മെറ്റിൽഡാ ഇഫക്റ്റും ശാസ്ത്രരംഗത്തെ വനിതകളും

മെറ്റിൽഡാ ഇഫക്റ്റ്

 

ശാസ്ത്രരംഗത്ത് കഴിവുകളുണ്ടായിട്ടും വനിതകളായതിനാൽ മാത്രം രണ്ടാംകിടക്കാരായി പോകേണ്ടി വരുന്ന അവസ്ഥയെയാണ് മെറ്റിൽഡാ ഇഫക്റ്റ് എന്നറിയപ്പെടുന്നത്.ഇന്ന് ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെ വനിതാ പ്രാതിനിധ്യം 30 ശതമാനത്തിലും താഴെയാണ്. ശാസ്ത്രരംഗത്തെ സ്ത്രീപങ്കാളിത്തം കുറയുന്നതിനുള്ള പല കാരണങ്ങളിൽ ഒന്നാണ് മെറ്റിൽഡാ ഇഫക്റ്റ്.പുരുഷൻമാർക്കൊപ്പമോ, തനിച്ചോ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന വനിതകൾക്ക് ന്യായമായും ലഭിക്കേണ്ട അംഗീകാരങ്ങൾ ലഭിക്കാതിരിക്കുകയും  അതേസമയം തങ്ങളുടെ സഹപ്രവർത്തകരോ മറ്റു സ്ഥാപനങ്ങളിൽ ഇതേ വിഷയത്തിൽ ഗവേഷണം നടത്തുന്നവരോ ആയ പുരുഷൻമാർക്ക് അർഹതയിലും കവിഞ്ഞ അംഗീകാരവും അവാർഡുകളും ലഭിക്കുകയും ചെയ്യുന്ന സങ്കടകരമായ സ്ഥിതിവിശേഷം.അമേരിക്കയിൽ അടിമത്തത്തിനെതിരായും സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടിയും വാദിച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകയായിരുന്ന മെറ്റിൽഡാ ജോസിലിൻ ഗേജ് (Matilda Joslyn Gage) (1826- 98) ആണ് ആദ്യമായി ഈ അനീതിക്കെതിരെ ശബ്ദമുയർത്തിയത്. 1883ൽ നോർത്ത് അമേരിക്കൻ ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ട  “കണ്ടുപിടുത്തക്കാരായ സ്ത്രീകൾ” (Woman as Inventor) എന്ന ലേഖനത്തിലൂടെ നിരവധി ഉദാഹരണങ്ങൾ സഹിതം ഇക്കാര്യം അവർ സ്ഥാപിക്കുകയുണ്ടായി. അന്ന് വേണ്ടത്ര ചർച്ച ചെയ്യപ്പെടാതേ പോയ ഈ കാര്യങ്ങൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത് 1993 ലാണ്.

ശാസ്ത്രചരിത്രകാരിയായ മാർഗരറ്റ് ഡബ്ല്യൂ റോസിറ്റർ (Margaret W. Rossiter) ഈ ദുരവസ്ഥയെ “മെറ്റിൽഡാ ഇഫക്റ്റ്“ എന്നു വിളിക്കുകയും ഇതിനെതിരായി പ്രതികരിക്കാൻ ശാസ്ത്രസമൂഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതേത്തുടർന്ന് പല രാജ്യങ്ങളിലായി ശാസ്ത്രരംഗത്തെ സ്ത്രീവിവേചനങ്ങൾ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടക്കുകയുമുണ്ടായി. ശാസ്ത്രലോകത്ത് അറിയപ്പെടുന്നവരായ ശാസ്ത്രകാരികളുടെ അനുഭവങ്ങളാണ് മാർഗരറ്റ് ഡബ്ല്യൂ റോസിറ്റർ തന്റെ വാദത്തിനു പിൻബലമായി ഉയർത്തിക്കാണിച്ചത്.

ശാസ്ത്രലോകത്ത് അറിയപ്പെടുന്നവരായ ശാസ്ത്രകാരികളുടെ അനുഭവങ്ങളാണ് മാർഗരറ്റ് ഡബ്ല്യൂ റോസിറ്റർ തന്റെ വാദത്തിനു പിൻബലമായി ഉയർത്തിക്കാണിച്ചത്. മെറ്റിൽഡാ ഇഫക്റ്റിന് ഇരയായി അർഹതപ്പെട്ട പരിഗണനയും ബഹുമതികളും ലഭിക്കാതെ പോയവരിൽ ചിലർ താഴെപ്പറയുന്നവരാണ്.


