ജോളി ചിറയത്തിന് മികച്ച സഹനടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം

jolly

ജോളി ചിറയത്തിന് മികച്ച സഹനടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ വെച്ച് നടന്ന ഇന്റർനാഷണൽ സിമ്പോളിക് ആർട് ഫിലിം ഫെസ്റ്റിവലിലാണ് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം മലയാളി നടി ജോളി ചിറയത്ത് നേടിയത്. ബിശ്വാസ് ബാലൻ സംവിധാനം ചെയ്ത കാളിരാത്രി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. 70 രാജ്യങ്ങളിൽ നിന്നായി 965ഓളം ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ ഉണ്ടായിരുന്നത്.ക്രൊയേഷ്യയിലെ ഡൈവേർഷൻസ് ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, സ്പ്ലൈസ് ഫിലിം ഫെസ്റ്റ് ന്യൂയോർക്ക് തുടങ്ങിയ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലെ മത്സരവിഭാഗത്തിലേക്ക് ചിത്രം നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒളിപ്പോര് എന്ന ചിത്രത്തിലൂടെ സഹസംവിധായകയായണ് മലയാള സിനിമയിലേക്ക് ആദ്യമായി ജോളി ചിറയത്ത് എത്തുന്നത്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ അമ്മ വേഷത്തിലൂടെയാണ് നടി എന്ന നിലയിൽ ജോളി ചിറയത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇരട്ടജീവിതം, ഈട, കൂടെ, ജൂൺ, വൈറസ്, സ്റ്റാൻഡ് അപ്പ്, തൊട്ടപ്പൻ, കപ്പേള തുടങ്ങിയ സിനിമകളിൽ ജോളി ചിറയത്ത് അഭിനയിച്ചിട്ടുണ്ട്. സൈക്കിൾ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ജയ്പൂരിലെ പിങ്ക് സിറ്റി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ജോളി ചിറയത്തിന് നേരത്തെ ലഭിച്ചിരുന്നു.