സാന്ത്വനം

ആരോഗ്യപരിപാലന രംഗത്ത് അനുകരണീയമായ ഒരു സംരംഭ മാതൃകയാണ് കുടുംബശ്രീയുടെ 'സാന്ത്വനം' പദ്ധതി. പൊതുജനങ്ങള്‍ക്കിടയില്‍ ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് അനിവാര്യവുമായിത്തീര്‍ന്ന സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് തുണയാകുന്ന ഈ പദ്ധതി കുടുംബശ്രീ അവതരിപ്പിച്ചത്. വീടുകളിലെത്തി രക്ത പരിശോധന ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കാനും ഇതുവഴി കേരള സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്‌നത്തിനുള്ള പരിഹാരം സ്ത്രീകളുടെ ഉപജീവനത്തിനുള്ള അവസരമാക്കി മാറ്റാനുമാണ് സാന്ത്വനം എന്ന ഈ ബൃഹത് പദ്ധതി 2006ല്‍ കുടുംബശ്രീ വിഭാവനം ചെയ്തത്.

കുടുംബശ്രീയും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രശസ്ത സംഘടനയായ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളും (HAP) ചേര്‍ന്നാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. പത്താം തരം വിജയിച്ച, സംരംഭം തുടങ്ങാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് ഏഴ് ദിവസത്തെ മികച്ച പരിശീലനം നല്‍കുന്നു. ഉയരം, ശരീരഭാരം, ബോഡി മാസ് ഇന്‍ഡക്‌സ്, രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്‌ട്രോള്‍ എന്നിവ അളക്കാന്‍ പഠിപ്പിച്ച് ഉപകരണങ്ങളും നല്‍കുന്നു. രക്തക്കുഴലിലേക്ക് സൂചി കയറ്റിയല്ല, മറിച്ച് വിരല്‍ത്തുമ്പില്‍ നിന്ന് രക്തം എടുത്ത് പരിശോധിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സാന്ത്വനം വോളന്റിയമാര്‍മാര്‍ സേവനം നല്‍കുന്നത്.

എണ്ണത്തില്‍ കുറവാണെങ്കിലും തങ്ങള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തില്‍ വളരെ കാര്യക്ഷതമയോടെയും കൃത്യനിഷ്ഠയോടെയും പ്രവര്‍ത്തിക്കുന്ന സാന്ത്വനം അംഗങ്ങള്‍ക്ക് മികച്ച വരുമാനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഓരോ സേവനത്തിനും ചെറിയ ഫീസ് വാങ്ങിയാണ് ഇവർ വരുമാനം കണ്ടെത്തുന്നത്. സേവനസ്വീകര്‍ത്താവിനെ സംബന്ധിച്ചിടത്തോളം ഇഷ്ടമുള്ളപ്പോള്‍ വീട്ടില്‍ത്തന്നെ സേവനം ലഭിക്കുമെന്നതിനാല്‍ യാത്രാക്കൂലി ഉള്‍പ്പെടെ വലിയ ചെലവ് കുറയ്ക്കാന്‍ സാധിക്കുന്നു. പ്രതിമാസം ശരാശരി 20,000 രൂപ ഒരു സാന്ത്വനം വോളന്റിയര്‍ക്ക് വരുമാനമായി ലഭിക്കുന്നവെന്നത് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഇവര്‍ പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത വിശ്വാസ്യതയുടെയും ഇവര്‍ക്ക് പ്രാദേശികതലത്തിലുള്ള സ്വീകാര്യതയുടെയും പ്രതിഫലനമാണ്.

ഇപ്പോള്‍ 356 സാന്ത്വനം വോളന്റിയര്‍മാര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനത്തിലും ഒരു വോളന്റിയറെങ്കിലും വേണമെന്ന ഞങ്ങളുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. 297 പേരാണ് കഴിഞ്ഞ 2 വര്‍ഷമായി പരിശീലനം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചത്

വോളന്റിയര്‍മാരുടെ ലിസ്റ്റും പ്രവര്‍ത്തനമേഖലയും
http://www.kudumbashree.org/pages/557  എന്ന ലിങ്കില്‍ ലഭിക്കും.