സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ

തൊഴിലവസരങ്ങളുടെ എണ്ണം രാജ്യത്തെ മൊത്തം തൊഴിലന്വേഷകരുടെ എണ്ണത്തേക്കാൾ വളരെ കുറവാകുമ്പോഴാണ് തൊഴിലില്ലായ്മ ഉടലെടുക്കുന്നത്. തൊഴിൽ ശക്തിയിലുൾപ്പെട്ട 15 മുതൽ 60 വയസ്സുവരെയുള്ളവരിലെ തൊഴിലില്ലാത്തവരുടെ അനുപാദമാണ്‌ തൊഴിലില്ലായ്മ നിരക്ക്. തൊഴിലില്ലാത്ത ഒരു വ്യക്തിക്ക് ജോലി ചെയ്യാനുള്ള സന്നദ്ധതയും ശേഷിയും ഉണ്ടായിരുന്നിട്ടും അർത്ഥവത്തായതോ ലാഭകരമായതോ ആയ ജോലി ലഭിക്കാത്ത ഒരുതരം സാഹചര്യമാണിത്. തൊഴിലില്ലായ്മ ഒരു രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് വഴിതെളിക്കും. തൊഴിലില്ലായ്‌മ പ്രശ്‌നം അനുഭവിക്കുന്ന വികസ്വര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഉയർന്ന ജനപ്പെരുപ്പം ആണ് ഇതിനു ഒരു കാരണം. ഗ്രാമ നഗര ഭേദമെന്യേ ഇന്ന് ജനങ്ങൾ തൊഴിലില്ലായ്മ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ കാര്യം നോക്കുകയാണെങ്കിൽ സ്ഥിതി വിഭിന്നമല്ല. അഭ്യസ്‌തതവിദ്യരായ അനവധി ജനങ്ങൾ ഇന്ന് നമ്മുടെ കേരളത്തിൽ തൊഴിലില്ലായ്മ അനുഭവിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ കേരളത്തിലെ തൊഴിലില്ലായ്മയെപ്പറ്റി ആഴത്തിൽ പരിശോദിക്കേണ്ടതാവശ്യമാണ്. സാധാരണ നില, പ്രതിവാര നില, ദൈനംദിന അവസ്ഥ എന്നിങ്ങനെ ഉള്ള രീതികളിലാണ് തൊഴിലില്ലായ്മ കണക്കാക്കുന്നത്. സാധാരണ പ്രവർത്തന നില സ്ഥിരമായ തൊഴിലില്ലായ്മയെ സൂചിപ്പിക്കുന്നു. പ്രതിവാര/ദൈനംദിന നില എന്നത് ദീർഘകാല / താൽക്കാലിക തൊഴിലില്ലായ്മയെ പ്രതിനിധീകരിക്കുന്നു.

സംസ്ഥാന അടിസ്ഥാനത്തിലെ തൊഴലില്ലായ്മ നിരക്ക് (2017-2018)

state wise unemployment

(ഉറവിടം: പി.എൽ.എഫ്.എസ് റിപ്പോർട്ട് 2017-2018, കേന്ദ്ര സർക്കാർ)

കേന്ദ്ര സർക്കാർ 2017-2018 ഇൽ പ്രസിദ്ധീകരിച്ച പി.എൽ.എഫ്.എസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മാനിരക്ക് 6 ശതമാനമാണ്. എന്നാൽ കേരളത്തിന്റെ സ്ഥിതി ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. 2017-2018 ലെ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 11.4 ശതമാനമാണ്. ഗ്രാഫ് വിശദമായി പരിശോധിക്കുകയാണെങ്കിൽ തൊഴിലില്ലായ്മാനിരക്കിൽ മുൻപന്തിയിൽ നിൽക്കുന്നതിൽ ഒരു സംസ്ഥാനം കേരളം ആണെന്ന് കാണുവാൻ സാധിക്കും. തൊഴിലില്ലായ്മയുടെ കാര്യത്തിൽ കേരളത്തിന്റെ ദയനീയമായ ചിത്രം ആണ് ഇവിടെ കാണുന്നത്. വിദ്യാഭ്യാസസമ്പന്നരുടെ നാടായ കേരളത്തിലെ ഉയർന്ന തൊഴിലില്ലായ്മാനിരക്ക് അത്യന്തം നിരാശാജനകം ആണ്. ഈ അവസരത്തിൽ കേരളത്തിലെ സ്ത്രീകളുടെയും പുരുഷൻമാരുടെയും ഇടയിൽ ഉള്ള തൊഴിലില്ലായ്മ പരിശോധിക്കേണ്ടത് ആവശ്യമാണ്. ഒപ്പം തന്നെ ഗ്രാമീണ നഗര മേഖലകളിലെ തൊഴിലില്ലായ്മയും വിശകലനം ചെയ്യേണ്ടതുണ്ട്.   

