തൊഴിലും അധ്വാനവും

എന്താണ് തൊഴിലും അധ്വാനവും

ഒരു സമ്പദ്‌വ്യവസ്ഥയിൽ ചരക്കുകളും സേവനങ്ങളും ഉൽ‌പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ പരിശ്രമത്തിന്റെ അളവാണ് അധ്വാനം എന്നുപറയുന്നത്. അസംസ്കൃത വസ്തുക്കളെ  ഉൽപ്പന്നങ്ങളും സേവനവുമാക്കി  മാറ്റുന്നതിന് ആവശ്യമായ വൈദഗ്ദ്ധ്യം, മനുഷ്യശക്തി എന്നിവ പ്രധാനം ചെയ്യുന്നതാണ് അധ്വാനം. അധ്വാനത്തിന് പകരമായി, തൊഴിലാളികൾക്ക് സ്വയം ഉത്പാദിപ്പിക്കാത്ത ചരക്കുകളും സേവനങ്ങളും വാങ്ങുന്നതിന് വേതനം ലഭിക്കുന്നു. എന്നാൽ പലർക്കും ജീവിത വേതനം പോലും ലഭിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്. ജീവിതച്ചെലവ് നികത്താൻ തങ്ങളുടെ തൊഴിലാളികൾ മതിയായ വരുമാനം നേടുന്നുവെന്ന് ഉറപ്പാക്കാൻ പല രാജ്യങ്ങൾക്കും നിശ്ചിത നിരക്കിൽ ഉള്ള കുറഞ്ഞ വേതനം ഉണ്ട്. എല്ലാ അംഗങ്ങളും അവരുടെ മികച്ച കഴിവുകൾ ഉപയോഗിച്ച് ജോലിയിൽ പ്രവർത്തിക്കുമ്പോൾ സമ്പദ്‌വ്യവസ്ഥ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഉൽ‌പാദിപ്പിക്കുന്ന ജോലിയുടെ മൂല്യത്തിനനുസരിച്ച് പ്രതിഫലം ലഭിക്കുമ്പോൾ അധ്വാനം എന്ന പ്രക്രിയ പൂർണമാകുന്നു. 

തൊഴിലിനെക്കുറിച്ചുള്ള പ്രധാന വസ്തുതകൾ ഇവയാണ്:

*വരുമാനം ലഭിക്കുന്ന മാനുഷികാധ്വാനം മാത്രമേ തൊഴിലിനു കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ..
*ധനപരമായ പ്രതിഫലത്തിനായി ഏറ്റെടുക്കുന്ന ശാരീരികവും മാനസികവുമായ ചില ജോലികൾ തൊഴിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
*വിനോദത്തിനായോ ആത്മസംതൃപ്തിക്കായോ ചെയ്യുന്ന ഏതൊരു ജോലിയും തൊഴിലായി കണക്കാക്കാറില്ല. 

തൊഴിൽ പലവിധം

1) ശാരീരികവും മാനസികവുമായ തൊഴിൽ :


ശാരീരിക അധ്വാനവും ശാരീരികബലവും കൂടുതൽ വേണ്ടിവരുന്നതുമായ ജോലികളെ ശാരീരിക അധ്വാനം എന്ന് വിളിക്കുന്നു. ഉദാഹരണം: ഉന്തുവണ്ടി വലിക്കുന്നവർ, ചുമട് എടുക്കുന്നവർ, ഫാക്ടറിയിൽ പണിയെടുക്കുന്നവർ തുടങ്ങിയവർ. ശാരീരിക അധ്വാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ബുദ്ധി  പ്രയോഗിക്കുന്നതോ മാനസിക തളർച്ച കൂടുതലോ ആയിട്ടുള്ള  തൊഴിലിനെ   മാനസിക അധ്വാനം എന്ന് പാറയുന്നു. അധ്യാപകർ, ഡോക്ടർമാർ, വക്കിലന്മാർ തുടങ്ങിയവർ  മാനസിക അധ്വാന വിഭാഗത്തിൽ പെടുന്നു. ജോലിയുടെ മികച്ച പ്രകടനത്തിന് മാനസികവും ശാരീരികവുമായ അധ്വാനം അത്യാവശ്യമാണ്.


2) വിദഗ്ദ്ധവും അവിദഗ്ദ്ധവുമായ തൊഴിൽ:


ഒരു ജോലി നിർവഹിക്കുന്നതിന് പ്രത്യേക അറിവ്, പഠനം, പരിശീലനം, കാര്യക്ഷമത എന്നിവ ആവശ്യമുള്ള തൊഴിലാണ് വിദഗ്ദ്ധ തൊഴിൽ. എഞ്ചിനീയർ, ശാസ്ത്രജ്ഞർ തുടങ്ങിയവർ ഈ വിഭാഗത്തിൽ പെടുന്നു. എന്നാൽ പ്രത്യേക അറിവോ പരിശീലനമോ പഠനമോ ആവശ്യമില്ലാത്ത ജോലിയെ അവിദഗ്ദ്ധ തൊഴിൽ എന്ന് പറയുന്നു. ഉദാഹരണം: ശുചീകരണ തൊഴിലാളികൾ, തൂപ്പുകാർ തുടങ്ങിയവർ. 


