മൊബൈൽ ഫോൺ വികിരണത്തെ തടുക്കുന്ന നാനോ സാങ്കേതികവിദ്യയുമായി അജിത
മൊബൈൽ ഫോണുകളിലെ വൈദ്യുതകാന്തിക തരംഗങ്ങളെ തടയാൻ എം.ജി സർവകലാശാല ഗവേഷണത്തിലൂടെ വികസിപ്പിച്ച പോളിമർനാനോ കണങ്ങളുടെ സംയുക്ത പദാർത്ഥത്തിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ്. മഹാത്മാഗാന്ധി സർവകലാശാല ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി വികസിപ്പിച്ച സംയുക്തപദാർത്ഥത്തിനാണ് പേറ്റന്റ് ലഭിച്ചത്. മൊബൈൽ ഫോണിൽ നിലവിൽ ഉപയോഗിക്കുന്ന ലോഹങ്ങൾക്ക് പകരം വിലക്കുറവും ഭാരക്കുറവുമുള്ള പുതിയ പദാർത്ഥം ഉപയോഗിക്കാനാവുന്നത് മൊബൈൽ ഇലക്‌ട്രോണിക്‌സ് രംഗത്ത് വലിയ മാറ്റത്തിന് വഴിവയ്ക്കും.
എംജി സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന ഡോ.എ. ആർ.അജിത ഉൾപ്പെടുന്ന എംജി വാഴ്‌സിറ്റി വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് പേറ്റന്റ് ലഭിച്ചിട്ടുള്ളത്. 2013ലാണ് മൊബൈൽ വികിരണങ്ങൾ തടുക്കാനുള്ള സാങ്കേതികവിദ്യയ്ക്കായി അജിത ഗവേഷണം തുടങ്ങിയത്. മൊബൈൽ ഫോണിൽ നിന്നുള്ള വികിരണങ്ങൾ തടയാനായി ഷീൽഡുകൾ എന്ന നിലയ്ക്ക് സാധാരണ ഗതിയിൽ ഉപയോഗിക്കുന്നത് ലോഹങ്ങളെയാണ്. ഇതിനു പകരം പോളിമർ ഉപയോഗിക്കാമോ എന്നായിരുന്നു അജിതയുടെ പഠനം. പോളിമറുകൾക്ക് ലോഹങ്ങളെ അപേക്ഷിച്ച് വിലയും ഭാരവും കുറവായിരിക്കും.ഇതിനെ അടിസ്ഥാനപ്പെടുത്തി ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചാൽ അതു വാണിജ്യാടിസ്ഥാനത്തിൽ ഗുണകരമായിരിക്കും.ഈ ചിന്തയാണ് പേറ്റന്റിലേക്കു നയിച്ചത്.
വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, ഡയറക്ടർ പ്രൊഫ. നന്ദകുമാർ കളരിക്കൽ, തൊടുപുഴ ന്യൂമാൻ കോളജിലെ അദ്ധ്യാപിക ഡോ.എ.ആർ.അജിത, ഡോ.എം.കെ.അശ്വതി, ഡോ.വി.ജി.ഗീതമ്മ, ഡോ. ലവ്‌ലി പി. മാത്യു എന്നിവർ നടത്തിയ സംയുക്തഗവേഷണത്തിന്റെ ഫലമായാണ് പുതിയ പദാർത്ഥം കണ്ടെത്തിയത്. 2018ലാണ് പേറ്റന്റിനായി സർവകലാശാല കേന്ദ്ര പേറ്റന്റ് ഓഫീസിന് അപേക്ഷ നൽകിയത്. ജനുവരി 15നാണ് പേറ്റന്റ് അനുവദിച്ചത്.
എന്നാൽ ഗവേഷണത്തിന്റെ ആദ്യ നാളുകളിൽ തന്നെ അജിത ഒരു കാര്യം തിരിച്ചറിഞ്ഞു. വികിരണങ്ങളെ തടയാനുള്ള ഉപയോഗത്തിനായി വൈദ്യുതിയെ കടത്തിവിടുന്ന ചാലകശക്തിയുള്ള പോളിമറുകൾ വേണം. എന്നാൽ ഇത്തരം പോളിമറുകൾക്ക് വലിയ ചിലവാണ്. തുടർന്ന് പോളിമറുകളെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നടത്തി. ഇതിനു ശേഷമാണ് പോളിട്രൈമെഥ്ലിൻ ടെറെഫ്താലേറ്റ്, പോളി പ്രൊപ്പിലിൻ എന്നീ ചെലവുകുറഞ്ഞ പോളിമറുകൾ സംയോജിപ്പിച്ച് അവയിലേക്കു കാർബൺ നാനോ ട്യൂബ് നൽകാൻ അജിത തീരുമാനിച്ചത്.
