വിദ്യാഭ്യാസവും ലിംഗസമത്വവും

കേരളത്തിലെ ഉയർന്ന സാക്ഷരതാ നിരക്ക്
 

സാമൂഹ്യ-സാംസ്കാരിക വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നേട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത് ഉയർന്ന സ്ത്രീ സാക്ഷരതയും വിദ്യാഭ്യാസവുമാണ്. ഉയർന്ന സാക്ഷരത കേരള സ്ത്രീകളുടെ സാമൂഹികവും രാഷ്ട്രീയവുമായ വികസന കുതിപ്പിന്റെ അടിസ്ഥാനമായി കണക്കാക്കാം. ഒരു ചെറിയ സ്ത്രീ-പുരുഷ വ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച സ്ത്രീ സാക്ഷരതാ നിരക്കായ 92 ശതമാനം കേരളത്തിലാണ് (സെൻസസ്, 2011). കേരളത്തില്‍ ഈ 6 ദശകങ്ങള്‍ കൊണ്ട് സ്ത്രീ-പുരുഷ വ്യത്യാസം കുറഞ്ഞുവെന്നും കാണാന്‍ സാധിക്കുന്നു. . 75-ാമത് എൻ.എസ്.എസ്.ഒ യുടെ വിശകലനത്തില്‍ കേരളത്തിൽ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് വീണ്ടും വർദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു 

കമ്പ്യൂട്ടർ സാക്ഷരത, അടിസ്ഥാന ഇന്റർനെറ്റ് പരിജ്ഞാനം തുടങ്ങിയ സാക്ഷരതയുടെ കാര്യത്തിൽ കേരളത്തിലെയും ഇന്ത്യയിലെയും സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണ്. കമ്പ്യൂട്ടർ, ഇൻറർനെറ്റ് സാക്ഷരത എന്നിവയുടെ കാര്യത്തിൽ സ്ത്രീ-പുരുഷ വ്യത്യാസം ഗ്രാമീണ മേഖലയിലാണ് കൂടുതൽ പ്രകടമാകുന്നത്. 

കമ്പ്യൂട്ടർ, ഇൻറർനെറ്റ് സാക്ഷരതാ നിരക്കുകളിലെ ലിംഗ പദവി വത്യാസങ്ങള്‍

അവലംബം: 75-ാം മത് എൻ.എസ്.എസ്.ഒ റൗണ്ട്

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, സ്കൂള്‍ പ്രവേശനം പ്രാഥമിക തലത്തിൽ സാർവത്രികമാണ്, കൂടാതെ സ്ത്രീ-പുരുഷ തുല്യത കൈവരിക്കുകയും ചെയ്തു. സ്കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികളിൽ 49 ശതമാനവും പെൺകുട്ടികളാണ്. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലെ പ്രവേശനത്തില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ പ്രവേശനം 51.19 ശതമാനമാണ്. മൂന്നാമത്തെ തലത്തിലും പെൺകുട്ടികളുടെ പ്രവേശനം ആൺകുട്ടികളേക്കാൾ കൂടുതലാണ്. ഉദാഹരണത്തിന്, 2019-20 കാലയളവിൽ കേരളത്തിലെ വിവിധ ആർട്സ് സയൻസ് കോളേജുകളിൽ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടിയതിന്റെ 68.1 ശതമാനം പെൺകുട്ടികളാണ്. ബിരുദാനന്തര ബിരുദം പരിഗണിക്കുമ്പോൾ, പെൺകുട്ടികളുടെ പ്രവേശനം മൊത്തം പ്രവേശനത്തിന്റെ 64.9 ശതമാനമായി ഉയര്‍ന്നുനില്‍ക്കുന്നു. എന്നാൽ എഞ്ചിനീയറിംഗ് കോളേജുകളിലും പോളിടെക്നിക്കുകളിലും പെൺകുട്ടികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്. പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ പെൺകുട്ടികളുടെ ശതമാനം എഞ്ചിനീയറിംഗ് കോളേജുകളില്‍ 37.8 ഉം പോളിടെക്നിക്കുകളില്‍ 28.1 ഉം മാത്രമാണ്. ടെക്നിക്കൽ സ്കൂളുകളില്‍ വളരെ താഴ്ന്ന ശതമാനമായ 5 ശതമാനം മാത്രമാണ് പെണ്‍കുട്ടികള്‍.

