സ്ത്രീകളും തൊഴിലും: ചരിത്ര പശ്ചാത്തലം

ഡോ. ടി.കെ. ആനന്ദി
ഐ.സി.എസ്.എസ്. ആർ. പ്രൊജക്ട് ഫെലോ

സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെയും സ്വത്തുടമസ്ഥതയുടെയും കാര്യത്തിൽ നിലനിൽക്കുന്ന പരമ്പരാഗത നിയന്ത്രണങ്ങളിൽ നിന്നു താരതമ്യേന വിമുക്തമായ ഒരു സംസ്ഥാനമാണ് കേരളം. 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ കാര്യത്തിൽ, സ്ത്രീപുരുഷന്മാർ തമ്മിലുള്ള വ്യത്യാസങ്ങൾ കുറച്ചു കൊണ്ടുവന്നു. മരുമക്കത്തായ കുടുംബവ്യവസ്ഥ, സ്ത്രീകളുടെ സ്വത്തവകാശം ഉറപ്പുവരുത്തിയിരുന്നു. കേരളത്തിലെ വികസനനയങ്ങൾ പൊതുവിൽ ലിംഗസമത്വത്തിന്റെ പ്രശ്നങ്ങളോട് കൂടുതൽ ക്രിയാത്മകമായി പ്രതികരിക്കുകയും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ലിംഗസമത്വം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എങ്കിലും, കേരളത്തിലെ സാമൂഹ്യപരിവർത്തനം വളരെ ആഴത്തിലുള്ളതായിരുന്നെങ്കിലും അസന്തുലിതവുമായിരുന്നു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം, സമൂഹത്തിന് ഫ്യുഡൽ പുരുഷാധിപത്യനിലപാടുകളുടെയും സ്ഥാപനങ്ങളുടെയും നിലനിൽപ്പായിരുന്നു. ഏകഭർത്തത്വവിവാഹങ്ങളും അണുകുടുംബങ്ങളും വീടുകളിലെ പുരുഷാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്തി. അതേസമയം, സ്ത്രീകളുടെ ഉല്പാദന വും പ്രത്യുൽപാദനപരവുമായ പങ്കിനെ കൂടുതൽ പ്രകടമാ ക്കുകയും ചെയ്തു. മരുമക്കത്തായത്തിന്റെ നിരോധനവും, എല്ലാ സാമൂഹ്യവിഭാഗങ്ങളിലുമുള്ള പുരുഷാധിപത്യത്തിന്റെ വളർച്ചയും ഈ പ്രക്രിയയുടെ പ്രധാന ഘടകങ്ങളായിരുന്നു. ഇത്തരത്തിലുള്ള പുരുഷാധിപത്യരൂപങ്ങൾ കൊണ്ടാണ് സ്ത്രീകളുടെ സ്ഥാനം കുടുംബത്തിലാണ് എന്ന ധാരണ പൊതസമൂഹത്തിൽ പൊതു അംഗീകാരവും, പൊതുമണ്ഡലത്തിലുള്ള സ്ത്രീകളുടെ പൊതുവിലുള്ള അദ്യശ്യതയും ലഭിച്ചത്. ഉയർന്ന സ്ത്രീസാക്ഷരതയും സ്ത്രീവിദ്യാഭ്യാസത്തിലെ വളർച്ചയും സ്ത്രീയുടെ തൊഴിൽ പങ്കാളിത്തത്തിലും തൊഴിൽ രംഗത്തുള്ള അവരുടെ ഉന്നമനത്തിനും വഴിതെളിയിച്ചില്ല. ഇതിന്റെ ഫലമായി, സ്ത്രീകൾ ഗാർഹിക ജോലികളിൽ കൂടുതൽ സമയം ചിലവാക്കേണ്ടിവന്നു. അവരുടെ വീട്ടുജോലിക്ക്, ദേശീയവരവ് ചിലവ് കണക്കുകളിൽ മൂല്യം കല്പ്പിക്കുന്നില്ല. ഗാർഹിക തൊഴിലിൽ അടുക്കളത്തോട്ടം നിലനിർത്തുക, ആടുമാടുകളെയും കോഴികളെയും വളർത്തുക, വിറകു ശേഖരിക്കുക, ശിശുപരിപാലനം, പാചകവും കുടുംബാംഗങ്ങളുടെ ശുശ്രൂഷയും തുടങ്ങിയ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ഘടകങ്ങൾ കൂടിയുണ്ടെന്ന് ഓർക്കണം. തൊഴിൽ വിപണിയിലെത്തുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഇത് ഇരട്ട അധ്വാനമായി മാറുന്നു. വികസന നയത്തിന്റെ രൂപീകരണത്തിൽ ഇതിനു യാതൊരു മൂല്യവും കൽപ്പിക്കുന്നില്ല.

