മലയാള ടെലിവിഷനിലെ ആദ്യകാല മാധ്യമപ്രവർത്തകമാർ

  1982 നവംബർ 19ലെ ഏഷ്യൻ ഗെയിംസിന്റെ വർണ്ണാഭമായ തുടക്കം കാണിച്ചുകൊണ്ടാണ് കേരളത്തിൽ ആദ്യ ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ചത്. അതിന് മുൻപ് 1977 ൽ തിരുവനന്തപുരം മ്യൂസിയം ഗ്രൗണ്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ ടെലിവിഷൻ പ്രദർശനം നടന്നിരുന്നു. കേരളത്തിൽ കെൽട്രോണിന്റെ നേതൃത്വത്തിൽ 1974-75 കാലത്തു തന്നെ ടെലിവിഷൻ നിർമ്മാണം തുടങ്ങിയിരുന്നു. ദൂരദർശൻ മലയാള സംപ്രേക്ഷണം ഔദ്യോഗികമായി ആരംഭിക്കുന്നത് 1985 ജനുവരി 1 നാണ്. അന്നത്തെ മഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ കുടപ്പനകുന്നിൽ ആരംഭിച്ച ദൂരദർശൻ കേന്ദ്രം ഉദ്ഘാടനം ചെയ്തപ്പോൾ അന്നത്തെ ചടങ്ങിന്റെ തൽസമയ സംപ്രേഷണത്തിൽ ആദ്യമായി സ്ക്രീനിൽ തെളിഞ്ഞമുഖം ഒരു സ്ത്രീയുടേതായിരുന്നു. ആ മുഖം അവതാരക തുളസിയുടേതായിരുന്നു. അങ്ങനെ മലയാള ടെലിവിഷനിലെ ആദ്യ അവതാരകയായി തുളസി. ആ തുടക്കം മുതൽ ഇങ്ങോട്ട് മലയാള ടെലിവിഷന്റെ രൂപകല്പനയിലും നിർമ്മിതുയിലുമെല്ലാം സ്ത്രീക്കുള്ള പങ്ക് വളരെ വലുതാണ്. അവതാരകയായും റിപ്പോർട്ടരായും പ്രൊഡ്യൂസറായും സ്ത്രീകളുടെ സാന്നിധ്യം ഉണ്ടെങ്കിലും പുരുഷൻമാരെപ്പോലെ ടെലിവിഷൻ നടത്തിപ്പിന്റെ കേന്ദ്രബിന്ദുവാകാൻ മലയാളത്തിൽ പൂർണമായും സ്ത്രീകൾക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് മലയാളത്തിലെ അച്ചടി മാധ്യമങ്ങളിലേതിനേക്കാൾ സ്ത്രീ സാന്നിധ്യം മലയാളടെലിവിഷനിലുണ്ട്. എന്നാൽ ഇവിടെ കഴിവുതെളിയിച്ചവരിൽ, പാതിവഴിയിൽ പടിയിറങ്ങിപ്പോയവരുമുണ്ട്.

     മലയാള ടെലിവിഷനിൽ ന്യൂസ് റീഡറായി തെളിയുന്ന ആദ്യത്തെ  സ്ത്രീമുഖം ഹേമലതയുടേതാണ്. 1985 ജനുവരി മൂന്നാം തീയതി വൈകിട്ട് ഏഴ് മുപ്പതിന് 'ദൂരദർശനി'ലെ രണ്ടാമത്തെ ന്യൂസ് ബുള്ളറ്റിൻ വായിച്ചുകൊണ്ടാണ് ഹേമലത തുടക്കമിട്ടത്. ഈ കാലയളവിൽതന്നെ  ‘ദൂരദർശനി'ൽ ന്യൂസ് റീഡേയ്സായിരുന്നു മായാ ശ്രീകുമാർ, രാജേശ്വരിമോഹൻ, പ്രിയ രാജഗോപാൽ, കല്യാണിക്കുട്ടി കരുണാകരൻ, മഞ്ചുള, അളകനന്ദ എന്നിവർ. ഇവരിൽ രാജേശ്വരി മോഹൻ ' ആകാശവാണി' തിരുവനന്തപുരം നിലയത്തിലെ പ്രോഗ്രാം എക്സിക്യട്ടീവ് ആയിരുന്നു. ദൂരദർശൻ വാർത്താവിഭാഗത്തിൽ പലകാലങ്ങളിൽ ഇവരെക്കൂടാതെയുള്ള മറ്റു വനിതാ ജെർണലിസ്റ്റുകളുടെ സാന്നിധ്യവുമുണ്ടായിരുന്നു. സ്വകാര്യ ചാനലുകൾ വന്നതോടെ ആദ്യകാല വാർത്താവായനക്കാരിൽ പലരും അവിടേക്ക് പോകുകയായിരുന്നു.   

