സ്ത്രീ സുരക്ഷയ്ക്കായി നിർഭയം ആപ്പ്ളിക്കേഷൻ

ഓരോ സെക്കന്റിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിയ്ക്കുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി കേരള പോലീസ് പുറത്തിറക്കിയ സ്ത്രീ സുരക്ഷാ ആപ്പ് ആണ് നിർഭയം. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ആപ്പ് ഇൻസ്റ്റാൾ ചെയ്ത അത്യാവശ്യ സന്ദർഭങ്ങളിൽ പോലീസുമായി ബന്ധപ്പെട്ട സഹായം ആവശ്യപ്പെടാവുന്ന തരത്തിലാണ് ആപ്പ്ളിക്കേഷൻ നിർമ്മിച്ചിരിയ്ക്കുന്നത്. 

ആപ്പിലെ ഹെല്‍പ്പ് ബട്ടണ്‍ അഞ്ച് സെക്കന്‍ഡ് അമര്‍ത്തിപ്പിടിച്ചാല്‍ ഫോണ്‍ ഉപയോഗിയ്ക്കുന്ന ആളിന്റെ ലൊക്കേഷന്‍ ഏറ്റവും അടുത്തുള്ള പൊലീസ് കണ്‍ട്രോള്‍ റൂമിലോ പൊലീസ് സ്റ്റേഷനിലോ ലഭിക്കും. ഇന്റെര്‍നെറ്റ് കവറേജ് ഇല്ലാതെ തന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പൊലീസുമായി പങ്കുവെയ്ക്കാനാകും. 

പതിന്നാലു ജില്ലകളിലും ഇതിനായി പ്രത്യക സംവിധാനങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലയ്ക്കും ഓരോ കണ്‍ട്രോള്‍ റൂമുകളുണ്ട്. നിര്‍ഭയം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണ്‍വച്ച് ഒരാള്‍ക്ക് ഏതു ജില്ലയില്‍നിന്നും സഹായം അഭ്യര്‍ഥിക്കാം. അതാത് ജില്ലയുടെ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തുംവിധമാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. 

ഫോട്ടോ, വീഡിയോ എന്നിവ ഒറ്റക്ലിക്കിലൂടെ എടുത്തയയ്ക്കാനുള്ള ക്രമീകരണവുമുണ്ട്. ശബ്ദ സന്ദേശം അയക്കാനുള്ള ശ്രമത്തിനിടെ അക്രമി ഫോണ്‍ തട്ടിയെടുത്താലും സന്ദേശം ക്യാന്‍സല്‍ ചെയ്യാനാകില്ല. തത്സമയം ലഭിക്കുന്ന ദൃശ്യങ്ങളും മറ്റും പൊലീസിന് തെളിവാകുകയും ചെയ്യും. 

നിർഭയം ആപ്പ് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ലഭ്യമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.