സ്ത്രീഗാർഹിക തൊഴിലാളികളും ഭരണകൂട ആശങ്കകളും

ഡോ. ബിന്ദുലക്ഷമി
ഫാക്കൽറ്റി, 
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്

 

തൊഴിൽ തേടി വിദേശത്തേക്കു പോകുന്ന അവിദഗ്ദ്ധരായ (unskilled) തൊഴിലാളികളിൽ ഒരു നല്ല പങ്ക് ഗാർഹിക തൊഴിലാളികളായ സ്ത്രീകളാണ്. മുൻകാലങ്ങളിലെ കുടിയേറ്റ സംബന്ധമായ മിക്കവാറും പഠനങ്ങളും പുരുഷകേന്ദ്രിതമായ ഒരു സ്ഥാപനവ്യവസ്ഥയിലൂടെയാണ് പ്രവാസത്തെ വിശകലനം ചെയ്തിരുന്നത്. സ്തീകളുടെ യാത്രകൾ എന്നും പുരുഷകേന്ദിതപ്രവാസത്തിന്റെ അരികുപറ്റി മാത്രമാണെന്നും, സ്ത്രീകൾ എന്നും പുരുഷനെ പിന്തുടരുന്നവൾ മാത്രമാണെന്നും, അല്ലാതെയുള്ള സ്വതന്ത്രമായ യാത്ര അവൾ ഒരിക്കലും വിഭാവനം ചെയ്യുന്നില്ലെന്നും ഈ പുരുഷകേന്ദ്രിത കുടിയേറ്റ പഠനങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. ഇതിന് അപവാദമായി കണ്ടിരുന്നത് നഴ്സിങ്ങുമായി ബന്ധപ്പെട്ട സ്ത്രീകളുടെ കുടിയേറ്റം മാത്രമായിരുന്നു. ഈ പശ്ചാത്തലത്തിൽ ഗാർഹിക തൊഴിലാളികളായ സ്ത്രീകളുടെ കുടിയേറ്റം അങ്ങേയറ്റം ശ്രദ്ധ അർഹിക്കുന്നുണ്ട്.
          
                അടുത്തകാലത്തായി നടന്ന പ്രവാസപഠനങ്ങൾ പ്രതേകിച്ചും Mary percot, Sheba George, Ester Gallo എന്നിവരുടെ പഠനങ്ങൾ എടുത്തു പറയേണ്ടതാണ്. വിദേശരാഷ്ടങ്ങളിലേക്കുള്ള സ്ത്രീകളുടെ സജീവ പങ്കാളിത്തം ഈ പഠനങ്ങൾ മുന്നോട്ടു കൊണ്ടുവന്നു.
          
                 വിദേശരാജ്യത്തേക്കുള്ള തൊഴിൽ കുടിയേറ്റങ്ങൾക്കു കാരണമായി പല സിദ്ധാന്തങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. അതിൽ പ്രധാനമായ ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത് വർദ്ധിച്ചു വരുന്ന സാമ്പത്തിക അസമത്വമാണ്. ഇതൊരു പ്രധാന കാരണമാണെങ്കിൽ തന്നെയും ഈ കാരണം മാത്രമായി സ്ത്രീകളുടെ യാത്ര ചെയ്യാനുള്ള ആഗ്രഹങ്ങളെ ചുരുക്കാനാവില്ല. 2007-ൽ ദുബായിലും കേരളത്തിലും നടത്തിയ Reld work -ൽ (ഗവേഷണപഠനത്തിന്റെ ഭാഗമായി) പലവിധകാരണങ്ങൾ സ്ത്രീകൾ തൊഴിൽ പരമായ കുടിയേറ്റത്തിന് തെരഞ്ഞെടുക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞു. അതെ സമയം വ്യാപകമായി നിലനിൽക്കുന്ന സ്ത്രീഗാർഹിക തൊഴിലാളികളെ ചുറ്റിപറ്റിയുള്ള സദാചാരസങ്കൽപ്പവും ഭരണകൂടത്തിന്റെ പലവിധത്തിലുള്ള ആശങ്കകളും അവരുടെ യാത സങ്കീർണ്ണമാക്കി തീർക്കുന്നു.