   "ദൂരദർശനി'ൽ പാഡ്യൂസർ, അസിസ്റ്റന്റ് പ്രൊഡ്യൂസർ തസ്തികയിലെ ആദ്യ ബാച്ചിൽ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു ടി.എൻ. ലതാമണി. പാഡക്ഷൻ അസിസ്റ്റന്റ് ആയിട്ടായിരുന്നു നിയമനം. ലതാമണിക്ക് സ്വതന്ത്രമായി പരിപാടികൾ നിർമ്മിക്കാൻ സാധിച്ചിരുന്നു. അതു കൊണ്ട് മലയാള ടെലിവിഷനിലെ ആദ്യത്തെ വനിതാ പ്രൊഡ്യൂസർ എന്ന് ടി. എൻ. ലതാമണിയെ വിശേഷിപ്പിക്കാം. 1988 ൽ "ദൂരദർശനി'ലെത്തിയവരാണ് കെ.ആർ. ബീനയും പി.ആർ. ശാരദയും. ഇരുവരും പാഗ്രാം എക്സിക്യൂട്ടീവുമാരായാണ്. ‘ദൂരദർശൻ' പരിപാടികളുടെ നിർമ്മാണ ജോലികളിൽ ഇവർ മാറിമാറി ഉത്തരവാദിത്വം വഹിച്ചു. ഇവർക്കു പിന്നാലെ വന്ന പ്രോഗ്രാം എക്സിക്യൂട്ടീവാണ് പ്രമീളാദേവി. കെ.ആർ. ബീന നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. 

  തിരുവനന്തപുരം "ദൂരദർശനി'ൽ പിന്നീട് ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാരായി വി.എസ്.ഗീത, സന്ധ്യാ റാണി, മിനി, എം.ആർ. ഷീബ, സി.എൻ. ശ്യാമള എന്നിവരെത്തി. പിന്നീട് ഇവരെല്ലാം ഉയർന്ന തസ്തികകളിലായി. "ദൂരദർശ’നിലെ പതിവുപരിപാടികളുടെ മാറിമാറിയുള്ള നിർമ്മാണ ജോലികളാണ് ഇവർ പ്രധാനമായും ചെയ്തത്. എടുത്തുപറയേണ്ട കാര്യം "ദൂരദർശനി'ൽ ഡയറക്ടർ സ്ഥാനങ്ങളിലേക്ക് സ്ത്രീകളെയും ചുമതലപ്പെടുത്തിയിരുന്നു എന്നുള്ളതാണ്. "ആകാശവാണിയിൽ റാണി എന്ന പേരിൽ വാർത്ത വായിച്ചിരുന്ന എം. എസ്. രുഗ്മിണിയാണ് ആദ്യമായി ഡയറക്ടറായത്. പിന്നീട് രാധാനമ്പൂതിരി സ്റ്റേഷൻ ഡയറക്ടറായി. ആദ്യത്തെ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായ വനിത വി എസ് ഗീതയായിരുന്നു. ആദ്യത്തെ ലൈബ്രെറിയനായ സിത്രീ സബിതയാണ്. ആദ്യ ബാച്ചിൽ ഉണ്ടായിരുന്ന എൻഞ്ചിനിയേഴ്സായ സ്ത്രീകളായിരുന്നു കമലാ ഹെൻട്രി, ലീലാ പത്മനാഭൻ, പ്രേമമുരുകേശൻ എന്നിവർ. "ദൂരദർശനി'ൽ പരിപാടികളുടെ അവതാരകരായി ഒട്ടേറെ സ്ത്രീകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ശ്രീകല, ഷീല രാജഗോപാൽ, ഇന്ദു , അന്ന കുരുവിള, ഷീബ രാജശ്രീ വാര്യർ,പാർവതി, ദേവി അജിത് തുടങ്ങിയവർ.

