അറബി മലയാള സാഹിത്യത്തിൽ സ്ത്രീകളുടെ സംഭാവനകൾ

 

       കേരളത്തിലെ മുസ്ലീങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു സങ്കര ഭാഷയാണ് അറബിമലയാളം. മാപ്പിളമാർ എന്നറിയപ്പെടുന്ന കേരളമുസ്ലീങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി രൂപപ്പെടുത്തിയ ഭാഷയാണ് ഇത്. മലയാളം വാക്കുകൾ അറബി ലിപി ഉപയോഗിച്ച് എഴുതുന്ന രീതിയാണ് ഈ ഭാഷയിൽ ഉപയോഗിക്കുന്നത്. അക്കാലത്ത്  മുസ്ലിം സ്ത്രീകൾ പൊതുവെ വിദ്യാഭ്യാസം നേടിയിരുന്നത് അറബി മലയാളത്തിലായിരുന്നു. ഈ ലിപിയിൽ എഴുതിയ പാട്ടുകൾ 'സബീന ഏടു'കളെന്നാണ് അറിയപ്പെട്ടിരുന്നത്. ഇവയ്ക്ക് മുസ്ലിം സ്ത്രീകൾക്കിടയിൽ ഏറെ പ്രചാരമുണ്ടായിരുന്നു. അറബിമലയാളം അച്ചടി നിലവിൽ വന്നതോടെ പാട്ടുകൾ കൂടാതെ മറ്റുസാഹിത്യ രൂപങ്ങളും അറബിമലയാളത്തിൽ ഉണ്ടായി. മുസ്ലിം സ്ത്രീകൾക്ക് മാത്രമായി 'നിസ ഉൽ ഇസ്ലാം' എന്ന ഒരു മാസികയും അറബി മലയാളത്തിൽ പുറത്തിറങ്ങിയിരുന്നു. ഈ സംസ്കാരത്തിന്റെ ഭാഗമായി ധാരാളം പാട്ടുകാരികളും പാട്ടെഴുത്തുകാരും ഉണ്ടായിരുന്നു. സമുദായത്തിലെ പല ചടങ്ങുകൾക്കും സ്ത്രീകൾ സ്വന്തമായി ഉണ്ടാക്കിയ പാട്ടുകൾ പാടിയിരുന്നു. കൊണ്ടോട്ടിയിലെ മാളുത്താത്ത ,ജമീല ബീവി ഇവർ കല്യാണങ്ങൾക്ക് വേണ്ടി ധാരാളം പാട്ടുകൾ അറബി മലയാളത്തിൽ എഴുതിയിരുന്നു. ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാട്ടിലെ പാട്ട് സംഘത്തിലും ഇവർ അംഗമായിരുന്നു. ഇവർക്ക് മുൻപുള്ള തലമുറ പാട്ട് എഴുതിയിരുന്നില്ല. പാട്ട് പാടുന്നവരോ പാട്ട് കെട്ടി പാടുന്നവരോ ആയിരുന്നു അവർ.

മാപ്പിളപ്പാട്ടിലെ സ്ത്രീപങ്കാളിത്തം

           മാപ്പിളപ്പാട്ട്  ചരിത്രരൂപീകരണത്തിൽ അപ്രധാനീകരിക്കപ്പെട്ടു പോയവരാണ് മാപ്പിളപ്പാട്ട് രചയിതാക്കളായ സ്ത്രീകൾ. അതിനാൽ തന്നെ ഈ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ പറ്റി അധികം അറിവായിട്ടില്ല. എന്നാൽ സ്ത്രീകളുടെ പങ്കാളിത്തം ഈ മേഖലയിൽ  ഉണ്ടായിരുന്നു   എന്നത് നിസ്തർക്കമാണ്. മാപ്പിളപ്പാട്ടിന്റെ ഒരു പ്രത്യേകത അത് അവതരണത്തിന് വേണ്ടി ഉള്ളതാണ് എന്നതാണ്. ചില സവിശേഷ സന്ദർഭങ്ങളിൽ ഇവ പാടിയിരുന്നു. മാപ്പിളപ്പാട്ടിന്റെ ജീവൻ അവതരണമാണ്. സ്ത്രീകൾ അവതരിപ്പിക്കുന്ന ഒപ്പനയുടെ താളത്തിൽ എഴുതിയവയാണ് അറബി മലയാളം പാട്ടുകളിൽ ഏറെയും. കല്യാണം, കാതുകുത്ത്, പ്രസവം ഇവയ്‌ക്കെല്ലാം സ്ത്രീകൾ കൂട്ടമായിരുന്ന് പാട്ടുകൾ അവതരിപ്പിച്ചിരുന്നു. നഫീസത്തുമാല പോലുള്ള കൃതികൾ പാടിയാൽ സുഖപ്രസവം ഉണ്ടാകും എന്നാണ് വിശ്വാസം. ചില അസുഖങ്ങൾ മാറാനും പാട്ടുകൾ ഉണ്ട്. പുരുഷന്മാർ എഴുതിയ പാട്ടുകളുടെയും അവതാരകർ സ്ത്രീകൾ ആയതിനാൽ അതിന്റെ ഈണങ്ങൾ നിർണയിക്കുന്നതിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അതിനാൽ പുരുഷന്മാർ രചിച്ചതാണെങ്കിൽ കൂടി മാപ്പിളപ്പാട്ടിന്റെ ഈണങ്ങൾ പലതും സ്ത്രീ നിർമ്മിതമായിരുന്നു എന്ന് പറയാം. ഒപ്പനപ്പാട്ടിന്റെയും സ്ഥിതി ഇത് തന്നെയാണ്.

