വീട്ടമ്മമാരും സാമ്പത്തിക മേഖലയും

പണ്ടുകാലം മുതൽക്കേ തന്നെ വീട് പരിപാലിക്കേണ്ട ചുമതല സ്ത്രീക്കും ഉപജീവനമാർഗം ചെയ്യേണ്ടത് പുരുഷനുമാണെന്നത് സ്ത്രീക്കും പുരുഷനും ചാർത്തിക്കൊടുക്കപ്പെട്ട ചുമതലകൾ ആണ്. കുടുംബത്തെ നിയന്ത്രിക്കുക, മക്കളെ പരിപാലിക്കുക, പഠിപ്പിക്കുക, ഭക്ഷണം പാചകം ചെയ്യുക, സംഭരിക്കുക,സാധനങ്ങൾ വാങ്ങുക വീട് വൃത്തിയാക്കുക തുടങ്ങിയ എല്ലാ ജോലികളും വീട്ടമ്മമാരാണ് കാലാകാലങ്ങളായി ചെയ്തുവരുന്നത്. തങ്ങളുടെ സ്വപ്നങ്ങളും മോഹങ്ങളും വീടിന്റെ നാല് ചുമർക്കെട്ടിനുള്ളിൽ ഒതുക്കി അവർ ജീവിച്ചു. സാധാരണഗതിയിൽ, അമ്മമാർ, പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ളവർ വീട്ടിൽ ധാരാളം സമയം ചെലവഴിക്കാൻ ബാധ്യസ്ഥരാണ്, ശിശു പരിപാലന ജോലികളിൽ മാത്രമല്ല എല്ലാത്തിനും അമ്മയുടെ മേൽനോട്ടം അത്യാവശ്യമാണ്. കൊച്ചുകുട്ടികളെ പരിപാലിക്കേണ്ട ഉത്തരവാദിത്തം കാരണം പല സ്ത്രീകളും വീട്ടമ്മമാരായി ഒതുങ്ങുന്നു. ഒരു സ്ത്രീയുടെ സാമ്പത്തികമായി ഏറ്റവും ഉൽ‌പാദനക്ഷമതയുള്ള സമയത്തിന്റെ പ്രധാന ഭാഗം ശിശു ജനനവും ശിശു പരിപാലനവും കാരണം നഷ്ടപ്പെടുന്നു. എന്നാൽ ഇന്ന് സ്ത്രീകൾ കൂടുതലായി വീടുകളിൽ നിന്നും തൊഴിൽ അന്തരീക്ഷത്തിലേക്ക് മാറുകയാണ്. സ്ത്രീകൾ തങ്ങളുടെ വീടിനു പുറത്തിറങ്ങി തൊഴിൽ ചെയ്യാൻ തുടങ്ങിയപ്പോൾ അവർക്ക് ചുമതലകൾ ഇരട്ടിയായി. വീട്ടുജോലിയും തൊഴിലും ഒന്നിച്ചു കൊണ്ട് പോകേണ്ടി വന്നു. അതിരാവിലെ എഴുന്നേറ്റു ഭക്ഷണമുണ്ടാക്കി, മക്കളെ നോക്കി, അവരെ പഠിക്കാൻ പറഞ്ഞു വിട്ടു, ഭർത്താവിനെ ജോലിക്ക് പറഞ്ഞു വിട്ടിട്ട് വിശ്രമിക്കാൻ കുറച്ചു പോലും സമയം കിട്ടാതെ അവർ തൊഴിലിടങ്ങളിലേക്ക് കടന്നു പോകുന്നു. അവടെ നിന്ന് തിരിച്ചു വീട്ടിലെത്തിയാൽ വീണ്ടും വീട്ടുകാര്യങ്ങളിൽ ഏർപ്പെടുന്നു. ഇങ്ങനെ പോകുന്നു തൊഴിൽ ചെയ്യുന്ന വീട്ടമ്മയുടെ ദിനചര്യ.