1. ട്രോടുല. Trotula (Trota of Salerno, 12th century).

 ഇറ്റലിയിലെ വൈദ്യശാസ്ത്ര നിപുണയായിരുന്നു ട്രോടുല. സ്ത്രീകളുടെ ആരോഗ്യം, ചികിത്സ,സൌന്ദര്യവർധക വസ്തുക്കൾ എന്നിവയെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ അവരെഴുതിയതാണെന്ന് കരുതപ്പെടുന്നു. എന്നാൽ മരണശേഷം അവരുടെ കൃതികളെല്ലാം അവരുടെ ഭർത്താവിന്റെയും മകന്റെയും പേരിലാണ് അറിയപ്പെട്ടത്.


2.  നെറ്റി സ്റ്റീവൻസ് Nettie Stevens (1861–1912) മനുഷ്യനും മറ്റു സസ്തനികളും ചില വണ്ടുകളും പാമ്പുകളുമൊക്കെ ഇണചേർന്ന്  ഉണ്ടാകുന്ന കുഞ്ഞുങ്ങളിൽ ആൺ പെൺ വ്യത്യാസം ഉണ്ടാകുന്നത് XX, XY ക്രോമസോമുകളുടെ കൂടിച്ചേരലിന്റെ ഫലമായാണെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞയായിരുന്നു നെറ്റി സ്റ്റീവൻസ്. എന്നാൽ തോമസ് ഹണ്ട് മോർഗൻ എന്ന ജനിതക ശാസ്ത്രജ്ഞന്റെ പേരിലാണ്   പുരുഷനിൽ നിന്നുള്ള Xഅല്ലെങ്കിൽY ക്രോമസോമുകളാണ് കുഞ്ഞുങ്ങളുടെ ലിംഗനിർണ്ണയത്തിൽ നിർണ്ണായകമാകുന്നതെന്ന കണ്ടുപിടുത്തം അറിയപ്പെട്ടത്.

3. മേരി വിറ്റൺ കാൽക്കിൻസ് Mary Whiton Calkins (1863–1930) അമേരിക്കൻ മനശാസ്ത്രജ്ഞയും തത്വശാസ്ത്രജ്ഞയുമായിരുന്ന കാൽക്കിൻസ് രൂപപ്പെടുത്തിയ സങ്കേതമാണ് Paired – Associates Learning എന്നത്. അക്ഷരങ്ങളോ വാക്കുകളോ മറ്റേതെങ്കിലും കാര്യങ്ങളോ പഠിക്കുന്നത് എളുപ്പമാക്കാനായി മറ്റൊരു കാര്യവുമായി ചേർത്ത് ഓർമിക്കുകയും പിന്നീട് ഏതെങ്കിലും ഒരു കാര്യം കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ അതിന്റെ ബാക്കി ഓർമ വരികയും ചെയ്യുമെന്നതാണ് ഇതിന്റെ ചുരുക്കം. ഈ സങ്കേതം ഉപയോഗിച്ച് പിന്നീട് ഗവേഷണം നടത്തി ശ്രദ്ധേയരായ ജോർജ് എലിയാസ് മുള്ളർ, എഡ്വാർഡ്. ബി. ടിച്ച്നെർ എന്നിവരാകട്ടെ കാൽക്കിൻസിന്റെ പേര് പരാമർശിച്ചതേയില്ല.

4. ഗെർട്ടി തെരേസാ കോരി Gerty Cori (1896–1957) പ്രമുഖ ജൈവശാസ്ത്രജ്ഞയും  വൈദ്യശാസ്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം നേടിയ വനിതയുമാണ് ഗെർട്ടി കോറി. ഗ്ലൈക്കോജൻ മെറ്റബോളിസത്തെക്കുറിച്ചുള്ള കണ്ടെത്തലിന് ഭർത്താവായ കാൾ ഫെർഡിനാന്റ് കോറിക്കും ബെർണാഡോ ഹൌസേയ്ക്കുമൊപ്പമാണ്  ഈ ബഹുമതി ലഭിച്ചത്. ഭർത്താവുമൊന്നിച്ച് ഒരേ ലബോറട്ടറിയിൽ ഗവേഷണം നടത്തുമ്പോഴും കുറഞ്ഞ ശമ്പളവും പദവിയും മാത്രമേ ഗെർട്ടിക്ക് ലഭിച്ചുള്ളൂ. മാത്രമല്ല, ഗെർട്ടിയെ പഠനത്തിൽ പങ്കാളിയാക്കരുതെന്നും സ്ഥാപന മേധാവികൾ നിർദ്ദേശിക്കുകയുണ്ടായി.

