സുജാത മോഹൻ

സുജാത മോഹൻ

സുജാത മോഹന്‍(1963-

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയായ സുജാത മോഹന്‍, 1963 മാര്‍ച്ച് 31ന് കൊച്ചിയിൽ ജനിച്ചു. പത്താം വയസ്സിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചുതുടങ്ങിയ സുജാത നെയ്യാറ്റിന്‍കര വാസുദേവന്‍, കല്യാണ സുന്ദരം ഭാഗവതര്‍, ഓച്ചിറ ബാലകൃഷ്ണന്‍ എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. എട്ടാം വയസ്സിൽ കലാഭവനില്‍ ചേര്‍ന്നതോടെയാണ് സുജാത ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയത്. അക്കാലത്ത് കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്‍ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ സുജാത പാടിയിട്ടുണ്ട്. 

1973 ല്‍ എറണാകുളത്ത് ക്ഷണിക്കപ്പെട്ട സദസ്സിന് മുന്‍പാകെ എംജി രാധാകൃഷ്ണൻ ഈണം പകർന്ന 'ഓടക്കുഴൽവിളി ഒഴുകിയൊഴുകി..' പാടുകയും അത് ആകാശവാണി പ്രക്ഷേപണം ചെയ്ത് വൻ സ്വീകാര്യത നേടുകയും ചെയ്തു. ആ ഒരൊറ്റ ഗാനത്തിന്‍റെ ജനപ്രീതിയിൽ സുജാതയ്ക്ക് ആകാശവാണി നേരിട്ട് ബി 1 ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.

പന്ത്രണ്ടു വയസ്സുള്ളപ്പോൾ മലയാള സിനിമയിൽ പാടി തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടി കഴിവു തെളിയിച്ചു. 1975ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിനു പിന്നണി പാടിയാണ് ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത്. ചിത്രത്തിലെ ഒ എന്‍ വി കുറുപ്പ് എഴുതി എം കെ ആര്‍ജ്ജുനന്‍ ഈണമിട്ട കണ്ണെഴുതി പൊട്ടു തൊട്ട് എന്ന ഗാനമാണ് ആദ്യമായി ആലപിച്ച ഗാനം. അതേ വര്‍ഷം കാമം ക്രോധം മോഹം എന്ന ചിത്രത്തില്‍ യോശുദാസിനൊപ്പം സ്വപ്‌നം കാണും പെണ്ണേ ആദ്യ യുഗ്മഗാനവും അലപിച്ചു.

പിന്നീട് സലിൽ ചൗധരിയുടെ സംഗീതത്തിൽ അപരാധി എന്ന ചിത്രത്തിലും പാടി. എഴുപതുകളിൽ ബേബി സുജാത എന്ന പേരിൽ പ്രശസ്തയായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ യേശുദാസിനോടൊപ്പം നിരവധി ഗാനമേളകളിൽ സുജാത പങ്കെടുത്തിരുന്നു.

ഇളയരാജയുടെ സംഗീതത്തിൽ 1977ൽ  കാവിക്കുയിൽ എന്ന സിനിമയ്ക്കുവേണ്ടിയാണ് സുജാത ആദ്യമായി തമിഴിൽ പാടുന്നത്. എന്നാൽ ആ ഗാനം സിനിമയിൽ ഉണ്ടായിരുന്നില്ല. സുജാതയുടെതായി ആദ്യം തമിഴ് സിനിമയിൽ വന്നത് ഇളയരാജയുടെ തന്നെ സംഗീതത്തിൽ 1978 ൽ റിലീസ് ചെയ്ത ഗായത്രി എന്ന സിനിമയിലെ "കാലൈ പാനിയിൽ..." എന്ന ഗാനമായിരുന്നു.

മലയാളം,തമിഴ് എന്നിവ കൂടാതെ തെലുങ്കു, കന്നഡ, ഹിന്ദി സിനിമകളിലായി   സുജാത പാടിയിട്ടുണ്ട്. 

1996, 1998, 2006 വര്‍ഷങ്ങളില്‍ കേരള സംസ്ഥാന പുരസ്‌ക്കാരവും 1993, 1996, 2001 വര്‍ഷങ്ങളില്‍ തമിഴ്നാട് സംസ്ഥാന പുരസ്‌ക്കാരവും നേടി.