household labour

               ആണാധികാരത്തിന്റെ ആണിക്കല്ലായ ഭരണകൂട വ്യവസ്ഥയെക്കുറിച്ച് ഫെമിനിസ്റ്റ് ചിന്തകയായ Catherine Mackinnon എഴുതിയിട്ടുണ്ട്. ഭരണകൂടത്തിന്റെ ആണധികാരത്തെക്കുറിച്ചും, ആ പുരുഷകേന്ദിതഭരണകൂടം സ്ത്രീകളെ ലൈംഗിക വസ്തുക്കളായി മാത്രം വിഭാവനം ചെയ്തിരിക്കുന്നതായും Mackinnon വിമർശിക്കുന്നു. ഇത്തരത്തിലുള്ള വിമർശനം സ്ത്രീകൾ ഭരണകൂടവുമായി നിരന്തരം നടത്തുന്ന പല ഇടപെടലുകളും അപ്രസക്തമാക്കുന്നുണ്ട് എന്നത് ഒരു പോരായ്മ ആണെന്ന് സൂചിപ്പിക്കേണ്ടിയിരിക്കുന്നു. സ്ത്രീകൾ ഭരണകൂടവുമായി നടത്തുന്ന ഇടപെടൽ എന്നും ഒരു "നിസ്സഹായ ആയ ഇര' യുടേത് മാത്രമല്ല മറിച്ച് സജീവമായി ഭരണകൂട ചട്ടക്കൂടുകളെ വെല്ലുവിളിക്കുന്നതുമാണ്. ഈ ഇടപെ ടൽ ചിലപ്പോഴൊക്കെ സംഘടിതമായി തോന്നാമെങ്കിലും, ഭരണകൂടം ആ ഇടപെടലുകൾക്ക് ചില മാനദണ്ഡങ്ങൾ വച്ചിരിക്കുന്നതായും കാണാം.

                രാഷ്ട്രാതിർത്തിക്ക് പുറത്തേക്കുള്ള സ്ത്രീകളുടെ ചലനങ്ങളെ മനുഷ്യകടത്ത് (Human traffiking) ക്രോഡീകരിച്ചു കാണാനുള്ള ഒരു പ്രവണത നിലനിൽക്കുന്നുണ്ട്. ഇത് വീണ്ടും സ്ത്രീകളുടെ സ്വതന്ത്രമായ യാത്രകളെ അംഗീകരിക്കാൻ വൈമുഖ്യം കാണിക്കുന്ന മുഖ്യധാരാ സമീപനങ്ങളുടെ ഭാഗമാണ്. അങ്ങനെ സ്ത്രീകളെ  മനുഷ്യക്കടത്തിന്റെയും പലവിധത്തിലുള്ള ലൈംഗികാതിക്രമങ്ങളുടെയും നിസ്സഹായ ഇരയായിമാത്രം ചിത്രീകരിക്കുന്ന പ്രവണത നിലനിൽക്കുന്നു. ദേശരാഷ്ട്രം എന്ന നിർമ്മിതിയെയും അതിന്റെ സാങ്കൽപ്പികമായ സീമകളെയും ലംഘിക്കുന്ന സ്ത്രീകളുടെ സഞ്ചാരം ഉണ്ടാക്കുന്ന ഭീഷണി Human trafficking നിസ്സഹായയായ ഇര എന്നീ വ്യവഹാരങ്ങളിൽ ഇഴചേർന്നിരിക്കുന്നു.

               ഗാർഹിക തൊഴിൽ എന്നും സ്ത്രീകളുടേത് മാത്രമാണെന്നും ഗാർഹിക തൊഴിൽ പതിവു വീട്ടുജോലികളുടെ  ഒരു വിപുലീകരണം മാത്രമാണെന്നുമുള്ള ഒരു സാമാന്യ ബോധം വളരെ ശക്തിയായി നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗാർഹിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക് അവർ അർഹിക്കുന്ന പരിഗണന നൽകാൻ ശ്രമിക്കുന്നുമില്ല. ഗാർഹിക തൊഴിൽ സ്വകാര്യ ഇടം - പൊതുഇടം എന്ന ദ്വന്ദ്വത്തെ ഇല്ലായ്മ ചെയ്യുന്നുണ്ട്. അതേ സമയം വേതനവ്യവസ്ഥകൾ കൃത്യമായി പാലിക്കാതെ, കരാർ പ്രകാരം, സമയക്രമത്തിൽ ജോലി ചെയ്യാൻ പറ്റാതെ പലതരത്തിൽ ചൂഷണത്തിന് വിധേയരാവുന്നുമുണ്ട്.