പുതിയ തൊഴിൽ ഘടനയിൽ സ്ത്രീകളുടെ അധ്വാനഭാരം കുറയുന്നില്ല. ദരിദ്രരായ വിദ്യാഭ്യാസമില്ലാത്ത സ്ത്രീകൾ പരമ്പരാഗത  വ്യവസായങ്ങളിലും കൃഷിയിലുമാണ് പ്രവർത്തിക്കുന്നത്, ഐ.ടി. പോലുള്ള പുതിയ മേഖലകളിൽ വളർന്നുവരുന്ന തൊഴിലിന്റെ അനൗപചാരിക രൂപങ്ങൾ, സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ ദൗർബല്യങ്ങളെ കുറയ്ക്കുന്നില്ല.  പുതിയ തൊഴിൽ ഘടന, തൊഴിലിന്റെ രൂപങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്നത് ശരിയാണെങ്കിലും ലിംഗപരമായ തൊഴിൽ വിഭജനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പരമ്പരാഗത തൊഴിൽ രൂപങ്ങളിലെ ലിംഗപരമായ വിധേയത്വം കമ്പോളവ്യവസ്ഥയിലും നിലനിൽക്കുന്നു. കമ്പോളവ്യവസ്ഥയിലെ വ്യക്തിപരമല്ലാത്ത ശക്തികൾ ആണ് ലിംഗപരമായ തൊഴിൽ വിഭജനത്തെ നിയന്ധ്രിക്കുന്നത്. പുതിയ ഘടനയിലെ മേഖലകൾ തമ്മിലുള്ള വിഭജനം ലിംഗപരമാണ്. അതുകൊണ്ട് തൊഴിൽ വിപണിയിലെ സ്ത്രീകളുടെ പ്രഥമസ്ഥാനം ഇപ്പോഴും തുടരുന്നു. 

ഇത്തരത്തിലുള്ള തൊഴിന്റകത്തുള്ള വിധേയത്വരൂപങ്ങളും അധമരൂപങ്ങളും സമ്പത്തിന്മേലുള്ള അവരുടെ അവകാശങ്ങളെ നിയന്ധ്രിക്കുന്നതായി കാണാം. കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്കുകൾ പുരുഷന്മാരുടേതിനേക്കാൾ വളരെ കുറവാണ്. വിദ്യാഭ്യാസമുള്ളവരിൽ പോലും പങ്കാളിത്തനിരക്കുകൾ സ്ഥായിയായി നിലനിൽക്കുകയോ കുറയുകയോ ആണ് ചെയ്യുന്നത്. വരുമാനദായകമായ തൊഴിലുകൾ സ്ത്രീ ശാക്തീകരണത്തിനു പ്രയോജനകരമാണ്. അതുകൊണ്ട് അത്തരം തൊഴിലുകളുടെ സ്വഭാവത്തിന് ഇന്ന് വളരെയധികം പ്രാധാന്യമുണ്ട്. പ്രതേകിച്ചു ദരിദ്രരായ സ്ത്രീകൾക്ക് സമൂഹത്തിന്റെ പ്രത്യുൽപാദനത്തിൽ വളരെപ്രധാനപ്പെട്ട പങ്കുള്ളതുകൊണ്ട്, ഈ തൊഴിലുകൾ ഔദ്യോഗിക കണക്കുകളിൽ വരുന്നില്ലെങ്കിൽ പോലും വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, വീടുകളിൽ നടക്കുന്ന സംരംഭങ്ങളിൽ കൂട്ടിയെടുക്കാത്ത സഹായികളായി നിൽക്കുന്ന ധാരാളം സ്ത്രീകളെ കാണാവുന്നതാണ്.