പ്രതിവാര സ്റ്റാറ്റസ് പ്രകാരമുള്ള തൊഴിലില്ലായ്മാനിരക്ക് 

female unemployment

 (ഉറവിടം: പി.എൽ.എഫ്.എസ് റിപ്പോർട്ട് 2017-2018, കേന്ദ്ര സർക്കാർ)

2017-2018 ലെ കേരത്തിലെയും ഇന്ത്യയിലെയും പ്രതിവാര സ്റ്റാറ്റസ് പ്രകാരമുള്ള തൊഴിലില്ലായ്മാനിരക്കാണ് ഗ്രാഫിൽ നൽകിയിരിക്കുന്നത്. സ്ത്രീ-പുരുഷ ഭേദമെന്യേ തൊഴിലില്ലായ്മ നിരക്ക് ഇന്ത്യയെ അപേക്ഷിച്ചു കേരളത്തിലാണ് കൂടുതലുള്ളത്. ഗ്രാമീണ- നഗര മേഖലകളെ തമ്മിൽ താരതമ്യപ്പെടുത്തുബോൾ നഗരത്തിലെ സ്ത്രീകളായും പുരുഷന്മാരുമാണ് തൊഴിലില്ലായ്മ കൂടുതലായി അനുഭവിക്കുന്നതെന്നു കാണാം. കേരളത്തിലെ സ്ത്രീകളിൽ വലിയൊരു വിഭാഗം പേർ തൊഴിലില്ലായ്മ അനുഭവിക്കുന്നു. ഗ്രാമീണ മേഖലകളിൽ 23.7 ശതമാനവും നഗര മേഖലകളിൽ 29.8 ശതമാനം സ്ത്രീകളും   തൊഴിലില്ലായ്മയുടെ ഇരകളാണ്. നഗര മേഖലയിൽ താമസിക്കുന്ന സ്ത്രീകൾക്കിടയിലാണ് തൊഴിലില്ലായ്മ രൂക്ഷമായി കാണുന്നത്. ഇത്തരം സാഹചര്യത്തിൽ വിദ്യാഭ്യാസപരമായി വളരെ പുരോഗതി നേടിയ നമ്മുടെ നാട്ടിലെ സ്ത്രീകൾ എന്തുകൊണ്ടാണ് തൊഴിലില്ലാത്തവരായി മാറ്റപ്പെടുന്നത് എന്നതിന് ഉത്തരം കണ്ടെത്തേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുകയാണ്. തൊഴിലില്ലാത്തവരുടെയും തൊഴിലിനു വേണ്ടി പേര് രജിസ്റ്റർ ചെയ്തവരുടെയും വിവരങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ നിന്ന് ലഭ്യമാണ്. അത്തരത്തിൽ ഒരു പരിശോധന നടത്തുമ്പോൾ നമ്മുടെ നാട്ടിലെ തൊഴിൽ അനേഷകരുടെ ഏകദേശ ചിത്രം നമുക്ക് ലഭിക്കും.     

