന്ന അമ്പാടികളും ഓട് ചുട്ടു എയ്യുന്ന അമ്പാടികളുമുണ്ട്. അസ്ത്രാഭ്യാസത്തിൽ മിടുക്കനും ഏഴു കുഞ്ഞുങ്ങൾക്കു അധിപനുമായ ഓലതുളുനാട്ടിൽ കണ്ണനാണ് അവളുടെ ഭർത്താവ്. ചന്തുവിന്റെ വരവ് കണ്ട കുങ്കി അവനിൽ അനുരക്തയായി. തന്നെ പെണ്ണെ എന്ന് അഭിസംബോധന ചെയ്ത ചന്തുവിനോട് അവൾ തർക്കിച്ചു. അവൾ ചന്തുവിന്റെ അടിക്കാൻ ശ്രമിക്കയും, മറുപടിയായി ഉറുമിയുടെ പലക കൊണ്ട് അവളെ തള്ളുകയും ചെയ്തു. വേദന സഹിക്കാനാകാതെ അവൾ മാപ്പിരന്നു. കുങ്കി ചന്തുവിനോപ്പം തച്ചോളി മാണിക്കോത് എത്തി. വിവരമറിഞ്ഞ കുങ്കനും കണ്ണനും പടവെട്ടാനെത്ത . ചന്തു കോമന്റെയും പയ്യമ്പിള്ളി ചന്തുവിന്റെയും സഹായത്തോടെ പടവെട്ടാൻ തുടങ്ങി .കണ്ണൻഅസ്ത്ര പ്രയോഗം ആരംഭിച്ചപ്പോൾ കുങ്കി പുരുഷവേഷത്തിൽ പടയാളി
മുറ്റത്തെത്തി. കുങ്കനെയും കണ്ണനെയും തോൽപ്പിച്ചു. കണ്ണൻ മരിച്ചു വീണു. ചന്തുവിന്റെ സഹോദരി കുങ്കുവിനെ കുങ്കന് വേളി കഴിച്ചു കൊടുത്തു. പോർക്കളത്തിൽ ശക്തരായ രണ്ടു പുരുഷന്മാരെ നിഷ്പ്രയാസം തോൽപ്പിച്ച കുങ്കി അതിരറ്റ പെൺകരുത്തിന്റെ ഉറവിടമാണ് .

(8)പൂമാതൈ പൊന്നമ്മ

  വടക്കൻപാട്ടിലെ രക്തസാക്ഷിയാണ് പൂമാതൈ പൊന്നമ്മ.   പൊന്നമ്മയുടെ മനം മയക്കുന്ന സൗന്ദര്യത്തിലും ഗാനത്തിലും ആകൃഷ്ടനാകുന്ന നാടുവാഴി അവളെ ഭോഗിക്കാൻ ശ്രമിക്കുന്നു. അവൾ വഴങ്ങാത്തതു കൊണ്ട് പൊന്നും പണവും ഭൂമിയും വാഗ്‌ദാനം ചെയ്തു. സ്ത്രീത്വത്തിന്റെ പ്രതീകമായ പൊന്നമ്മ അവയെല്ലാം നിർലോഭം തിരസ്ക്കരിച്ചു നാടുവാഴിയെ ആട്ടിയിറക്കി. കുപിതനായ അയാൾ അവൾക് തൊഴിലവസരങ്ങൾ ഇല്ലാതാക്കി. കൊടിയ പട്ടിണിയിലും തന്റെ മാനത്തെ അവൾ മുറുകെ പിടിച്ചു. നാട്ടിലെ ഒരു സ്ട്രീയുടെ ഒത്താശയോടെ അവൾ കാലിച്ചേര്ക്കാണ്മാർക്കൊപ്പം പിഴച്ചു പുലരുകയാണെന്ന അപവാദം തമ്പുരാൻ പറഞ്ഞു. നാടൊട്ടാകെ അവൾക്കു മേൽ കുറ്റം ആരോപിച്ചു അവളെ കുരുതി കൊടുക്കാൻ തീരുമാനിച്ചു. കുരുതിയുടെ അന്ന് മനം നൊന്തു താൻ പ്രേതമായി പകരം വീട്ടുമെന്ന് നിശ്ചയ ദാർട്യത്തോടെ അവൾ പ്രഖ്യാപിച്ചു. പ്രേതബാധ ഭയന്ന് കുപ്രചരണം നടത്തിയ സ്ത്രീ തന്റെ തെറ്റ് ഏറ്റുപറയുകയും
ശിക്ഷ അനുഭവിക്കുകയും ചെയ്തു. നിരപരാധിത്വം തെളിഞ്ഞിട്ടും തന്റെ ആത്മാഭിമാനത്തിനു മുറിവേറ്റ അവൾ ഒരു നിയോഗം പോലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു .ഇന്നും സവർണരും സമ്പന്നരും അവഗണനയുടെ അഗാധതയിലേക്കു ചവിട്ടി താഴ്ത്താൻശ്രമിക്കുന്ന ദളിത് വിഭാഗത്തിന് സ്ത്രീസ്വത്വ ശക്തിയുടെ പ്രതീകമായി ഉയർത്തിപ്പിടിക്കാവുന്ന വ്യക്തിത്വമാണ് പൂമാതൈ പൊന്നമ്മ .

  ആധുനികോത്തരതയുട സവിശേഷതകൾ ഫോക്‌ലോറിന്റെ രംഗത്ത് പ്രതിഫലിച്ചതിന്റെ ഭാഗമായാണ് സ്ത്രീവാദ പഠനങ്ങൾ വടക്കൻപാട്ടിൽ സാധ്യമായത്. തന്റേടവും അഭിപ്രായ സ്വാതന്ത്ര്യവും ആത്മാഭിമാനവും ഉള്ള സ്ത്രീകൾ പണ്ട് മുതക്ക് തന്നെ തങ്ങളുടെ സ്വത്വം രേഖപ്പെടുത്തി എന്നതിന്റെ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രമാണ് മേല്പറഞ്ഞ സ്ത്രീകൾ. ചരിത്രത്തിന്റെ വഴിത്താരയിൽ അടയാളപ്പെടുത്തേണ്ട പെൺമുഖങ്ങൾ ഇനിയും ബാക്കിയാണ്.