കോ വാക്സിന് പിന്നിൽ പ്രവർത്തിച്ച മലയാളി ശാസ്ത്രജ്ഞ

ഡോ. ജോമി ജോസ്

 

 ഡോ. ജോമി ജോസ്


രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്‌സിനായ കോ വാക്‌സിനു പിന്നിലുമുണ്ട് ഒരു മലയാളി.ചങ്ങനാശേരിക്കാരിയായ ഡോ. ജോമി ജോസാണ് ആ മലയാളി സ്ത്രീ. ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ്-19 വാക്‌സിനായ കോവാക്‌സിന്റെ പ്രീക്ലിനിക്കൽ പഠനങ്ങൾ വഴി മനുഷ്യരിൽ ക്ലിനിക്കൽ ട്രയൽസ് നടത്താൻ യോഗ്യമാണെന്ന് കണ്ടെത്തുകയാണ് ജോമിയും സംഘവും ചെയ്തത്. നാലിനത്തിൽപ്പെട്ട ജീവികളിലാണ് പരീക്ഷണം നടത്തിയത്. നാലുമാസം നീണ്ടുനിന്ന ശ്രമകരമായ പ്രവർത്തനത്തിലൂടെയാണ് വാക്സിൻ മനുഷ്യരിൽ ഉപയോ​ഗിക്കുന്നത് സുരക്ഷിതമാണെന്ന് കണ്ടെത്തിയത്. പ്രീക്ലിനിക്കൽ വിഭാഗത്തിൽനിന്നുള്ള ക്ലിയറൻസ് ലഭിച്ചതിനുശേഷം മാത്രമേ മനുഷ്യർക്കായി മരുന്നുകൾ പുറത്തിറക്കാൻ കഴിയൂ.

മരുന്നുകൾ മൃഗങ്ങളിൽ പരീക്ഷണം നടത്തുന്നതാണ് പ്രീക്ലിനിക്കൽ പഠനത്തിലുള്ളത്. മരുന്നുകൾ ഉപയോഗിക്കുമ്പോൾ എന്തെങ്കിലും പ്രതികൂല പ്രശ്‌നങ്ങൾ ഉണ്ടോ, ഉണ്ടെങ്കിൽ എന്തൊക്കെ എന്നിവയെല്ലാം സൂക്ഷ്മമായി ഈ പഠനത്തിലൂടെ കണ്ടെത്തും. കോവാക്‌സിൻ വിജയകരമായിത്തന്നെയാണ് കമ്പനി വികസിപ്പിച്ചെടുത്തത്. എന്നാൽ, അത് മനുഷ്യരിലേക്ക് എത്തുന്നതിനു മുൻപ് പ്രീക്ലിനിക്കൽ പഠനങ്ങൾ ആവശ്യമാണ്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ പോലുള്ള റെഗുലേറ്ററി ബോർഡ് നിഷ്‌കർഷിക്കുന്ന രീതിയിൽത്തന്നെയാണ് പഠനങ്ങളെന്ന് ഡോ. ജോമി പറയുന്നു.

മരുന്നുകളുടെ പ്രീക്ലിനിക്കൽ പഠനങ്ങൾ നടത്തുന്ന ഹൈദരാബാദിലെ ആർസിസി ലബോറട്ടറീസിന്റെ രോഗലക്ഷണ ശാസ്ത്രം (Pathology) വിഭാഗം മേധാവിയാണ് കൂടാതെ ഒരു വെറ്ററിനറി ഡോക്ടറുകൂടിയാണ് ഡോ. ജോമി. കോട്ടയം ജില്ലയിലെ ചങ്ങനാശേരി മാടപ്പാട്ട് ജോസഫ് മാത്യുമറിയാമ്മ ദമ്പതികളുടെ മകളാണ് ജോമി. മണ്ണുത്തി വെറ്ററിനറി കോളജിൽനിന്ന് വെറ്ററിനറി ബിരുദം നേടിയ ഡോ. ജോമി, മദ്രാസ് വെറ്ററിനറി കോളജിൽനിന്ന് വെറ്ററിനറി പതോളജിയിൽ ബിരുദാനന്തര ബിരുദത്തിനുശേഷം ഫാർമസ്യൂട്ടിക്കൽസ് മേഖലയിലേക്ക് കടക്കുകയായിരുന്നു.മൂന്നു വർഷമായി ആർസിസിയുടെ ഭാഗമാണ്. 300ൽപ്പരം പ്രീക്ലിനിക്കൽ പഠനത്തിന്റെ ഭാഗമായിട്ടുള്ള ഡോ. ജോമി വിവിധ റെഗുലേറ്ററി അഥോറിറ്റികളുടെ മുൻപാകെ ഒട്ടേറെ പതോളജി റിപ്പോർട്ടുകളും സമർപ്പിച്ചിട്ടുണ്ട്.


വെറ്ററിനറി ഡോക്ടറായ തോമസ് വിജോ ജോയിയാണ് ഭർത്താവ്. മക്കൾ: ദിയ, റോൺ.

കടപ്പാട് : 1.  മലയാള മനോരമ 

                  2. ന്യൂസ് 18 കേരളം