5. റോസലിന്റ് എൽസി ഫ്രാങ്ക്ളിൻ Rosalind Franklin (1920–58) ഡിഎൻഎ, ആർഎൻഎ എന്നിവയുടെയും പല വൈറസുകളുടെയും തന്മാത്രാഘടന നിർണ്ണയം നടത്തുന്നതിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞയാണ് റോസിലിന്റ്. റോസലിന്റിന്റെ എക്സ്റേ ഡിഫ്രാക്ഷൻ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് വാട്സൺ, ക്രിക്ക് എന്നീ ശാസ്ത്രജ്ഞർ ഡിഎൻഎ ഇരട്ട ഹെലിക്സാണെന്ന നിഗമനത്തിലെത്തിയത്. റോസിലിന്റ് ഫ്രാങ്ക്ളിന്റെ സംഭാവനകൾ മറച്ചുവെക്കപ്പെടുകയും  ഈ കണ്ടുപിടുത്തത്തിന് വിൽക്കിൻസിനോടൊപ്പം വാട്സണും ക്രിക്കും നൊബേൽ സമ്മാനിതരാവുകയുമുണ്ടായി. റോസലിന്റിന്റെ മരണത്തിനു ശേഷം 1962ൽ പ്രസിദ്ധീകൃതമായ ഡബിൾ ഹെലിക്സ് എന്ന പുസ്തകത്തിൽ വാട്സൺ അവരുടെ സംഭാവനകളെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി.

6. ലിസെ മെയ്റ്റ്നെർ Lise Meitner (1878- 1968) ആദ്യമായി അണുവിഘടനം കണ്ടുപിടിച്ച ഓട്ടോഹാന്റെ സംഘത്തിലെ അംഗമായിരുന്നു.  ഓട്ടോഹാനും ഫ്രീക്സ് സ്ട്രെസ്മാനും നൊബേൽ സമ്മാനം ലഭിച്ചപ്പോൾ മെയ്റ്റ്നെറെ അവഗണിച്ചു. വ്യക്തിപരമായ പരിഗണനകൾ കഴിവിനെ അപ്രസക്തമാക്കിയ ശാസ്ത്രലോകത്തെ അപൂർവ അവസരമായി ഫിസിക്സ് ടുഡെ 1997ൽ ഇതിനെ വിലയിരുത്തുകയുണ്ടായി.

7. മാർത്തെ ഗോടിയർ Marthe Gautier (born 1925) ഡൌൺ സിൻഡ്രോം എന്ന ജനിതക രോഗത്തിന്റെ കാരണം ക്രോമസോം തകരാറാണെന്ന് (Chromosomal trisomy)കണ്ടുപിടിച്ച ശാസ്ത്രജ്ഞയാണ് മാർത്തെ ഗോടിയർ. എന്നാൽ സമാന ഗവേഷണങ്ങൾ നടത്തിയിരുന്ന ജെറോം ലെജ്യൂൻ  Jérôme Lejeune എന്ന ഫ്രെഞ്ച് ശാസ്ത്രജ്ഞന്റെ പേരിലായിരുന്നു ഈ കണ്ടുപിടുത്തം അറിയപ്പെട്ടിരുന്നത്.

8. മറിയൻ ഡയമണ്ട്.   Marian Diamond (born 1926), കാലിഫോർണിയ സർവകലാശാലയിൽ നാഡീശാസ്ത്ര വിഭാഗത്തിലെ ഗവേഷകയായ ഡയമണ്ട് തലച്ചോറിന്റെ വഴക്കത്തെക്കുറിച്ച് (brain plasticity) പഠിക്കുകയും ഗവേഷണ പ്രബന്ധം പ്രസിദ്ധീകരണത്തിനു നൽകുകയും ചെയ്തപ്പോളാണ് തന്റെ സഹപ്രവർത്തകരുടെ പേരിൽ – മൂന്നാമത്തെ ആളായി ഡയമണ്ടിന്റെ പേരും ചേർത്ത് –  പ്രസിദ്ധീകരിക്കപ്പെടുന്നതായി അറിയുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ഡയമണ്ടിന്റെ പേരിൽത്തന്നെ പ്രബന്ധം പ്രസിദ്ധീകരിക്കുകയുമുണ്ടായി.

കടപ്പാട് - ലൂക്ക ഓൺലൈൻ മാ​ഗസിൻ

References

References

1. ശാസ്ത്രരംഗത്തെ വനിതകളും മെറ്റിൽഡാ ഇഫക്റ്റും -ടി വി നാരായണന്‍