ലക്ഷ്മി

ലക്ഷ്മി
Lekshmi

തെന്നിന്ത്യൻ ചലച്ചിത്ര താരമാണ് ലക്ഷ്മി എന്നറിയപ്പെടുന്ന ലക്ഷ്മി നാരായൺ. തമിഴ് സിനിമയിലൂടെയായിരുന്നു ലക്ഷ്മിയുടെ അഭിനയജീവിതം ആരംഭിയ്ക്കുന്നത്. 1961-ൽ ശ്രീ വള്ളി എന്ന സിനിമയിൽ ബാല നടിയായിട്ടായിരുന്നു അരങ്ങേറ്റം. 1965-ൽ ഭൂമിയിലെ മാലാഖ എന്ന സിനിമയിലൂടെയാണ്  ലക്ഷ്മി മലയാളത്തിലെത്തുന്നത്. 1974-ൽ ചട്ടക്കാരി എന്ന സിനിമയിൽ നായികയായതോടെയാണ്  മലയാളത്തിൽ പ്രശസ്തയാകുന്നത്. ചട്ടക്കാരിയിലെ അഭിനയത്തിന് 1974-ൽ ലക്ഷ്മിയ്ക്ക് കേരള സംസ്ഥാനചലച്ചിത്ര പുരസ്ക്കാരം ലഭിച്ചു. ചട്ടക്കാരി ഹിന്ദിലേയ്ക്ക് ജൂലി എന്ന പേരിലും, തെലുങ്കിലേയ്ക്ക് മിസ്സ് ജൂലി പ്രേമകഥ എന്ന പേരിലും റീമേയ്ക്ക് ചെയ്തു. 

15 വയസ്സുള്ളപ്പോഴാണ് ലക്ഷ്മി അഭിനയം തുടങ്ങിയത്. 1969 ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. 1970 കളിൽ തെന്നിന്ത്യൻ ചിത്രങ്ങളിലെ ഒരു മുൻ നിര നായികയായിരുന്നു ലക്ഷ്മി. മലയാളം കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ, സിനിമകളിലും എഴുപതുകളിൽ പ്രധാന നായികയായിരുന്നു ലക്ഷ്മി.400-ൽ അധികം സിനിമകളിൽ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.1977 ലെ സില നേരങ്ങളിൽ സില മനിതരങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.

1953 ൽ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ലക്ഷ്മി ജനിച്ചത്. യാരാഗുഡിപതി വരദ റാവുവായിരുന്നു പിതാവ്. അമ്മ കുമാരി രുഗ്മിണി തമിഴ് സിനിമാനടിയായിരുന്നു. അച്ഛൻ യാരാഗുഡിപതി വരദ റാവു തെലുങ്കു, തമിഴ്, കന്നഡ സിനിമകളിലെ നിർമ്മതാവും സംവിധായകനും, തിരക്കഥാകൃത്തുമൊക്കെയായിരുന്നു. യാരാഗുഡിപതി വെങ്കട മഹാ ലക്ഷ്മി എന്നായിരുന്നു ലക്ഷ്മിയുടെ യഥാർത്ഥ നാമം. ലക്ഷ്മി മൂന്നു വിവാഹം കഴിച്ചിട്ടുണ്ട്. 1969-ലായിരുന്നു ആദ്യ വിവാഹം ഒരു ഇൻഷൂറൻസ് കമ്പനി ഉദ്യോഗസ്ഥനായിരുന്നു ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ ഒരു മകളാണുള്ളത്. പ്രശസ്ത നടി ഐശ്വര്യ. 1974-ൽ ആ ബന്ധം പിരിഞ്ഞതിനുശേഷം 1975-ൽ മോഹൻ ശർമ്മ എന്ന നടനെ ലക്ഷ്മി വിവാഹം ചെയ്തു. ആ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. പിന്നീട് ലക്ഷ്മി സംവിധായകനും നടനുമായിരുന്ന ശിവചന്ദ്രനെ 1987-ൽ വിവാഹം ചെയ്തു. അവർ ഒരു കുട്ടിയെ ദത്തെടുത്ത് വളർത്തുന്നു. സംയുക്ത എന്നാണ് ആ മകളുടെ പേര്.