 
അഭ്യസ്തവിദ്യരായ സ്ത്രീകളുടെ തൊഴിലില്ലായ്മ കേരളത്തിന്റെ പ്രത്യേകതയാണ്. (ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വ്യത്യാസമില്ലാതെ) സാങ്കേതികവിദ്യാഭ്യാസം ലഭിച്ചവരുടെ തൊഴിൽ പങ്കാളിത്തവും വളരെ കുറവാണ്. സ്ത്രീപീഡനം, സ്ത്രീധനത്തിന്റെ പ്രശ്നങ്ങൾ, മാനസികരോഗങ്ങൾ തുടങ്ങിയവ, സംസ്ഥാനത്തെ മാനസികവികാസത്തെ സംബന്ധിച്ച് നേട്ടങ്ങളെ പരിമിതപ്പെടുത്തുന്നു. അതേസമയം സ്ത്രീകൾ അയൽക്കൂട്ടങ്ങളും സ്വയംസഹായ സംഘങ്ങളും വഴി സ്വയം നിലനിൽക്കാനുള്ള സർഗ്ഗാത്മകമായ മാർഗ്ഗങ്ങളിലേക്കു നീങ്ങിയിട്ടുമുണ്ട്.

ജനകീയാസൂത്രണംപോലെ, വികേന്ദ്രീകൃതാസൂത്രണ രൂപങ്ങൾ സ്ത്രീകളുടെ ആവശ്യങ്ങൾക്കു കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും അതിലെ സ്റ്റാന്റിംഗ് കമ്മിറ്റികളിലും 50% സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തിയ ആദ്യത്തെ സംസ്ഥാനം കേരളമാണ്. അതു കൊണ്ട് സ്ത്രീകൾക്ക് പ്രാദേശികവികസനരൂപങ്ങളിൽ ലിംഗപദവി കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഇടപെടാൻ സാധിക്കുന്നുണ്ട്. അങ്ങനെ വികസനരൂപങ്ങളിലും തുല്യതയും ജൻഡർ അജണ്ടയും നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

അതേസമയം, ഭരണകൂടവും കമ്പോളവ്യവസ്ഥയും ആധിപത്യം ചെലുത്തുന്ന വികസനരൂപങ്ങൾ സ്ത്രീ താല്പര്യങ്ങൾക്കെതിരാണ്. അതുകൊണ്ടുതന്നെ, സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ച് സംവാദം നടന്നുവരികയാണ്. സ്ത്രീകൾക്ക് വരുമാനദായകമായ തൊഴിലുകൾ ഉള്ള മേഖലയിൽ അതു നേടിക്കൊടുക്കുക കുടുംബത്തിന്റെ നില നിൽപ്പിനും ദേശീയസമ്പദ്ഘടനയുടെ വളർച്ചയ്ക്കുമുള്ള സ്തീകളുടെ സംഭാവനകൾ അംഗീകരിക്കുക, അവരുടെ അധ്വാനത്തിന് ന്യായമായ പ്രതിഫലം ഉറപ്പുവരുത്തുക, വിഭവങ്ങളിലും വരുമാനത്തിലും വികസനത്തെ സംബന്ധിച്ച തീരുമാനങ്ങളിലും ജൻഡർ തുല്യത ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ കഴിഞ്ഞ ഇടതുപക്ഷ ഗവണ്മെന്റ് മുന്നോട്ടു വെച്ചതിന്റെ ഫലമായിട്ടാണ് വികസനത്തിലും പദ്ധതി രൂപീകരണത്തിലും വനിതാഘടകപദ്ധതിയും, പ്ലാൻ ഫണ്ടിനുപരി 10% പ്രത്യേകമായി തൊഴിൽ സാദ്ധ്യതകളും കൂടാതെ ജൻഡർ ബഡ്ജറ്റിംഗ്, ജൻഡർ ഓഡിറ്റിംഗ് പോലുള്ളവയ്ക്ക് ആരംഭം കുറിച്ചത്.  

ഇന്നത്തെ അവസ്ഥ 

 •  സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്കിൽ ഗണ്യമായ വർധന ഉണ്ടായിട്ടില്ല. 
 • വേതനം കുറഞ്ഞ തൊഴിൽ മേഖലകളിൽ സ്ത്രീകൾ കൂടുതലായി നിയമിക്കപ്പെടുന്നു.
 • വൈദഗ്ധ്യം തീരെ ആവശ്യമില്ലാത്ത തൊഴിൽ രംഗങ്ങളിൽ സ്ത്രീകളെ നിയമിക്കുന്നത് സർവ്വസാധാരമായി മാറുന്നു. 
 • സ്ത്രീ-പുരുഷ വേതനത്തിന്റെ അന്തരം കുറഞ്ഞു വരുന്ന് എന്ന് പറയുമ്പോഴും കാർഷിക-കാർഷികേതര രംഗങ്ങളിൽ വ്യത്യാസം ഇപ്പോഴും നിലവിലുണ്ട്. 