   മാപ്പിളപ്പാട്ടുകളിലെ സ്ത്രീ സാന്നിധ്യത്തെപ്പറ്റി മുഖ്യധാരാമാധ്യമങ്ങളോ സാഹിത്യമോ ചർച്ച ചെയ്തിട്ടില്ല. 2000 ത്തിനു ശേഷമാണ് ഇത്തരം  അടയാളപ്പെടുത്തലുകൾ നടന്നിട്ടുള്ളത്. ആദ്യകാല സ്ത്രീ രചനകളെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ ഭാഗമായി 'ജെ.ദേവിക'യാണ് ഇത്തരം പരിശ്രമങ്ങൾ നടത്തിയിട്ടുള്ളത് . പി.കെ ഹലീമ, സി എച്.കുഞ്ഞായിശ ,നടുത്തോപ്പിൽ പി ആയിശക്കുട്ടി,ടി എ റാബിയ ,പുത്തൂർ ആമിന ,കെ ആമിനക്കുട്ടി തുടങ്ങിയ എഴുത്തുകാരും അവരുടെ കൃതികളും മാപ്പിളപ്പാട്ടിന്റെ മേഖലയിൽ പ്രശസ്തമാണ്. 1909  മുതൽ 1959 വരെയാണ് പി .കെ ഹലീമയുടെ കാലഘട്ടം. ബദറുൽ മുനീർ ഒപ്പനപ്പാട്ട്, ചന്ദിരസുന്ദരിമാല, പൊരുത്തം, രാജമംഗലം തുടങ്ങിയവയാണ് പ്രധാനകൃതികൾ. ഇതിൽ ചന്ദിര സുന്ദരിമാലയാണ് ഏറെ പ്രസിദ്ധം .
    തിരൂരങ്ങാടിക്കടുത്ത് ജനിച്ച ബി ആയിശക്കുട്ടി ധാരാളം കല്യാണപ്പാട്ടുകൾ രചിച്ചിട്ടുണ്ട്. നസീഹത്തുമാല എന്ന ഖണ്ഡകാവ്യം രചിച്ചത് സക്കീനത്‌ബീവി ആണ്. ഈ കാവ്യത്തിന് അനേകം പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട് എന്നത് ഇതിന്റെ ജനപ്രീതിയെ സൂചിപ്പിക്കുന്നു. മഹത്തായ മാപ്പിള സാഹിത്യം എന്ന കൃതിയിൽ  നടുത്തോപ്പിൽ ബി അയിശക്കുട്ടിയെക്കുറിച് പരാമർശം ഉണ്ട് .ഇവർ ആധുനിക വിദ്യാഭ്യാസവും നേടിയിരുന്നു. മുസ്ലിം മഹിള തുടങ്ങിയ പത്രങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു. എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയായ ടി .എ.റാബിയ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. പ്രഭാതം, ഭാരത ചന്ദ്രിക, മുസ്ലിം വനിത, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട് .
        ധാരാളം മംഗളപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും കത്തുപാട്ടുകളും രചിച്ച പ്രശസ്തയായ സ്ത്രീയാണ് പുത്തൂർ ആമിന. അവരുടെ കത്ത് പാട്ടാണ് ഏറെ പ്രശസ്തമായത്. 1921ൽ പിതാവ് കുഞ്ഞഹമ്മദ് സാഹിബിനോടൊപ്പം തടവ് ശിക്ഷ അനുഭവിച്ചിരുന്ന അഹമ്മദ് എന്ന വ്യക്തി ആമിന ബാപ്പയ്ക്ക് എഴുതുന്ന കത്ത് പാട്ടിൽ ആകൃഷ്ടനാകുന്നു. ജയിൽ മോചിതനായെത്തിയ അഹമ്മദ് ആമിനയോട്  വിവാഹാഭ്യർത്ഥന നടത്തുന്നു. ഇത് നിരസിച്ച് കൊണ്ട് എഴുതിയ മറുപടിയുടെ രൂപത്തിലാണ് കത്ത്പാട്ട് രചിച്ചത്. സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സാഹിത്യത്തെ മാധ്യമമാക്കിയ   സ്ത്രീകൾ മുസ്ലിം സമുദായത്തിൽ വളരെ നേരത്തെ തന്നെ ഉണ്ടായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ കെ ആമിനക്കുട്ടിയുടെ മംഗലാലങ്കാരം, സി എച്.കുഞ്ഞായിശയുടെയും ഖദീജ ബീവിയുടെയും ഫാത്തിമ ബീവിയുടെയും വഫാത്ത് പാട്ടുകൾ, വി ആയിശക്കുട്ടിയുടെയും ഖദീജ ബീവിയുടെയും വഫാത് മാല ഇവയും ശ്രദ്ധേയങ്ങളാണ്. സ്ത്രീകളെ സംബന്ധിച്ച കർശനമായ നിയമങ്ങൾ  സമുദായത്തിൽ നിലനിൽക്കുമ്പോഴും ഇത്തരം സാഹിത്യപ്രവർത്തങ്ങളിൽ പങ്കാളികളാകാൻ സ്ത്രീകൾ ശ്രമിച്ചിരുന്നു എന്നതിന് തെളിവാണ് ഇത്തരം സാഹിത്യ പ്രവർത്തനങ്ങൾ .   

References

References

1. ഷംഷാദ് ഹുസൈൻ(ഡോ.),ന്യൂന പക്ഷത്തിനും ലിംഗപദവിയ്ക്കും ഇടയിൽ ,കേരളം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം ,2009,2016.