ഒരു വീട്ടമ്മയുടെ ജോലികൾ ആർക്കും തന്നെ അളന്നു തിട്ടപ്പെടുത്താൻ പറ്റുന്ന ഒന്നല്ല. ശമ്പളം ലഭിക്കാതെയുള്ള ശാരീരികവും മാനസികവുമായ   അധ്വാനമാണ് ഓരോ വീട്ടമ്മമാരും തങ്ങളുടെ വീടുകളിൽ ചെയ്യുന്നത്. അതിനാൽത്തന്നെ ഓരോ വീട്ടമ്മമാരും ദിവസവും അസമമായ ഭാരം വഹിക്കുന്നുണ്ട്. ശമ്പളം ലഭിക്കാത്ത ഗാർഹിക ജോലി സാമ്പത്തിക രംഗത്തെ വളരെ പ്രധാനപ്പെട്ട ഒരു വശമാണ് എന്നത് ഇന്ന് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്, എന്നിട്ടും  ഇത്തരം ജോലി പൊതുവെ സാമ്പത്തിക വിശകലനത്തിൽ നിന്നും അവഗണിക്കുന്നു. അതിനു കാരണം എന്നത് മൂല്യനിർണ്ണയത്തിലെ ബുദ്ധിമുട്ടുകൾ, ഇത്തരം ഉൽ‌പ്പന്നങ്ങളും സേവനങ്ങളും മാർ‌ക്കറ്റിൽ‌ ട്രേഡ് ചെയ്യപ്പെടുന്നില്ല എന്നതൊക്കെയാണെങ്കിലും  മൂലകാരണം എന്നത് ഇതിനെ സ്ത്രീകളുടെ ജോലി എന്ന് കണക്കാക്കപ്പെടുന്നു എന്നതുകൊണ്ടാണ്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതലും സ്ത്രീകളാണ് ശമ്പളം ലഭിക്കാത്ത ഗാർഹിക ജോലിയിൽ ഏർപ്പെടുന്നത്. ഗാർഹിക ജോലിയിലെ  ഈ അസമമായ ലിംഗഭേദം യുഎൻ (2013) സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനവും അവരുടെ ശാക്തീകരണത്തിനും സാമ്പത്തിക പുരോഗതിക്കും ഗുരുതരമായ തടസ്സം സൃഷ്ടിക്കുന്നതായി അംഗീകരിക്കുന്നു.  ഇന്ത്യൻ പശ്ചാത്തലത്തിൽ വീട്ടമ്മമാരുടെ ശമ്പളമില്ലാത്ത ജോലി പ്രത്യേകിച്ചും പ്രസക്തമാണ്, കാരണം കഴിഞ്ഞ ദശകത്തിൽ സ്ത്രീകളുടെ തൊഴിൽ സേനയുടെ പങ്കാളിത്തം കുറഞ്ഞു വരുന്നു.142 രാജ്യങ്ങളിൽ നടത്തിയ 2014 ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡെക്സ് അനുസരിച്ച്, പ്രതിദിനം ശരാശരി മിനിറ്റുകൾക്ക് ശമ്പളമില്ലാത്ത ജോലികൾക്കായി ചെലവഴിക്കുന്നത്തിൽ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഏറ്റവും ഉയർന്ന വ്യത്യാസം (300 മിനിറ്റുകൾ) ഇന്ത്യയിലാണ്. വീട്ടമ്മമാരുടെ ശമ്പളമില്ലാത്ത തൊഴിൽ, തൊഴിൽ ശക്തിയിൽ കണക്കാക്കുന്നില്ലെങ്കിലും, ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്.

ശമ്പളം ലഭിക്കാത്ത ഗാർഹിക ജോലി ലേബർ സ്റ്റാറ്റിസ്റ്റിക്സ് 19-ാം പ്രമേയം 1-ൽ നിർവചിച്ചിരിക്കുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവ 

  •  ഭക്ഷണം തയ്യാറാക്കുകയും വിളമ്പുകയും ചെയ്യുക.
  • കുട്ടികളെയും മുതിർന്നവരെയും പരിപാലിക്കുക. 
  • സ്വന്തം വാസസ്ഥലത്തിന്റെ വൃത്തിയാക്കലും പരിപാലനവും.

ശമ്പളം ലഭിക്കാത്ത ഗാർഹിക ജോലി എന്തുകൊണ്ട് പ്രധാനമാണ്?

  •  സമ്പദ്‌വ്യവസ്ഥയുടെ പരമ്പരാഗത നടപടികളിൽ (ജിഡിപി),  ഈ ജോലിയെ അവഗണിക്കുന്നു. 
  •  സമ്പദ്‌വ്യവസ്ഥയുടെ വിജയകരമായ പ്രവർത്തനത്തിൽ, സമൂഹവും ഒരു പ്രധാന സംഭാവന വഹിക്കുന്നു.
  •  ജോലിയുടെ ലിംഗപരമായ വിഭജനം പരിശോധിക്കുന്നതിൽ പ്രധാനമാണ്.