3) ഉൽ‌പാദനക്ഷമവും ഉൽ‌പാദനക്ഷമമല്ലാത്തതുമായ തൊഴിൽ:


ഉൽപാദനത്തിന് മൊത്തം മൂല്യം ചേർക്കുന്ന അധ്വാനമാണ് ഉൽ‌പാദനക്ഷമമായ തൊഴിൽ. ഉൽ‌പാദനക്ഷമതയില്ലാത്ത അധ്വാനം എന്നാൽ  ഉൽപാദനത്തിനു മൊത്തം മൂല്യം ചേർക്കാത്തതാണ്. എന്നാൽ പ്രൊഫ. റോബ്ബിൻസിന്റെ അഭിപ്രായത്തിൽ "അധ്വാനം ഉൽ‌പാദനക്ഷമമോ ഉൽപ്പാദനക്ഷമം അല്ലാത്തതോ എന്നത് അതിന്റെ ജോലിയുടെ ശാരീരികമോ മാനസികമോ ആയ സ്വഭാവത്തെ ആശ്രയിക്കുന്നില്ല. മറിച്ച് അത് ആപേക്ഷിക ദൗർലഭ്യത്തെ ആശ്രയിച്ചിരിക്കുന്നു. ആവശ്യകതയും  വേതനവും ലഭിക്കുന്ന എല്ലാത്തരം തൊഴിലാളികളെയും ഉൽപാദനക്ഷമമായി കണക്കാക്കുന്നു"

തൊഴിലിനെ എങ്ങനെ അളക്കാം

തൊഴിലിനെ അളക്കുന്നത് തൊഴിൽ ശക്തിയുടെ അടിസ്ഥാനത്തിലാണ്. തൊഴിൽ ശക്തിയുടെ ഭാഗമായി ഒരാളെ കണക്കാക്കുന്നതിന്, അയാൾ ജോലി ചെയ്തുകൊണ്ടിരിക്കുകയോ, ജോലി ചെയ്യാൻ തയ്യാറാകുകയോ, അടുത്തിടെ ജോലി തേടിയിരിക്കുകയോ ചെയ്തിരിക്കണം.  അതായത് ജോലി ചെയ്യുന്ന ആളുകളുടെ എണ്ണത്തിന്റെയും  തൊഴിൽ രഹിതരുടെ എണ്ണത്തിന്റെയും ആകെ തുകയാണ് തൊഴില്‍ ശക്തി എന്ന് പറയുന്നത്. എന്നാൽ പലരും ജോലി ആഗ്രഹിക്കുന്നുണ്ടെങ്കിലും അവർ ജോലി അന്വേഷിക്കുന്നില്ല. അങ്ങനെയുള്ളവരെ  തൊഴിൽ ശക്തിയിൽ ഉൾപ്പെടുത്തുന്നില്ല. മാന്ദ്യകാലത്തും അതിനുശേഷവും തൊഴിൽ ശക്തിയുടെ നിരക്ക് കുറഞ്ഞു വരുന്നതായി കാണപ്പെടുന്നു.

തൊഴില്‍ ശക്തിയുടെ പ്രധാനപ്പെട്ട അളവുകോലുകൾ 

  • തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് (എല്‍.എഫ്.പി.ആര്‍) :  ഒരു രാജ്യത്തിലെ മൊത്തം ജനസംഖ്യയിൽ തൊഴിൽ ചെയ്യുന്ന അല്ലെങ്കിൽ സജീവമായി തൊഴിൽ അനേഷിക്കുന്ന ആളുകളുടെ അനുപാതത്തെയാണ് തൊഴിലാളി ശക്തി പങ്കാളിത്ത നിരക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.

lfpr

  • തൊഴിലാളി ജനസംഖ്യാ നിരക്ക് (ഡബ്ലിയു.പി.ആര്‍) :  മൊത്തം ജനസംഖ്യയിൽ തൊഴിലിലേർപ്പെട്ടിരിക്കുന്നവരുടെ അനുപാതത്തെയാണ് തൊഴിലാളി ജനസംഖ്യാ നിരക്കെന്നു പറയുന്നത്.