ബി ടെക്, ടെക്നിക്കൽ കോഴ്സുകൾ, പോളിടെക്നിക്സ്, ടെക്നിക്കൽ ഹൈസ്കൂളുകൾ എന്നിവയിൽ പെൺകുട്ടികളുടെ പ്രവേശനം ആനുപാതികമായി കുറവാണ്; ആരോഗ്യം, ആരോഗ്യ-അനുബന്ധ വിഷയങ്ങള്‍ എന്നിവയിൽ അനുപാതം വളരെ കൂടുതലാണ്. മറ്റേതൊരു വിഭാഗവുമായി താരതമ്യപ്പെടുത്തുമ്പോൾ, വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട കോഴ്സുകളിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. പട്ടിക 8.1.1-ൽ കാണുന്നത് പോലെ, ആരോഗ്യ-അനുബന്ധ കോഴ്സുകളിലെ 80 ശതമാനത്തിലധികം വിദ്യാർത്ഥികളും പെൺകുട്ടികളാണ്. വൈദ്യശാസ്ത്രത്തിലെ വിവിധ ശാഖകളിലെ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടുന്ന പെൺകുട്ടികളുടെ അനുപാതം  നോക്കുകയാണെങ്കിൽ  പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ കൂടുതലാണ്. വരും വർഷങ്ങളിൽ 60 ശതമാനത്തിലധികം ഡോക്ടർമാർ സ്ത്രീകളായിരിക്കുമെന്നതിന്റെ സൂചനയാണിത്

വിവിധ തലങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം-2020-21

മേഖല ആകെ പെണ്‍കുട്ടികള്‍ ശതമാനം
എല്‍.പി 1329219 653903 49.19
യു.പി 1120713 551367 49.19
എച്ച്.എസ് 1266965 614355 48.49
എച്ച്.എസ്.എസ് 381755 196212 51.39
വി.എച്ച്.എസ്.എസ് 23847 10042 42.10
ടെക്ക്നിക്കല്‍ ഹൈ സ്കൂള്‍ 7771 393 5.00
പോളി ടെക്നിക് 12066 3397 28.10
ബി.എ , ബി.എസ്സി & ബി.കോം 289524 197148 68.10
ബി. ടെക് 5382 2036 37.80
എം.എ എം. എസ്സി & എം.കോം 42769 27752 64.90
എം. ടെക് 1356 869 64.10
ആരോഗ്യവും അനുബന്ധ ശാസ്ത്രവും 22024 17903 81.28

അവലംബം: ഡി.ജി.ഇ, ഡി.സി.ഇ, ഡി.ടി.ഇ, കെ.ടി.യു, കെ. യു. എച്ച്. എസ്, 2020

 മെഡിക്കൽ വിദ്യാഭ്യാസത്തിലെ പെൺകുട്ടികളുടെ അനുപാതം

വിഭാഗം പാഠ്യക്രമം ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ ആകെ പെണ്‍കുട്ടികളുടെ ശതമാനം

ആധുനിക വൈദ്യശാസ്ത്രം

ബിരുദം 3028 3913 6941 56.38
ബിരുദാനന്തരബിരുദം 884 1270 2154 58.96

ഹോമിയോ വൈദ്യശാസ്ത്രം

ബിരുദം 42 275 317 86.75
ബിരുദാനന്തരബിരുദം 4 54 58 93.10

ആയൂർവേദ വൈദ്യശാസ്ത്രം

ബിരുദം 130 843 973 86.64
ബിരുദാനന്തരബിരുദം 13 163 176 92.61

യുനാനി

ബിരുദം 9 41 50 82.00
ബിരുദാനന്തരബിരുദം 0 0 0 0

സിദ്ധ

ബിരുദം 5 19 24 79.17
ബിരുദാനന്തരബിരുദം 0 0 0 0

ആകെ

4115 6578 10693 61.52

അവലംബം: ആരോഗ്യ സർവ്വകലാശാല (കെ.യു.എച്ച്.എസ്)