    ന്യൂസ് ഡെസ്കിൽ, ഇൻഫർമേഷൻ സർവീസിൽ നിന്ന് 2008 ൽ എത്തിയ കെ.എ. ബീനയാണ് "ദൂരദർശനി' ലെ ആദ്യത്തെ വനിതാ ന്യൂസ് എഡിറ്റർ. "ദൂരദർശനി'ലെ വാർത്തകൾക്കും വാർത്തകൾക്ക് പിന്നിൽ' എന്ന വാർത്താവലോകന പരിപാടിക്കും കെ എ ബീനക്ക് പ്രവർത്തിക്കാനായി. രണ്ടു വർഷത്തിനുശേഷം ഇൻഫർമേഷൻ സർവീസിലേക്ക് കെ.എ. ബീന തിരികെ പോയി. കേരളകൗമുദിയിൽ പത്രപ്രവർത്തകയായി 1987ൽ ജോലിയിൽ പ്രവേശിച്ച കെ. എ ബീന ആകാശവാണിയിലും  ന്യൂസ് എഡിററർ ആയി ജോലി  ചെയ്യുകയുണ്ടായി.  ഇരുപത്തി ഏഴോളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ബീന. കലാകൗമുദി വിമൻസ് മാഗസീൻ, ഗൃഹലക്ഷ്മി എന്നിവയിൽ പ്രവർത്തിക്കുകയുണ്ടായി ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ 1991ൽചേർന്നതോടെയാണ് ഔദ്യോഗിക വാർത്താ മാധ്യമങ്ങളിൽ വാർത്തകളുടെ ചുമതലക്കാരിയായത്. അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായി എൻ വിജയ കുറച്ചുകാലം "ദൂരദർശനി'ൽ ഉണ്ടായിരുന്നു. വിജയയെക്കൂടാതെ ഒഡീഷക്കാരി പ്രണതി മൊഹന്തി, അസിസ്റ്റന്റ് ന്യസ് എഡിറ്ററായരുന്നു.മലയാളം അറിയാത്തതിനാൽ കൂടുതൽ കാലം ജോലിയിൽ തുടരാൻ അവർക്കും കഴിഞ്ഞില്ല. 

  ആദ്യഘട്ടത്തിൽ ദൂരദർശൻ മലയാള പരിപാടി തിരുവനന്തപുരത്തും കൊച്ചിയിലും മാത്രമാണ് ലഭിച്ചിരുന്നത്. കേരളത്തിലൊട്ടാകെ സംപ്രേക്ഷണം ലഭിക്കുന്നത് 1993 ലാണ്. ഏഷ്യാനെറ്റാണ് ആദ്യം വന്ന സ്വകാര്യചാനൽ. ഇന്ത്യയിലെ ഈ രംഗത്തെ ആദ്യ സ്വകാര്യസംരംഭവും ഏഷ്യാനെറ്റാണ്. 1993 ഓഗസ്റ്റ് 30നാണ് ഏഷ്യാനെറ്റെത്തുന്നത്. അതായത് ദൂരദർശൻ മലയാളം ഉണ്ടായി എട്ടുവർഷങ്ങൾക്കിപ്പറമാണ് ഒരു സ്വകാര്യ ചാനൽ പിറവിയെടുക്കുന്നത്. ആദ്യത്തെ സ്വകാര്യ ചാനലായി ഏഷ്യാനെറ്റിനെ കണക്കാക്കുന്നുണ്ടെങ്കിലും നെറ്റ് വർക്ക് ടെലിവിഷൻ (എൻ ടി വി) എന്ന പ്രോഗ്രാം പ്രൊഡക്ഷൻ സ്ഥാപനമാണ് കേരളത്തിൽ സ്വകാര്യ മേഖലയിൽ ആദ്യമായി വാർത്താധിഷ്ഠിത പരിപാടികൾ നിർമിച്ചത്. 

  മലയാളം ദൂരദർശൻ തുടക്കും കുറിച്ച അതേ സമയം തന്നെയാണ് എൻടിവിയുടെയും പിറവി. 1989ൽ എൻടിവി ദൂരദർശനുവേണ്ടി ജാലകം, അണിയറ, എന്നീ പ്രോഗ്രാമുകളും വിവിധ വിഷയങ്ങളിൽ ഡോക്യുമെന്ററികളും നിർമ്മിച്ചിരുന്നു. 1994ൽ എൻടിവിക്കും ദൂരദർശനുവേണ്ടി പ്രോഗ്രാം പ്രൊഡൂസറായി ജോലിചെയ്ത മാധ്യമപ്രവർത്തകയാണ് പ്രിയ രവീന്ദ്രൻ. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ സ്വകാര്യമേഖലയിലെ ആദ്യ മാധ്യമപ്രവർത്തക പ്രിയ രവീന്ദ്രനാണ്. ദൂരദർശനുവേണ്ടി ഡോക്യുമന്ററികളും പ്രിയ രവീന്ദ്രൻ നിർമിച്ചു നൽകിയിരുന്നു. അതുപോലെ ദില്ലിയിൽ നിന്ന് ദൂരദർശൻ ആവശ്യപ്പെടുന്ന കേരളത്തിലെ വാർത്തകളും ചെയ്തു നൽകിയിരുന്നു. ദൂരദർശന്റെ മുതിർന്ന മാധ്യമപ്രവർത്തക നളിനി സിംഗ് ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് വന്നപ്പോഴൊക്കെ അവരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു. 1994ൽ പൊതുതിരഞ്ഞെടുപ്പ് ദൂരദർശനുവേണ്ടി കേരളത്തിൽ നിന്നും റിപ്പോറ്ട്ട്  ചെയ്തതും പ്രിയ രവീന്ദ്രനാണ്. ഡൽഹിയിൽ നിന്ന് പത്രപ്രവർത്തനം ആരംഭിച്ച എൻഡിടിവിയുടെ കേരളത്തിലെ പ്രതിനിധിയായി മനോരമ ന്യൂസിലെ ഇപ്പോഴത്തെ സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീദേവി പിള്ളയും തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നു. (പ്രതി-രൂപം: മാധ്യമ മലയാളത്തിന്റെ ലിംഗരാഷ്ട്രീയം:എം എസ് ശ്രീകല).