കാർബൺ നാനോട്യൂബുകൾക്ക് ചാലകശേഷി കൂടുതലാണ്. ഇവയെത്തിയതോടെ പോളിമറുകളുടെ ചാലകശേഷിയിൽ വർധന വന്നു. സാധാരണ 20 ഡെസിബെൽ എന്ന അളവിൽ വൈദ്യുത കാന്തിക വികിരണങ്ങൾ കുറയ്ക്കുകയാണ് ഷീൽഡിങ്ങിൽ ആവശ്യം. എന്നാൽ ഇതിന്റെ ഇരട്ടി അളവ് വികിരണങ്ങൾ പുതിയ വസ്തു ഉപയോഗിച്ച് തടയാൻ കഴിയുമെന്ന് അജിത പറയുന്നു. പോളിമർ ആയതിനാൽ ലോഹങ്ങളെപ്പോലെ തുരുമ്പ് പിടിക്കാനും സാധ്യത കുറവാണ്.
അജിതയുടെ ഗൈഡ്, എം.ജി.യിലെ ഡോ.ഗീതമ്മയായിരുന്നു. ഇപ്പോഴത്തെ എംജി വൈസ് ചാൻസലറും പോളിമർ രംഗത്തെ പ്രശസ്ത ഗവേഷകനുമായ ഡോ.സാബു തോമസിന്റെ അകമഴിഞ്ഞ സഹായം അജിതയ്ക്കു ഗുണമായി. കേവലം ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ഒതുക്കാതെ ഗവേഷണം പേറ്റന്റാക്കണമെന്ന് അജിതയോട് ആവശ്യപ്പെട്ടത് ഡോ.സാബു തോമസാണ്. ഒരുപാടു വിദ്യാർഥികൾക്ക് ഗൈഡൻസ് കൊടുക്കേണ്ട തിരക്ക് ഉണ്ടായിട്ടും, തന്റെ ഗവേഷണത്തെ സൂക്ഷ്മമായി വിലയിരുത്തുകയും ഇടപെടലുകൾ നടത്തുകയും ഡോ.സാബു തോമസ് ചെയ്‌തെന്ന് അജിത പറയുന്നു.
എംജിയിലെ ഇന്റർനാഷനൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോടെക്‌നോളജി എന്ന ഗവേഷണകേന്ദ്രത്തിനു കീഴിലായിരുന്നു ഗവേഷണം. ഇവിടത്തെ ഇപ്പോഴത്തെ ഡയറക്ടർ ഡോ.നന്ദകുമാർ കളരിക്കൽ, ഡോ.ലൗലി പി.മാത്യു, ഡോ.എം.കെ.അശ്വതി തുടങ്ങിയവർ ഗവേഷണത്തിന്റെ ഭാഗമായിരുന്നു. നിലവിൽ ഈ പോളിമർ വസ്തുവിനെ മൊബൈലുകളിലും മറ്റും ഉപയോഗിക്കുന്ന രീതിയിൽ മാറ്റിയെടുത്ത് ഉത്പന്നമാക്കാനുള്ള ലക്ഷ്യത്തിലാണ് അജിത.
പൊതുവേ സമൂഹത്തിൽ പുരുഷൻമാരെ അപേക്ഷിച്ചു പിഎച്ച്ഡി ഗവേഷണത്തിലും മറ്റും വിവാഹിതരായ സ്ത്രീകൾക്കു സമ്മർദ്ദം കൂടുതലാണെന്ന് അജിത പറയുന്നു. ഗവേഷണത്തിനൊപ്പം തന്നെ കുട്ടികളെ നോക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കൊണ്ടുപോകേണ്ടതിനാലാണിത്.ഇപ്പോഴും പഠിക്കുകയാണോ എന്ന നാട്ടുകാരുടെ ചോദ്യം വേറെ. എന്നാൽ സ്വന്തം കുടുംബത്തിൽ നിന്നും ഭർത്താവിന്റെ കുടുംബത്തിൽ നിന്നും പിന്തുണ ലഭിച്ചതിനാൽ ഈ പ്രശ്‌നം തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നില്ലെന്നും അജിത പറയുന്നു.