പാഠ്യക്രമം അനുസരിച്ചുള്ള വിദ്യാർത്ഥികളുടെ വിവരം ശതമാനത്തില്‍

    കേരളം ഇന്ത്യ
    സാധാരണ കോഴ്സുകള്‍ ടെക്നിക്കല്‍/
പ്രഫഷണല്‍ കോഴ്സുകള്‍
മൊത്തം സാധാരണ കോഴ്സുകള്‍ ടെക്നിക്കല്‍/
പ്രഫഷണല്‍ കോഴ്സുകള്‍
മൊത്തം

ഗ്രാമം

പുരുഷന്മാര്‍ 88.8 11.2 100 97.1 2.9 100
സ്ത്രീകള്‍ 91.1 8.9 100 98.3 1.7 100
ആകെ 89.8 10.2 100 97.6 2.4 100

നഗരം

പുരുഷന്മാര്‍ 90.8 9.2 100 91.7 8.3 100
സ്ത്രീകള്‍ 87.8 12.2 100 93.7 6.3 100
ആകെ 89.3 10.7 100 92.6 7.4 100

ആകെ

പുരുഷന്മാര്‍ 89.6 10.4 100 95.5 4.5 100
സ്ത്രീകള്‍ 89.5 10.5 100 96.9 3.1 100
ആകെ 89.6 10.4 100 96.1 3.9 100

അവലംബം: 75-ാമത് റൗണ്ട് എൻ.എസ്.എസ്.ഒ യുടെ വിശകലനം, ഭാരത സര്‍ക്കാര്‍

ആൺകുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രൊഫഷണൽ, ടെക്നിക്കൽ കോഴ്സുകൾക്ക് മുന്‍ കാലഘട്ടങ്ങളില്‍ പെൺകുട്ടികളുടെ പരിഗണന കുറവായിരുന്നു. എൻ.എസ്.എസ് ഓ യുടെ 75-ാ മത് റൗണ്ടിലെ കണക്കുകള്‍ പ്രകാരം ഈ കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നതില്‍ പെണ്‍കുട്ടികള്‍ക്ക് കാലക്രമേണ മാറ്റം ഉണ്ടായതായി കാണാം. ഗ്രാമപ്രദേശങ്ങളിൽ പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികൾ സാങ്കേതിക, പ്രൊഫഷണൽ കോഴ്സുകളാണ് ഇഷ്ടപ്പെടുന്നതെങ്കിലും പ്രൊഫഷണൽ, ടെക്നിക്കൽ കോഴ്സുകളിലെ പെൺകുട്ടികളുടെ ശതമാനം കേരളത്തില്‍ അഖിലേന്ത്യാ തലത്തേക്കാൾ കൂടുതലാണ്. ഗ്രാമപ്രദേശങ്ങളിൽ 9 ശതമാനം പെൺകുട്ടികളും കേരളത്തിൽ സാങ്കേതിക, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുമ്പോൾ ഇന്ത്യയിലെ അനുപാതം രണ്ട് ശതമാനത്തിൽ താഴെയാണ്. നഗരപ്രദേശങ്ങളിലെ പെണ്‍കുട്ടികളുടെ കണക്ക് പരിഗണിക്കുമ്പോഴും കേരളവും ഇന്ത്യയും തമ്മില്‍ ഈ വിടവ് നിലനിൽക്കുന്നു.

വിദ്യാർത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കാണിക്കുന്നത് സാങ്കേതിക വിദ്യാഭ്യാസം ഒഴികെ, പ്രൊഫഷണൽ വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ തലത്തിലും പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ കൂടുതലാണ് എന്നതാണ്.