ടി. എ. സരസ്വതിയമ്മ

ടി. എ. സരസ്വതിയമ്മയെന്ന തെക്കേത്ത് അമയോങ്കത്ത് കാലം സരസ്വതിയമ്മ. 1918ൽ ജനിച്ച സരസ്വതിയമ്മ ഗണിത ശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും അടിസ്ഥാന ഡിഗ്രി എടുത്ത ശേഷം ഉപരി പഠനത്തിനായി ബനാറസ് ഹിന്ദുസർവകലാശാലയിലാണ് എത്തിച്ചേർന്നത്. തുടർന്ന് ബീഹാർ സർവകലാശാലയിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ എം.എ . ഡിഗ്രി നേടിയ ശേഷം  മദ്രാസ് സർവകലാശാലയിൽ, ഇന്ത്യൻ സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധിയായി ഗണിതശാസ്ത്രത്തിൽ ഉപരിപഠനം നടത്തി.

Geometry in Ancient and Medieval India എന്ന പുസ്തകം രചിച്ച സരസ്വതിയമ്മ ഗണിതശാസ്ത്രത്തിലെ പ്രഗത്ഭയായ ശാസ്ത്രജ്ഞയായിരുന്നുവെന്നാണ്  അന്താരാഷ്ട്ര ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുള്ളത്. പ്രാചീന മധ്യകാല ഭാരതത്തിലെ ക്ഷേത്ര ഗണിത ധാരണകളെയും സിദ്ധാന്തങ്ങളെയും കുറിച്ച്‌ കൂലംകഷമായി ചർച്ച ചെയ്യുന്ന ഒരു കൃതിയായി ആഗോളതലത്തിൽ തന്നെ ഗണിതശാസ്ത്രജ്ഞർ ഇതിനെ വിലയിരുത്തിയിട്ടുണ്ട്. ഇന്ത്യൻ ക്ഷേത്രഗണിതത്തെ കുറിച്ചുള്ള പഠനത്തിനു ശക്തമായ അടിത്തറ പാകിയ ഒരു രചനയായി ഡോ. മിച്ചിയോ യാനോ ഇതിനെ റിവ്യൂ ചെയ്യുന്നു. ഡേവിഡ് മംഫോർഡിന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ഗണിതശാസ്ത്രത്തെ കുറിച്ചുള്ള അപൂർവമായ സമഗ്രപഠനങ്ങളിൽ ഒന്നാണ് സരസ്വതിഅമ്മയുടെ പുസ്തകം. 


വേദകാലം മുതൽ പതിനേഴാം നൂറ്റാണ്ടുവരേയുള്ള കാലഘട്ടത്തിലെ വികാസങ്ങളെ നിരീക്ഷിച്ചുകൊണ്ടു എഴുതപ്പെട്ട ഈ പുസ്‌തകത്തിലെ ഉള്ളടക്കത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ, ജൈനസംഭാവനകൾക്കും പ്രാധാന്യം കൊടുത്തിട്ടുണ്ടെന്നു കാണാം. ശ്രീ കേരളവർമ കോളേജ്, മഹാരാജാസ് കോളേജ്, റാഞ്ചിയിലെ വിമൻസ് കോളേജ് എന്നീ കലാലയങ്ങളായിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നു.

ജാർഖണ്ഡിലെ ധൻബാദിൽ, 1973 തുടങ്ങി 1980 വരെ ശ്രീശ്രീ നാരായൺ ട്രൂസ്റ്റിന്റെ മഹിളാ മഹാവിദ്യാലയത്തിന്റെ പ്രിൻസിപാളായിരുന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷം ഒറ്റപ്പാലത്തേക്കു മടങ്ങിയ അവർ 2000ത്തിൽ ജീവിതത്തിൽ നിന്നും വിടവാങ്ങി.