  ഏഷ്യാനെറ്റ് ആദ്യം വാർത്ത സംപ്രേഷണം ചെയ്തുകൊണ്ടിരുന്നത് ഫിലിപ്പിയൻസിൽ നിന്നാണ്. ഫിലിപ്പിയൻസിൽനിന്ന് സംപ്രഷണം ചെയ്ത കാലത്ത് സ്ത്രീകളാരും വാർത്തവായിക്കാനുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് സിംഗപ്പൂരിൽ നിന്നും സംപ്രേഷണം തുടങ്ങിയപ്പോൾ വാർത്താവതാരകയായി സ്ത്രീകളുമെത്തി. ദൂരദർശനിൽ വാർത്ത വായിച്ചിരുന്ന മായാ ശ്രീകുമാറാണ് ഏഷ്യാനെറ്റിൽ ആദ്യമായി വാർത്ത വായിച്ച സ്ത്രീ. 1996 ആദ്യം ഏഷ്യാനെറ്റിൽ ചേർന്ന മായ ശ്രീകുമാർ ആ വർഷം അവസാനമായപ്പോഴാണ് വാർത്ത വായിച്ചു തുടങ്ങിയത്. 1996 മുതൽ 2005 വരെ ഏഷ്യാനെറ്റിൽ സബ് എഡിറ്റർ-ന്യൂസ് റീഡർ തസ്തികയിലായിരുന്നു മായാ ശ്രീകുമാർ ജോലി നോക്കിയിരുന്നതെങ്കിലും വാർത്ത വായിക്കുക എന്നതിനപ്പുറം വാർത്തയുടെ മറ്റു മേഖലകളിലേക്കൊന്നും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. 2005ൽ മായ ശ്രീകുമാർ ഏഷ്യാനെറ്റിൽ നിന്നും അമൃതാചാനലിലേക്ക് മാറിപോകുകയായിരുന്നു. അമൃതചാനലിന്റെ വാർത്താവിഭാഗത്തിൽ പ്രവേശിച്ച ശേഷമാണ് ന്യൂസ് ഡെസ്കിലേക്കും വാർത്തക്കിടയിൽ അതിഥികളെ ഇന്റർവ്യൂ ചെയ്യുക തുടങ്ങിയ മറ്റു മേഖലകളിലേക്കുകൂടി കടക്കുന്നത്.

 ഏഷ്യാനെറ്റിൽ  പ്രീത, റാണി ശശികുമാർ, ദേവി, കെ.കെ. ഷാഹിന എന്നിവരും സിംഗപ്പൂരിൽ നിന്ന് വാർത്ത വായിച്ചിരുന്നു. 1997ൽ ആണ് ഷാഹിന വാർത്താവതാരകയായി ഏഷ്യാനെറ്റിൽ എത്തുന്നത്. ഏഷ്യാനെറ്റിന്റെ വാർത്താവതരണം മദ്രാസിൽ നിന്ന് ആരംഭിച്ചപ്പോഴും മായ ശ്രീകുമാർ, ഷാഹിന,റാണി വർഗ്ഗീസ്, അനുജ തുടങ്ങിയവർ വാർത്താവതാരകരായി ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ആയുർവേദകോളേജിനടുത്ത് പ്രവർത്തിച്ചിരുന്ന ഏഷ്യാനെറ്റിന്റെ ന്യൂസ് ഡെസ്കിൽ ബീനാ മന്മഥൻ, മേരി സലോമി, ,ഷഹനാസ് എന്നീ മൂന്ന് സ്ത്രീകൾ ദൃശ്യമാധ്യമ പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ കുറച്ചുനാളുകൾ കഴിഞ്ഞപ്പൾ മേരി സലോമിയും, സർക്കാർ ജോലി ലഭിച്ചപ്പോൾ ഷഹനാസും മാധ്യമപ്രവർത്തനം ഉപേക്ഷിച്ചു. സീനിയർ സബ്എഡിറ്റർ വരെ എത്തിയതിന് ശേഷം ബീനാ മന്മഥനും ടെലിവിഷൻ ജേർണലിസത്തോട് വിട പറഞ്ഞു.

