ടി.സി കുഞ്ഞാച്ചുമ്മ

ടി.സി കുഞ്ഞാച്ചുമ്മ
T C kunjachumma

ടി.സി കുഞ്ഞാച്ചുമ്മ കഴിവുറ്റ ഒരു  സാമൂഹിക പ്രവര്‍ത്തകയായിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാമൂഹി
കവുമായ വളര്‍ച്ചക്കു വേണ്ടി പലവിധത്തില്‍ അവര്‍ പരിശ്രമിക്കുകയുണ്ടായി. തികഞ്ഞ സാമൂഹിക-രാഷ്ട്രീയ ബോധത്തോടെ രൂപപ്പെട്ടതായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.1905 ൽ തച്ചറക്കല്‍ കണ്ണോത്ത് കുടുംബത്തിലാണ്  കുഞ്ഞാച്ചുമ്മ ജനിച്ചത്. വയോജനവിദ്യാഭ്യസം, തൊഴില്‍പരിശീലനം, കുടുംബാസൂത്രണ ബോധവല്‍ക്കരണം, ആധുനികവിദ്യഭ്യസത്തിനുള്ള പ്രോല്‍സാഹനം, സംഘടിത നമസ്‌കാരം, സാമൂഹികസേവനം, സാമ്രാജ്യത്വവിരുദ്ധസമരം, സംഗീതം തുടങ്ങിയവ വഴി സ്ത്രീശാക്തീകരണത്തിന്റെ വേറിട്ട പാതകളിലൂടെ സഞ്ചരിച്ച ചരിത്രമാണ് തലശ്ശേരി, തച്ചറക്കല്‍ കണ്ണോത്ത് മാളിയേക്കല്‍ തറവാടിനും ടി.സി.കുഞ്ഞാച്ചുമ്മ, മാളിയേക്കല്‍ മറിയുമ്മ എന്നീ പ്രതിഭകള്‍ക്കും അവര്‍ രൂപീകരിച്ച സംഘടനക്കും പറയാനുള്ളത്. അവരുടെ വിദ്യാഭ്യാസ യോഗ്യത എന്തായിരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല. പക്ഷേ,അവര്‍ ഇടപെട്ട മേഖലകളും ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും പരിശോധിക്കുമ്പോള്‍ അക്കാലത്ത് ലഭ്യമാകുന്നത്ര ഉയര്‍ന്ന വിദ്യാഭ്യസം നേടിയിരുന്നുവെന്നാണ് മനസ്സിലാകുന്നത്.1