                ഇത്തരം ഒരു സാഹചര്യം നിലനിൽക്കാനുള്ള ഒരു പ്രധാന കാരണം ഗാർഹിക തൊഴിൽ ഒരു പ്രത്യേക തൊഴിൽ മേഖലയായി കാണാനുള്ള വൈമുഖ്യവും വളരെ ഫ്യൂഡലിസത്തിൽ അടിയുറച്ച തൊഴിലാളി - തൊഴിലുടമ ബന്ധം നിലനിൽക്കുന്നു എന്നതുമാണ്. ഇങ്ങനെ ഗാർഹിക തൊഴിൽ പലവിധത്തിലുള്ള ഇടപെടലുകളിൽ, സദാചാരസങ്കൽപ്പങ്ങളിൽ  ഭരണകൂടത്തിന്റെ, തൊഴിൽ സ്ഥലത്തിന്റെ, തൊഴിൽ ഉടമയുടെ കുരുങ്ങിക്കിടക്കുന്നതായി കാണാം. ശ്രീലങ്കയിൽ നിന്നു മധ്യേഷ്യൻ രാജ്യമായ ലെബനണിലേക്ക് ഗാർഹിക തൊഴിലാളികളായി പോകുന്ന സ്ത്രീകളെക്കുറിച്ചുള്ള പഠനത്തിൽ മിഷേൽ ഗാംബുർഡ് (Michele Gamburd) "Intimate outsider' എന്ന പദം ഉപയോഗിക്കുന്നുണ്ട്. കുടുംബം എന്ന സ്വകാര്യ ഇടത്തിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളി, ആ കുടുംബത്തിന്റെ അധികാരഘടനത്തിൽ വളരെ താഴെയാണ്. അതേസമയം കുടുംബത്തിന്റെ അധികാരഘടനയും സങ്കീർണതകളും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ വീക്ഷണകോൺ നിലനിൽക്കുന്ന ജ്ഞാനവ്യവസ്ഥയുടെ അധികാരത്ത തകിടം മറിക്കുന്നുണ്ട്. ഇത് സ്ത്രീവാദ രാഷ്ട്രീയത്തിന് മുന്നോട്ടുള്ള ഇടപെടലുകൾക്ക് പ്രധാനമാണ് താനും. വിദേശത്തേക്ക് ജോലിക്ക് പോകുന്ന സ്ത്രീകൾക്ക്, അവർ Emigration clearance required (ECR) എന്ന വിഭാഗത്തിൽ പെട്ടവരാണെങ്കിൽ, പ്രായപരിധി വച്ചുകൊണ്ടുള്ള നിബന്ധന ഇന്ത്യാഗവണ്മെന്റ് പുറത്തിറക്കിയിട്ട് ഏകദേശം 10 വർഷത്തോളമായി കഴിഞ്ഞു. ഇന്ത്യാഗവണ്മെന്റിന്റെ നിബന്ധന പ്രകാരം 30 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകൾക്ക് Emigration clearance ലഭ്യമാകുന്നതല്ല.

             2004-ൽ പുറപ്പെടുവിച്ച ഈ നിബന്ധന വിദേശത്തേക്ക് ജോലിചെയ്യാൻ താൽപര്യപ്പെടുന്ന സ്ത്രീകൾക്ക് ഒരുതരത്തിലുള്ള സഹായവും ചെയ്യുന്നതായി കാണുന്നില്ല. ഈ നിബന്ധനയെ പറ്റി കൂടുതൽ അന്വേഷണം നടത്തിയപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്, ഇത് ദേശീയ വനിതാ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് നടപ്പിലാക്കിയത് എന്നാണ്. എന്തിനാണ് ഈ പ്രായപരിധി നിബന്ധന? ഇതുകൊണ്ട് ആർക്കാണ് നേട്ടം? എന്നീ ചോദ്യങ്ങൾ സ്വാഭാവികമായി ഉയർന്നുവരുന്നുണ്ട്. സ്ത്രീകൾക്ക്  സ്വതന്ത്രമായി യാത്ര ചെയ്യാനും തൊഴിൽ തേടാനുമുള്ള അവകാശത്തെ ഹനിക്കുന്ന നിയമം എന്ത് നേട്ടമാണ് ഉണ്ടാക്കുന്നത്? 

       വിദേശത്തേക്ക് ഗാർഹിക തൊഴിലിനായി പോകുന്ന സ്ത്രീകളുടെ പശ്ചാത്തലം പരിശോധിച്ചാൽ അവർ മിക്കവാറും സാമുദായികവും സാമൂഹികവും സാമ്പത്തികവുമായി പിന്നോട്ട് നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നാണെന്ന് കാണാം. പലപ്പോഴും തങ്ങളുടെ കുടുംബത്തിന്റെ സമൂഹത്തിന്റെ പുരോഗതിക്ക് ഈ സ്ത്രീകൾ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

 

household labour day

         

 