 ഏഷ്യാനെറ്റ് ന്യൂസി'ൽ പിന്നീടു വന്ന ജനശ്രദ്ധേയ സാന്നിധ്യം അളകനന്ദയുടേതാണ്. ദൂരദർശനിൽ വാർത്തവായിച്ചു തുടങ്ങിയ അവർ കുറേക്കാലം സൂര്യ'യിലും വാർത്തവായിച്ചിരുന്നു. 2004 ൽ ആണ് ഏഷ്യാനെറ്റിൽ എത്തുന്നത്. ന്യസ് പ്രസന്റർ എന്നപോലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ എന്ന നിലയിൽ അളകനന്ദ പ്രവർത്തിച്ചു. അളകനന്ദയെപ്പോലെ ഒട്ടേറെ വാർത്താവതാരകമാർക്ക് ഏഷ്യാനെറ്റി'ൽ അവസരം കിട്ടി. അവതരണരംഗത്തപ്പോലെ ന്യൂസ് ഡെസ്ക്, ന്യൂസ് ബ്യൂറോ എന്നീ മേഖലയിലും ഏഷ്യാനെറ്റി'ൽ സ്ത്രീ സാന്നിധ്യമുണ്ട്. ഏഷ്യാനെറ്റിൽ 1997 ൽ ദൃശ്യമാധ്യമപ്രവർത്തനം തുടങ്ങിയ സിന്ധു സൂര്യകുമാറാണ് സർവീസ് ബ്രേക്ക് വരാതെ ഒരേ ചാനലിൽ ഏറ്റവുമധികം കാലം തുടർച്ചയായി ജോലി ചെയ്യുകയും ഉന്നതപദവിയിലെത്തുകയും ചെയ്ത ഏക മലയാളം ദൃശ്യമാധ്യമ പ്രവർത്തക.

   1998 ഒക്ടോബർ 19 നാണ് രണ്ടാമത്തെ ചാനലായി സൂര്യ ടി.വി സംപ്രേഷണം തുടങ്ങുന്നത്. തുടർന്ന് കൈരളി, ജീവൻ, ജയ്ഹിന്ദ്, മാതൃഭൂമി, മനോരമ, കൗമുദി, മീഡിയ വൺ, റിപ്പോർട്ടർ, ഇന്ത്യാവിഷൻ,ടിവി ന്യൂ, ഫ്ളവേഴ്സ്, മംഗളം, ന്യൂസ് 18കേരള, 24കേരള തുടങ്ങി നിരവധി ന്യൂസ് ചാനലുകളും അനുബന്ധ എന്റർടെയിൻമെന്റ് ചാനലുകളും സംപ്രേക്ഷണം ആരംഭിച്ചു.

  സൂര്യ ടി വി യിൽ അന്ന് വാർത്തകൾ വായിക്കുന്ന ജോലി മാത്രമേ സ്ത്രീകൾക്ക് ഉണ്ടായിരുന്നുള്ളൂ. വാർത്തകൾ വായിച്ചിരുന്ന സ്ത്രീകൾ ചാനലിലെ മുഴുവൻ സമയ ജീവനക്കാരായിരുന്നില്ല വാർത്തവായിക്കാൻ ആവശ്യമുള്ള സമയത്ത് വന്നുപോകുന്ന വായനക്കാർ മാത്രമായിരുന്നു. തുടർന്ന് പിറവികൊണ്ട മലയാളം ചാനലായ കൈരളിയിൽ വാർത്തയിലും വാർത്താധിഷ്ഠിത പരിപാടികളിലും സ്ത്രീകളുടെ സാന്നിദ്ധ്യം മറ്റു ചാനലുകളെ അപേക്ഷിച്ച് കൂടുതലായിരുന്നു. തിരുവനന്തപുരത്തെ ന്യൂസ് ബ്യൂറോയിൽ ആദ്യമായി ഒരു വനിത ചീഫായതും കൈരളി ചാനലിലായിരുന്നു. പുരുഷനായ ഒരു ബ്യൂറോ ചീഫ് രാജിവെച്ചതിനെ തുടർന്നാണ് ന്യൂസ് എഡിറ്ററായ ആർ പാർവതി ദേവിക്ക് ന്യൂസ് ബ്യൂറോയുടെ ചാർജ് ലഭിക്കുന്നത്. 1988ൽ ദേശാഭിമാനിയിലാണ് പാർവതി ദേവി മാധ്യമപ്രവർത്തനം ആരംഭിച്ചത്. 1997ൽ ഏഷ്യാനെറ്റിൽ ദൃശ്യമാധ്യമപ്രവർത്തനം തുടങ്ങിയ അവർ കൈരളി തുടങ്ങിയപ്പോൾ അവിടെ ന്യൂസ് എഡിറ്ററായി. ഒരു ചാനലിലൽ ന്യൂസ് എഡിറ്ററാകുന്ന ആദ്യ വനിതയും പാർവതി ദേവിയാണ്.എന്നാൽ 6 വർഷം കഴിഞ്ഞപ്പോൾ അവർ മാധ്യമപ്രവർത്തനം ഉപേക്ഷിച്ചു.   ‘ചീഫ് ന്യൂസ് എഡിറ്റർ പോസ്റ്റിലിരിക്കുമ്പോൾ ന്യൂസിൽ നിന്ന് കറന്റ് അഫേഴ്സിലേക്ക് മാറ്റി.       