പേര് രജിസ്റ്റർ ചെയ്തു ജോലി അന്വേഷിക്കുന്നവർ

തൊഴിൽ ലൈവ് രജിസ്റ്റർ പ്രകാരം 2012 ഡിസംബർ 31 വരെ കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ  രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ അനേഷകരുടെ എണ്ണം 44.99 ലക്ഷം ആയിരുന്നു.  എന്നാൽ ഒക്ടോബർ 31, 2018  ലെ കണക്കുകൾ പ്രകാരം ഇത് 38.75 ലക്ഷമായി കുറഞ്ഞു. കേരളത്തിലെ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ അനേഷകരുടെ എണ്ണത്തിൽ ഏകദേശം 6.24 ലക്ഷം കുറവ് സംഭവിച്ചരിക്കുന്നു. അഖിലേന്ത്യാ സാഹചര്യത്തിന് വിരുദ്ധമായി സ്ത്രീകളുടെ ജോലി രജിസ്റ്ററിൽ കേരളത്തിലെ  തൊഴിൽ അന്വേഷകർ കൂടുതലാണെന്ന് കാണാം. മൊത്തം തൊഴിലന്വേഷകരിൽ 62 ശതമാനവും സ്ത്രീകളാണ്.എന്നാൽ പേര് രജിസ്റ്റർ ചെതിട്ടുള്ളവരിൽ നിരക്ഷരരുടെ എണ്ണം 899 ആണ്. വിദ്യാഭ്യാസ അടിസ്ഥാനത്തിൽ നോക്കുമ്പോൾ തൊഴിലന്വേഷകരിൽ 9 ശതമാനം പേർക്ക് മാത്രം ആണ് എസ്എസ്എൽസിക്ക് താഴെയുള്ള യോഗ്യതയുള്ളത്. തൊഴിലന്വേഷകരിൽ 91 ശതമാനവും എസ്എസ്‌എൽ‌സിയും അതിന് മുകളിലുമുള്ള യോഗ്യതയുള്ളവരുടെ വിഭാഗത്തിൽ പെടുന്നു. 

ഗ്രാഫ് :  കേരളത്തിലെ തൊഴിൽ അനേഷകർ (ലക്ഷത്തിൽ ) 2010-2018

TREND  IN KERALA JOB SEEKERS

2010 മുതൽ 2018 വരെയുള്ള കേരളത്തിലെ ആകെ തൊഴിൽ അനേഷകരുടെ എണ്ണമാണ് ഗ്രാഫിൽ ഉള്ളത്. 2010 ആകെ 43.1 ലക്ഷം തൊഴിൽ അനേഷകരാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ തൊഴിൽ അനേഷകർ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2012  ഇൽ ആണ്. 44 .99 ലക്ഷമായിരുന്നു  2012 ലെ  കേരളത്തിലെ ആകെ തൊഴിൽ അനേഷകർ. എന്നാൽ 2013  ഇൽ 2013  ഇൽ തൊഴിൽ അനേഷകരുടെ എണ്ണം വളരെ കുറഞ്ഞു.  2012 ലെ  44 .99 ലക്ഷത്തി നിന്ന് 2013  ഇൽ 36.51 ലക്ഷമായി കുറഞ്ഞു. ഏറ്റവും കുറവ് തൊഴിൽ അനേഷകർ കാണപ്പെട്ടത് 2016 ഇൽ ആണ്  35.23 ലക്ഷം. എന്നാൽ 2017 ലും 2018 ലും തൊഴിൽ അനേഷകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് കാണുന്നത്. 2018  ലെ കേരളത്തിലെ ആകെ തൊഴിൽ അനേഷകരുടെ എണ്ണം 38.75 ലക്ഷമാണ്. 

ഗ്രാഫ് : കേരളത്തിലെ ജില്ല തിരിച്ചുള്ള തൊഴിലന്വേഷകർ

2018  ജൂലൈ 31 വരെ ഉള്ള കണക്കുകൾ പ്രകാരം ജനറൽ പ്രൊഫഷണൽ / സാങ്കേതിക വിഭാഗങ്ങളിൽ ഉള്ള തൊഴിലന്വേഷകർ ഏറ്റവും കൂടുതൽ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. ആകെ 6.03 ലക്ഷം തൊഴിലന്വേഷകരാണ് തിരുവനന്തപുരം ജില്ലയിൽ മാത്രം ഉള്ളത്. ഇതിൽ 3.80 ലക്ഷം സ്ത്രീകളും 2.22  ലക്ഷം പുരുഷന്മാരുമാണ്. 4.29  ലക്ഷം തൊഴിലന്വേഷകരുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്‌. ഏറ്റവും കുറവ് തൊഴിലന്വേഷകർ ഉള്ളത് കാസർഗോഡ് (95358), വയനാട് (100823) ജില്ലകളിലാണ്. 