പ്രത്യേക ജോലികള്‍ ചെയ്യുന്ന സ്ത്രീകളുടെ ശതമാനം (വീട്ട് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 5 വയസ്സിനുമുകളിലുള്ളവര്‍)

household job



(ഉറവിടം:എന്‍.എസ്.എസ്.ഒ റൌണ്ട് 68-വീട്ടുജോലികള്‍ ഉള്‍പ്പെടെ പ്രത്യേക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍- റിപ്പോര്‍ട്ട് നമ്പര്‍ 559)

വീട്ടുജോലികൾ ചെയ്യുന്ന സ്ത്രീകളുടെ വിവരങ്ങളാണ് ഗ്രാഫിൽ നൽകിയിരിക്കുന്നത്. അഖിലേന്ത്യ തലത്തിലും കേരളത്തിലും വീട്ടുജോലികൾ ചെയ്യുന്ന സ്ത്രീകളുടെ ശതമാനം ഏറ്റവും കൂടുതൽ ഉള്ളത് ഗ്രാമ പ്രദേശങ്ങളിലാണ്. നഗര മേഖലയിലെ സ്ത്രീകൾ കൂടുതലും തയ്യൽ, കുട്ടികളെ പഠിപ്പിക്കുക തുടങ്ങിയ ജോലികളിൽ ഏർപ്പെടുമ്പോൾ ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകൾ വിറക്, പശുവിനു തീറ്റ ശേഖരിക്കൽ, ചാണകപ്പൊടി തയാറാക്കൽ, പുറത്തു നിന്ന് വെള്ളം കൊണ്ട് വരിക തുടങ്ങിയ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു. 

വീട്ടമ്മമാരുടെ സാമ്പത്തിക പ്രവർത്തനങ്ങൾ

economic activities of housewife

 

1993 -94 ലെയും 2011 -12 ലെയും വീട്ടമ്മമാരുടെ സാമ്പത്തിക പ്രവർത്തനങ്ങൾ ആണ് പട്ടികയിൽ തന്നിരിക്കുന്നത്. 63.7 ശതമാനമായിരുന്ന വീട്ടമ്മമാരുടെ സാമ്പത്തിക പ്രവർത്തനങ്ങൾ 2011 -12 ആയപ്പോൾ 55.3  ശതമാനമായി  കുറഞ്ഞു. ഇതേ അവസ്ഥ കേരളത്തിലും കാണാം. 57.3 ശതമാനമായിരുന്ന വീട്ടമ്മമാരുടെ സാമ്പത്തിക പ്രവർത്തനങ്ങൾ 2011 -12 ആയപ്പോൾ 38.4 ആയി കുറഞ്ഞു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഉള്ള വീട്ടമ്മമാരുടെ സാമ്പത്തിക പ്രവർത്തനങ്ങൾ കുറഞ്ഞു വരുന്ന പ്രവണത അത്യന്തം നിരാശാജനകം ആണ്. 

വീട്ടമ്മമാരുടെ തൊഴിലാളി ജനസംഖ്യ അനുപാതം

wpr of house  wife

വീട്ടമ്മമാരുടെ തൊഴിലാളി ജനസംഖ്യ അനുപാതം ആണ് ഗ്രാഫിൽ കാണാൻ കഴിയുന്നത്. 1000 സ്ത്രീകളെ കണക്കാക്കുമ്പോൾ അതിൽ വെറും 163 സ്ത്രീകൾ മാത്രമാണ് 2011 -12 ഇൽ കേരളത്തിൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത് എന്നാൽ 1993 -94 ഇൽ ഇത് 247  സ്ത്രീകൾ ആയിരുന്നു. അഖിലേന്ത്യ തലത്തിൽ നോക്കുമ്പോൾ 242 ആണ്. ദേശീയ ശരാശരിയേക്കാൾ വളരെക്കുറവാണ് കേരളത്തിലെ വീട്ടമ്മമാരുടെ തൊഴിലാളി ജനസംഖ്യ അനുപാതം. എന്നാൽ വിദ്യാഭ്യസ നിലാവാരത്തിൽ നമ്മുടെ സ്ത്രീകൾ ഒട്ടും പിന്നിലല്ലതാനും. കേരളത്തിലെ വീട്ടമ്മമാരുടെ കുറഞ്ഞു വരുന്ന തൊഴിൽ പങ്കാളിത്തം ഒരു ശുഭകരമായ സൂചനയല്ല നമുക്ക് തരുന്നത്. ഇതിനുള്ള കാര്യങ്ങൾ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയേറെയാണ്. 

ദിനം തോറും  സാങ്കേതികപരമായും സാമൂഹികപരമായും വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ സ്ത്രീകൾ വിവാഹശേഷം തൊഴിൽ വിപണിയിൽ നിന്ന് അപ്രത്യക്ഷമാകുന്നത് എന്തുകൊണ്ട്"?

References

References
  • Economic Review (2016),  Kerala State Planning Board, Govt. of Kerala.
  • Ritu Dewan, INVISIBLE WORK INVISIBLE WORKERS The Sub-Economies of Unpaid Work and Paid Work Action Research on Women’s Unpaid Labou