   കേരളത്തിലെ ആദ്യത്തെ മുഴുവൻസമയ വാർത്താചാനൽ ഇന്ത്യാവിഷനാണ്. 2003 ജൂലൈ 14നാണ് ഇന്ത്യാവിഷൻ സംപ്രേഷണം തുടങ്ങിയത്. ഇന്ത്യാവിഷ്യനിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ അവതാരകരായതും റിപ്പോർട്ടർമാരായും എത്തുന്നത്. കേരളത്തിന് പുറത്തുള്ള സ്പെഷ്യൽ അസൈൻമെന്റ്, അവിചാരിതമായ സംഭവങ്ങൾ, സവിഷേഷമായ ഇവന്റുകൾ തുടങ്ങി വാർത്തയുടെ എല്ലാ മേഖലകളിലേക്കും സ്ത്രീകൾക്കും ഇടം നൽകി. ഇന്ത്യാവിശഷനുശേഷം ഏഷ്യാനെറ്റും കൈരളിലയും മുഴുവൻ സമയ വാർത്താചാനലുകൾക്ക് തുടക്കം കുറിച്ചു.

  കേരളത്തിലാദ്യമായി സ്ത്രീ വിഷയമാകുന്ന വാർത്തകൾക്ക് മാത്രമായി അരമണിക്കൂർ നീക്കിവെച്ചത് മാതൃഭമി ന്യൂസാണ്.  തിങ്കൾ മുതൽ ശനി വരെ ഉച്ചക്ക് 2.30 മുതൽ 3.00 വരെയുള്ള ഷീ ന്യൂസ് എന്ന പരുപാടി.  മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ആദ്യത്തെ മുഖ്യധാരാ ചാനലാണ് മീഡിയ വൺ. എല്ലാ മലയാളം ചാനലുകളിലും മുസ്ലീം വനിതാപ്രതിനിധാനമുണ്ടെങ്കിലും അവർക്ക് മുഖ്യധാരയിലേക്ക് മതപരമായ ചിഹ്നങ്ങൾ ഉപേക്ഷിച്ചേ മതിയാകൂ എന്ന അതുവരെ നിലനിന്ന അവസ്ഥയെ മീഡിയ വൺ തിരുത്തി സ്ത്രീപ്രതിനിധാനത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. 2014ൽ ജൂലൈ പ്രവർത്തനം ആരംഭിച്ച ടിവി ന്യൂ ആണ് കേരളത്തിൽ ആദ്യമായി ഒരു വനിതയെ എക്സിക്യൂട്ടീവ് എഡിറ്ററായി നിയമിച്ചത്.വീണജോർജാണ് ആ സ്ഥാനം വഹിച്ചത്. 6മാസത്തിനകം വീണജോർജ് ചാനലിൽ നിന്നും രാജിവെച്ചു. വൈകാതെ ചാനൽ പ്രവർത്തനം നിർത്തുകയും ചെയ്തു. 