 • ദാരിദ്ര്യത്തിന്റെ സ്ത്രൈണവൽക്കരണം എന്നത് സ്ത്രീകളുടെ തൊഴിൽഘടനയിൽ വരുന്ന മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തി വർധിച്ചുവരുന്നു. 
 • തൊഴിലിന്റെ സ്ത്രൈണവൽക്കരണത്തിൽ നിന്ന് തൊഴിലിന്റെ അസ്ഥിരവൽക്കരണമായി ഇത് മാറിക്കൊണ്ടിരിക്കുന്നു. 
 • സംഘടിത മേഖലകൾ (ഐ.ടി പോലുള്ള പുതിയ മേഖലകളുടെ വരവോടെ) കൂടുതൽ നിശ്ചലമായിക്കൊണ്ടിരിക്കുന്നു. 
 • പൊതുമേഖലകൾ പലതും (സംഘടിതമെങ്കിലും) സ്വകാര്യവൽക്കരണത്തിന്റെ ഭീഷണിയിലാണ്. 
 • സ്ത്രീകൾ കേരളത്തിൽ 35 വയസ്സുവരെ തൊഴിലന്വേഷകരായി തുടരുകയും, പിന്നീട് വീട്ടമ്മമാരായി സ്വയം അംഗീകരിക്കുകയും ചെയ്യുന്നത് പ്രൊഫഷണൽ വിദ്യാഭ്യാസം ലഭിച്ച സ്ത്രീകളുടെയിടയിൽ വളരെയധികം കാണുന്നു. (കെ.എസ്.എസ്.പി പഠനം)
 • അസംഘടിത മേഖല തടിച്ചുകൊഴുക്കുന്ന രീതി, ആഗോളതലത്തിലെന്ന പോലെ കേരളത്തിലും ദൃശ്യമാകുന്നുണ്ട്. 
 • സംഘടിത മേഖലക്കകത്തും അസംഘടിത മേഖല കടന്നു കയറുന്ന രീതി (ഐ.ടി പോലുള്ളവ വന്നതിനു ശേഷവും) കഴിഞ്ഞ ദശവർഷത്തിൽ ദൃശ്യമാണ്. ഉദാ: ടീച്ചർമാർ, കോളേജ് ടീച്ചർമാർ, എൽ.ഐ.സി പോലുള്ളവ, ബാങ്കുകൾ, സമസ്ത മേഖലകളിലും കടന്നു വരുന്നത് ഒരു ഭീഷണിയായി തന്നെ കണ്ടു പരിഹാരങ്ങൾ കാണേണ്ടതാണ്. 
 • അസംഘടിത മേഖലകാലിൽ കുറഞ്ഞ കൂലി, കൂടുതൽ സമയം, തൊഴിൽ അവകാശധ്വംസനം,തൊഴിൽ നിയമങ്ങളുടെ അഭാവം, എപ്പോൾ വേണമെങ്കിലും പിരിച്ചുവിടുകയും തിരിച്ചെടുക്കുകയും നിയമിക്കുകയും ചെയ്യുന്ന റിസേർവ് ആർമി സങ്കല്പം ഇവയെല്ലാം തന്നെ നിലനിൽക്കുന്നു. പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. 
 • പ്രശ്നങ്ങൾ രൂക്ഷമാവുന്നതോടെ, സമരമുഖങ്ങൾ പ്രത്യക്ഷമാവുന്നതും കേരളം കണ്ടുകൊണ്ടിരിക്കുന്നു ഉദാഹരണമായി, നഴ്സിംഗ് മേഖലയിലെ സമരങ്ങൾ, തുണിക്കടയിലെ ഇരിക്കാനുള്ള അവകാശത്തിനായുള്ള സമരങ്ങൾ, കല്യാൺ സിൽക്സിലെ പിരിച്ചുവിടലിനെതിരെ നടന്ന സമരങ്ങൾ എന്നിവ ഉദാഹരണങ്ങൾ മാത്രം. ഇനിയും ഇത്തരം സമരങ്ങൾ ഉയർന്നു വരാനുള്ള സാധ്യതകളുണ്ട്. 
 • വീട്ടുജോലിക്കാർ, കല്ലുപൊട്ടിക്കുന്നവർ, ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാർ, ക്വാറി പ്രവർത്തകർ, ചൂല്, പരമ്പ് എന്നിവ വിൽക്കുന്നവർ തുടങ്ങിയവർ മിക്കവാറും സാമൂഹ്യമായി പുറത്താക്കപ്പെട്ടവരുടെ മാത്രം തൊഴിലായി മാറിക്കൊണ്ടിരിക്കുന്ന അസംഘടിത മേഖലയാണ്.