   വിദ്യാഭ്യാസത്തിന്റെ ഉയർന്ന വ്യാപനവും ഉയർന്ന വേതനവും ഉണ്ടായിരുന്നിട്ടും കേരളം തൊഴിലില്ലായ്മയുടെ കാര്യത്തിൽ ഇന്ത്യയിൽ ഏറ്റവും മുന്നിൽ  ആണെന്ന കാര്യം അത്യന്തം നിരാശാജനകം ആണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത്  ഇപ്പോൾ സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. അഖിലേന്ത്യാ ശരാശരിയുടെ ഏകദേശം രണ്ട് ഇരട്ടിയാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്.  കേരളത്തിന്റെ ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രശ്നം ആണ് സജീവമായ തൊഴിൽ ശക്തിയിൽ നേരിടുന്ന തൊഴിലില്ലായ്മ . കുറച്ചുകാലമായി, കേരളം ഉയർന്ന വരുമാന വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് വിവർത്തനം ചെയ്യുന്നില്ല.  സംസ്ഥാനത്തെ തൊഴിലില്ലായ്മ അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയാണ്. ഇന്ത്യൻ ഗവൺമെന്റിന്റെ തൊഴിൽ മന്ത്രാലയം നടത്തിയ അഞ്ചാമത് വാർഷിക തൊഴിൽ-തൊഴിലില്ലായ്മ സർവേ (2015 -2016) പ്രകാരം പ്രധാന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മാ നിരക്ക് കേരളത്തിലാണ് (12.5  ശതമാനം). തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നർക്കിടയിലാണ് കാണപ്പെടുന്നത്. തങ്ങളുടെ കഴിവും അറിവും, സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും ഗുണപരമായ മാറ്റങ്ങൾ‌ വരുത്തുന്നതിനായി ഉപയോഗപ്പെടുത്തുവാൻ അവർക്ക് അവസരം കിട്ടുന്നില്ല. 

വിദ്യാസമ്പന്നർക്കിടയിലെ തൊഴിലില്ലായ്മ 

വിദ്യാസമ്പന്നരായ ധാരാളം ആളുകൾ തൊഴിലില്ലാത്തവരാകുമ്പോൾ അല്ലെങ്കിൽ ജോലി നേടാൻ കഴിയാതെ വരുമ്പോഴാണ്  വിദ്യാസമ്പന്നർക്കിടയിലെ തൊഴിലില്ലായ്മ ഉണ്ടാകുന്നത്. ബിരുദധാരികളുടെ അഭിലാഷങ്ങളും ലഭ്യമായ തൊഴിലും തമ്മിലുള്ള പൊരുത്തകേടുകളും മൂലമാണ് കൂടുതലും വിദ്യാസമ്പന്നർക്കിടയിലെ തൊഴിലില്ലായ്മ ഉടലെടുക്കുന്നത്. ഏകദേശം 2 ദശലക്ഷം ബിരുദധാരികളും അരലക്ഷം ബിരുദാനന്തര ബിരുദധാരികളും ഇന്ത്യയിൽ തൊഴിലില്ലാത്തവരാണ്. വിദ്യാഭ്യാസ നിലവാരത്തിനൊപ്പം തൊഴിലില്ലായ്മയുടെ തോതും വർദ്ധിക്കുന്നു. തൊഴിലില്ലാത്തവരിൽ ബഹുഭൂരിപക്ഷവും ശാസ്ത്ര വിഭാഗത്തിൽ നിന്നുള്ളവരാണ് എന്ന് പഠനങ്ങൾ പറയുന്നു. ഇന്ത്യയിലെ  സാക്ഷരരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയുടെ പ്രധാന കാരണങ്ങൾ ജോലിയുടെ കുറവ്, അനുയോജ്യമായ ജോലികളുടെ ലഭ്യതയില്ലായ്മ, കുടുംബ ഉത്തരവാദിത്തങ്ങൾ എന്നിവയാണ്. തങ്ങളുടെ ജീവിതത്തിന്റെ വിലയേറിയ പത്ത് പതിനാറ് വർഷങ്ങൾ പഠനത്തിനായി മാറ്റിവച്ചിട്ടു എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിനു മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരുടെ നീണ്ട നിര കാണുന്നത് ദയനീയമാണ്. 