 1933-ല്‍ തലശ്ശേരിയിൽ ടി.സി. കുഞ്ഞാച്ചുമ്മ രൂപീകരിച്ച മുസ്‌ലിം മഹിളാസമാജം ''കേരളത്തിലെ സ്ത്രീമുന്നേറ്റ ചരിത്രത്തില്‍ സവിശേഷമായി രേഖപ്പെടുത്തേണ്ട ഒന്നാണ്.  'മുസ്ലിംവനിതാസമാജം' ത്തിന്റെ പ്രഥമ പ്രസിഡന്റാവുകയും അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ വനിതാകമ്മിറ്റി മെമ്പറാവുകയും ചെയ്തത് മലബാറിലെ ഒരു സ്ത്രീയായിരുന്നുവെന്നത് വിസ്മയാവഹമായ ചരിത്രവസ്തുതയാണ്. വിദ്യാഭ്യാസരംഗത്ത് ഏറെ പുറകിലായിരുന്ന സ്ത്രീകളെ ബോധവല്‍ക്കരിക്കലായിരുന്നു സംഘടനയുടെ ലക്ഷ്യങ്ങളില്‍ പ്രധാനം. തൊഴില്‍പരിശീലനമായിരുന്നു അതിലൊന്ന്. പ്രായഭേദമന്യേ ആളുകള്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കുന്നതിനു വേണ്ടി മഹിളാസമാജത്തിന്റെ നേതൃത്വത്തില്‍ മാളിയേക്കല്‍ തറവാട്ടില്‍ വയോജനക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. കൂടാതെ മാളിയേക്കല്‍ തറവാട്ടിന്റെ മുറ്റത്ത് അവര്‍ കുടുംബാസൂത്രണ ക്ലാസുകളും നടത്തിയിരുന്നു. നിര്‍ധനരായ സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീന്‍ വാങ്ങിക്കൊടുക്കുകയും ചെയ്തു.പ്രത്യേക അധ്യാപകനെ ഏര്‍പ്പെടുത്തി അവര്‍ സ്ത്രീകള്‍ക്ക് തയ്യല്‍ പഠിപ്പിച്ചു.   മറ്റൊരു പ്രത്യേകത സ്ത്രീകളുടെ സംഘടിതനമസ്‌കാരമാണ്. റമദാനിലെ രാത്രികളില്‍ തറാവീഹ് നമസ്‌കാരം സ്ത്രീകള്‍ക്ക് സംഘടിതമായി നിര്‍വ്വഹിക്കാന്‍ സംവിധാനമേര്‍പ്പെടുത്തിയിരുന്നു. സംഘടനാബോധം സ്ത്രീകള്‍ക്ക് പകര്‍ന്നുകൊടുക്കുകയും സാമൂഹികസേവനരംഗത്തും ജനസേവനപ്രവര്‍ത്തനങ്ങളിലും ഏറെ സജീവമാവുകയും ചെയ്ത കുഞ്ഞാച്ചുമ്മക്ക് അത് പരിഗണിച്ചുകൊണ്ട് ഗവണ്‍മെന്റിന്റെ ബഹുമതിയും ലഭിക്കുകയുണ്ടായി. 1934 ല്‍ കൊടുങ്കാറ്റ് ഏറെ ദുരന്തംവിതച്ചപ്പോള്‍ ഇരകള്‍ക്ക് ആശ്വാസമെത്തിക്കാന്‍ വേണ്ടി നടത്തിയപ്രവര്‍ത്തനങ്ങള്‍ക്കാണ് മദ്രാസ്ഗവര്‍ണര്‍ സര്‍ ആര്‍തര്‍ഹോപ് കുഞ്ഞാച്ചുമ്മക്ക് അവാര്‍ഡ് നൽകിയത്. അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തകയായിരുന്നു.കുഞ്ഞാച്ചുമ്മ. പാറ്റ്‌നയില്‍ നടന്ന അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ വനിതാകമ്മറ്റി യോഗത്തിലേക്ക് മലബാറില്‍നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഏകവനിതയായിരുന്നു കുഞ്ഞാച്ചുമ്മ. അക്കാലത്ത് ബോംബെയിലെ മുസ്‌ലിം നേതാവായ സര്‍ കരീംഭായി ഇബ്‌റാഹിം മലബാര്‍ സന്ദര്‍ശിച്ചപ്പോള്‍ രൂപീകരിച്ച സ്വീകരണ കമ്മിറ്റിയിലും കഞ്ഞാച്ചുമ്മ ഉണ്ടായിരുന്നു.

നല്ലൊരു പാട്ടുകാരികൂടിയായിരുന്നു കുഞ്ഞാച്ചുമ്മ. സമകാലിക സംഭവങ്ങളെക്കുറിച്ച് പാട്ടെഴുതി ആ പാട്ടിലൂടെ  പ്രതികരിക്കുമായിരുന്നു.  ''പാട്ടുകെട്ടുക''എന്നാണ് അതിന്റെ പാരമ്പര്യ പ്രയോഗം. സ്വാതന്ത്രസമര സേനാനിയായ ''മായന്‍'' രക്തസാക്ഷ്യം വരിച്ചതിനെ കുറിച്ച് കുഞ്ഞാച്ചുമ്മ പാട്ടുകെട്ടുകയുണ്ടായി. ഇങ്ങനെ സാമൂഹിക-രാഷ്ട്രീയ-സേവന-സംഘടനാ രംഗത്ത് മലബാറിലെ നിറസാന്നിധ്യമായിരുന്നു ടി. സി. കുഞ്ഞാച്ചുമ്മ.

References

References


1. മുംതസ് പി. കെ. - കേരളത്തിലെ മുസ്ലീംഎഴുത്തുകാരികളുടെ പാരമ്പര്യവും പ്രതിനിധാനവും ഒരു വിമര്‍ശനാത്മക സമീപനം - കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഡോക്ടര്‍ ഓഫ് ഫിലോസഫി ബിരുദത്തിനുവേണ്ടി സമര്‍പ്പിച്ച പ്രബന്ധം.
2. സദ്‌റുദ്ദീന്‍ വാഴക്കാട്  -  മലയാളക്കരയിലെ മുസ്‌ലിം വനിതാ സംഘടനകള്‍ - https://aramamonline.net/articles/show/1269
3. സി.സരിത് - തലശ്ശേരിയുടെ മുമ്പേ നടന്ന മാളിയേക്കൽ - Read more at: https://www.mathrubhumi.com/kannur/kazhcha/-malayalam-news-
4. സഫിയ ഫാത്തിമ ഒ സി-  തലശ്ശേരിയിലെ മറിയുമ്മ ഇംഗ്ലീഷ് പഠിച്ച കഥ; സമുദായം അന്ന് കാര്‍ക്കിച്ചു തുപ്പിയതിന്റെയും - https://www.azhimukham.com/muslim-girl-studied-english-in-malabar-mariy…