  വാർത്താവിഭാഗത്തിൽ ഇന്ന്  "ഏഷ്യാനെറ്റി' ൽ സിന്ധു സൂര്യകുമാർ, പി. ആർ. വന്ദന, ശാലിനി ശിവദാസ്, പ്രജുല, രജനീ വാര്യർ, ജയ പാർവതി, അഖില, പി.ആർ. പ്രവീണ, സി.പി. അജിത, അഞ്ജു, പ്രിയ ഇളവള്ളിമഠം, ശീതൾ, സാവിത്രി, അമ്പിളി, വി.കെ. സോന, വിനീത, സ്മിതാ സുരേഷ്, ജിൽസി ജയരാജ്, പ്രജില പി., പ്രകുല കുഞ്ഞിക്കണ്ണൻ, ""സൂര്യ'യിൽ രമ്യ സിബി, വിദ്യാ ദയാനന്ദൻ, "കൈരളി'യിൽ കെ.കെ. നീലിമ, ഷീജ എസ്., ലെസ്ലി ജോൺ, കാർത്തിക വർമ്മ, ജോഷില പി.വി., "ഇന്ത്യവിഷനി'ൽ വീണാജോർജ്ജ്, ലക്ഷ്മി പത്മ, ജസ്റ്റീന തോമസ്, സുവി വിശ്വനാഥ്, ബി.എസ്. മിഥില, ആതിരി ഗോപിനാഥ്, പാർവതി സത്യദേവൻ, ഫൗസിയ മുസ്തഫ, ശബ്ന വി., ദിൽന മധു, "അമൃത'യിൽ മായാ ശ്രീകുമാറിനെ കൂടാതെ എ. രതി, സ്വപ്ന വിജയകുമാർ, ശ്രീജ സേതുനാഥ്, ഹേമ വി.പി, അൺഫി ലിറ്റ് ഡിസൂസ, ആശ വി.സി., സിനു സൂപ, ബിന്ദു ടി., അമ്പിളി, ഇമിൽ ഗൈ്രൻ മേഴ്സി, അശ്വതി പി., "ജയ്ഹിന്ദി'ൽ സിമി തോമസ്, അശ്വനി ഭരത്, ദിവ്യ ടി.എസ്., ലിജോ മോൾ ജോസ്, ജിഷാ കെ. രാജ്,കാവ്യ എസ്.ബാബു,നിത്യ എസ്., അശ്വതി കെ. എസ്., ദിവ്യ ടി.പി., ദിവ്യ ദിനേഷ്, "ജീവനി'ൽ സുബിത സുകുമാർ, ആർ. ഹേമലത,എൻ കെ.വിന്നി, "മനോരമ ന്യൂസി'ൽ ശ്രീദേവി പിള്ള, ഷാനി പ്രഭാകരൻ, പ്രിയ രവീന്ദ്രൻ, ആശാ ജാവേദ്, ദീപ കേളാട്ട്, ലക്ഷ്മി മോഹൻ പ്രിയാ ജോൺ, മീതു മാത്യു, പാർവതി കുര്യാക്കോസ്, നിധി എൽസ ഫ്രാൻസിസ്, ധന്യാ മോൾ എൻ.എസ്., ബിഞ്ചു മോൾ ബി.എസ്, അനില എം, മറിയ ട്രീസ എബ്രഹാം , പൗർണ്ണമി ശങ്കർ, വി.എ.ഹിമ, മാത്യഭൂമി' യിൽ എം എസ് ശ്രീകല, അപർണ്ണ കുറുപ്പ്, സ്മൃതി പരുത്തിക്കാട്, ആരതി കെ. ആർ., ഫെബിൻ കെ. മൻസൂർ,മീഡിയ വണ്ണിൽ ജെസ്ന, സന്ധ്യ ലക്ഷ്മണൻ, റിപ്പോർട്ടറി ൽ റാണി. അനുപമ, അനുജ, ശ്രീല പിള്ള, രഞ്ജിമ ആർ. നായർ, ജിജി മോൾ, വിനിത ഇങ്ങനെ ഒട്ടേറെപ്പേർ. (ഇത് 2013 ലെ സ്ഥിതി വിവരമാണ്-ലിസ്റ്റ് അപൂർണ്ണം).( ടെലിവിഷനിലെ പെണ്ണിടങ്ങൾ ,ഡോ ടി കെ സന്തോഷ് കുമാർ)

        ഏഷ്യാനെറ്റി'ലെ ആദ്യത്തെ വനിത പ്രൊഡൂസറായി എത്തിയത് 'സിനിമാല' എന്ന പരിപാടിയിലൂടെ പ്രസിദ്ധയായിത്തീർന്ന ഡയാന സിൽവസ്റ്റർ ആണ്. മലയാളത്തിലെ സ്വകാര്യ ടെലിവിഷൻ മേഖലയിലെ ആദ്യത്തെ വനിതാ പ്രൊഡൂസർ ആണ് ഡയാന സിൽവസ്റ്റർ. 1993ൽ ആണ് ഡയാന ഏഷ്യാനെറ്റിൽ ചേർന്നത്. പിന്നീട് ആശാ ജോസഫ്, സുജ ജോസഫ്, സുനിത ടി.വി., നിഷ പട്ടാലി, ഷൈനി ജേക്കബ് ബഞ്ചമിൻ എന്നിവർ പ്രൊഡ്യൂസർമാരായി എത്തി. ഇവർക്കൊപ്പം പാഡക്ഷൻ അസിസ്റ്റന്റ് എന്ന നിലയിൽ ബെറ്റി ബേബി ലൂയിസും ഉണ്ടായിരുന്നു. ഇക്കൂട്ടത്തിൽ ഇപ്പോൾ ദൃശ്യമാധ്യമ രംഗത്ത് ഡയാനയും നിഷയും ബെറ്റി ബേബി ലൂയിസും മാത്രമാണ് നിലനിൽക്കുന്നത്. മലയാളത്തിലെ എല്ലാ ചാനലുകളിലും പ്രോഗ്രാം വിഭാഗത്തിൽ ഇവരെ കൂടാതെ ഒട്ടേറെ സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട്. ചിലർ അവതാരകരാണ്. മറ്റുചിലർ നിർമ്മാണം നിർവഹിക്കുന്നവരാണ്. (അവരുടെ എല്ലാവരുടെയും പേര് പരാമർശിച്ചിട്ടില്ല). 2013 ൽ നിന്ന്, തിരിഞ്ഞുനോക്കുമ്പോൾ മലയാള ടെലിവിഷനിൽ ജനപ്രീതിക്കപ്പുറം തനതായ വ്യക്തിമുദ്ര പതിപ്പി നിരവധി സ്ത്രീകളെ കാണാം. .( ടെലിവിഷനിലെ പെണ്ണിടങ്ങൾ ,ഡോ ടി കെ സന്തോഷ് കുമാർ)