 • മൊത്തം തൊഴിൽരംഗം, ഉല്പാദനവ്യവസ്ഥയിൽ നിന്ന് സൗന്ദര്യവ്യവസായത്തിലേക്കും വ്യവസായത്തിലേക്കും (Pleasure Industries) മാറിക്കൊണ്ടിരിക്കുന്നത്, പ്രത്യക്ഷത്തിൽ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം വർദ്ധിച്ചതായി തോന്നിക്കാമെങ്കിലും പരോക്ഷമായി സ്ഥിതി അതല്ല. കാരണം, ഈ ഒരു തൊഴിൽകൂടാതെ, മറ്റു പല പണികളും, (ട്യൂഷൻ, ബ്യൂട്ടിപാർലർ, ടെയിലറിംഗ്, വീട്ടുജോലി, പല തൊഴിൽരംഗങ്ങളിലുമുള്ള പീസ്‌വർക്ക് എന്നിവ ചെയ്തുകൊണ്ടുമാത്രമെ സ്ത്രീകൾക്ക് ഉല്പാദന രംഗത്തിലുണ്ടായിരുന്ന കൂലിയിലേക്കെത്താൻ കഴിയുന്നുള്ളു. അതായത്, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ, രണ്ടോ, അതിലധികമോ പണികൾ സ്ത്രീകൾ ചെയ്യേണ്ടിവരുന്നു. ഇത്തരത്തിലുള്ള അധ്വാനം, സ്വന്തം വീട്ടിലെ പണികൾക്ക് പുറമെ ആണെന്നതും പ്രശ്നങ്ങളുടെ സങ്കീർണ്ണത വർദ്ധിപ്പിക്കുന്നു. (കെ.എസ്.എസ്.പി പഠനം - ഒരു ദിവസം സ്ത്രീകൾ 16 മണിക്കൂർ തൊഴിലെടുക്കുന്നു).
 • ആനന്ദവ്യവസായവും, സൗന്ദര്യവ്യവസായവും രംഗ്രപ്രവേശം ചെയ്തതോടെ, അസംഘടിത തൊഴിൽ രംഗത്തു തന്നെ, വർഗ്ഗപരമായും ജാതിപരമായും, സമുദായപരവുമായ വിഭജനം സ്ത്രീകളുടെ തൊഴിൽ രംഗത്ത് ഉണ്ടായി വന്നിരിക്കുന്നു.
 • അന്യസംസ്ഥാന തൊഴിലാളികളിൽ സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരുന്നു. കുടുംബത്തോടെയുള്ള കുടിയേറ്റങ്ങൾ കാണിക്കുന്നത്, സ്ത്രീ തൊഴിലാളികളുടെ വർദ്ധനവിനെയാണ്.  
 • മധ്യവർഗ്ഗതൊഴിലിലും നഗരകേന്ദ്രീകൃത തൊഴിലിനും പ്രാധാന്യവും കാല്പനികതയും വർദ്ധിച്ചുവരുന്നു. അതേ സമയം സ്ത്രീകൾ കഠിനാധ്വാനം ചെയ്യാൻ തയ്യാറാണ് എന്നത് തൊഴിലുറപ്പു പദ്ധതിയിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്നു. 
 • പരമ്പരാഗത തൊഴിൽ രംഗങ്ങൾ ഇന്ന് നിർജീവമാണ്. ഉയിർത്തെഴുന്നേൽക്കാൻ കഴിയാത്ത വണ്ണം അത് തളർന്നു കിടക്കുന്നു. അതിനെ കയ്യു പിടിച്ചുയർത്തിനുള്ള വഴികൾ കാണേണ്ടതുണ്ട്.
 • സ്തീകൾ പൊതുരംഗത്തും തൊഴിൽ രംഗത്തും ഏതു തൊഴിലും ചെയ്യാൻ തയ്യാറായി, സ്വയം കരുത്താർജ്ജിച്ചിരിക്കുമ്പോഴും, "തൊഴിൽ' രംഗത്തെ അദൃശ്യതയ്ക്കു മാറ്റങ്ങളില്ല. സ്ത്രീകൾ ചെയ്യുന്ന എല്ലാ തൊഴിലുകളും പ്രതിഫലിപ്പിക്കുന്ന കണക്കുകൾ ലഭിക്കുന്നില്ല.