                              സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയുടെ കണക്കുകൾ പ്രകാരം 2017 ഇൽ 12.1 ശതമായിരുന്ന ബിരുദദാരികൾക്കിടയിലെ തൊഴിലില്ലായ്മ 2018  ഇൽ ശതമാനമായി ഉയർന്നു. ഇവയിൽ ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് സൂചിപ്പിക്കുന്നത് ഇന്ത്യ ബിരുദധാരികൾക്ക് മതിയായ മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല എന്നാണ്. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഏറ്റവും  കൂടുതൽ തൊഴിലില്ലായ്മ കാണപ്പെടുന്നത്  ബിരുദദാരികൾക്കിടയിലാണ്. ഇത് സാധാരണയായി മുഴുവൻ തൊഴിൽ സേനയുടെയും ശരാശരി തൊഴിലില്ലായ്മാ നിരക്കിന്റെ ഇരട്ടിയാണ്. ബിരുദമുള്ള സ്ത്രീകളുടെ കാര്യത്തിൽ സ്ഥിതി ഇതിലും മോശമാണ്. 2018 സെപ്റ്റംബർ-ഡിസംബർ കാലയളവിൽ ശരാശരി തൊഴിലില്ലായ്മാ നിരക്ക് 6.7 ശതമാനമായിരുന്നു. വിദ്യാഭ്യാസമില്ലാത്തവർക്ക് കൂടുതൽ തൊഴിലില്ലായ്മ നേരിടേണ്ടി വന്നിട്ടില്ല, അവരുടെ തൊഴിലില്ലായ്മാ നിരക്ക് 0.8 ശതമാനമാണ്. പത്താം ക്ലാസ്സിനും പന്ത്രണ്ടാം ക്ലാസ്സിനും ഇടയിൽ യോഗ്യതയുള്ളവരുടെ  തൊഴിലില്ലായ്മ നിരക്ക്  10.6 ശതമാനമായി ഉയർന്നു. ബിരുദമുള്ളവരുടെ കാര്യത്തിൽ  ഇത് 13.2 ശതമാനമാണ്. ബിരുദധാരികളായ സ്ത്രീകൾ 35 ശതമാനം തൊഴിലില്ലായ്മ അനുഭവിക്കുന്നു. എന്നാൽ ബിരുദധാരികളായ   പുരുഷന്മാരുടെ തൊഴിലില്ലായ്മാ നിരക്ക് 10 ശതമാനത്തിലും കുറവാണ്. 

ഗ്രാഫ് : തൊഴിലില്ലായ്മാ നിരക്ക്  വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ

കേരളത്തിലെ വിദ്യാസമ്പന്നർക്കിടയിലെ തൊഴിലില്ലായ്മ

വിദ്യാസമ്പന്നരുടെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വികസനത്തിന്റെ മുഴുവൻ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾക്ക് തടസ്സമാണ്. തൊഴിലില്ലായ്മ എന്നത് വ്യക്തികൾക്കുള്ള അവസരങ്ങളുടെ നിഷേധം മാത്രമല്ല കൂടാതെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ തൊഴിലില്ലാത്തവർ പങ്കെടുക്കുന്നതിനുള്ള അവസരങ്ങളുടെ നിഷേധം കൂടെയാണ്.  ഗ്രാമീണമേഖലയിലെ  വിദ്യാഭ്യാസമുള്ളവരിൽ നാലിലൊന്ന് പേരും നഗരമേഖലയിലെ വിദ്യാഭ്യാസമുള്ളവരിൽ അഞ്ചിലൊന്ന് പേരും സംസ്ഥാനത്ത് തൊഴിലില്ലാത്തവരാണ്. സംസ്ഥാനത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് ഇപ്പോഴും കൂടുതലാണ്. ഇത് സൂചിപ്പിക്കുന്നത് വിദ്യാസമ്പന്നരുടെ ഒരു വലിയ വിഭാഗത്തിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകാൻ സംസ്ഥാനത്തിന് കഴിയുന്നില്ല എന്നാണ്. വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ എന്നത് ഇന്ന് കേരളം നേരിടുന്ന എല്ലാ ഗുരുതരമായ പ്രശ്നങ്ങളിലും ഏറ്റവും നിർണായകപെട്ടതാണ്. വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹ്യക്ഷേമ നടപടികൾ, അടിസ്ഥാന  സൗകര്യവികസനം എന്നിവയുമായി ബന്ധപ്പെട്ട് കേരളം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ 30 വർഷത്തിനിടയിൽ തൊഴിലില്ലായ്‌മയുടെ പ്രശ്‌നം കാര്യമായ അളവിൽ പരിഹരിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. വിദ്യാസമ്പന്നരായ തൊഴിലില്ലായ്മയുടെ പ്രശ്നം, ജാതി, മതം, പ്രായം എന്നിങ്ങനെയുള്ള വിഭാഗങ്ങൾക്കപ്പുറം കേരളത്തിലെ മനുഷ്യവികസനത്തിന് ഏറ്റവും ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു. 