       പ്രൊഡ്യൂസർമാരായും, അവതാരകരായും, റിപ്പോർട്ടർമാരായും ഇന്ന് ധാരാളം സ്ത്രീകൾ ടെലിവിഷനിൽ പ്രവർത്തിക്കുന്നുണ്ട്. തുടക്കത്തിൽ ടെലിവിഷൻ പ്രവർത്തനങ്ങളിൽ സ്ത്രീസാന്നിദ്ധ്യം കുറവായിരുന്നെങ്കിലും അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച് സ്ത്രീ പ്രാതിനിധ്യം വേഗത്തിലാണ് സംഭവിച്ചത്. പുരുഷന്മാരെപ്പോലെ ചാനൽ നടത്തിപ്പിന്റെ നേതൃത്വം ഏറ്റെടുക്കാനോ അതിന്റെ അധികാരകേന്ദ്രങ്ങളിൽ വരാനോ ഇന്നും സ്ത്രീകൾക്ക് മലയാള ചാനലുകളിൽ അധികം കഴിഞ്ഞിട്ടില്ല. അവതാരകരായും അഭിനേത്രികളായും സ്ത്രീകളുള്ളപ്പോൾ തന്നെ പ്രോഗ്രാം നിർമ്മിക്കുന്നതിൽ ക്യാമറകൾക്ക് പിന്നിലെ സ്ത്രീസാന്നിദ്ധ്യം താരതമ്യേന കുറവാണ്. സിന്ധു സൂര്യകുമാർ, ഷാനിപ്രഭാകരൻ, എം.എസ്.ശ്രീകല തുടങ്ങിയ പേരുകൾ അവയിൽ ചിലത്. ധീരമായ രാഷ്ട്രീയ നിലപാടുകൾ അവതരിപ്പിക്കുന്നതിന്റെ പേരിൽ പല വെല്ലുവിളികളും ഇവർക്ക് നേരിടേണ്ടതായി വരുന്നുണ്ട്.            
 
    വാർത്താധിഷ്ടിത പരിപാടികളും  അവലോകനങ്ങളും  സ്ത്രീകളുടെ നേതൃത്വത്തിൽ സംപ്രേക്ഷണം ചെയ്തപ്പോൾ അവയ്ക്കു വലിയ സ്വീകാര്യത ലഭിച്ചു. ഇന്ന് പ്രചാരം നേടിയ പല ന്യൂസ് അവർ പരിപാടികളും സ്ത്രീകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്, സ്ത്രീകൾ ഒരേ സമയം പ്രൊഡ്യൂസർമാരും അവതാരകരുമാകുന്ന ഇത്തരം പരിപാടികൾ വനിതാമാധ്യമ പ്രവർത്തകരുടെ ബഹുമുഖ കഴിവുകളെയാണ് അനാവരണം ചെയ്യുന്നത്. വാർത്താവിഭാഗത്തിൽ എഡിറ്റിംഗ്, റിപ്പോർട്ടിംഗ്, അവതരണം തുടങ്ങിയ എല്ലാ മേഖകളിലും സ്ത്രീസാന്നിദ്ധ്യം അച്ചടിമാധ്യമങ്ങളിലേക്കാൾ സജീവമാണ്. നിയമസഭാ, ക്യാബിനറ്റ് ബ്രീഫിംഗ്, രാഷ്ട്രീയ സംഭവങ്ങൾ, പ്രകൃതിദുരന്തങ്ങൾ, പ്രധാന മറ്റ് സംഭവങ്ങൾ എല്ലാംതന്നെ തത്സമയം റിപ്പോർട്ട് ചെയ്യുന്നതിലും വനിതകൾ ധാരാളമുണ്ട്.                    

       

References

References

 

1.ഗീതാ നസീർ :2019, വനിതാ മാധ്യമപ്രവർത്തന ചരിത്രം       
2. എം എസ് ശ്രീകല :2019, പ്രതി - രൂപം മാധ്യമ മലയാളത്തിന്റെ ലിംഗരാഷ്ട്രീയം: മൈത്രി ബുക്സ്,    തിരുവനന്തപുരം.
 3. ഡോ. ടി.കെ സന്തോഷ് കുമാർ : 2014, മലയാളടെലിവിഷൻ ചരിത്രം, 1985-2013, കേരള പ്രസ് അക്കാദമി