 • കേരളത്തിൽ സ്ത്രീകളുടെ തൊഴിലവസരങ്ങൾ വർദ്ധിക്കണമെങ്കിൽ കേരളത്തിലെ മൊത്തം തൊഴിലവസരങ്ങൾ വർദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും അടിസ്ഥാന മേഖലകളിലെ തൊഴിലവസരങ്ങളും സ്ത്രീകളുടെ പ്രത്യേക തൊഴിലവസരങ്ങളും വർദ്ധിക്കണം.
 • ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗപരമായ തൊഴിൽ വിഭജനം മാറേണ്ടതുണ്ട്. വീട്ടമ്മ, അമ്മ എന്ന രീതിയിലുള്ള സ്ത്രീകളുടെ റോളിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ലിംഗപരമായ തൊഴിൽ വിഭജനം, ഗാർഹികേതര മേഖലകളിൽ നിലനിൽക്കുന്ന മറ്റു വിവേചനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഉദാ: വിദ്യാഭ്യാസം - വിദ്യാഭ്യാസത്തിന്റെ തോതിലും ഘടനയിലും മാറ്റമുണ്ടായിട്ടും കുടുംബത്തിനകത്തും, സമൂഹത്തിലും നിലനിൽക്കുന്ന ആൺകോയ്മ താല്പര്യങ്ങൾ ശക്തമായ രീതിയിൽ തന്നെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തെയും നിലവാരത്തെയും സ്വഭാവത്തെയും സ്വാധീനിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉത്പാദനരംഗത്തെ 'ഉചിത' മായ 'പരമ്പരാഗത' മായ തൊഴിലിലേക്ക്  സ്ത്രീകളെ വിന്യസിപ്പിക്കാൻ ഇത്തരം ന്യായീകരണങ്ങൾ സഹായിക്കുന്നു. (ഉദാ, അംഗൻവാടികളിലെ ടീച്ചർമാർ, ആയമാർ, അതുപോലെ, കണക്കുകൾ സൂചിപ്പിക്കുന്ന പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ വർദ്ധിച്ച സ്ത്രീപങ്കാളിത്തം, നഴ്‌സുമാർ എന്നിങ്ങനെ പലതും) ഇതുകാരണം, സ്ത്രീകളുടെ ചലനാത്മകത നിയന്ത്രിക്കപ്പെടുന്നു. സമൂഹ്യ ഉയർച്ച തടസ്സപ്പെടുത്തുന്നു. വീട്ടമ്മവത്കരണം, സാമൂഹ്യ പ്രതിബദ്ധത എന്നിവയൊക്കെത്തന്നെ ലിംഗപരമായ തൊഴിൽ വിഭജനത്തിന്റെ അടിസ്ഥാനത്തിൽ ന്യായീകരിക്കപ്പെടുന്നു. സ്ത്രീകളുടെ തന്നെ തൊഴിലിനെക്കുറിച്ചുള്ള മുൻഗണനാക്രമത്ത രൂപപ്പെടുത്തിയെടുക്കാൻ സഹായിക്കുന്നു എന്നതും പ്രശ്നവൽക്കരിക്കേണ്ടതാണ്.    
 • സ്ത്രീകളുടെ കൂട്ടായ്മകൾ സൃഷ്ടിച്ച് അവർക്ക് വ്യത്യസ്തമായ പരിശീലനങ്ങൾ കൊടുക്കുക വഴി മേൽപ്പറഞ്ഞ പഠനത്ത (ലിംഗപരമായ തൊഴിൽ വിഭജനത്തെ) വെല്ലുവിളിക്കാൻ കഴിയും. പരിശീലനങ്ങൾ, കഴിവുകളും വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തണം. പ്രാദേശികമായി പരിശീലനങ്ങൾ നൽകിക്കൊണ്ട്, സ്തീകളുടെ തൊഴിൽപങ്കാളിത്തം മെച്ചപ്പെടുത്താൻ കഴിയും.