wpr

തൊഴിലാളികളില്‍ ഭൂരിഭാഗവും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരും അനേകം തൊഴിലുകള്‍ പിന്തുടരുന്നവരുമായ ഇന്ത്യയെപോലൊരു രാജ്യത്ത് ഏതെങ്കിലും ഒരു മാർഗ്ഗമുപയോഗിച്ചു തൊഴില്‍ ശക്തിയേയും അതിന്റെ വിഭാഗങ്ങളെയും കണക്കെടുക്കുന്നത് ക്ലേശകരമായ ജോലിയാണ്. ഇത്തരം രീതികളിൽ തൊഴില്‍ ശക്തിയുടെ പരിധികള്‍ സൂക്ഷ്മമായി തിട്ടപ്പെടുത്താന്‍ ഒരു അളവുകളും അനുയോജ്യമാകില്ല. അന്താരാഷ്ട്ര രീതികള്‍ പ്രകാരം തൊഴില്‍ ശക്തിയുമായി ബന്ധപ്പെട്ട അളവുകളുടെ കണക്കെടുക്കുന്നത് രണ്ട് രീതിയിലാണ് 

1 .യൂഷ്വല്‍ പ്രിന്‍സിപ്പല്‍ സ്റ്റാറ്റസ് (യു.പി.എസ്)  പ്രകാരം ഒരുവ്യക്തിയുടെ പ്രവര്‍ത്തന നില തീരുമാനിക്കുന്നത് സർവേ തീയതിക്ക് മുമ്പുള്ള 365 ദിവസങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇത്തരത്തിൽ ഒരു വ്യക്തി 183 ദിവസമോ അതിലധികമോ സമയം തൊഴിലിനുവേണ്ടി ചിലവഴിച്ചു  എങ്കിൽ അയാളെ തൊഴിൽ ശക്തിയിൽ ഉൾപ്പെടുത്തുന്നു. അല്ലാത്തപക്ഷം അയാളെ തൊഴിലില്ലായ്മാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു.

2 .യൂഷ്വല്‍ പ്രിന്‍സിപ്പല്‍ ആന്റ് സബ്സിഡിയറി സ്റ്റാറ്റസ് (യു.പി.എസ്.എസ്)

 പ്രകാരം ഒരു വ്യക്തി സർവേ തീയതിക്ക് മുമ്പുള്ള 365 ദിവസങ്ങളിൽ  30 ദിവസമോ അതിൽ കൂടുതലോ ദിവസം വേതനം ലഭിക്കുന്ന ജോലി ചെയ്യുകയോ ഏതെങ്കിലും സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ, അയാളെ ജോലിക്കാരനായി കണക്കാക്കുന്നു.

തൊഴില്‍ ശക്തിയിലെ താല്ക്കാലിക ജോലിക്കാര്‍ എന്നത് ക്രമമായി ജോലിയില്ലാത്തവരും ചിട്ടയായ മണിക്കൂറുകളില്‍ ജോലി ലഭിക്കത്തവരും തുടര്‍ച്ചയായി ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാകാത്തവരുമായ തൊഴിലാളികളാണ്. 

തൊഴിലുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളുടെ ഉറവിടങ്ങൾ 

 1) ഇന്ത്യൻ സെൻസസ്


ഒരു പ്രത്യേക സമയത്തു രാജ്യത്തെ എല്ലാ വ്യക്തികളുടെയും അല്ലെങ്കിൽ ഒരു രാജ്യത്തിന്റെ നന്നായി നിർവചിക്കപ്പെട്ട ഭാഗത്തിൻറെയും  ജനസംഖ്യാശാസ്‌ത്ര, സാമ്പത്തിക, സാമൂഹിക വിവരങ്ങൾ ശേഖരിക്കുക, സമാഹരിക്കുക, വിശകലനം ചെയ്യുക അല്ലെങ്കിൽ പ്രചരിപ്പിക്കുക എന്നിവയുടെ മൊത്തം പ്രക്രിയയാണ് ജനസംഖ്യ സെൻസസ്. സെൻസസ്, ഒരു നിശ്ചിത സമയത്ത് രാജ്യത്തെ ജനസംഖ്യയുടെയും ഭവനത്തിന്റെയും വിവരങ്ങൾ നൽകുന്നു. സെൻസസ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഭരണനിർവ്വഹണം, ആസൂത്രണം, നയരൂപീകരണം, സർക്കാർ, എൻ‌ജി‌ഒകൾ, ഗവേഷകർ, വാണിജ്യ, സ്വകാര്യ സംരംഭങ്ങൾ തുടങ്ങിയവയുടെ വിവിധ പരിപാടികളുടെ നടത്തിപ്പിനും വിലയിരുത്തലിനും ഉപയോഗിക്കുന്നു.ബിസിനസ്സ് സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും അവരുടെ ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനും ആസൂത്രണം ചെയ്യുന്നതിനും സെൻസസ് വിവരങ്ങൾ പ്രധാനമാണ്. സാമ്പത്തികമായി സജീവമായ ജനസംഖ്യയുടെ പരമ്പരാഗത ഉറവിടമാണ് പത്തു വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന സെൻസസ്. 1951 ലെ സെൻസസിൽ  സാമ്പത്തികമായി സജീവമായ ജനസംഖ്യയുടെ വ്യക്തമായ വർഗീകരണം ലഭ്യമല്ല. എന്നാൽ 1961 ലെ സെൻസസിൽ  ഓരോ വ്യക്തിയേയും തൊഴിലാളികൾ, തൊഴിലാളികൾ അല്ലാത്തവർ എന്നിങ്ങനെ രണ്ടായി വേർതിരിച്ചരിക്കുന്നു. 1971 ലെ സെൻസസിൽ ഒരു  വ്യക്തിയെ തൊഴലാളിയായി കണക്കാക്കണമെങ്കിൽ അയാൾ പ്രധാനമായും ജോലിയിൽ സമയം ചിലവഴിക്കുകയോ അല്ലെങ്കിൽ സെൻസസിന് മുമ്പുള്ള ആഴ്ചയിൽ കുറഞ്ഞത് ഒരു ദിവസം ജോലി ചെയ്തിരിക്കുകയോ വേണം. 1981 ലെ സെൻസസ് പ്രകാരം, സാമ്പത്തികമായ ഉത്പാദന പ്രവർത്തനത്തിലെ പങ്കാളിത്തം എന്നാണ് തൊഴിലിനെ നിർവചിച്ചിരിക്കുന്നത്. അത്തരംപങ്കാളിത്തം ശാരീരികമോ മാനസികമോ ആകാം. ജോലിയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തികളെ പ്രധാന തൊഴിലാളികൾ, നാമമാത്ര തൊഴിലാളികൾ, തൊഴിലാളികളല്ലാത്തവർ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. വർഷത്തിൽ 183 ദിവസമോ അതിൽ കൂടുതലോ ദിവസം തൊഴിലിൽ  ഏർപ്പെട്ട ഒരു വ്യക്തിയെ പ്രധാന തൊഴിലാളിയായി കണക്കാക്കുന്നു. തൊഴിൽ ഏർപ്പെട്ട ദിവസങ്ങൾ 183 കുറവാണെങ്കിൽ അയാളെ  നാമമാത്ര തൊഴിലാളികൾ എന്ന ഗണത്തിൽ ഉൾപ്പെടുത്തുന്നു. ഇതിൽ ഉൾപ്പെടാത്തവരെ   തൊഴിലാളികളല്ലാത്തവർ എന്നും കണക്കാക്കുന്നു. 1981 ലെ സെൻസസിലെ  സമാനമായ ആശയങ്ങളെ തന്നെയാണ് 1991 ലെ സെൻസസിന് ഉപയോഗിച്ചിരിക്കുന്നത്. 

സെൻസസ് പ്രകാരം നഷ്ടപരിഹാരം വേതനം, ലാഭം എന്നിവയോടുകൂടിയോ അല്ലാതെയോ സാമ്പത്തികമായി ഉൽപാദിപ്പിക്കുന്ന ഏതൊരു പ്രവർത്തനത്തിലും പങ്കെടുക്കുന്നവരെ ആണ് തൊഴിലാളികൾ എന്ന് പറയുന്നത്. വ്യക്തിയുടെ സാമ്പത്തിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ 1872 ലെ സെൻസസ് മുതൽ ശേഖരിച്ച തുടങ്ങിയിട്ടുണ്ട്. (http://censusindia.gov.in/Data_Products/Library/Indian_perceptive_link/…

1991 ലെ സെൻസസിൽ തൊഴിലാളികളെ 9 തൊഴിൽ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്

CENSUS DIIVSION


എന്നിരുന്നാലും, 2001 ൽ, തൊഴിലാളികളുടെ നാലിരട്ടി വർഗ്ഗീകരണം നടത്തി. കൃഷിക്കാർ, കൃഷി തൊഴിലാളികൾ, ഗാർഹിക വ്യവസായത്തിലെ തൊഴിലാളികൾ, മറ്റ് തൊഴിലാളികൾ. 2001 ലെ സെൻസസ് അനുസരിച്ച് കൃഷിക്കാരിൽ കൃഷി ചെയ്യുന്ന വ്യക്തികളും ഉൾപ്പെടുന്നു. കൃഷിയിൽ ഉഴുകൽ, വിതയ്ക്കൽ, വിളവെടുപ്പ്, ധാന്യങ്ങളുടെ ഉൽപാദനം  മുതലായവ ഉൾപ്പെടുന്നു. കരിമ്പ്, പുകയില, നിലക്കടല, സുഗന്ധ സസ്യങ്ങൾ തുടങ്ങിയ വിളകൾ ഫലം വളർത്തൽ, പച്ചക്കറി വളർത്തൽ അല്ലെങ്കിൽ തോട്ടങ്ങൾ സൂക്ഷിക്കൽ എന്നിവ ഉൾപ്പെടുന്നു. രണ്ടാമത്തെ വിഭാഗത്തിൽ, കാർഷിക തൊഴിലാളികൾ, മറ്റൊരു വ്യക്തിയുടെ ഭൂമിയിൽ ജോലി ചെയ്യുന്ന വ്യക്തികൾ ഉൾപ്പെടുന്നു
കൂലിക്ക്, പണമായി അല്ലെങ്കിൽ ഷെയറിനായി. അത്തരമൊരു വ്യക്തിക്ക് കൃഷിയിൽ ബുദ്ധിമുട്ടില്ല, അതുപോലെ പാട്ടത്തിന് അവകാശവുമില്ല. ഒന്നോ അതിലധികമോ അംഗങ്ങൾ ചേർന്ന് വീട്ടിൽ അല്ലെങ്കിൽ ഗ്രാമീണ മേഖലയിൽ അല്ലെങ്കിൽ നഗരത്തിലെ വീടിന്റെ പരിധിക്കുള്ളിൽ നടത്തുന്ന വ്യവസായത്തെ ഒരു ഗാർഹിക വ്യവസായമായി നിർവചിക്കുന്നു. ഗാർഹിക വ്യവസായത്തിലെ വലിയ അനുപാതം തൊഴിലാളികൾ വീട്ടിലുള്ളവർ തന്നേ ആയിരിക്കും. കൃഷിക്കാർ, കാർഷിക തൊഴിലാളികൾ, ഗാർഹിക വ്യവസായത്തിലെ  തൊഴിലാളികൾ ഒഴികെയുള്ളവരെ മറ്റ് തൊഴിലാളികളായി തിരിച്ചിരിക്കുന്നു.