പട്ടിക  : കേരളത്തിലെ ആകെ തൊഴിൽ അന്വേഷകർ (2001-2011) 

(source:  Directorate of Employment (2010)

എസ്‌എസ്‌എൽ‌സിക്ക് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ തൊഴിൽ അന്വേഷകരുടെ എണ്ണം കുറഞ്ഞുവരികയാണ്. 2001 ൽ ഇത് 9.67 ലക്ഷത്തിൽ നിന്ന് 2005 ൽ 6.29 ലക്ഷമായി കുറഞ്ഞു. വീണ്ടും 2011 ഓഗസ്റ്റ് വരെ ഇത് 5.86 ലക്ഷമായി കുറഞ്ഞു. എസ്‌എസ്‌എൽ‌സിയും അതിനുമുകളിലുള്ളവരുമായ മൊത്തം തൊഴിലന്വേഷകരുടെ എണ്ണം 2005 ൽ 30.41 ലക്ഷത്തിൽ നിന്ന് 2010 ൽ 37.27 ലക്ഷമായി ഉയർന്നു. 2011 ൽ ഇത് വീണ്ടും 37.56 ലക്ഷമായി ഉയർന്നു (2011 ഓഗസ്റ്റ് വരെ). മൊത്തം തൊഴിൽ അന്വേഷകരിൽ എസ്എസ്എൽസിക്ക് താഴെയുള്ള തൊഴിൽ അന്വേഷകരുടെ ശതമാനം കുറഞ്ഞു   വരുന്ന പ്രവണത കാണിക്കുന്നു. അതേസമയം എസ്‌എസ്‌എൽ‌സിയും അതിനും മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിൽ അന്വേഷകരുടെ ശതമാനം വർദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നു. 

വിദ്യാസമ്പന്നരുടെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വികസനത്തിന്റെ മുഴുവൻ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾക്ക് തടസ്സമാണ്. തൊഴിലില്ലായ്മ എന്നത് വ്യക്തികൾക്കുള്ള അവസരങ്ങളുടെ നിഷേധം മാത്രമല്ല കൂടാതെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ തൊഴിലില്ലാത്തവർ പങ്കെടുക്കുന്നതിനുള്ള അവസരങ്ങളുടെ നിഷേധം കൂടെയാണ്.  ഗ്രാമീണമേഖലയിലെ  വിദ്യാഭ്യാസമുള്ളവരിൽ നാലിലൊന്ന് പേരും നഗരമേഖലയിലെ വിദ്യാഭ്യാസമുള്ളവരിൽ അഞ്ചിലൊന്ന് പേരും സംസ്ഥാനത്ത് തൊഴിലില്ലാത്തവരാണ്. സംസ്ഥാനത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് ഇപ്പോഴും കൂടുതലാണ്. ഇത് സൂചിപ്പിക്കുന്നത് വിദ്യാസമ്പന്നരുടെ ഒരു വലിയ വിഭാഗത്തിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകാൻ സംസ്ഥാനത്തിന് കഴിയുന്നില്ല എന്നാണ്. വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ എന്നത് ഇന്ന് കേരളം നേരിടുന്ന എല്ലാ ഗുരുതരമായ പ്രശ്നങ്ങളിലും ഏറ്റവും നിർണായകപെട്ടതാണ്. വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹ്യക്ഷേമ നടപടികൾ, അടിസ്ഥാന  സൗകര്യവികസനം എന്നിവയുമായി ബന്ധപ്പെട്ട് കേരളം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ 30 വർഷത്തിനിടയിൽ തൊഴിലില്ലായ്‌മയുടെ പ്രശ്‌നം കാര്യമായ അളവിൽ പരിഹരിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. വിദ്യാസമ്പന്നരായ തൊഴിലില്ലായ്മയുടെ പ്രശ്നം, ജാതി, മതം, പ്രായം എന്നിങ്ങനെയുള്ള വിഭാഗങ്ങൾക്കപ്പുറം കേരളത്തിലെ മനുഷ്യവികസനത്തിന് ഏറ്റവും ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു. 

References

References
  • Periodic Labour Force Survey, (2017-18), Ministry of Statistics and Programme Implementation, Govt. of India.
  • Economic Review (2019), Kerala State Planning Board, Govt. of Kerala.
  • Nair, G. (2004). Measurement of Employment, Unemployment and underemployment (No. 72). Discussion Paper.
  • Mazumdar, S., & Guruswamy, M. (2006, March). Female labour force participation in Kerala: problems and prospects. In 2006 Annual Meeting Program Population Association of America (pp. 1-26)