 • ഇത്തരം ശ്രമങ്ങൾ നടന്നത്, ജനകീയാസൂത്രണ കാലഘട്ടത്തിലാണ്. സ്ത്രീകളുടെ ആവശ്യങ്ങളെക്കുറിച്ചു തന്നെ ചർച്ച ഉയർന്നതും, വനിതാഘടക പദ്ധതി, ജെൻഡർ ബഡ്ജറ്റിംങ്ങ്, ഓഡിറ്റിംഗ് എന്നിവ ചർച്ച ചെയ്യപ്പെട്ടതും ഇതേ കാലയളവിലാണ്. ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടത്തിൽ സ്ത്രീകളുടെ തൊഴിൽ മുഖ്യധാരാവത്കരണത്തിന് വിധേയമാകും വിധം പദ്ധതികൾ ആവിഷ്കരിക്കേണ്ടിവരും (main Streaming Women's work participation). വികസന പ്രക്രിയകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും വീട്ടമ്മയുടെ വരെ സാമൂഹ്യപങ്കാളിത്തവും കഴിവും (Potential) വികസനപ്രക്രിയയ്ക്കായി ഉപയോഗിക്കാനും കഴിയുന്ന രീതിയിൽ മാറ്റങ്ങളുണ്ടാവണം. ഇത് പഞ്ചായത്ത്, ബ്ലോക്ക് തലത്തിലുള്ള കുട്ടായ്മകളിലൂടെയാവാം അയൽക്കൂട്ട സംരംഭങ്ങളിലൂടെയുമാവാം.
 • KILA യും സഖിയും ചേർന്നു നടത്തിയ പഠനത്തിൽ കാണുന്നത്, സ്ത്രീകൾക്ക് ഭൂസ്വത്തവകാശം 10-ൽ താഴെ ശതമാനം മാത്രമേയുള്ളൂവെന്നാണ്. സ്ത്രീകൾക്ക്, ഭൂമിയുടെയും, ആസ്തികളുടെയും മേൽ പൂർണ അവകാശമുണ്ടാവേണ്ടതാണ്. ഭൂമി, ഉത്പാദന ഉപകരണങ്ങൾ, നിർമ്മാണസാമഗ്രികൾ എന്നിവ സ്ത്രീകളുടെ ഉടമസ്ഥതയിലാവുന്നതിലൂടെ മാത്രമേ, അവളുടെ തൊഴിലവകാശം സ്ഥിരീകരിക്കപ്പെടുന്നുള്ളൂ. മാത്രമല്ല, പുതിയ ഒരു തൊഴിൽ സംസ്കാരം സൃഷ്ടിച്ചെടുക്കാനും ഇത് വളരെയേറെ സഹായിക്കുമെന്നതിൽ സംശയമില്ല.
 • ഇപ്പോൾ നിലവിലുള്ള സമ്പ്രദായമനുസരിച്ചുള്ള അസംഘടിത മേഖലയിലും സ്വകാര്യ സംരംഭങ്ങളിലും കുഞ്ഞ വേതനത്തിൽ, രണ്ടാംകിട വരുമാനം (Subsidiary Income) എന്ന തോതിലുള്ള സ്ത്രീകളോടുള്ള സമീപനം മാറേണ്ടതുണ്ട്.
 • പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്ഥലീയ ആസൂത്രണം (Spatial Planning) എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഭ്യസ്തവിദ്യരായ സ്ത്രീകൾ ഏറ്റെടുക്കേണ്ടതാണ്. കേരളത്തിൽ വർദ്ധിച്ചു വരുന്ന മരുവത്കരണം, പരിസ്ഥിതിനാശം എന്നിവ തടയാനുള്ള പ്രവർത്തനങ്ങൾ കേന്ദ്രീകൃത പദ്ധതികളായി രൂപപ്പെട്ടുവരണം.
 • മുഖ്യമായും 'തൊഴിൽ' എന്ന നിർവചനത്തിൽ മാറ്റം ഉണ്ടാവണം, കൂലികിട്ടുന്ന, വേതനം പറ്റുന്ന, വരുമാനമുണ്ടാക്കുന്ന തൊഴിലിന്റെ കണക്കുകളിൽ മാത്രമായി, സ്ത്രീയുടെ അധ്വാനത്തെയും തൊഴിലിനെയും ചുരുക്കാതെ, സമൂഹം നിലനിർത്താൻ വേണ്ടി സ്ത്രീകൾ നടത്തുന്ന എല്ലാതരം അധ്വാനത്തെയും, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തമായി അംഗീകരിക്കണം. കാനേഷുമാരി കണക്കുകൾ ശീർഷകങ്ങളിൽ ഒതുങ്ങാതെ സ്ത്രീകളുടെ അധ്വാനത്തിന് പുതിയ മാനം കൽപ്പിക്കേണ്ടതുണ്ട്, പുനർനിർവചിക്കേണ്ടതുണ്ട്.