2) ദേശീയ സാമ്പിൾ സർവേ(എൻ. എസ്. എസ്) 


ദേശീയ സമ്പദ്‌വ്യവസ്ഥയുടെ  വിവരങ്ങൾ ശേഖരിക്കുന്നതിനായി 1950  ഇൽ രൂപം കൊണ്ട ഒരു സാമ്പിൾ സർവ്വേ പ്രോഗ്രാം ആണ് ദേശീയ സാമ്പിൾ സർവേ(എൻ. എസ്. എസ്). ഇന്ത്യയിലെ തൊഴിൽ, തൊഴിലില്ലായ്മ തുടങ്ങിയ തൊഴിൽ സംബന്ധമായ വിവരങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടമാണ് ദേശീയ സാമ്പിൾ സർവേ. പ്രായം, ലിംഗം, വിദ്യാഭ്യാസം, വ്യവസായം, തൊഴിൽ എന്നിവ പോലുള്ള സവിശേഷതകളുടെ അടിസ്ഥാനത്തിൽ  തൊഴിൽ, തൊഴിലില്ലായ്മ എന്നിവ സംബന്ധിച്ച വിവരങ്ങൾ ദേശീയ സാമ്പിൾ സർവേ വഴി ലഭിക്കുന്നു. ദേശീയ സാമ്പിൾ സർവേയിൽ ഉൾപ്പെടുത്തുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്,

  • തൊഴിൽ-തൊഴിലില്ലായ്മ, ഉപഭോക്തൃ ചെലവ്
  • കാർഷികേതര മേഖലകളിലെ അസംഘടിത സംരംഭങ്ങൾ
  • ജനസംഖ്യ, ജനനം, മരണം, വൈകല്യം, രോഗാവസ്ഥ, മാതൃ-ശിശു സംരക്ഷണം,കുടുംബാസൂത്രണം
  • ഭൂവുടമകളും കന്നുകാലി സംരംഭങ്ങളും
  • കടം, നിക്ഷേപം, മൂലധന രൂപീകരണം

ഓരോ സർവേയും ഏതാനും മാസങ്ങൾ അല്ലെങ്കിൽ ഒരു വർഷം വരെ നീളുന്നു, ഇതിനെ ഒരു റൗണ്ട് എന്ന് പറയുന്നു. ഒരു സർവ്വേ റൗണ്ടിൽ നിന്നും മറ്റൊരു സർവ്വേ റൗണ്ടിലെ ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന രീതിയും സർവേയുടെ രൂപകൽപ്പനയും തികച്ചും വിഭിന്നമായിരിക്കും. 1955 ന്റെ പകുതിയിലാണ് എൻ. എസ്. എസ് അതിന്റെ  9 ആം റൗണ്ടിൽ രാജ്യവ്യാപകമായി ആദ്യത്തെ സർവേ നടത്തിയത്. തൊഴിൽ, തൊഴിലില്ലായ്മ, ഗാർഹിക ഉപഭോക്തൃ ചെലവ് എന്ന വിഷയത്തിൽ ജൂലൈ 2011 മുതൽ ജൂൺ 2012 വരെ നടത്തിയ 68 ആമത്തെ റൗണ്ട് സർവേയാണ് ഏറ്റവും ഒടുവിലത്തേത്. തൊഴിലിന്റെ കാര്യത്തിൽ സർവ്വേയ്ക്ക് 7 ദിവസം മുൻപ് വരെ ഉള്ള വിവരങ്ങൾ ശേഖരിക്കുകയും റിപ്പോർട്ട് ആയി അവതരിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമങ്ങളിൽ ഉള്ളവർ, നഗരങ്ങളിൽ ഉള്ളവർ എന്നിങ്ങനെ തരം തിരിച്ച വിവരങ്ങളും ലഭ്യമാണ്. ജോലിയില്ലാത്തതും സജീവമായി ജോലി തേടുന്നതുമായ ഒരു വ്യക്തിയെ തൊഴിലില്ലാത്ത ഗണത്തിൽ ഉൾപ്പെടുത്തുന്നു. ഒരു വ്യക്തി ഒരിക്കൽ‌ ചെയ്‌ത നാമമാത്രമായ  ലാഭകരമായ പ്രവർ‌ത്തനം തൊഴിയിലായി കണക്കാക്കുന്നില്ല.
 
