പദ്‌മശ്രീയിലെ പെൺതിളക്കം-മൂഴിക്കൽ പങ്കജാക്ഷി
അന്യം നിന്നു പോകുന്ന നോക്കുവിദ്യ പാവകളി എന്ന അത്യപൂർവ കലാരൂപത്തിന്റെ അവസാന കണ്ണികളിൽ ഒരാളാണ് ഉഴവൂർ മോനിപ്പള്ളി ഗ്രാമത്തിൽ താമസിക്കുന്ന ഈ എൺപത്തിമൂന്നുകാരി. പാവകളിയിലൂടെ പത്മശ്രീപുരസ്‌കാരം പങ്കജാക്ഷിയമ്മയെ തേടിയെത്തുമ്പോൾ അംഗീകരിക്കപ്പെടുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള കേരളത്തിന്റെ തനത് സംസ്‌കാരമാണ്. മേൽച്ചുണ്ടിന് മുകളിലായി രണ്ടടി നീളമുള്ള കമ്പിൽ പാവകളെ നിയന്ത്രിച്ച് നിറുത്തി പാട്ടിനും തുടിതാളത്തിനുമൊപ്പം ശരീരം മെല്ലെ ചലിപ്പിച്ച് ചെയ്യുന്നതാണ് വേലപ്പണിക്കർ വിഭാഗത്തിന്റെ പാരമ്പര്യ കലാരൂപമായ നോക്കുവിദ്യ പാവകളി.
പ്രധാനമായും മഹാഭാരതത്തിൽ നിന്നുള്ള കഥകൾ ചെയ്യുന്ന നോക്കുവിദ്യയിൽ രണ്ടു തിരിയിട്ട നിലവിളക്ക് എടുത്ത് കളി തുടങ്ങും. പിന്നീട്, പാവക്കൂത്തിന്റെ അംഗചലനങ്ങളോടെ കഥ അവതരിപ്പിക്കും. മഹാഭാരതവും രാമായണവും സാമൂഹ്യജീവിതത്തില്‍ നിന്നും എടുത്ത കഥകളുമെല്ലാം നോക്കുവിദ്യ പാവകളിയില്‍ അരങ്ങേറും.
അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന ഈ തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് പങ്കജാക്ഷിയമ്മ. പങ്കജാക്ഷിയമ്മയെ കൂടാതെ പേരമകള്‍ രഞ്ജിനിയും ഈ കലാരൂപത്തില്‍ വിദഗ്ദ്ധയാണ്. നോക്കുവിദ്യ പാവകളിയുടെ പ്രചാരണത്തിന് നല്‍കിയ നിര്‍ണായകസംഭാവനകള്‍ പരിഗണിച്ചാണ് പത്മപുരസ്കാരം നല്‍കിയിരിക്കുന്നത്. കൈകള്‍ കൊണ്ട് പാവകളെ നിയന്ത്രിക്കുന്ന തോല്‍പ്പാവകളിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് നോക്കുവിദ്യ പാവകളി.
പതിനൊന്നാം വയസ്സിൽ തന്നെ നോക്കുവിദ്യ പാവക്കൂത്ത് പഠിച്ച പങ്കജാക്ഷിയമ്മ വിവാഹശേഷം, ഭർത്താവ് എഴുതി നൽകിയ പാട്ടുകൾ ഈണമിട്ടാണ് ഇത് അവതരിപ്പിച്ചിരുന്നത്. ഫോക്‌ലോർ അക്കാഡമിയുടെ ഫെലോഷിപ്പ് നേടിയ പങ്കജാക്ഷിയമ്മ ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളിൽ പോയി നോക്കുവിദ്യ പാവകളി ചെയ്തിട്ടുണ്ട്. ഓർമ്മക്കുറവും, ആരോഗ്യപ്രശ്‌നങ്ങളും മൂലം ഏഴു വർഷം മുൻപ് സജീവ വേദികളിൽ നിന്നു വിരമിച്ചിരുന്നു.