 • കാനേഷുമാരി കണക്കുകളിൽ 1990 കൾക്ക് മുൻപ് കർഷകർ, കർഷക തൊഴിലാളികൾ, മൃഗപരിപാലനം, വ്യവസായം എന്നിങ്ങനെയായിരുന്നെങ്കിൽ, 1990 കൾക്കു ശേഷം മുഖ്യതൊഴിലാളികൾ, പാർശ്വവൽക്കരിക്കപ്പെട്ട തൊഴിലാളികൾ, തൊഴിലില്ലാത്തവർ എന്നാണ്. ഇത്തരത്തിലുള്ള ശീർഷകങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നു മാത്രമല്ല, സ്ത്രീകളുടെ അധ്വാനത്തെ പൂർണമായും പ്രതിഫലിപ്പിക്കുന്നില്ല എന്നതും വസ്തുതയാണ്.   
 • ദേശീയവരുമാനത്തിൽ സ്ത്രീകളുടെ അധ്വാനത്തിന്റെ തോത് പ്രതിഫലിക്കണമെങ്കിൽ, സ്ത്രീകളുടെ ഗാർഹികാധ്വാനവും കണക്കാക്കേണ്ടതുണ്ട്. 16 മണിക്കൂർ അധ്വാനത്തിന്റെ കൃത്യമായ കണക്കുകൾ ലഭിക്കുമ്പോൾ, സ്ത്രീകൾ തൊഴിൽ രംഗത്ത് പിന്നിലല്ല എന്ന് കാണാവുന്നതാണ്. ദേശീയവരുമാനത്തിന്റെ കണക്കുകളിൽ സ്ത്രീകളുടെ വരുമാനം കണക്കുകൂട്ടുമ്പോൾ ഗാർഹികാധ്വാനവും ഉൾപ്പെടുത്തേണ്ടതുണ്ട്. ഇനിമുതലുള്ള ആസൂത്രണരംഗത്ത് ഗാർഹിക അധ്വാനവും ഉല്പാദന വിനിമയരൂപങ്ങളും അടക്കമുള്ള സ്ത്രീകളുടെ എല്ലാ പ്രവർത്തനങ്ങളും കണക്കുകളിൽ ഉൾപ്പെടുത്തി പദ്ധതികൾ തയ്യാറാക്കണം.  
 • അസംഘടിത മേഖലയിലെ പഠനങ്ങൾ വിരളമാണ്. കേരളത്തിലെ അസംഘടിത മേഖലയിലെ സ്ത്രീകളുടെ ഡേറ്റാ ബേയ്സ് പോലും ഇന്നു ലഭ്യമല്ല അസംഘടിത മേഖല വളർന്നുവികസിക്കുമ്പോൾ, ഉൾചേരുന്ന പുതിയ മേഖലകളുടെ വ്യാപ്തി കാരണം, ഏതൊക്കെയാണ് അസംഘടിത മേഖല എന്നതുപോലും കണക്കാക്കപ്പെട്ടിട്ടില്ല. അസംഘടിത മേഖലയിലെ ഡേറ്റാ ബേയ്സ് പണിയെടുക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ, പരിഹാരങ്ങൾ  തൊഴിൽജന്യരോഗങ്ങൾ എന്നിവ പഠിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ നയരൂപീകരണവും നിയമനിർമ്മാണവും നടത്തേണ്ടതുമുണ്ട്.
 • തൊഴിൽ രംഗത്തെ പഠനങ്ങൾക്കുതകുന്ന രീതിയിൽ Kerala Institute of Labour Studies എന്ന ഒരു സ്ഥാപനത്തെക്കുറിച്ചാലോചിക്കാവുന്നതാണ്.
 • സ്ത്രീകളുടെ ഗാർഹിക രംഗത്തെ അധ്വാനത്തിന്റെ തോത് കുറക്കുവാനായി പൊതുഅടുക്കള, പൊതു അലക്കുകേന്ദ്രം, പൊതു ശിശുകേന്ദ്രം, പൊതു വൃദ്ധ സദനം (പകൽ വീട് മാതൃകയിൽ) തുടങ്ങിയവ ആലോചിക്കണ്ടതുണ്ട്. എങ്കിൽ മാത്രമെ സ്ത്രീകൾക്ക് അവരുടെ കഴിവിനെ, സാമൂഹ്യപുരോഗതിക്കായി പൂർണമായ തോതിൽ വിനിയോഗിക്കുവാൻ കഴിയുകയുള്ളു.

References

References

പ്രബന്ധങ്ങൾ
നാലാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്
വികസനമേഖല സെമിനാർ
സ്ത്രീ-ലിംഗനീതി, വികസനം
എ.കെ.ജി.പഠനഗവേഷണ കേന്ദ്രം, തിരുവനന്തപുരം