ദേശീയ സാമ്പിൾ സർവേയിലെ തൊഴിലാളി വർഗ്ഗീകരണങ്ങൾ 

സാധാരണ സ്റ്റാറ്റസ് വർക്കർമാർ


എൻ‌എസ്‌എസ്ഒ പ്രകാരം ഇനിപ്പറയുന്ന പ്രവർത്തനങ്ങളുടെ പട്ടികയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ സാധാരണ സ്റ്റാറ്റസ് വർക്കർമാരായി കണക്കാക്കുന്നു

  • ഗാർഹിക സംരംഭങ്ങളിൽ (സ്വയംതൊഴിൽ) തൊഴിലാളിയായി ജോലി ചെയ്യുന്നു. 
  • ഗാർഹിക സംരംഭങ്ങളിൽ (സ്വയംതൊഴിൽ) തൊഴിലുടമയായി ജോലി ചെയ്യുന്നു.  
  • ഗാർഹിക സംരംഭങ്ങളിൽ സഹായിയായി ജോലി ചെയ്യുന്നു. 
  • സാധാരണ ശമ്പളം / വേതന ജീവനക്കാരനായി ജോലി ചെയ്യുന്നു. 
  • താൽക്കാലികമായി ജോലി ചെയ്യുന്നു.    

തൊഴിലാളികളല്ലാത്തവർ

  • വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിതാവായി പങ്കെടുക്കുന്നു
  • ഗാർഹിക ചുമതലകളിൽ മാത്രം പങ്കെടുക്കുന്നു
  • ഗാർഹിക ചുമതലകളിൽ പങ്കെടുക്കുകയും പച്ചക്കറികൾ, കിഴങ്ങുകൾ , കൂടാതെ ഗാർഹിക ഉപയോഗത്തിനുള്ള വിറക് തുടങ്ങിയവ ശേഖരിക്കുന്നവർ
  • വാടകക്കാർ, പെൻഷൻകാർ, പണമടയ്ക്കൽ സ്വീകർത്താക്കൾ, തുടങ്ങിയ ഉൽപ്പാദനപരമായ  പ്രവർത്തനങ്ങളിൽ  ഏർപ്പെടാത്തവർ.
  • 0-4 വയസ്സ് പ്രായമുള്ള ശിശുക്കൾ

തൊഴിലില്ലാത്തവർ
ജോലി അന്വേഷിക്കുന്ന അല്ലെങ്കിൽ ജോലിക്ക് ലഭ്യമായ എല്ലാ വ്യക്തികളെയും തൊഴിലില്ലാത്തവരായി കണക്കാക്കുന്നു.

3) എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഡേറ്റ


 തൊഴിലന്വേഷകർക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഒരു സംരംഭമാണ് എം‌പ്ലോയ്‌മെന്റ് എക്സ്ചേഞ്ച് . ലഭ്യമായ ഒഴിവുകൾ, തൊഴിലന്വേഷകർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും അതുവഴി തൊഴിലന്വേഷകർക്ക് അനുയോജ്യമായ ജോലി കണ്ടെത്തുന്നതിനും വ്യവസായത്തിന് അനുയോജ്യമായ മനുഷ്യശക്തി കണ്ടെത്തുന്നതിനും ഉള്ള സൗകര്യം എം‌പ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ഒരുക്കുന്നു. തൊഴിലന്വേഷകർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തതിനു ശേഷം ഏതെങ്കിലും ഒഴിവുകൾ അവരുടെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്നു എങ്കിൽ അവർക്ക് ഉടൻ തന്നെ അറിയിപ്പ് ലഭിക്കുന്നു. തൊഴിൽ എക്സ്ചേഞ്ചുകളുടെ പ്രധാന പ്രവർത്തനങ്ങൾ എന്നത് തൊഴിലന്വേഷകരുടെ രജിസ്ട്രേഷനും അവരുടെ ഉദ്യോഗനിയമനം, കരിയർ കൗൺസിലിംഗും തൊഴിൽ മാർഗനിർദേശവും തൊഴിൽ വിപണി വിവരങ്ങൾ ശേഖരണം എന്നിവയാണ്. ചില സംസ്ഥാന സർക്കാരുകൾ  പ്രത്യേക വിഭാഗത്തിലുള്ള തൊഴിലന്വേഷകർക്ക് അവർ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ എക്സ്ചേഞ്ചുകൾ വഴി തൊഴിലില്ലായ്മ അലവൻസ് വിതരണം ചെയ്യാൻ സൗകര്യം  ക്രമീകരിക്കുന്നുണ്ട്. ദേശീയ തൊഴിൽ സേവനം ( നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ്) പതിവായി തൊഴിൽ എക്സ്ചേഞ്ച് ഡേറ്റ പ്രസിദ്ധീകരിക്കുന്നുണ്ട്. കണക്കുകൾ പ്രകാരം 1965 ൽ എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലന്വേഷകരുടെ എണ്ണം 1.43 ലക്ഷം ആയിരുന്നത് 2012 ആയപ്പോൾ 44.99  ലക്ഷം ആയി ഉയർന്നു. എന്നാൽ 2018 ആയപ്പോൾ  38.75  ലക്ഷം ആയി തൊഴിലന്വേഷകരുടെ എണ്ണം കുറഞ്ഞു.  


 എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഡേറ്റക്ക് ഉള്ള ചില പരിമിതികൾ  
* രജിസ്റ്റർ ചെയ്തവരിൽ ചിലർ വാസ്തവത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ആയിരിക്കും. 
* തൊഴിലില്ലാത്തവർ എല്ലാവരും രജിസ്റ്റർ ചെയ്യുന്നില്ല. 
* ഒരു വ്യക്തി തന്നെ ഒന്നിൽ കൂടുതൽ എംപ്ലോയ്‌മെന്റ്  എക്സ്ചേഞ്ച് ഇൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കും. 
* ജോലി ലഭിക്കുന്ന വ്യക്തികൾ ഇക്കാര്യം എക്സ്ചേഞ്ചിൽ ഉടൻ റിപ്പോർട്ട് ചെയ്യാതിരിക്കാൻ സാധ്യതയുണ്ട്. 

4)എംപ്ലോയബിലിറ്റി സെന്റർ 

കേരള സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന്റെ എം‌പ്ലോയ്മെൻറ് എക്സ്ചേഞ്ചുകളുടെ പരിഷ്കരിച്ച പതിപ്പാണ് എംപ്ലോയബിലിറ്റി സെന്റർ. എം‌പ്ലോയ്മെൻറ്  എക്സ്ചേഞ്ചുകൾ വഴി തൊഴിലിനു വേണ്ടിയുള്ള രജിട്രേഷനും പ്ലേസ്മെന്റ് സൗകര്യവും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ രജിസ്റ്റർ ചെയ്ത വ്യക്തികളുടെ കഴിവുകൾ മനസിലാക്കുന്നതിനോ അവർക്ക് തക്കതായ പരിശീലനം നൽകുന്നതിനോ ഉള്ള സംവിധാനം    എം‌പ്ലോയ്മെൻറ്  എക്സ്ചേഞ്ചുകൾ ഒരുക്കിയിരുന്നില്ല. അതുപോലെ തന്നെ തൊഴിലവസരങ്ങൾ കൂടുതലുള്ള സ്വകാര്യമേഖലയെ ഉൾപ്പെടുത്താതെ പൊതുമേഖലാ ജോലികൾ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളു. യുവാക്കളെ തൊഴിലുള്ളവരും,  തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് അവരെ കഴിവുള്ളവരാക്കി മാറ്റിയും സ്വകാര്യമേഖലയിൽ ഉൾപ്പെടുത്താനും സമഗ്രവും ആസൂത്രിതവുമായ ശ്രമങ്ങൾ ആവശ്യമാണ്. ഈ ലക്ഷ്യത്തോടെ, കേരള സർക്കാരിന്റെ  നൈപുണ്യ വികസന ദൗത്യമായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്  വഴി, തൊഴിലുകൾ നൽകുന്നതോടൊപ്പം തൊഴിലവസര കേന്ദ്രങ്ങൾ സ്ഥാപിച്ച് മൂല്യവർദ്ധിത സേവനങ്ങൾ നൽകുകയും ചെയ്യുന്നു. 