എടുത്തു പറയേണ്ട മറ്റൊരു കാര്യം, സ്ത്രീകൾക്ക് വിദേശജോലി താരതമ്യേന എളുപ്പത്തിൽ സമ്പാദിക്കാൻ കഴിയും എന്നുള്ളതാണ്. ഗാർഹിക തൊഴിൽ ഇന്നും അവിദഗ്ദ്ധതൊഴിൽ ആയി കരുതുന്നതും ഈ പ്രക്രിയ എളുപ്പമുള്ളതാക്കുന്നു. പുരുഷന്മാരിൽ ഏറിയപങ്കും വിദഗ്ധ തൊഴിലാളി (skilled labourer) ആയി വിദേശയാത്രയ്ക്ക് ശ്രമിക്കുമ്പോൾ സ്ത്രീ അവിദഗ്ധ തൊഴിലാളികളുടെ യാത്ര താരതമ്യേന എളുപ്പമായിതീരുന്നു. അതേ സമയം സ്ത്രീകൾക്ക് വളരെ ശക്തമായ ഒരു തൊഴിൽ വിപണി UAE പോലുള്ള രാജ്യങ്ങളിൽ ഉണ്ടുതാനും. തദ്ദേശീയർക്ക് (എമിറാറ്റികൾക്ക്) തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കമൂലം മിക്കവാറും എല്ലാ മേഖലകളിലും പ്രവാസ സാന്നിദ്ധ്യം കുറയുമ്പോഴും ഗാർഹിക തൊഴിൽ പോലുള്ള മേഖലകളിൽ ഈ ആശങ്കകൾ നിലനിൽക്കുന്നില്ല. ഗാർഹിക തൊഴിൽ ചെയ്യാൻ തദ്ദേശീയർക്കുള്ള വിമുഖതയും, ജോലി ചെയ്യാൻ സന്നദ്ധരായ സ്ത്രീ പുരുഷന്മാർ തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഉണ്ടെന്നതുമാണ്.

         ഇത്രയും അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ പ്രായപരിധിപോലുള്ള നിയന്ത്രണങ്ങളുമായി ഭരണകൂടം മുന്നോട്ട് വരുന്നത് വിമർശിക്കപ്പെടേണ്ടതാണ്. ഈ പ്രായപരിധി നിയമം വിദേശരാജ്യങ്ങളിൽ ഗാർഹിക തൊഴിലാളികളായി പോകാൻ താൽപര്യമുള്ള സ്ത്രീകളെ ആരെയും തന്നെ ഒരുവിധത്തിലും സഹായിക്കുന്നില്ലെന്ന് മാത്രമല്ല അവരുടെ യാത്ര സങ്കീർണമാക്കി തീർക്കുകയും ചെയ്യുന്നു.

           നിയമാനുസൃത മാർഗ്ഗങ്ങളിലൂടെ യാത്ര ചെയ്യാൻ അവസരം ലഭിക്കാതിരിക്കുമ്പോൾ നിയമത്തെ മറികടന്ന് യാത്ര ചെയ്യേണ്ടിവരുന്നതായും കാണാം. നിയമം - നിയമ ലംഘനം എന്നീ ദ്വന്ദ്വങ്ങൾ ഇവിടെ അപ്രത്യക്ഷമാവുന്നു. ഇന്ത്യയിലെ പല വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന "പുഷിംഗ്' (Pushing) എന്ന പേരിൽ അറിയപ്പെടുന്ന എമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാതെ വിദേശത്തേക്ക് കടക്കുന്ന മാർഗം, സ്ത്രീകൾ സ്വീകരിക്കുന്ന വിവിധമാർഗ്ഗങ്ങളിൽ ഒന്നാണ്. ഇത്തരത്തിൽ വിദേശത്ത് എത്തിച്ചേരുന്ന സ്ത്രീകൾക്ക് തൊഴിൽവിപണി നിലനിൽക്കുന്നുണ്ട് എന്നുള്ളത് അവരുടെ യാത്ര നിയമവിധേയമല്ലെങ്കിൽ പോലും, എത്തിപ്പെടുന്ന രാജ്യങ്ങളിൽ അംഗീകാരം ലഭിക്കുന്നതിന് തടസ്സമാവുന്നില്ല. ഈ സാഹചര്യത്തിൽ വെറുതെ പ്രതീകാത്മകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, സ്ത്രീകളെ നിസ്സഹായരായ ഇരകളായി ചിത്രീകരിക്കുന്ന ഭരണകൂടനിബന്ധനകൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

       2006-2008 കാലയളവിൽ ഒരു പോസ്റ്റ് ഡോക്ടറൽ റിസർച്ചിന്റെ ഭാഗമായി യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റർഡാമിൽ നടത്തിയ ഒരു പഠനത്തിന്റെ ഭാഗമാണ് ഈ ലേഖനം

References

References

പ്രബന്ധങ്ങൾ
നാലാം അന്താരാഷ്ട്ര കേരളപഠന കോൺഗ്രസ് 2015 
വികസനമേഖലാസെമിനാർ 
സ്ത്രീ-ലിംഗനീതി,വികസനം
എ.കെ.ജി.പഠനഗവേഷണകേന്ദ്രം, തിരുവനന്തപുരം