എം‌പ്ലോയബിലിറ്റി സെന്ററിലെ പ്രക്രിയ ആരംഭിക്കുന്നത് രജിസ്ട്രേഷനിൽ നിന്നാണ്. രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഒരു മൂല്യനിർണ്ണയ പരിശോധനയ്ക്ക് വിധേയരാക്കുന്നു. ഒരു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ അവരുടെ ഐക്യു നില, നൈപുണ്യങ്ങൾ , യുക്തിസഹമായ കഴിവ്, ഭാഷാ വൈദഗ്ദ്ധ്യം, ആശയവിനിമയ വൈദഗ്ദ്ധ്യം, അതുപോലെ അവരുടെ വ്യക്തിത്വത്തെയും വിലയിരുത്തുന്നു.  വിലയിരുത്തൽ പൂർത്തിയായിക്കഴിഞ്ഞാൽ, സ്ഥാനാർത്ഥിയുടെ സ്കോർ ഷീറ്റ് സ്ഥാനാർത്ഥിക്ക് നൽകുന്നു. സ്കോറിംഗ് ഷീറ്റിനെ അടിസ്ഥാനമാക്കി, സ്ഥാനാർത്ഥിയെ അവരുടെ പ്രൊഫൈലിന് അനുയോജ്യമായ ജോലികളിലേക്ക് നേരിട്ട് നിയമിക്കുകയും ചെയ്യും അല്ലെങ്കിൽ അവരെ പരിശീലനത്തിനായി അയക്കുന്നു. 

5) എൻ. എഫ്. എച്.എസ്  (ദേശീയ കുടുംബ ആരോഗ്യ സർവേ)


1990 കളുടെ തുടക്കത്തിലാണ് ദേശീയ കുടുംബ ആരോഗ്യ സർവേ ആരംഭിച്ചത്. ആദ്യത്തെ എൻ‌എഫ്‌എച്ച്എസ് 1992-93 ൽ നടത്തി. അതിനുശേഷം,1998-99ൽ എൻ‌എഫ്‌എച്ച്എസ് -2, 2005-06 ൽ എൻ‌എഫ്‌എച്ച്എസ് -3, 2015-16 ൽ എൻ‌എഫ്‌എച്ച്എസ് -4 എന്നീ നാല് റൗണ്ടുകൾ  പൂർത്തിയായി. ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHFW) കാര്യനിർവഹണത്തിലാണ് സർവേ നടത്തുന്നത്. 15  വയസ്സ് മുതൽ 49  വയസ്സുവരെയുള്ള നിലവില വിവാഹിതരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും തൊഴിൽ നില ദേശീയ കുടുംബ ആരോഗ്യ സർവേയിൽ നിന്ന് ലഭിക്കുന്നു. അതുപോലെ അവരുടെ പണസമ്പാധ്യം, സമ്പാദ്യത്തിൻമേലുടെ നിയന്ത്രണം തുടങ്ങിയ വിവരങ്ങയും ലഭിക്കുന്നു. 

ജോലിസമയവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ

സുരക്ഷിതവും മാനുഷികവുമായ തൊഴിൽ സാഹചര്യങ്ങളുടെ അടിസ്ഥാന ഘടകമാണ് പ്രവൃത്തി സമയം. ജോലിയുടെ സമയം, ദൈനംദിന, പ്രതിവാര വിശ്രമ കാലയളവുകൾ, വാർഷിക അവധിദിനങ്ങൾ എന്നിവയ്ക്കുള്ള മാനദണ്ഡങ്ങൾ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ‌എൽ‌ഒ) നൽകുന്നുണ്ട്. 1919 ലെ ആദ്യ  ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ‌എൽ‌ഒ) കൺവെൻഷൻ പ്രകാരം പരമാവധി പ്രവൃത്തി സമയം ആഴ്ചയിൽ 48 മണിക്കൂർ ആണ്. എന്നാൽ 1962 ൽ  ഇത് 40 മണിക്കൂറായി പരിമിതപ്പെടുത്തി.  ജോലി സമയം പരിമിതപ്പെടുത്താനുള്ള കാരണം, മെച്ചപ്പെട്ട തൊഴിൽ-ജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുകയും തൊഴിലാളികളുടെ സമ്മർദ്ദം ചെലുത്തുന്ന തൊഴിൽ സാഹചര്യങ്ങളും അപകടനിരക്കും കുറയ്ക്കുകയും ചെയ്യുക എന്നതാണ്. പ്രതിവാര വിശ്രമവും ശമ്പളമുള്ള വാർഷിക അവധിയും സാധാരണ ഒരു തൊഴിലിന്റെ ഭാഗമാണ്. പല രാജ്യങ്ങളിലും ഒരു ആഴ്ചയിലെ പരമാവധി ജോലി സമയത്തിനുവേണ്ടി നിശ്ചിത മണിക്കൂറുകൾ ഉണ്ടാകും. ഇത് ആഴ്ചയിൽ 35 മുതൽ 48 മണിക്കൂർ വരെ വ്യത്യാസപ്പെടാം. പ്രസവ സംരക്ഷണത്തിന്റെ ഭാഗമായി 2000  ഇൽ നടന്ന ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 183 കൺവെൻഷൻ പ്രകാരം സ്ത്രീകൾക്ക് പ്രസവാവധി ലഭ്യമാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.  പ്രസവ അവധി കഴിഞ്ഞ സ്ത്രീകൾ  ജോലിസ്ഥലത്തേക്ക് മടങ്ങുമ്പോൾ മുലയൂട്ടാൻ സമയവും നൽകുന്നു.